അഹമ്മദാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പി.യുമായ യൂസഫ് പത്താന് തർക്കത്തിലുള്ള 978 ചതുരശ്ര മീറ്റർ മുനിസിപ്പൽ ഭൂമി അനുവദിക്കാൻ ഗുജറാത്ത് സർക്കാരിന്റെ തീരുമാനം. തൃണമൂൽ കോൺഗ്രസ് വിട്ട് രണ്ടുമാസത്തിനുശേഷമാണ് പത്താന് അനുകൂലമായ നീക്കം. വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ (വി.എം.സി.) ഉടമസ്ഥതയിലുള്ള ഭൂമിയിൽ അനധികൃതമായി കൈയേറ്റം നടത്തിയെന്നാരോപിച്ച് രണ്ടുവർഷംമുൻപ് പത്താന് നോട്ടീസ് നൽകിയിരുന്നു.

To advertise here,

ബി.ജെ.പി. നിയന്ത്രണത്തിലുള്ള മുനിസിപ്പൽ കോർപ്പറേഷനാണ് നോട്ടീസ് നൽകിയത്. 2024 ജൂണിൽ പശ്ചിമബംഗാളിലെ ബഹാറംപുർ ലോക്‌സഭാ മണ്ഡലത്തിൽ ടി.എം.സി. ടിക്കറ്റിൽ മത്സരിച്ച് ജയിച്ചതിനുപിന്നാലെയാണ് പത്താന് നോട്ടീസ് ലഭിച്ചത്. ഈവർഷം ബംഗാളിൽ ബി.ജെ.പി. അധികാരത്തിലെത്തി ഒരുമാസത്തിലേറെ പിന്നിട്ടപ്പോൾ, പത്താൻ ഉൾപ്പെടെ 20 ടി.എം.സി. എം.പി.മാർ പാർട്ടിവിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നിരുന്നു.

പത്താന് ഭൂമി അനുവദിച്ചുകൊണ്ട് ഓഗസ്റ്റ് 13-ന് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് ഓഗസ്റ്റ് 29-നാണ് മുനിസിപ്പൽ കോർപ്പറേഷന് ലഭിച്ചത്. 500 ചതുരശ്രമീറ്റർ പത്താന് സൗജന്യമായും ബാക്കി 478 ചതുരശ്ര മീറ്റർ ഭൂമി ഇളവുനിരക്കിലും കൈമാറും. 2026 മാർച്ച് 17-ന് വഡോദര അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ (വി.ഡി.എ.) മൂല്യനിർണയ സമിതി നിശ്ചയിച്ച വിലയുടെ 55 ശതമാനമായിരിക്കും ഈ ഭൂമിക്ക് ഈടാക്കുക. കൈമാറിയ ഭൂമിയുടെ മൂല്യത്തിന് തുല്യമായ ഭൂമി റവന്യൂ വകുപ്പ് വഡോദര മുനിസിപ്പൽ കോർപ്പറേഷന് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.

യൂസഫ് പത്താനും ഇളയ സഹോദരനും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഇർഫാൻ പത്താനും മാതാപിതാക്കൾക്കും കുടുംബങ്ങൾക്കുമൊപ്പം താമസിക്കുന്ന പത്താൻ കുടുംബവീടിനോട് ചേർന്നാണ് ഈ സ്ഥലം. വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും യൂസഫ് പത്താനെ ബന്ധപ്പെടാനായില്ല.