ഇത്തവണ കേരളത്തില്‍ ഇടവപ്പാതി പ്രതീക്ഷിച്ചതുപോലെ കിട്ടിയിരുന്നില്ല. ഇപ്പോള്‍ ഓണവും കഴിഞ്ഞപ്പോള്‍ സെപ്റ്റംബറിലും ശെന്തുരുണിയിലും തെന്മലയിലുമൊക്കെ പരക്കെ മഴയാണ്. മിക്ക ദിവസങ്ങളിലും ഉച്ച കഴിയുമ്പോള്‍ പേമാരിയാണ്. തൊട്ടയല്‍പക്കത്തെ തമിഴ്‌നാട്ടില്‍ അത്തരം വലിയ മഴ ഈ സീസണില്‍ പതിവില്ലതാനും. അതുകൊണ്ടുതന്നെയാണ് ശ്രീകൃഷ്ണ ജയന്തിക്ക് ഒരിട ദിവസം അവധി കിട്ടിയപ്പോള്‍ ഞങ്ങള്‍ തയ്യാറെടുത്തിറങ്ങിയതും. ഞങ്ങളെന്നാല്‍ ഞാനും റേഞ്ച് ഓഫീസര്‍ സുധീറും ഡെപ്യൂട്ടി റേഞ്ചര്‍ സന്തോഷും. മണിമുത്താറിലേയും പാപനാശത്തേയും വെള്ളച്ചാട്ടങ്ങള്‍ കണ്ട് ഒന്ന് ചുറ്റിവരണം. ഏറെ നാളുകൊണ്ട് മനസ്സില്‍ താലോലിക്കുന്ന ഒരാഗ്രഹമാണ്. മണിമുത്താറിന് ഇപ്പോള്‍ മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. സമീപകാലത്ത് മൂന്നാറിലെ പ്രശ്‌നക്കാരനായിരുന്ന അരിക്കൊമ്പനെ തമിഴ്‌നാട് സര്‍ക്കാര്‍ അവസാനം നാടുകടത്തിയത് അവിടേയ്ക്കായിരുന്നല്ലോ. അവിടെനിന്നു 30 കിലോ മീറ്റര്‍ അകലെയാണ് 'മാഞ്ചോല' (Manjolai) എന്നറിയപ്പെടുന്ന തേയില എസ്റ്റേറ്റിന്റേയും അതിലെ പുല്‍മേടുകളുടേയും ആകര്‍ഷണം എന്ന് കേട്ടറിവുണ്ട്.
തമിഴ്‌നാടിന്റെ വശ്യത
Also Read
ആര്യങ്കാവും കോട്ടവാസലും കഴിഞ്ഞ് പുളിയറ പിന്നിടുമ്പോള്‍ വെയില്‍ ഉറച്ചു തുടങ്ങിയിരുന്നില്ല. തമിഴ്‌നാട്ടിലൂടെയുള്ള യാത്ര ഞങ്ങള്‍ക്ക് എന്നും ഒരാവേശമാണ്. വിശാലമായ പച്ചപ്പു നിറഞ്ഞ പാടങ്ങളും വിവിധങ്ങളായ കൃഷികളും പരന്നുകിടക്കുന്ന വാഴത്തോട്ടങ്ങളും കാറ്റിലിളകിയാടുന്ന സൂര്യകാന്തിപ്പാടങ്ങളും അവയ്ക്ക് അതിരിടുന്ന സഹ്യന്റെ തലയെടുപ്പും കണ്ടങ്ങനെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ദൂരക്കാണുന്ന കാറ്റാടി യന്ത്രങ്ങളുടെ വലിയ പങ്കച്ചിറകുകളെ കറക്കിക്കൊണ്ട് വീശുന്ന കാറ്റിന്റെ ഹുങ്കാരം ഒരു മുഴക്കം പോലെ കേട്ടുകൊണ്ടേയിരിക്കും. അങ്ങിങ്ങായിക്കാണുന്ന കൊയ്ത്തു കഴിഞ്ഞ പാടങ്ങളുടെ വിസ്തൃതിയില്‍ അനുസരണയോടെ മേയുന്ന ചെമ്മരിയാടിന്‍ കൂട്ടങ്ങളേയും കാണാം. കടുത്ത വേനലിനെപ്പോലും പൊരുതിത്തോല്‍പ്പിച്ച് കൃഷിയിടങ്ങളില്‍ പൊന്ന് വിളയിപ്പിക്കുന്ന തമിഴ് കര്‍ഷകരുടെ കഠിനാധ്വാനത്തിനും ആത്മാര്‍ത്ഥതയ്ക്കും മുന്നില്‍ ശിരസ്സ് അറിയാതെ താണുപോകും. വഴിയോരങ്ങളിലെ പുളിമരങ്ങളുടെ തണലുകളില്‍ വാണിഭക്കാര്‍ വില്പനയ്ക്ക് വച്ചിരിക്കുന്ന പതനീര്‍ എന്നറിയപ്പെടുന്ന ലഹരി നന്നെ കുറഞ്ഞ പനങ്കള്ള് വണ്ടി നിര്‍ത്തിയിറങ്ങി കുടിച്ചും ആ തണലുപറ്റി സൊറ പറഞ്ഞും നില്ക്കാം. ക്യാമറ എങ്ങോട്ട് തിരിച്ചാലും പ്രകൃതിയുടെ മനോഹാരിത നിറഞ്ഞ ചിത്രങ്ങള്‍ മാത്രം!
വാഹനം ഓടിക്കൊണ്ടേയിരുന്നു. ചെങ്കോട്ടയും കുറ്റാലവും പിന്നിട്ട് പത്ത് മണിയോടുകൂടി കടയത്ത് എത്തി. സുധീറില്‍നിന്ന് ഞങ്ങളുടെ യാത്രയെക്കുറിച്ച് അറിഞ്ഞതനുസരിച്ച് തമിഴ്‌നാട് വനം വകുപ്പിലെ കടയം റേഞ്ച് ഓഫീസറും സ്‌ററാഫും ഞങ്ങളെക്കാത്ത് നിന്നിരുന്നു. അവിടെനിന്നു ചായയും ലഘുഭക്ഷണവും. യാത്ര പിന്നെയും തുടര്‍ന്നു. ആല്‍വാക്കുറിച്ചിയും പിന്നിട്ട് അംബാസമുദ്രം ടൗണിലേക്കു പ്രവേശിച്ചു. അവിടെനിന്നു പാഴ്‌സലായി ആഹാരം വാങ്ങി പോകുന്നതാണ് നല്ലതെന്നായിരുന്നു റേഞ്ച് ഓഫീസറും സ്റ്റാഫും പറഞ്ഞിരുന്നത്. അപ്രകാരം തന്നെ ചെയ്തു.
വറ്റി വരണ്ട ഡാമും വെള്ളച്ചാട്ടവും
ഏകദേശം 75 കിലോ മീറ്ററെങ്കിലും യാത്ര ചെയ്തിരിക്കണം. കല്ലടക്കുറിച്ചിയും കഴിഞ്ഞ് വണ്ടി തമിഴ്‌നാട് വനം വകുപ്പിന്റെ കളക്കാട് - മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ കടയാര്‍ റേഞ്ചിലെ മണിമുത്താര്‍ ചെക്ക് പോസ്റ്റിന് മുന്നിലെത്തി. കടയം റെയിഞ്ച് ഓഫീസര്‍ അറിയിച്ചിരുന്നതനുസരിച്ച് ചെക്ക് പോസ്റ്റില്‍നിന്ന് മണിമുത്താര്‍ വെള്ളച്ചാട്ടത്തിലേക്കും തുടര്‍ന്ന് മാഞ്ചോല തേയില എസ്റ്റേറ്റിലേക്കും പോകാനുള്ള അനുമതി കുറിച്ചു തന്നതുമായി മുന്നോട്ട്. മണിമുത്താര്‍ ഡാമിലെ ജലനിരപ്പ് ഏറെ പരിതാപകരമായിരിക്കുന്നു! തുലാവര്‍ഷത്തോടെ ഡാം വീണ്ടും നിറയുമെന്നാണ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്മാരുടെ പക്ഷം. ഇപ്പോള്‍ ബോട്ടിംഗിനുപോലും നിവൃത്തിയില്ലാതെ കരയില്‍ കയറ്റി വച്ചിരിക്കുന്ന പട്രോളിംഗ്‌ബോട്ടും ഒരാള്‍ കാട്ടിത്തന്നു.
അവിടെനിന്നും ഏതാണ്ട് മൂന്നു കിലോ മീറ്റര്‍ കഴിയുമ്പോള്‍ വീണ്ടും ഒരു ചെക്ക് പോസ്റ്റ്. കടയം റേഞ്ചിന്റെ അതിര്‍ത്തി അവിടെ കഴിയുന്നു. ഇനി കളക്കാട് - മുണ്ടന്‍തുറ ടൈഗര്‍ റിസര്‍വ്വിലെ തന്നെ അംബാസമുദ്രം റേഞ്ചിന്റെ ഏരിയയാണ്. റോഡരികിലായി ഒരു ചെറിയ കെട്ടിടവും അവിടെ പാര്‍ക്കു ചെയ്തിരിക്കുന്ന രണ്ട് ചെറിയ ടൂറിസ്റ്റ് ബസ്സുകളും കുറെ കാറുകളും. അതു കഴിഞ്ഞയുടന്‍ കാണുന്ന പാലത്തില്‍നിന്ന് നോക്കുമ്പോള്‍ ഇടതുഭാഗത്തു കാണുന്ന വെള്ളച്ചാട്ടത്തില്‍ അനേകം വിനോദ സഞ്ചാരികള്‍ കുളിച്ചുല്ലസിക്കുകയാണ്. വറ്റിവരണ്ട് കിടക്കുന്ന മണിമുത്താര്‍ ഡാമിനരികിലായിക്കാണുന്ന വെള്ളച്ചാട്ടം! തമിഴ്‌നാട്ടില്‍ പ്രവൃത്തി ദിവസമായിട്ടും അവിടത്തെ സന്ദര്‍ശകരുടെ തിരക്ക് ഞങ്ങളെ അത്ഭുതപ്പെടുത്തി.
മാഞ്ചോലയുടെ മനോഹാരിത തേടി
വിനോദയാത്രികര്‍ക്കും എസ്റ്റേറ്റിലേക്കുള്ള വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ക്കും വൈകിട്ട് ആറുമണി വരെ മാത്രമേ മാഞ്ചോല എസ്റ്റേറ്റിലേക്കു
പ്രവേശനം അനുവദിച്ചിട്ടുള്ളൂ. വൈകിട്ട് പോകുന്ന ബസ്സ് മാഞ്ചോലയും പിന്നിട്ട് 'കുതിരവെട്ടി' എന്ന സ്ഥലത്ത് പോയി തങ്ങി പിറ്റേന്നേ മടങ്ങുകയുള്ളൂ എന്ന് പറഞ്ഞറിഞ്ഞു. പല സിനിമകളുടേയും ലൊക്കേഷനായിരുന്നു മാഞ്ചോല എസ്റ്റേറ്റും അവിടത്തെ പുല്‍മേടുകളുമെന്ന് ഞങ്ങളുടെ ഡ്രൈവര്‍കൂടിയായ സഹായി കണ്ണന്‍ പറഞ്ഞു. തെന്മല ഡാം പണിഞ്ഞുകൊണ്ടിരുന്നപ്പോള്‍ ജോലിക്കായി തമിഴ്‌നാട്ടില്‍നിന്നു കുടിയേറിയവരാണ് കണ്ണന്റെ മുന്‍തലമുറക്കാര്‍. അതുകൊണ്ടുതന്നെ അവന് സ്ഥലങ്ങളെപ്പറ്റി നല്ല അവഗാഹം ഉണ്ട്. ഇപ്പോള്‍ താഴ്വാരങ്ങളില്‍ക്കണ്ട വരണ്ടുണങ്ങിയ ഭൂമിയല്ല. ഹരിതവനങ്ങള്‍ തീര്‍ക്കുന്ന മരതകകാന്തിയാണ് ചുറ്റും. തണുത്ത അന്തരീക്ഷവും. കേരളത്തിലെ നിത്യഹരിത വനങ്ങളിലൂടെയുള്ള സഞ്ചാരമാണ് ആ യാത്ര ശരിക്കും ഓര്‍മ്മിപ്പിച്ചത്. ആ കാടുകളിലെവിടെയോ ആകാം ദിക്കറിയാതെ കേരളത്തിന്റെ അരിക്കൊമ്പന്‍ ഇപ്പോള്‍ അലഞ്ഞു നടക്കുന്നത്.
ഇടയ്ക്ക് ചില പ്രത്യേക വളവുകള്‍ വ്യൂ പോയിന്റുകളാണെന്ന് കണ്ണന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ശരിയാണ് അവിടങ്ങളില്‍നിന്ന് നോക്കുമ്പോള്‍ താഴെ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന സമതലങ്ങള്‍ കാണാം. അതിനുമപ്പുറം അനവധികളായ പര്‍വ്വതശിഖരങ്ങളുടെ തലയെടുപ്പ്. അവസാനം തോട്ടമെത്തുമ്പോള്‍ അറുപത് വയസ്സ് പ്രായം മതിക്കുന്ന കാവല്‍ക്കാരന്‍ വണ്ടിയുടെ നമ്പര്‍ കുറിച്ചെടുത്ത് എസ്റ്റേറ്റിന്റെ അകത്തേക്ക് ആനയിച്ചു. വഴിയരികിലായി സിങ്കംപെട്ടി ഗ്രൂപ്പിന്റെ ബോംബെ ബര്‍മ്മ ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്ന് തേയിലത്തോട്ടത്തിന്റെ പേര് കാണിച്ചുകൊണ്ടുള്ള വലിയ ബോര്‍ഡ്. 268 ഹെക്ടര്‍ വരുന്ന തോട്ടത്തിലൂടെ വളഞ്ഞ് പുളഞ്ഞുകിടക്കുന്ന റോഡിലൂടെ കയറ്റം കയറി മുന്നോട്ട് പോകുന്തോറും പ്രകൃതിയുടെ സ്വഭാവം മാറിവരുന്നത് വ്യക്തമായി അനുഭവപ്പെട്ടു തുടങ്ങി. കൃതഹസ്തനായ കണ്ണന്റെ ഡ്രൈവിങില്‍ തോട്ടത്തിനകത്തെ ഹെയര്‍പിന്‍ വളവുകള്‍ താണ്ടി അങ്ങിങ്ങ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെ ആടിയുലഞ്ഞും പ്രകൃതിയെ ശ്വസിച്ചും ഇടയക്ക് തോട്ടത്തിലെ തൊഴിലാളികള്‍ക്കായുള്ള ചായപ്പീടികയില്‍നിന്നു ഏരുമപ്പാലില്‍ തയ്യാറാക്കിയ കടുപ്പം കൂടിയ ചായ കുടിച്ചും മുന്നോട്ട്.
ശാദ്വല ഭൂമി ഒരുക്കുന്ന ദൃശ്യവിരുന്ന്
ഇതിനിടയില്‍ എപ്പോഴോ ചെറുതായി ഒന്ന് മയങ്ങിയിരിക്കണം. കൂടെയുണ്ടായിരുന്നവരുടെ ആഹ്‌ളാദാരവങ്ങള്‍ കേട്ടപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. അപ്പോള്‍ മുന്നില്‍ത്തെളിഞ്ഞ കാഴ്ച വാക്കുകളുടെ വര്‍ണ്ണനയ്ക്ക് വഴങ്ങുന്നതല്ല തന്നെ. അതെ, അക്ഷരാര്‍ത്ഥത്തില്‍ ഇതാ ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം കൂടി മുന്നില്‍ത്തെളിയുന്നു! 'കാകാച്ചി' (Kakachi) എന്നറിയപ്പെടുന്ന സഞ്ചാരികളുടെ പറുദീസയിലേയ്ക്കാണിപ്പോള്‍ ഞങ്ങളെത്തുന്നത്. മുന്നില്‍ പച്ചപ്പരവതാനി വിരിച്ച് പരന്നുകിടക്കുന്ന പുല്‍പ്പരപ്പിന്റെ നയനാഭമായ കാഴ്ച. ആ ശാദ്വലഭൂമിയുടെ സൗമ്യവിശാലതയില്‍ അങ്ങിങ്ങായിക്കാണുന്ന വൃക്ഷങ്ങള്‍. അങ്ങകലെയായി അരികിട്ടു നില്‍ക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങളുടെ തലപ്പുകളിലൂടെ ഇഴുകിയിറങ്ങിയെത്തുന്ന മഞ്ഞിന്റെ അടരുകള്‍. ഇപ്പോള്‍ അതിനും പിന്നിലായി നിലകൊള്ളുന്ന പര്‍വ്വത നിരകള്‍ മറഞ്ഞുകൊണ്ടിരിക്കുന്നു.
ഇടതു വശത്തായിക്കാണുന്ന വലിയ ശുദ്ധജലത്തടാകം. അതിന്റെ ഓരം ചേന്ന് പഴയ ഒരു തടിപ്പാലം വഴി കുറച്ച് തോട്ടം തൊഴിലാളികള്‍ അകലെയല്ലാത്ത താന്താങ്ങളുടെ ലയങ്ങളിലേക്ക് ധൃതിവച്ച് നടക്കുന്നു. ഒരു സഞ്ചാരിയുടെ സ്വപ്നസാക്ഷാത്കാരമാണ് മുന്നിലെ ഈ ദൃശ്യവിരുന്നും കുളിരുകോരുന്ന ഇവിടത്തെ കാലാവസ്ഥയും. അനുഭൂതികളുടെ പരമകാഷ്ഠയില്‍ സ്വയം മറന്നും പ്രകൃതിയുടെ മാസ്മരികതയ്ക്കു മുന്നില്‍ അടിയറവു പറഞ്ഞും എത്രനേരം നിന്നുപോയെന്നറിയില്ല. അസ്ഥികളെത്തുളയ്ക്കുന്ന ശീതക്കാറ്റാണ് വര്‍ത്തമാനത്തിലേക്ക് ഉണര്‍ത്തിയത്.
പുല്‍പ്പരപ്പില്‍ തണുത്ത് വിറച്ചിരുന്ന് പൊതിഞ്ഞു കൊണ്ടുവന്ന ഭക്ഷണം കഴിച്ചെന്ന് വരുത്തി മടങ്ങുമ്പോള്‍ മനസ്സില്‍ വല്ലാത്ത നിറവാണ്. ഒപ്പം അതിരില്ലാത്ത നഷ്ടബോധവും. തിരിച്ച് പോകാതിരിക്കാനാവില്ലല്ലോ. കാരണം അങ്ങ് താഴെ പാപനാശം വെള്ളച്ചാട്ടം നമ്മെ കാത്തിരിക്കുകയാണല്ലോ. വാക്കുകളിലൊതുക്കാനാവാത്ത വശ്യത കണ്ണുകളിലും ഹൃദയത്തിലും ആവോളം കോരി നിറച്ച് തേയിലത്തോട്ടത്തിന്റെ ഒരുനാളും മടുക്കാത്ത ചേതോഹാരിതയിലൂടെ തിരികെ താഴേക്ക്.
പാപനാശത്തിലെ കുളി
സമയം അധികരിച്ചത് ആദ്യമോര്‍ത്തില്ല എന്നതായിരുന്നു സത്യം. അഞ്ച് മണി വരെയേ 'പാപനാശ'ത്തേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉള്ളൂവെന്ന് അറിയാമായിരുന്നു. കണ്ണിന് വിരുന്നേകിയ കാഴ്ചകള്‍ ഒന്നും ഒഴിവാക്കാന്‍ തോന്നിയതുമില്ല. തന്നെയുമല്ല, തോട്ടത്തിലൂടെയുള്ള സഞ്ചാരം ലേശം ദുര്‍ഘടം പിടിച്ചത് തന്നെയായിരുന്നു. കണ്ണന്റെ സുഹൃത്ത് കൂടിയായ കടയം റേഞ്ചിലെ ഫോറസ്റ്റ് ഗാര്‍ഡ് രമേഷ് തക്കസമയത്ത് ഞങ്ങളുടെ തുണയ്‌ക്കെത്തി. അംബാസമുദ്രം കഴിഞ്ഞ് പാപനാശത്തേയ്ക്ക് തിരിയുന്ന ആമ്പൂര്‍ എന്ന സ്ഥലത്ത് റോഡിന്റെ വശത്തായി തന്റെ ഇരുചക്ര വാഹനത്തില്‍ അദ്ദേഹം ഞങ്ങളെ കാത്ത് നില്‍ക്കാമെന്നേറ്റു. അവിടം മുതല്‍ രമേശ് ബൈക്കില്‍ മുന്നിലും കാറില്‍ ഞങ്ങള്‍ പിന്നിലുമായിട്ടായി തുടര്‍യാത്ര. പാപനാശത്തേയ്ക്കുള്ള വനം വകുപ്പിന്റെ ചെക്ക് പോസ്റ്റിലെത്തുമ്പോള്‍ അന്നത്തെ സന്ദര്‍ശകരെല്ലാം മടങ്ങിപ്പോയിക്കഴിഞ്ഞിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക പരിഗണനയില്‍ അവരോട് അനുമതി വാങ്ങി നേരെ വെള്ളച്ചാട്ടത്തിലേയ്ക്ക്. വെള്ളച്ചാട്ടത്തിനടുത്തെത്തുമ്പോള്‍ വാഹനങ്ങള്‍ അവിടേയ്ക്ക് കടക്കാതിരിക്കാന്‍ ഇരുമ്പ് ചങ്ങലയും കുറുകെ ബന്ധിച്ച് കഴിഞ്ഞിരുന്നു. ടൂറിസ്റ്റുകളുടെ തിരക്കൊഴിഞ്ഞ് തോര്‍ത്തും ടീ ഷര്‍ട്ടും മറ്റ് അത്യാവശ്യ ഭക്ഷണ പദാര്‍ത്ഥങ്ങളും ഒക്കെ വില്‍പ്പന നടത്തുന്ന ഇക്കോ ഡെവലപ്‌മെന്റ് കമ്മറ്റിയുടെ ഷോപ്പുകള്‍ അടച്ചിറങ്ങാനുള്ള പുറപ്പാടിലായിരുന്നു മൂന്ന് വനിതാ സ്റ്റാഫുകള്‍. വാഹനം നിര്‍ത്തി പുറത്തിറങ്ങുമ്പോള്‍ തൊട്ടടുത്തായി രണ്ട് ഹനുമാന്‍ കുരങ്ങുകള്‍ ഭയലേശമില്ലാതെ സൗഹൃദം പങ്കുവയ്ക്കുന്ന തിരക്കിലാണ്. അത്ര പതിവില്ലാത്ത കാഴ്ചയായതിനാല്‍ അല്പനേരം കൗതുകത്തോടെ അത് നോക്കി നിന്നുപോയി
കേരളത്തില്‍ നിന്നാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നും അറിഞ്ഞപ്പോള്‍ സന്തോഷത്തോടെ അടച്ചിരുന്ന കട വീണ്ടും തുറന്ന് ആവശ്യമുള്ള ടൗവ്വലും ടീ ഷര്‍ട്ടും ഒക്കെ അവര്‍ തന്നെ എടുത്ത് തന്നു. ശേഷം ഞങ്ങളോട് യാത്ര പറഞ്ഞ് മോപ്പെഡുകള്‍ സ്റ്റാര്‍ട്ടാക്കി താഴ്വാരത്തിലേയ്ക്കവര്‍ ഓടിച്ചുപോയി. വെള്ളച്ചാട്ടത്തിലേയ്‌ക്കെത്തുമ്പോള്‍ തമിഴ്‌നാട് പോലീസിലെ ഒന്നുരണ്ട് ഉദ്യോഗസ്ഥന്മാര്‍ മാത്രം കുടുംബത്തോടെ കുളിച്ചുകയറി വരുന്നതു കണ്ടു. വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന പരിസരം. വശങ്ങളിലായി ഒന്ന് രണ്ട് ചെറിയ ജലപാതങ്ങളും തടാകങ്ങളും കാണാം. പ്രധാനപ്പെട്ട വെള്ളച്ചാട്ടത്തില്‍ ഒരു വലിയ കൈവരി കെട്ടി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വെവ്വേറെ കുളിക്കടവുകളാക്കിയിരിക്കുന്നു. അധികം ഉയരമില്ലാത്ത പാറക്കെട്ടുകളില്‍നിന്നു നിപതിക്കുന്ന വെള്ളത്തിന് വല്ലാത്ത തണുപ്പും ചെറുക്കാനാവാത്ത ശക്തിയുമാണ്.
'അഗസ്ത്യാ ഫാള്‍സ്' എന്നാണ് ഈ വെള്ളച്ചാട്ടത്തിന് ഇവിടെ പറയുന്ന പേര്. കുറ്റാലത്തും മറ്റും കാണാറുള്ളതുപോലെ ഉയരത്തില്‍നിന്നു വീണ് ശരീരത്തില്‍ സൂചിപോലെ തുളഞ്ഞു കയറുന്ന വേദനയല്ല. അനേകം കുതിരശക്തിയുള്ള ആയിരമായിരം കൈയ്യുകള്‍ കൊണ്ട് വെള്ളം ശരീരത്തെ അപ്പാടെ നിലത്തേയ്ക്ക് അമര്‍ത്തിയിരുത്തുകയാണ്. ശരീരത്തിലെ ഒരോ ഇഞ്ച് സ്ഥലത്തും അനുഭവവേദ്യമാകുന്ന മതിവരാത്ത ആസ്വാദ്യത. യാത്രയുടെ ക്ഷീണമൊന്നാകെ തൂത്തെറിഞ്ഞ് പുത്തനുണര്‍വ്വേകുന്ന നിമിഷങ്ങള്‍. കേരളത്തില്‍ പേപ്പാറ വന്യജീവി സങ്കേതത്തിലെ അഗസ്ത്യാര്‍കൂടത്തിലേയ്ക്കുള്ള യാത്രയില്‍ പൊങ്കാലപ്പാറയിലൂടെ തമിഴ്‌നാട്ടിലേയ്‌ക്കൊഴുകിയിറങ്ങുന്ന താമ്രപര്‍ണ്ണി നദിയാണ് ഇവിടെ മുകളിലത്തെ കരിമ്പാറക്കെട്ടുകളിലൂടെ ആര്‍ത്തലച്ച് വീഴുന്നതെന്ന് കേട്ടപ്പോള്‍ ഗൃഹാതുരത്വം നിറഞ്ഞ് മനസ്സ് തുടികൊട്ടുന്നതുപോലെ.
ക്ഷേത്ര ദര്‍ശനം
കുളി കഴിഞ്ഞ് കയറിയപ്പോഴാണ് രമേഷ് അത് പറഞ്ഞത്. തൊട്ടപ്പുറത്തായി രണ്ട് ക്ഷേത്രങ്ങളുണ്ട്. അന്‍പതിനുമേല്‍ പടവുകളുണ്ട് അവിടേയ്ക്ക്. ഒന്ന് ശിവക്ഷേത്രം. തൊട്ടടുത്തായിക്കാണുന്ന മറ്റൊന്നില്‍ പ്രതിഷ്ഠ അഗസ്ത്യമുനിയുടേതത്രേ. കേട്ടപ്പോള്‍ വല്ലാത്ത കൗതുകം തോന്നി അയാള്‍ക്കൊപ്പം ക്ഷേത്രപ്പടവുകള്‍ കയറാന്‍ തുടങ്ങി. അവിടെ അങ്ങുമിങ്ങും ഓടിനടക്കുന്ന അമ്പലക്കുരങ്ങുകള്‍ സാധാരണ കാഴ്ചയാണ്. കാലത്ത് മാത്രമാണ് ക്ഷേത്രങ്ങള്‍ തുറന്നിരിക്കുക. വെള്ളച്ചാട്ടത്തിനുപുറമേ ക്ഷേത്രദര്‍ശനത്തിനായും നിരവധി പേര്‍ എത്താറുണ്ടെന്ന് അയാള്‍ പറഞ്ഞു. ക്ഷേത്രങ്ങളിലേയ്ക്കുള്ള വഴിയില്‍ ഇഷ്ടികകളും പാറക്കഷ്ണങ്ങളും ഒന്നിനുമേല്‍ ഒന്നെന്ന തരത്തില്‍ കൂനകളായി അടുക്കി വച്ചിരിക്കുന്ന വിചിത്രമായ ഒരു കാഴ്ചയും കാണാം. അത് പ്രത്യേകിച്ച് നേര്‍ച്ചയൊന്നും അല്ലെന്നും ആരോ ഒരാള്‍ മുന്‍പെപ്പോഴോ തുടങ്ങി വച്ച പ്രവൃത്തി ഒരു വേള കാര്യമറിയാതെ ഒരനുഷ്ഠാനം പോലെ മറ്റുള്ളവര്‍ പിന്തുടരുന്നതാണെന്നും തെല്ല് തമാശയായി രമേഷ് പറഞ്ഞു. ഭീമാകാരമായ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഏതാണ്ട് അഭിമുഖമായാണ് ഇരുക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. അതിലൊരു പാറയുടെ വശങ്ങള്‍കൂടി ചേര്‍ത്താണ് ക്ഷേത്രനിര്‍മ്മിതി.
പാറകള്‍ക്കിടയ്ക്കിടയിലൂടെ ആര്‍ത്തലച്ചുവീഴുന്ന മറ്റൊരു വെള്ളച്ചാട്ടം ഒരു ജലാശയമായി രൂപപ്പെട്ടിരിക്കുന്നു. അതിലേക്കു നിപതിക്കുന്ന ജലപാതം ഹൃദ്യമായ കാഴ്ചയാണ്. ഒരു വേള ക്ഷേത്രത്തേക്കാള്‍ ശരാശരി മലയാളിയെ ആകര്‍ഷിക്കുന്നത് ആ ജലപാതവും അവിടത്തെ ചുറ്റുപാടുകളുമാകാം. അപ്പോഴേയ്ക്കും ഇരുട്ട് പരന്നു തുടങ്ങിയിരുന്നു. കടയം വരെ ഞങ്ങള്‍ക്ക് കൂട്ട് വരാനായി രമേഷ് തയ്യാറായി നിന്നു. എത്ര നിര്‍ബന്ധിച്ചിട്ടും പിന്മാറാതെ. അവസാനം കടയത്തെത്തി സ്‌നേഹോപഹാരമായി കുറെ തിരുനല്‍വേലി ഹല്‍വയും വാങ്ങിത്തന്നിട്ടേ അയാള്‍ യാത്ര പറഞ്ഞുപോയുള്ളൂ. മുന്‍പരിചയം ഏതുമില്ലാത്ത തമിഴ് നാട്ടുകാരനായ രമേഷിന്റെ കരുതല്‍ നിറഞ്ഞ സ്‌നേഹവും യാത്ര പകര്‍ന്നു നല്‍കിയ ഹൃദ്യാനുഭവങ്ങളും മനസ്സിലിന്നും ഇഴപിരിയാതെ കിടക്കുന്നു!
Content Highlights: manjolai hills manimuthar tamilnadu travel
Published: 30 Sept 2023, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented