
യേശുദാസ് ഉള്ള കാലത്ത് ജീവിച്ചിരിക്കാൻ സാധിക്കുന്നു എന്നതാണ് നമ്മുടെയൊക്കെ ഏറ്റവും വലിയ ഭാഗ്യം. ഇനി ഇങ്ങനെയൊരു ശബ്ദവും ഇതുപോലെ അനുഗ്രഹിക്കപ്പെട്ട മനുഷ്യനും ഉണ്ടാകുമോ എന്നറിയില്ല. ‘മനസ്സിനക്കരെ’ എന്ന സിനിമയിലെ ‘മെല്ലെയൊന്നു പാടി...’ എന്ന ഗാനം പാടിക്കഴിഞ്ഞ് സ്റ്റുഡിയോവിൽനിന്ന് ദാസേട്ടൻ പോയതിനുശേഷം റെക്കോഡിങ് റൂമിലിരുന്ന് ഇളയരാജ സാർ ആ പാട്ട് പലതവണ പ്ലേ ചെയ്ത് കേട്ടു. തന്റെ മനസ്സിൽ വിരിഞ്ഞ സംഗീതം ഏറ്റവും മികവോടെ ഗാനഗന്ധർവന്റെ സ്വരത്തിൽ ഒഴുകിവരുന്നതുകേട്ട് നിർവൃതിയോടെ അദ്ദേഹമിരുന്നു. എനിക്കും അതൊരു അസുലഭനിമിഷമായിരുന്നു. ജീവിച്ചിരിക്കുന്ന രണ്ട് മഹാപ്രതിഭകൾ! അവരോടൊന്നിച്ച് പ്രവർത്തിക്കാൻ കഴിയുക എന്നതുതന്നെ ദൈവാനുഗ്രഹം. പാട്ട് ഓഫ് ചെയ്ത് കുറച്ചുനേരം ഇളയരാജ കണ്ണടച്ചിരുന്നു. പിന്നെ ചെറിയ ചിരിയോടെ പറഞ്ഞു.
‘‘ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയും ബാബുരാജുമൊക്കെ എത്ര ഭാഗ്യവാന്മാരാണ്. അവരുടെ സംഗീതം അവർ ആഗ്രഹിച്ചതിലും നന്നായി ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചത് യേശുദാസ് എന്ന ഗായകൻ ഉണ്ടായതുകൊണ്ടല്ലേ’’.
അന്നും ഇന്നും സംഗീതസംവിധായകർ കൊതിക്കുന്ന ശബ്ദമാണ് യേശുദാസിന്റേത്.
മുമ്പൊക്കെ പാട്ട് റെക്കോഡ് ചെയ്യുന്നതിനുമുമ്പ് പാട്ടിന്റെ സന്ദർഭവും സിനിമയിൽ അത് പാടുന്നതാരാണെന്നും ദാസേട്ടൻ ചോദിച്ചറിയുമായിരുന്നു. അതുകൊണ്ടാകും പ്രേംനസീർ പാടുമ്പോൾ അത് നസീറിന്റെ ശബ്ദവും മധു പാടുമ്പോൾ മധുവിന്റെ ശബ്ദവുമാണെന്ന് നമുക്ക് നോന്നിയിരുന്നത്. ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന ചിത്രത്തിലെ പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം...’ ശ്രീനിവാസനാണ് അഭിനയിക്കുന്നതെന്ന് കേട്ടപ്പോൾ ദാസേട്ടൻ ചോദിച്ചു: ‘‘അല്പം കോമഡി ടോണിൽ പാടണോ?’’ ഞാൻ പറഞ്ഞു: ‘‘വേണ്ട ദാസേട്ടാ പ്രേംനസീറാണ് പാടുന്നത് എന്ന് സങ്കല്പിച്ച് പാടിയാൽ മതി. അത് ശ്രീനിവാസൻ തന്റേതായശൈലിയിൽ അഭിനയിക്കുന്നതിലാണ് കോമഡി’’.
വരികളുടെ അർഥമറിഞ്ഞും ഭാവമറിഞ്ഞും മാത്രമേ അദ്ദേഹം മൈക്കിനുമുന്നിലേക്ക് പോകാറുള്ളൂ. ‘വീണ്ടും ചില വീട്ടുകാര്യങ്ങളി’ലെ ‘വിശ്വം കാക്കുന്ന നാഥാ...’ എന്ന ഗാനത്തിന്റെ ചരണത്തിൽ ‘അകലാതെ അകലുന്നു സ്നേഹാംബരം നീ അറിയാതെ പോകുന്നു എൻ നൊമ്പരം’ എന്നൊരു വരിയുണ്ട്. എഴുതിയത് ഞാൻതന്നെയായതുകൊണ്ട് ദാസേട്ടൻ ചോദിച്ചു: ‘‘മോനേ, നീ അറിയാതെ എന്റെ നൊമ്പരം മാഞ്ഞുപോകുന്നു എന്ന അർഥം വരുമോ?’’
കേട്ടപ്പോൾ എനിക്കും സംശയമായി. ‘എന്റെ നൊമ്പരം നീ അറിയുന്നില്ലല്ലോ’ എന്നാണ് ഞാനുദ്ദേശിച്ചത്. വരികൾ എങ്ങനെ മാറ്റിയെഴുതാം എന്ന് ആലോചിച്ചുനിൽക്കവേ ചിരിച്ചുകൊണ്ട് ദാസേട്ടൻ പറഞ്ഞു: ‘‘സാരമില്ല, ഉദ്ദേശിച്ച അർഥത്തിൽതന്നെ ഞാൻ പാടിനോക്കാം. ശരിയാകും’’. ആ പാട്ടിലെ ‘അറിയാതെ പോകുന്നു എൻ നൊമ്പരം’ എന്ന വരി ഇനിയൊന്നു കേട്ടുനോക്കൂ. വാക്കുകൾ ഉൾക്കൊള്ളുന്ന അർഥത്തോടെ എത്ര ഭംഗിയായാണ് അദ്ദേഹം അത് ആലപിച്ചത്.
ഇല്ല; ഇങ്ങനെയൊരു ഗായകൻ ഇനി ഉണ്ടാകില്ല...
Content Highlights: yesudas birthday sathyan anthikad about yesudas
Published: 10 Jan 2024, 07:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented