
യേശുദാസിനെക്കുറിച്ച് ഇനിയെന്താണ് പറയാനുള്ളത്? പാടുന്ന ഒരാളെക്കുറിച്ച് പറയുന്നത് തന്നെ അരോചകമാണ്. അപ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ടു തന്നെ ഗന്ധര്‍വ്വന്‍ എന്ന് വിളിക്കപ്പെട്ട ഒരാളെക്കുറിച്ചാവുമ്പോഴോ? അത് കൂടുതല്‍ അഭംഗിയാവും. അതറിഞ്ഞുകൊണ്ടുതന്നെയാണ് ഈ കുറിപ്പ് എഴുതുന്നത്.
യേശുദാസിനേക്കാള്‍ മുമ്പ് എനിക്ക് വ്യക്തിപരമായി അറിയുന്നത് അദ്ദേഹത്തിന്റെ ഭാര്യ പ്രഭച്ചേച്ചിയേയും അവരുടെ കുടുംബത്തേയുമായിരുന്നു. മുടവന്‍ മുകളില്‍ ഞങ്ങളുടെ വീടിന് സമീപമായിരുന്നു അവരുടെ വീട്. പിന്നീട് ദാസേട്ടനുമായുള്ള വിവാഹശേഷം മദിരാശിയില്‍വച്ചും ഞാനും എന്റെ കുടുംബവും ദാസേട്ടനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും കൂടുതല്‍ അടുത്തു. ആ അടുപ്പം ഇപ്പോഴും തുടരുന്നു.
എന്നെ എപ്പോഴും ലാലൂ എന്നേ അദ്ദേഹം വിളിക്കാറുള്ളൂ. കേരളത്തില്‍ ഒരു പക്ഷേ രണ്ടുപേരെ മാത്രമേ പലരും സ്നേഹത്തോടെ ചേട്ടാ എന്ന് വിളിക്കാറുള്ളൂ. ആദ്യത്തേത് ദാസേട്ടനാണ്, പിന്നെ എന്നെ ലാലേട്ടാ എന്നും. അതില്‍ ആഹ്ലാദത്തേക്കാള്‍ എനിയ്ക്ക് അഭിമാനമാണ്.
ഭൂമിയില്‍ മലയാളി ഉള്ള സ്ഥലങ്ങളിലെല്ലാം ഓര്‍മ്മ വെച്ച ഒരു കുഞ്ഞു മുതല്‍ ഓര്‍മ്മകള്‍ മാഞ്ഞു തുടങ്ങുന്ന വൃദ്ധര്‍ വരെ ഒറ്റയടിക്ക് തിരിച്ചറിയുന്ന ഒരു സ്വരമുണ്ടെങ്കില്‍ അത് യേശുദാസിന്റേതായിരിക്കും. ദൈവങ്ങള്‍ പോലും ആ ശബ്ദത്തിന് കാത്തുനില്‍ക്കുന്നതായി എനിക്ക് തോന്നാറുണ്ട്. അമ്പലങ്ങളില്‍, പള്ളികളില്‍, ആത്മീയവേദികളില്‍, തീര്‍ത്ഥഘട്ടങ്ങളില്‍, ദു:ഖസദസ്സുകളില്‍ എല്ലായിടത്തും കേള്‍ക്കുന്നത് ഒരേ സ്വരമാണ്. എന്നാല്‍ എല്ലായിടത്തും വ്യത്യസ്തം, എല്ലാ മതക്കാര്‍ക്കും വിഭാഗക്കാര്‍ക്കും സ്വീകാര്യം. ഇങ്ങിനെയൊരാളും സ്വരവും വേറെയില്ല.
മലയാളത്തില്‍ ചലച്ചിത്രഗാനശാഖയില്‍ ചെറിയ രീതിയില്‍ ഒരു മാന്ദ്യം സംഭവിച്ച അവസരത്തിലാണ് 'ഹിസ് ഹൈനസ് അബ്ദുള്ള', 'ഭരതം', 'കമലദളം', ' ആറാം തമ്പുരാന്‍' എന്നീ സിനിമകള്‍ വരുന്നത്. എല്ലാം പാട്ടുകളുടെ ഒരു പാല്‍ക്കടലായിരുന്നു. യേശുദാസും രവീന്ദ്രനും ചേരുമ്പോള്‍ സിനിമാഗാനങ്ങളില്‍ അപൂര്‍വ്വമായ ഒരു മാജിക് സംഭവിക്കുന്നുണ്ട്. ഒരു തവണ പോലും ഇത് പിഴച്ചിട്ടില്ല. രണ്ടുപേരുടേയും പ്രതിഭയില്‍നിന്നുണ്ടാവുന്ന ആരോഗ്യകരമായ ഈഗോ ഇവര്‍ക്കിടയിലുണ്ടായിരുന്നു എനിക്ക് തോന്നിയിട്ടുണ്ട്. 'ഞാന്‍ ഇട്ട ട്യൂണ്‍ നീയൊന്ന് പാടി ഫലിപ്പിക്ക്' എന്ന് രവിയേട്ടന്‍; 'ഇതാ ഞാന്‍ പാടിയ നിങ്ങളുടെ പാട്ട്' എന്ന് ദാസേട്ടനും. ഇങ്ങിനെ ഈ രണ്ട് പ്രതിഭകളും ചേര്‍ന്ന് സൃഷ്ടിച്ച അപാരമായ ഗാനങ്ങള്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് എന്റെ തലയില്‍ വച്ചുതരും: ഇത് നീയൊന്ന് അഭിനയിപ്പിച്ച് ഫലിപ്പിക്ക്' എന്ന നിശ്ശബ്ദമായ വെല്ലുവിളിയോടെ. നേരത്തേ ഞാന്‍ പറഞ്ഞ എല്ലാ ഗാനങ്ങളും ഇങ്ങിനെയായിരുന്നു. അപ്പോള്‍ ചെറിയ ഒരു വാശി എന്നിലുമുണ്ടാവും. കഷ്ടപ്പെട്ട് എനിക്കാവുംപോലെ ഞാന്‍ അത് അഭിനയിക്കും. എത്രമാത്രം നന്നായി എന്നെനിക്കറിയില്ല. എന്തായാലും പാട്ടോളം മനോഹരമായിട്ടുണ്ടാവില്ല എന്റെ ആട്ടം, തീര്‍ച്ച.
വ്യക്തിപരമായി ദാസേട്ടനുമായുള്ള എന്റെ അടുപ്പത്തില്‍ സ്നേഹത്തോടെയുള്ള മറ്റൊരു ഓര്‍മ്മയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ആദ്യമായി കലശലായ നടുവേദന വന്നപ്പോള്‍ ദാസേട്ടനാണ് എന്നെ കോയമ്പത്തൂരിലെ അനിയന്‍ ചേട്ടന്‍ എന്ന് വിളിക്കുന്ന ഡോ.കൃഷ്ണകുമാറിന്റെ അടുത്തേക്കയച്ചത്. അത് എനിക്ക് ഏറെ സഹായമായി. മധുരമായ ശബ്ദം മാത്രമല്ല, ഹൃദ്യമായ കരുതലും അദ്ദേഹം പ്രിയപ്പെട്ട എല്ലാവര്‍ക്കുമായി കാത്തുവയ്ക്കുന്നു. ഇപ്പോള്‍ ദാസേട്ടന്റെ മകന്‍ വിജയ് യേശുദാസിന്റെ ഗാനങ്ങള്‍ക്കും ഞാന്‍ അഭിനയിക്കുന്നു. തലമുറകളിലൂടെ തുടരുന്ന സൃകൃതം.
അദ്ദേഹത്തിന്റെ ശബ്ദത്തിന് എത്ര പ്രായമായി എന്നെനിക്കറിയില്ല. ഒരു പക്ഷേ ഗന്ധര്‍വ്വന്മാരുടെ ശബ്ദത്തിന് പ്രായമാവില്ലായിരിക്കാം, ജരാനരകള്‍ ബാധിക്കില്ലായിരിക്കാം. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ ഒരു ആരാധകന്‍ എന്നനിലയില്‍, അദ്ദേഹത്തിന്റെ ശബ്ദത്തിന് വേണ്ടി ചുണ്ടു ചലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച ഒരാള്‍ എന്ന നിലയില്‍, ഒന്നേ എനിക്ക് പറയാനുള്ളൂ:
യേശുദാസ് മലയാളികള്‍ ഈ ഭൂമുഖത്ത് ഉള്ളത്രയും കാലം ജീവിക്കണം. അതിനായി അദ്ദേഹത്തിന് എന്റെ ആയുസ്സിലെ ശിഷ്ടഭാഗത്തില്‍നിന്ന് ഒരു ഭാഗം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. ആ സ്വരത്തിന് പകരമായി ഇതേ എനിക്ക് തരാനുള്ളൂ...
(പുനഃപ്രസിദ്ധീകരണം)
Content Highlights: yesudas birthday, mohanlal about yesudas
Published: 10 Jan 2024, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented