കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരുന്ന പ്രതികൂല പരിതസ്ഥിതികളെയെല്ലാം തരണം ചെയ്ത് കേരളം വിനോദസഞ്ചാരത്തില്‍ പുതിയ കാതങ്ങള്‍ താണ്ടുകയാണ്. കോവിഡ് മഹാമാരിയില്‍ തകര്‍ന്നുകിടന്നിരുന്ന അവസ്ഥയില്‍നിന്ന് ആഗോള ടൂറിസം കുതിച്ചുയരുമ്പോള്‍ സമാനമായ മുന്നേറ്റമാണ് കേരളത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനനുസൃതമായി സുരക്ഷിത ടൂറിസത്തിനുള്ള പദ്ധതികള്‍, നൂതന ഉത്പന്നങ്ങള്‍, പുതിയ പദ്ധതികള്‍, ഡെസ്റ്റിനേഷനുകളുടെ പ്രൗഢി വര്‍ധിപ്പിക്കല്‍ തുടങ്ങി ചെറുതും വലുതുമായ പല പദ്ധതികളും കേരളം നടപ്പാക്കുകയും അതില്‍ മിക്കതിനും അന്തര്‍ദേശീയ അംഗീകാരം ലഭിക്കുകയും ചെയ്തു.
സഞ്ചാരമെന്നത് ഒരുകാലത്ത് വളരെ കുറച്ചാളുകള്‍ക്ക് മാത്രം സാധ്യമായിരുന്ന ഒന്നായിരുന്നു. എന്നാലിന്ന് സ്ഥിതി മാറിക്കഴിഞ്ഞു. ആളുകള്‍ ധാരാളമായി യാത്ര ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതില്‍ ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ല. കോളജ് വിദ്യാര്‍ഥികള്‍ മുതല്‍ പെന്‍ഷന്‍ പറ്റി വിശ്രമ ജീവിതം നയിക്കുന്നവര്‍ വരെ തങ്ങളുടെ ജീവിതത്തിലേക്ക് ആനന്ദം നിറയ്ക്കാനായി യാത്രകളെ തിരഞ്ഞെടുക്കുന്നു. അവധിയോടുകൂടിയുള്ള യാത്രക്ക് ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ നല്‍കുന്ന സൗകര്യങ്ങളും സര്‍ക്കാര്‍ ആനുകൂല്യവുമൊക്കെ ഇതിന് ശക്തിപകര്‍ന്നിട്ടുണ്ട്. മലയാളികളായ കുറേയേറെപ്പേര്‍ കേരളത്തിനു വെളിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ അതിന്റെ പതിന്മടങ്ങ് ആളുകള്‍ കേരളത്തിനുള്ളിലെ ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നു. ഏതാണ്ട് ആനുപാതികമായിത്തന്നെ കേരളത്തിനു വെളിയില്‍ നിന്നും വിദേശങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രികരുടെ എണ്ണവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
ഇത്തരത്തില്‍ പുതിയ ഡെസ്റ്റിനേഷനുകള്‍ തേടുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടും ഏകദിന സഞ്ചാരത്തിനുപോലും വിപുലമായ അവസരമൊരുക്കിക്കൊണ്ടുമുള്ള ഒരു വിനോദസഞ്ചാര വികസനമാണ് കേരളത്തിലിപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മൂന്നാറും തേക്കടിയും കുമരകവും ഫോര്‍ട്ട് കൊച്ചിയും കോവളവും ഒക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പേ വിനോദസഞ്ചാര ഡെസ്റ്റിനേഷനുകളായിരുന്നു. അവ ഇപ്പോഴും അതേരീതിയില്‍ യാത്രികരെ ആകര്‍ഷിക്കുമ്പോള്‍തന്നെ പുതിയ ചെറിയ ഡെസ്റ്റിനേഷനുകള്‍ തേടി കേരളത്തിനുള്ളിലുള്ളവരും നിരന്തരം സഞ്ചരിക്കാന്‍ തുടങ്ങി. രണ്ടോ മൂന്നോ അവധി ദിനങ്ങളൊന്നിച്ചുവന്നാല്‍ കുടുംബവുമായോ കൂട്ടുകാരുമായോ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തേടിയെത്തുന്നവരാണ് അധികവും.
ഇത്തരമൊരു സ്ഥിതി മുന്നില്‍കണ്ട് പാലങ്ങളും തീരദേശ ഹൈവേ പോലുള്ള പദ്ധതികളും ഒക്കെ ടൂറിസത്തിനുകൂടി പ്രാധാന്യം നല്‍കിയാണ് വിനോദസഞ്ചാരവകുപ്പ് തയ്യാറാക്കുന്നത്. ഗ്രാമീണ മേഖലയിലെ ചെറിയ ടൂറിസം കേന്ദ്രങ്ങളെ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡെസ്റ്റിനേഷനുകളായി വികസിപ്പിക്കുന്നു. ഒട്ടേറെ ഹില്‍സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മലയോര ഹൈവേ പോലുള്ള പദ്ധതികളും സുപ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള റോഡുകളുടെ നവീകരണവുമെല്ലാം കേരളത്തിലെ വിനോദസഞ്ചാരമേഖലയ്ക്ക് വലിയതോതിലുള്ള കുതിപ്പിന് കാരണമായിട്ടുണ്ട്. കേരളത്തിലേക്ക് സഞ്ചാരികള്‍ എത്തുന്ന സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പയിനുകള്‍ നടത്തി. ഇതിന്റെ ഫലമായി 1.88 കോടി ആഭ്യന്തര സഞ്ചാരികള്‍ 2022ല്‍ കേരളം സന്ദര്‍ശിച്ചത് സര്‍വ്വകാല റെക്കോഡായിരുന്നു. ഈ ചലനം 2023ലും നിലനിര്‍ത്താനാകുമെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കാരവന്‍ പോലുള്ള പുതിയ ഉത്പ്പന്നങ്ങളെ പരിചയപ്പെടുത്തിയും പുതിയ ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്തി വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയും പ്രത്യേക ക്യാമ്പയിനുകള്‍ നടത്തിയും ആഭ്യന്തര ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. അധികം അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളില്‍ എത്തിച്ചേരാനും അവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനും സഞ്ചാരികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കാരവാന്‍ ടൂറിസത്തിന് രൂപംകൊടുത്ത്.
ബീച്ചുകളിലേക്ക് വന്‍തോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരളത്തിലെ ഒന്‍പതു പ്രധാന ബീച്ചുകളില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജുകളും സാഹസിക ടൂറിസം പദ്ധതിയുമായി കൂട്ടിച്ചേര്‍ത്ത് സര്‍ഫിംഗ് അക്കാദമിയും തുടങ്ങി. ബീച്ച് ഫെസ്റ്റിവലുകള്‍ക്ക് പ്രത്യേക പ്രോത്സാഹനമാണ് ടൂറിസം വകുപ്പ് നല്‍കിയത്. നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് മറ്റൊന്ന്. ഇതിനായി തിരുവനന്തപുരം കനകക്കുന്നില്‍ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. ട്രാവന്‍കൂര്‍ ഇല്യൂമിനേഷന്‍ പദ്ധതി നൈറ്റ് ലൈഫ് പദ്ധതിക്ക് ഗുണകരമാകും. പ്രശസ്ത സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മ്മകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം. ഇതിന് സിനിമാരംഗത്തുള്ളവരുടെ വ്യാപകമായ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. പൈതൃക മേഖലകള്‍ വികസിപ്പിക്കുന്നതിന് പൈതൃക വികസന പദ്ധതിയിലൂടെ സാധിക്കും. മുസിരിസ് പൈതൃകപദ്ധതിയുടെ ഭാഗമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ട്രാവന്‍കൂര്‍ പൈതൃക പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തെ ഹെറിറ്റേജ് കെട്ടിടങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ ഒന്നാം ഘട്ടവും പൂര്‍ത്തിയാക്കി. തിരുവനന്തപുരം ജില്ലയിലെ കിഴക്കേകോട്ട, ചാല ഉള്‍പ്പെടെ പത്മനാഭസ്വാമി ക്ഷേത്രപരിസരത്തെ അമ്പതോളം സ്ഥലങ്ങളെ ഹെറിറ്റേജ് പാത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് ധാരാളമായി സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. സമാനമായ ഒന്ന് തിരുവനന്തപുരം ആക്കുളത്ത് വൈകാതെ തുറക്കും.
ഈ സര്‍ക്കാര്‍ ടൂറിസം മേഖലയില്‍ ആവിഷ്‌ക്കരിച്ച നവീനമായ പദ്ധതികള്‍ ആണ് ലിറ്റററി സര്‍ക്യൂട്ട്, ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ട് എന്നിവ. മലബാര്‍ മേഖലയിലെ പ്രശസ്ത സാഹിത്യ പ്രതിഭകളുടെ കര്‍മ്മമണ്ഡലങ്ങളെ സംയോജിപ്പിക്കുകയാണ് ലിറ്റററി സര്‍ക്യൂട്ട് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി ബേപ്പുരിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന്റെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. കൊല്ലം ജില്ലയിലെ ജൈവ വൈവിധ്യ കേന്ദ്രങ്ങളുടെ സംരംക്ഷണവും സുരക്ഷിത ടൂറിസവും വിഭാവനം ചെയ്യുന്ന ബയോ ഡൈവേഴ്സിറ്റി സര്‍ക്യൂട്ടും പ്രാരംഭഘട്ടത്തിലാണ്. വള്ളംകളി മത്സരങ്ങളുടെ തിരിച്ചു വരവും വലിയ ആവേശം നല്‍കിയിട്ടുണ്ട്. മലബാറിലേക്കും ചാമ്പ്യന്‍സ് ബോട്ട് ലീഗ് വ്യാപിപ്പിച്ചു. ചെറുവള്ളങ്ങളെ കൂടി പങ്കെടുപ്പിച്ചുള്ള വള്ളംകളിയും നടത്തി. ബേപ്പൂര്‍ ജലോത്സവം സംഘടിപ്പിച്ചു. അന്തര്‍ ദേശീയ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ കോഴിക്കോട് തുഷാരഗിരിയില്‍ വെച്ച് നടത്തി.
വനിതകള്‍ ഒറ്റയ്ക്കും കൂട്ടായും നടത്തുന്ന യാത്രകള്‍ ട്രെന്‍ഡ് ആകുന്ന പശ്ചാത്തലത്തില്‍ സ്ത്രീ വിനോദ സഞ്ചാര പദ്ധതിയ്ക്കും സംസ്ഥാന ടൂറിസം വകുപ്പ് രൂപംനല്‍കിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി സ്ത്രീ സൗഹൃദ ടൂറിസം ശൃംഖല രൂപീകരിക്കും. താമസം, ഭക്ഷണം, യാത്ര, ഗൈഡ് തുടങ്ങി ടൂര്‍ പാക്കേജിലെ എല്ലാ ഘടകങ്ങളും സ്ത്രീകളായിരിക്കും നിയന്ത്രിക്കുക. ഇതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും രാജ്യത്തിന് പുറത്തുള്ളവരും വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ തെരഞ്ഞെടുക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍പേരെ ആകര്‍ഷിക്കുന്നതിനുള്ള പ്രത്യേക പ്രചരണ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ഫുഡ് ടൂറിസം വ്യാപകമാക്കുന്നതിന് ഫുഡ് സ്ട്രീറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. പുതുതായി നിര്‍മിക്കപ്പെട്ടിരിക്കുന്ന പാലങ്ങളെപ്പോലും വിനോദസഞ്ചാരികള്‍ക്ക് സന്തോഷം നല്‍കുന്ന ഇടങ്ങളായി വികസിപ്പിക്കുകയാണ്. കൊല്ലം- ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം നിര്‍മാണത്തിലെ മനോഹാരിത കൊണ്ട് നേരത്തേതന്നെ ശ്രദ്ധേയമായിരുന്നു. ഈ ഗണത്തിലേക്ക് കേരളത്തിലെ സാധ്യമായ പാലങ്ങളെയൊക്കെ എത്തിക്കാനാണ് ശ്രമം. അവയ്ക്ക് പ്രത്യേക നിറം നല്‍കിയും വെളിച്ചക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും മനോഹരമാക്കുന്നതിനൊപ്പം മേല്‍പ്പാലങ്ങളുടേയും മറ്റും താഴെ വെറുതേകിടക്കുന്ന സ്ഥലത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കി ചെറു ടൂറിസ്റ്റു കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ഡെസ്റ്റിനേഷനുകളെ പരിചയപ്പെടുത്താന്‍ ഫാം ടൂറുകളും സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യയിലെ ഐ.ടി മേഖലയില്‍ ജോലിചെയ്യുന്നവരെ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ വര്‍ക്കേഷന്‍ പദ്ധതി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് ധാരാളംപേരെ കേരളത്തിലെ വര്‍ക്കേഷനിലേക്ക് ആകര്‍ഷിക്കാന്‍ വയനാട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയിലൂടെ സാധിച്ചു. ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് പദ്ധതി. തൊഴിലിടങ്ങളില്‍നിന്നു മാറിനിന്ന് കൂടുതല്‍ ആസ്വദിച്ചു ജോലിചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. വര്‍ക് ഫ്രം ഹോം, വര്‍ക് നിയര്‍ ഹോം പോലുള്ള പുതുയുഗ തൊഴില്‍ രീതികളുടെ മറ്റൊരു പതിപ്പാണിത്. ജീവനക്കാരെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുന്നതിന് ആഗോള കമ്പനികള്‍ വര്‍ക്കേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ജോലിചെയ്യുന്നവര്‍ക്കും വര്‍ക്കേഷന്‍ പദ്ധതി പ്രയോജനകരമാകും.
കേരളത്തിലെ ടൂറിസത്തിന്റെ അടിസ്ഥാനം അതിലെ ജനകീയതാണ്. കേരളത്തിലെ ടൂറിസം സംവിധാനങ്ങളില്‍ ഉത്തരവാദിത്ത ടൂറിസത്തിന് പ്രധാന പങ്കാളിത്തം ഉണ്ട്. ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്തപ്പോള്‍ എടുത്തുപറഞ്ഞത് ഇവിടുത്തെ ജനങ്ങളുടെ ഇടപെടലിലെ സവിശേഷതകളെ കുറിച്ചാണ്. ഉത്തരവാദിത്ത ടൂറിസത്തിന്റെ അന്താരാഷ്ട്ര ഉച്ചകോടിക്ക് കേരളം വേദിയായി. ഇതുമായി ബന്ധപ്പെട്ട ലോക പ്രശസ്തരായവര്‍ കുമരകത്ത് എത്തി. നമ്മുടെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് അനുഭവിക്കാന്‍ അവസരമൊരുക്കി.
കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും ഈ നാടിനെക്കുറിച്ച് കൂടുതലറിയാനും പ്രചോദിതമാകാനും ഉതകുന്ന പുസ്തകങ്ങള്‍ ''റീഡ് യുവര്‍ വേ എറൗണ്ട് ദ വേള്‍ഡ്'' എന്ന പരമ്പരയിലൂടെ ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിലിടം നേടിയ മലയാള പുസ്തകങ്ങളും പ്രമുഖ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ വെര്‍ച്വല്‍ ടൂര്‍ നടത്തുന്ന ടീം അംഗങ്ങളുടെ ഇമേജുമെല്ലാം വന്നത് ആഗോളതലത്തില്‍ കേരള ടൂറിസത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രചാരണത്തിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ ടെന്നീസ് താരങ്ങള്‍ ചുണ്ടന്‍വള്ളം തുഴയുന്നതിന്റെ ഗ്രാഫിക്കല്‍ ഇമേജ് പ്രസിദ്ധീകരിക്കപ്പെട്ടതും എടുത്തപറയേണ്ട നേട്ടമാണ്.
ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതോടെ പ്രാദേശിക സാമ്പത്തിക വികസനംകൂടിയാണ് സാധ്യമാകുന്നത്. ചെറിയ പെട്ടിക്കടകള്‍ മുതല്‍ വന്‍കിട ഹോട്ടല്‍ ശൃംഖലകള്‍ക്കുവരെ ഇത് ഗുണം ചെയ്യും. പ്രാദേശികമായുണ്ടാകുന്ന ഉല്‍പനങ്ങള്‍ കൂടുതലായി വിറ്റഴിക്കപ്പെടുകയും ചെയ്യും. അതേസമയം ഇത്തരം കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനത്തിലുള്‍പ്പെടെ നമുക്ക് ഇനിയുമേറെ മുന്നേറാനുമുണ്ട്. പരിമിതികള്‍ക്കും തടസ്സങ്ങള്‍ക്കും മുന്നില്‍പോലും കൂടുതല്‍ സൗകര്യങ്ങളോടെയും ഉത്തരവാദിത്തത്തോടെയും ടൂറിസം മേഖലയുടെ വികസനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതോടൊപ്പംതന്നെ അത്തരം കാര്യങ്ങള്‍ ലോകമെമ്പാടുമായി കൂടുതലാളുകളിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കും നാം പ്രതീക്ഷിക്കാത്ത മേഖലകളില്‍നിന്നുവരെ പിന്തുണ ലഭിക്കുന്നുണ്ട്. ഇതെല്ലാം കേരളത്തിന്റെ ടൂറിസം ഭാവി ശോഭനമായിരിക്കുമെന്നതിന്റെ വ്യക്തമായ തെളിവുകളാണ്.
Content Highlights: World Tourism Day Message by minister pa mohammed riyas
Published: 27 Sept 2023, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented