ന്യൂഡൽഹി: സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലത്തിലെ പലകാര്യങ്ങളും കമ്മിഷണർമാരായ ഡോ. സുഖ്ബിർസിങ് സന്ധുവും വിവേക് ജോഷിയും നേരത്തേ ഉയർത്തിയ വിയോജിപ്പുകളോട് പൊരുത്തപ്പെടുന്നതല്ലെന്ന് വിലയിരുത്തൽ.

To advertise here,

എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കമ്മിഷനെടുത്ത തീരുമാനങ്ങൾ ഏകകണ്ഠമാണെന്നും തീരുമാനങ്ങളെടുക്കുന്നതിനിടെ ഉയർന്ന നിർദേശങ്ങളും നിരീക്ഷണങ്ങളും അന്തിമതീരുമാനത്തിന്റെ ഭാഗമല്ലെന്നുമാണ് കമ്മിഷന്റെ വിശദീകരണം. കമ്മിഷണർമാരായ സുഖ്ബിർസിങ് സന്ധുവും വിവേക് ജോഷിയും ഉയർത്തിയ വിയോജിപ്പുകൾ നിരീക്ഷണങ്ങൾ മാത്രമാണെന്നാണ് ഇതിലൂടെ കമ്മിഷൻ പറയുന്നത്.

കമ്മിഷണർമാരുടെ വിയോജിപ്പുകളേറെയും നടപ്പാക്കിയ തീരുമാനങ്ങളോടായിരുന്നു എന്നിരിക്കേ, ഇതെങ്ങനെ യോജിക്കുമെന്നാണ് ചോദ്യം. പുതുതായി വോട്ടിന് അപേക്ഷിക്കാനുള്ള ഫോം ആറിൽ 1960-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾപ്രകാരം കമ്മിഷന് സ്വമേധയാ മാറ്റം കൊണ്ടുവരാനാകില്ലെന്ന് രണ്ടാം ഘട്ടം എസ്.ഐ.ആർ. വിജ്ഞാപനമിറങ്ങുന്നതിന് തൊട്ടുമുൻപ് കമ്മിഷണർ വിവേക് ജോഷി ചൂണ്ടിക്കാട്ടി.

ഇത് കമ്മിഷണർ സുഖ്ബിർ സിങ് സന്ധു ശരിവെച്ചു. ഇവർ ചൂണ്ടിക്കാട്ടിയ നിയമപരമായ വിയോജിപ്പ് നിലനിൽക്കേ, ഇവരറിയാതെ മുൻ എസ്.ഐ.ആറിലെ വിശദാംശങ്ങൾ രേഖപ്പെടുത്താനുള്ള അധികസത്യവാങ്മൂലം ഓൺലൈനായി സമർപ്പിക്കുന്ന ഫോം ആറിന്റെ ഭാഗമാക്കി. തീരുമാനം നടപ്പായിക്കഴിഞ്ഞശേഷമാണ് ഇക്കാര്യമറിഞ്ഞതെന്നാണ് കമ്മിഷണർ സന്ധു രേഖപ്പെടുത്തിയ വിയോജിപ്പുകളിലൊന്ന്.

ഇങ്ങനെ ഫോം ആറിൽ വരുത്തിയ ഭേദഗതി അനധികൃതവും നിയമവിരുദ്ധവുമെന്ന് അദ്ദേഹം രേഖപ്പെടുത്തി. കമ്മിഷണർമാരുടെ വിയോജിപ്പുകൾ സെപ്റ്റംബർ 23-ന് പുറത്തുവന്നതിനു പിന്നാലെ കമ്മിഷൻ കൈക്കൊണ്ട തിരുത്തൽ നടപടികളിലെ പ്രധാനഘടകം ഫോം ആറിന്റെ കാര്യത്തിൽ വരുത്തിയ വ്യക്തതയായിരുന്നു.

നിയമപരമായുള്ള ഫോം ആറിൽ മാറ്റംവരുത്തിയിട്ടില്ലെന്നും കമ്മിഷൻ വിശദീകരിച്ചു. എസ്.ഐ.ആർ. അവസാനിച്ച സംസ്ഥാനങ്ങളിൽ ഇപ്പോൾ നടക്കുന്ന വോട്ടർപട്ടിക പുതുക്കൽ സ്പെഷ്യൽ ഡ്രൈവിലും അധികസത്യവാങ്മൂലമില്ല. ഗോവയിൽ കരടുപട്ടികയിൽനിന്ന് നീക്കപ്പെട്ട 97 പേർ അർഹരെന്ന് തെളിഞ്ഞപ്പോൾ ഉൾപ്പെടുത്താൻ സാധിക്കാത്ത തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഓഫീസർമാരുടെ പരാതി ഫെബ്രുവരിയിലാണ് കമ്മിഷണർമാർ ചൂണ്ടിക്കാട്ടിയത്.

സോഫ്റ്റ്‌വേറിലെ അപാകമെന്നായിരുന്നു അതിന് കമ്മിഷൻ ഐ.ടി. വിഭാഗത്തിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കേന്ദ്രീകരണമെന്ന ആശങ്കയ്ക്ക് അടിസ്ഥാനം ഇതാണ്. കോടതിയിലെ പുതിയ സത്യവാങ്മൂലത്തിൽ ഗോവയിലെ 97 വോട്ടർമാരിൽ 88 പേർക്കും ഫോം ആറ് വഴി അപേക്ഷിക്കാനായെന്ന് കമ്മിഷൻ വിശദീകരിച്ചതിലൂടെ കമ്മിഷണർമാരുടെ ആശങ്കകളെയാണ് കമ്മിഷൻ സംബോധനചെയ്യുന്നത്.

ഇതും ഒറ്റക്കെട്ടായ തീരുമാനങ്ങളെന്ന വാദത്തോട് പൊരുത്തപ്പെടുന്നില്ല. പശ്ചിമബംഗാളിൽ വോട്ടർപട്ടികയിൽ അർഹരായവരെ ഉൾപ്പെടുത്തുന്നതിനെതിരേ കമ്മിഷൻ ഉദ്യോഗസ്ഥർ കൂട്ടത്തോടെ അപ്പീൽ നൽകിയതും കമ്മിഷണർമാർ ചോദ്യംചെയ്തു.

അന്നിത് ശ്രദ്ധയിൽപെട്ടപ്പോൾ ഇതേക്കുറിച്ചറിയില്ലെന്ന് ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചുവെന്നാണ് കമ്മിഷണർ സന്ധുവിന്റേതായി പുറത്തുവന്ന കുറിപ്പിൽ പറയുന്നത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് ഉദ്യോഗസ്ഥർക്ക് അപ്പീലുകൾ ഫയൽ ചെയ്യാനധികാരമുണ്ടെന്ന് കമ്മിഷൻ ഇപ്പോൾ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതിലെ പൊരുത്തക്കേടും ചോദ്യചിഹ്നമാണ്.