മലയാളിയും മലയാളിയുടെ സംഗീതവും ഏറെ മാറിക്കഴിഞ്ഞിട്ടും ക്ലിയോപാട്രയുടെ നിർജ്ജരലാവണ്യമെന്നോണം മാറ്റമില്ലാതെ തുടരുന്നതൊന്നേയുള്ളൂ, അത് യേശുദാസിന്റെ നാദശരീരമാണ്. കമുകറയും ഉദയഭാനുവുമൊക്കെയായിരുന്നു അതുവരെ മലയാളിയുടെ ഗായകർ. ഗാനഗന്ധർവന്റെ വരവോടെ താരുണ്യവും പ്രണയവും ആനന്ദവും വേദനയും ഭക്തിയുമെല്ലാം ആ അലൗകികനാദത്തിലൂടെ മാത്രം ആവിഷ്കരിച്ചാൽ പൂർണ്ണതയിലെത്തുന്ന മനുഷ്യഭാവങ്ങളായി മാറി. ചലച്ചിത്രസംഗീതത്തിന്റെ ഒരു ഋതുചക്രം തന്നെയാണ് യേശുദാസ്. അതിൽ വസന്തവും ശിശിരവുമെന്നതു പോലെ വർഷവും ഗ്രീഷ്മവുമുണ്ട്. ഓരോ ദശകത്തിലും ഓരോ സ്വരപാകമാണ് ആ മഹാഗായകന്.
ഒരു കാലം മധുവിനും പ്രേം നസീറിനും പാകമായിരുന്ന ശബ്ദം പിന്നീട് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചുണ്ടനക്കത്തിനൊത്തും മലയാളി കേട്ടു. നസീറിനു വേണ്ടി ,' താമസമെന്തേ വരുവാൻ ...' പാടിയ ഗായകൻ തന്നെ മോഹൻലാലിനു വേണ്ടി,' പ്രമദവന'വും പാടി. ദേവരാജനും കെ. രാഘവനും ബാബുരാജും എം.ബി. ശ്രീനിവാസനും തങ്ങളുടെ മികച്ച ഗാനങ്ങളൊരുക്കിയത് യേശുദാസിനു വേണ്ടി. ഒ.എൻ.വിയും വയലാറും പി. ഭാസ്കരനും തങ്ങളുടെ തൂലികയിൽ നിന്നടർന്നു വീണ ഗാനഭാവനയ്ക്ക് ചിറകു കണ്ടെത്തിയതും ആ ഗായകശബ്ദത്തിലൂടെ .' അരികിൽ നീയുണ്ടായിരുന്നെങ്കിൽ ...',' ചൈത്രം ചായം ചാലിച്ചു'', മിഴികളിൽ നിറകതിരായി ...',' ശ്യാമസുന്ദരപുഷ്പമേ ...' തുടങ്ങിയ ഒ.എൻ.വി. ഗാനങ്ങളോർമിക്കുക.'' പ്രളയപയോധിയിൽ ...',' സന്ന്യാസിനീ...', സ്വർഗ്ഗ പുത്രീ ...','സൂര്യകാന്തീ...' തുടങ്ങിയ വയലാർ ഗാനങ്ങളും.'ഇന്നലെ മയങ്ങുമ്പോൾ ...' മഞ്ഞണിപ്പൂനിലാവും ... എന്നിങ്ങനെ ഭാസ്കരൻ മാഷും യേശുദാസും ചേർന്ന് ഉയിരേകിയ അനശ്വരഗാനങ്ങളും ഒട്ടനവധി. ശ്രീകുമാരൻ തമ്പിയുടെ വിഷാദാർദ്ര ഗാനങ്ങളിലൊന്നിന് നാദലാവണ്യം പകർന്നതും യേശുദാസ് -' ഇന്നുമെന്റെ കണ്ണുനീരിൽ ....'പിന്നീട് ബിച്ചു തിരുമലയും ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവും വന്നപ്പോഴും യേശുദാസ് തന്നെയായിരുന്നു അവരുടെ മികച്ച ഗാനങ്ങൾക്കു ശബ്ദം നൽകിയത്.' ഹരിമുരളീരവ'വും', 'ദേവാങ്കണങ്ങ'ളും 'മണിച്ചിത്രത്താഴി'ലെ 'നിലവറമൈന' യും' 'പവനരച്ചെഴുതുന്നു' (വിയറ്റ്നാം കോളനി)വും ഓർക്കുക. കാവാലത്തിന്റെ മികച്ച ഗാനങ്ങളിലൊന്നായ 'പുലരിത്തൂമഞ്ഞുതുള്ളിയിൽ ...' പാടിയതും യേശുദാസ്.കെ. ജയകുമാറിന്റെ 'മഴ'യിലെ ഗാനങ്ങളും. റഫീക്ക് അഹമ്മദിന് തന്റെ ആദ്യഗാനം സമ്മാനിച്ചതും യേശുദാസ് ആയിരുന്നു -' പറയാൻ മറന്ന പരിഭവങ്ങൾ ...'
പ്രേമത്തിലും വിരഹത്തിലും ഏകാന്തതയിലുമെല്ലാം മലയാളിക്ക് കൂട്ടായത് യേശുദാസിന്റെ ഗാനങ്ങളായിരുന്നു. ഓണത്തിനും പെരുന്നാളിനും ക്രിസ്മസിനും മലയാളിക്കു വേണ്ടി ആ തികവുറ്റ ഗായകശബ്ദം പാടി. യൂസഫലി കേച്ചേരി എഴുതിയ 'കൃഷ്ണകൃപാസാഗരം ...' യേശുദാസ് പാടുമ്പോൾ മതേതരത്വം എന്നത് ഒരു സംഗീതഹൃദ്യതയായി മലയാളി മനസ്സുകളിലേയ്ക്കൊഴുകിയെത്തി. റേഡിയോയും ആകാശവാണിയും ചേർന്നാണ് യേശുദാസിനെ , അരികിൽത്തന്നെയുള്ള അരൂപിയായി ഓരോ കേരളീയ ഭവനത്തിലുമെത്തിച്ചതെന്നു പറയാം. അടുക്കളയിലും ഊൺതളത്തിലും കിടപ്പറയിലും ആ ഗാനപരിമളം പരന്നൊഴുകി. പ്രഭാതത്തിലും മധ്യാഹ്നത്തിലും മൂവന്തിയിലും രാത്രിയുടെ ആദ്യയാമങ്ങളിലും ആ ചിരപരിചിതനെ നമ്മൾ കേട്ടു. ഇപ്പോഴും കേൾക്കുന്നു.
ഞാനോർക്കുന്നു , യേശുദാസിന്റെ അയ്യപ്പ ഭക്തിഗാനങ്ങളാലായിരുന്നു എന്റെ കുട്ടിക്കാലം വൃശ്ചികക്കുളിരിലേയ്ക്കു കൺതുറന്നിരുന്നത്. രഞ്ജിനിയുടെ വിജനമധ്യാഹ്‌നങ്ങൾ. 'വിണ്ണിന്റെ വിരിമാറിൽ ...' രാധാമാധവലഹരി പകർന്ന മ്ലാനമായ മൂവന്തികൾ.' ശുഭരാത്രി' കേട്ടുറങ്ങിപ്പോയ രാത്രികൾ.' എന്തിനു വേറൊരു സൂര്യോദയം...' എന്ന് കാമുകിയുടെ സാമീപ്യത്തിനു ദാഹിച്ചുരുകിപ്പാടിയ കൗമാരം.' മറന്നോ നീ ...' എന്ന ഗാനത്തിന്റെ നിലാവു കുടിച്ചു തളർന്ന യൗവനം. ഒടുവിൽ തിരസ്കാരത്തിന്റെ വേദനയിൽക്കേട്ട ' നഷ്ടസ്വർഗ്ഗങ്ങളേ'യും ജീവിതത്തിലേയ്ക്കു തിരികെ നടത്തിയ 'മധുരം ജീവാമൃതബിന്ദു'വും. ഇനിയിപ്പോൾ ഏകാന്ത വാർധക്യത്തിൽ ഞാൻ ഏത് ഗാനമാവും കേൾക്കുക?അപ്പോഴും ഞാൻ യേശുദാസിനെത്തന്നെയാവും കേൾക്കുക, നിശ്ചയം.
Content Highlights: kj yesudas Birthday, legendry singer of Indian cinema, Malayalam Hits, evergreen songs
Published: 10 Jan 2024, 05:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented