ഒരാളുടെ സ്വനപേടകത്തിലെ രണ്ട് വോക്കൽ കോർഡുകളാണ് ശബ്ദമുണ്ടാക്കാൻ സഹായിക്കുന്നത്. അതിന് പ്രേരകമാവുന്നതാകട്ടെ ശ്വാസകോശത്തിൽ നിന്നും വരുന്ന വായുവിന്റെ സ്പർശനവും. യഥാർത്ഥത്തിൽ പിച്ച് അഥവാ സ്ഥായി മാത്രമേ വോക്കൽ കോർഡ് പുറപ്പെടുവിക്കുന്നുള്ളൂ. ഇത് പുരുഷന്മാരിൽ കുറവും സ്ത്രീകളിലും കുട്ടികളിലും കൂടുതലുമായിരിക്കും. എന്നാൽ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കൽ, ഭാവം എന്നിവ നൽകുന്നത് റെസൊണൻസ് അഥവാ അനുരണനം ആണ്. വോക്കൽ കോർഡിൽ നിന്ന് മേലോട്ട് വരുന്ന ശബ്ദം തൊണ്ടയിലൂടെയും വായിലൂടെയും മൂക്കിലൂടെയും കടക്കുമ്പോൾ അവിടത്തെ പേശികളിലുണ്ടാവുന്ന ചലനമാണ് ഒരാളുടെ ശബ്ദത്തിന്റെ മേന്മ മാറുന്നത്. അതുകൊണ്ടാണ് ഒരേ പ്രായത്തിലുള്ള രണ്ട് പേരുടെ വോക്കൽ കോർഡ് ഒരേപോലിരുന്നാലും ശബ്ദം വ്യത്യസ്തമായിരിക്കുന്നത്.

To advertise here,

മേൽപ്പറഞ്ഞ ശാസ്ത്രീയ വശം മുൻനിർത്തി നമ്മുടെ സ്വന്തം ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റെ ശബ്ദത്തെ, കഴിഞ്ഞ അറുപത് വർഷത്തിനിടെ ആ ശബ്ദത്തിലുണ്ടായ മാറ്റങ്ങളെ ഗഹനമായി വിശകലനം ചെയ്യുകയാണ് ലാരിംഗോളജിസ്റ്റ് ഡോ. ആർ. ജയകുമാർ. യേശുദാസിന്റെ കരിയറിൽ മൂന്ന് സ്‌റ്റേജുകളുണ്ടെന്ന് പറയുന്നു അദ്ദേഹം. 60-70, 80-90, പിന്നെ ന്യൂ മില്ലേനിയം.

ആദ്യത്തെ കാലഘട്ടത്തിൽ ഗുരുസ്ഥാനീയരായ സംഗീത സംവിധായകർക്കൊപ്പമായിരുന്നു യേശുദാസിന്റെ ഗാനങ്ങൾ. ദേവരാജൻ മാസ്റ്ററും വി. ദക്ഷിണാമൂർത്തിയും ബാബുരാജും ആ കൂട്ടത്തിൽപ്പെടുന്നു. എൺപതുകൾ തൊട്ട് തൊണ്ണൂറുകൾ ആയപ്പോഴേക്കും യേശുദാസിന്റെ ശബ്ദം അതിന്റെ പാരമ്യത്തിലെത്തുന്നത്. ഏത് വിധത്തിലും വഴങ്ങുന്നതായത് ആ സമയത്താണ്. രവീന്ദ്രനേയും എം.ജി രാധാകൃഷ്ണനേയും ജോൺസണേയും പോലുള്ള അദ്ദേഹത്തിന്റെ പ്രായത്തോടടുത്ത് നിൽക്കുന്ന സംഗീത സംവിധായകരായിരുന്നു കൂട്ടിന്. ഈ സമയത്ത് തന്നെയാണ് ബോംബേ രവിയും ഹിറ്റുകൾ സൃഷ്ടിച്ചത്. നവ മില്ലേനിയം ആയപ്പോഴേക്കും എം.ജയചന്ദ്രനും വിദ്യാസാഗറും അടങ്ങുന്ന ജൂനിയർ സംഗീതസംവിധായകർക്കൊപ്പവും യേശുദാസ് മധുരഗാനങ്ങൾക്ക് സ്വരമേകി.

അറുപതുകളിൽ യേശുദാസിന് ഹിറ്റുകൾ നൽകിയ സംഗീതസംവിധായകനായിരുന്നു ബാബുരാജ്. താമസമെന്തേ വരുവാൻ, സുറുമയെഴുതിയ മിഴികളേ തുടങ്ങിയ ഗാനങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ അവയെല്ലാം പതിഞ്ഞ ശബ്ദത്തിലാണ് പാടിയിരിക്കുന്നതെന്ന് കാണാം. രാഘവൻ മാസ്റ്ററുടെ ഗാനങ്ങളിലും ഈ പ്രത്യേകത കാണാം. മൂടൽ മഞ്ഞിലെ നീ മധു പകരൂ, യക്ഷിയിലെ സ്വർണച്ചാമരം വീശിയെത്തുന്ന എന്നീ ഗാനങ്ങൾ ഇപ്പറഞ്ഞ 'പതിഞ്ഞു പാടലിന്റെ' ക്ലാസിക് ഉദാഹരണങ്ങളാണ്. പക്ഷേ ഇതിന്റെ തന്നെ രണ്ടാം പകുതിയായ എഴുപതുകൾ ആയപ്പോഴേക്കും ആ ശബ്ദത്തിന് കൂടുതൽ മാനം കൈവരാൻ തുടങ്ങി. പ്രത്യേകിച്ച് ദേവരാജൻ മാസ്റ്ററുടേയും ദക്ഷിണാമൂർത്തി സ്വാമിയുടേയും പാട്ടുകൾ വന്നപ്പോൾ.

ക്ലാസിക്കൽ പാട്ടുകാർ പൊതുവേ പതിഞ്ഞ ശബ്ദത്തിൽ പാടാറില്ല. പക്ഷേ ശാസ്ത്രീയ സംഗീതത്തിന്റെ പിൻബലത്തിലുള്ള പാട്ടുകൾ പാടാനാരംഭിച്ചതോടെ യേശുദാസിന്റെ ശബ്ദവും പതുക്കെ തുറന്നുവന്നു. അതോടെ എല്ലാ സ്ഥായിയും കിട്ടിത്തുടങ്ങി. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് 'ഉത്തരാസ്വയംവരം കഥകളി കാണുവാൻ', 'ശക്തിമയം ശിവശക്തിമയം' തുടങ്ങിയ ഗാനങ്ങൾ. 70 കളുടെ അവസാനത്തോടെ യേശുദാസിന്റെ ശബ്ദം ഏറെക്കുറെ 'പെർഫെക്റ്റ്' എന്ന തലത്തിലെത്തിയിരുന്നു.

എൺപത്, തൊണ്ണൂറുകളിലാണ് യേശുദാസിന്റെ ഏറ്റവും നല്ല ശബ്ദം മലയാളികൾ കേട്ടുതുടങ്ങിയതെന്ന് ഡോ. ജയകുമാർ പറയുന്നു. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, ഒറ്റക്കമ്പിനാദം തുടങ്ങിയവ അതിനുദാഹരണം. നീയെത്ര ധന്യയിലെ ഗാനങ്ങളൊക്കെ വന്നത് ഈ സമയത്താണ്.

60, 65 വയസാവുമ്പോഴേക്കും പുരുഷന്മാരുടെ ശബ്ദത്തിന്റെ ആവൃത്തി അൽപ്പം കുറയും. ഇതനുസരിച്ച് യേശുദാസിന്റെ ശബ്ദത്തിനും കഴിഞ്ഞ 20 വർഷത്തിനിടെ മാറ്റം വന്നിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ആ പ്രതിസന്ധി പോലും അനുഭവജ്ഞാനം കൊണ്ട് മറികടക്കാൻ പറ്റി എന്നതാണ് വലിയ കാര്യം. ഗാനങ്ങളിൽ പ്രണയം കൊണ്ടുവരാൻ അനുനാസികം പോലെ ചില പൊടിക്കൈകൾ പ്രയോഗിക്കാറുണ്ട് യേശുദാസ്. ഡ്രീംസിലെ മണി മുറ്റത്താവണിപ്പന്തൽ, വാൽക്കണ്ണാടിയിലെ മണിക്കുയിലേ എന്നീ ഗാനങ്ങൾ നോക്കിയാൽ മതി. അതുപോലെ ബാല്യകാലസഖിയിൽ രാഘവൻ മാസ്റ്ററുമൊത്ത് സൃഷ്ടിച്ച താമരപ്പൂങ്കാവനത്തിൽ... ഈ ഗാനം പുറത്തുവരുന്നതാകട്ടെ സംഗീത സംവിധായകന് 97-ഉം ഗായകന് 76-ഉം വയസുള്ളപ്പോൾ. പുലിമുരുകനിലെ 'കാടണിയും കാൽച്ചിലമ്പേ' അതിനേക്കാളും വലിയ അദ്ഭുതമാണ്. വയസ് തോന്നിക്കുകയേയില്ല.

ഇത് സംഗീത ചരിത്രം മാത്രം. പൊതുവേ ജയചന്ദ്രനെയാണ് ആസ്വാദകർ ഭാവഗായകനെന്ന് വിളിക്കാറ്. പല പല ഭാവങ്ങളിൽ പാടി അനുഭവസമ്പത്തുള്ള അദ്ദേഹത്തെ സ്‌പെഷലിസ്റ്റ് ഭാവഗായകനെന്ന് വിളിക്കാനാണ് ഡോ. ജയകുമാർ താത്പര്യപ്പെടുന്നത്. കാരണം റൊമാൻസാണ് ജയചന്ദ്രന്റെ ശബ്ദത്തിലെ മേന്മയെങ്കിൽ യേശുദാസിന് ഏത് ഭാവവും ശബ്ദത്തിൽ കൊണ്ടുവരാൻപറ്റുമെന്ന് പറയുന്നു ഡോക്ടർ. റെസൊണൻസിൽ അൽപ്പം വിട്ടുവീഴ്ച ചെയ്ത് യേശുദാസ് സൃഷ്ടിച്ച മാജിക്കാണ് ഹരികൃഷ്ണൻസിലെ ഗാനങ്ങൾ. മോഹൻലാലിന് അനുനാസികത്തിലും മമ്മൂട്ടിക്ക് ഓപ്പൺ വോയിസുമാണ് ആ ചിത്രത്തിൽ. പൊന്നാമ്പൽ പുഴയിറമ്പിൽ എന്ന ഗാനത്തിൽ ആ വൈദഗ്ധ്യം കാണാം.

യേശുദാസിന്റെ ശബ്ദവ്യതിയാനങ്ങളെ വർഷാടിസ്ഥാനത്തിൽ നോക്കിയാൽ തുടക്കത്തിൽ പതിഞ്ഞ ശബ്ദത്തിൽ പാടിയിരുന്ന ഒരാൾ കാലക്രമേണ തുറന്നുപാടാൻ തുടങ്ങിയതായി കാണാനാവും. പണ്ട് പാടിയ പാട്ടുകൾ ഇപ്പോൾ പാടുന്നത് ശ്രദ്ധിച്ചാൽ മനസിലാവും. പിക്‌നിക്കിലെ കസ്തൂരി മണക്കുന്നല്ലോ എന്ന ഗാനം വർഷങ്ങൾക്ക് ശേഷം നായിക എന്ന ചിത്രത്തിന് വേണ്ടി പാടിയത് കേട്ടാൽ ഇക്കാര്യം മനസിലാവും. എന്നാൽ പണ്ട് തുറന്ന് പാടിയിരുന്ന ജയചന്ദ്രൻ ഇപ്പോൾ പതിഞ്ഞ ശബ്ദത്തിൽ പാടിയാണ് ഗാനങ്ങൾ മനോഹരമാക്കുന്നതെന്ന രസകരമായ വിരോധാഭാസവും ഇതിനൊപ്പം ചേർത്തുപറയേണ്ടിയിരിക്കുന്നു.

വാൽക്കഷണം: മൂക്കടഞ്ഞിരിക്കുമ്പോൾ ശബ്ദത്തിൽ പ്രണയം വരുത്താൻ നല്ല പാടാണ്. പക്ഷേ ആ അവസ്ഥയിൽ പ്രണയഗാനം പാടി ഹിറ്റാക്കിയ ചരിത്രമുണ്ട് യേശുദാസിന്. 1969-ൽ പുറത്തിറങ്ങിയ റെസ്റ്റ്ഹൗസിൽ. ശ്രീകുമാരൻ തമ്പി എഴുതി എം.കെ.അർജുനൻ ഈണമിട്ട 'പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു' ആണ് ആ ഗാനം.