വിമൂകമായ ആ കോട്ടയുടെ അകത്തളങ്ങളിലെവിടെയോ പ്രാവുകള്‍ കലമ്പല്‍ കൂട്ടി ചിറകടിച്ചു പറന്നു. പിന്നെ നിശബ്ദതയാണ്. ചുറ്റുമുള്ള എല്ലാ ചലനങ്ങളും പൊടുന്നനെ നിലച്ചെന്ന പോലെ... സായാഹ്നം കഴിഞ്ഞിരിക്കുന്നു. അവിടവിടെയായി ചുറ്റിത്തിരിഞ്ഞിരുന്ന ഏതാനും ആളുകള്‍ കൂടി ഇപ്പോള്‍ കാഴ്ചവട്ടത്തില്‍നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. പുറത്ത് പകല്‍ വല്ലാതെ നരച്ചു. ഇരുളടഞ്ഞ ഒരു മുറിയ്ക്കുള്ളിലേയ്ക്കാണ് എത്തിപ്പെട്ടത്. ഇടുങ്ങിയ മുറിയ്ക്കുള്ളില്‍ കല്ലില്‍ തീര്‍ത്ത ഉയര്‍ന്ന തറ. രണ്ടറ്റത്തും വളയങ്ങളോടുകൂടിയ ഒരു കനത്ത ചങ്ങല അതിന്മേല്‍ ചുറ്റിപ്പിണഞ്ഞു കിടന്നു. ബലിക്കല്ല്! ഉയരത്തിലുള്ള ചെറിയ ജാലകത്തിനപ്പുറം ആകാശം മറയുന്നു. ഉള്ളിലേയ്‌ക്കൊഴുകി വന്ന കനത്ത മൂടല്‍മഞ്ഞ് ശേഷിച്ച വെളിച്ചത്തെക്കൂടി കൊന്നുകളഞ്ഞു. ചങ്ങല ഇഴയുന്ന ശബ്ദം കേള്‍ക്കുന്നോ? കാലുകള്‍ നിലത്തുറഞ്ഞു പോയതുപോലെ. കണ്ണും കാതുമടഞ്ഞു. ഉള്ളിലൊരു ആന്തലുയര്‍ന്നു, പിന്നെ അതൊരു തേങ്ങലായി. ആ ഇരുട്ടില്‍, അരിച്ചുകയറുന്ന തണുപ്പില്‍ എത്ര നേരം ഇരുന്നെന്ന് ഓര്‍മയില്ല. ബോധം തിരികെ കിട്ടുമ്പോള്‍ മഞ്ഞൊഴിഞ്ഞു പോയിരുന്നു. വൈദ്യുത വിളക്കുകള്‍ തെളിഞ്ഞിരുന്നു. പിടഞ്ഞെണീറ്റ് പുറത്തേക്കു പാഞ്ഞു...

To advertise here,

പറഞ്ഞതൊരു നുണക്കഥയാണെന്ന് തോന്നുന്നുണ്ടോ? രാജസ്ഥാനിലെ വിമൂകമായ ഒരു കോട്ടമുകളില്‍ വെച്ചുണ്ടായ അനുഭവം പങ്കുവെക്കുമ്പോഴും സുഹൃത്തിന്റെ കണ്ണില്‍ എന്താണ് സംഭവിച്ചതെന്നറിയാത്ത ഒരു അവിശ്വസനീയത ഉണ്ടായിരുന്നു. പ്രേതകഥ കേട്ടപോലെ, പ്രേതസിനിമ കണ്ടതുപോലെ ഒരനുഭവം. 'ചില്ലിങ് അഡ്വഞ്ചേഴ്‌സി'ന്റെ രസം അതാണ്. സുഹൃത്ത് അതോടെ യാത്ര നിര്‍ത്തിയില്ല. വീണ്ടും വീണ്ടും അത്തരം ഏകാന്തസ്ഥലികള്‍ തേടിപ്പോയി. അവര്‍ മാത്രമല്ല, അങ്ങനെ എത്രയോ പേര്‍...! പോയകാലത്തിന്റെ ശവക്കല്ലറകള്‍ക്കുള്ളില്‍ എന്താണെന്നറിയാന്‍, ഗതകാലചരിത്രത്തില്‍ കൂടി സ്വപ്‌നാടനം നടത്താന്‍ കൊതിക്കുന്ന സഞ്ചാരികള്‍... ഭീകരമായ ആ അന്തരീക്ഷം ചിലര്‍ക്ക് കണ്ടറിയുകയെന്നതു മാത്രം. മറ്റു ചിലര്‍ക്കതൊരു പഠനയാത്രയും. ഇവരെയൊക്കെയാണ് ഡാര്‍ക്ക് ടൂറിസം ലക്ഷ്യംവെക്കുന്നത്. പോയകാലത്തെ ഇരുണ്ട കഥകള്‍ പറയുന്ന ഈ ഇടങ്ങളെ ഡാര്‍ക്ക് ടൂറിസം സ്‌പോട്ടുകള്‍ എന്നു വിളിക്കുന്നു. 

ഡാര്‍ക്ക് ടൂറിസം അഥവാ മോര്‍ബിഡ് ടൂറിസം എന്ന പ്രയോഗം അടുത്ത കാലത്താണ് നിലവില്‍ വന്നതെങ്കിലും ആ ആശയം അത്ര പുതിയതല്ല. ആളുകള്‍ മരണപ്പെട്ടതോ നരകതുല്യമായ പീഡനങ്ങള്‍ക്ക് ഇരയായതോ ആയ ഇടങ്ങള്‍ വിനോദസഞ്ചാര ശാഖയുടെ തുടക്കകാലത്തുതന്നെ സഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളായിട്ടുണ്ട്. അമേരിക്കല്‍ ആഭ്യന്തരയുദ്ധത്തിന്റെ ഭാഗമായി 1863-ല്‍ ഉണ്ടായ ഗെറ്റിസ്ബര്‍ഗ് യുദ്ധം അവസാനിച്ച് അധികം കഴിയും മുന്‍പേ അവിടേയ്ക്ക് സഞ്ചാരികളെത്തി തുടങ്ങിയിരുന്നു. പെന്‍സില്‍വാനിയയിലെ ഈ യുദ്ധമുഖത്തുനിന്ന് തിമോത്തി എച്ച്. ഒ. സള്ളിവന്‍ പകര്‍ത്തിയ, ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്ന ഫോട്ടോഗ്രാഫിന് 'ദ ഹാര്‍വെസ്റ്റ് ഓഫ് ഡെത്ത്' അഥവാ മരണക്കൊയ്ത്ത് എന്ന് പേരു നല്‍കിയത് വെറുതെയല്ല. അരലക്ഷത്തോളം ആളുകള്‍ മരിച്ചുകിടന്ന ആ ശവപ്പറമ്പാണ് പിന്നീട് ഗെറ്റിസ്ബര്‍ഗ് നാഷണല്‍ സെമിത്തേരി അഥവാ 'സോള്‍ജ്യേഴ്‌സ് നാഷണല്‍ സെമിട്രി' ആയി മാറിയത്. ഈ സ്മാരകത്തിന്റെ സമര്‍പ്പണ ദിവസമാണ് സാക്ഷാല്‍ എബ്രഹാം ലിങ്കന്റെ, അമേരിക്കയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഗെറ്റിസ്ബര്‍ഗ് പ്രസംഗം നടന്നത്.

അഗ്നിപര്‍വത സ്‌ഫോടത്തില്‍ നാമാവശേഷമായിപ്പോയ ഇറ്റലിയിലെ പോംപെയ് നഗരം 1800-കളുടെ തുടക്കം മുതല്‍തന്നെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിരുന്നു. റോമില്‍ 80 C.E. മുതല്‍ ഗ്ലാഡിയേറ്റര്‍മാര്‍ ഏറ്റുമുട്ടിയിരുന്ന കോളോസിയത്തിലേക്കുള്ള ജനപ്രവാഹം ഡാര്‍ക്ക് ടൂറിസത്തിന്റെ ആദിമരൂപമായി കണക്കാക്കുന്നവരുണ്ട്.

placeholder
A Harvest of Death | Photo: metmuseum.org/

വിചിത്രമായതോ ശോകമൂകമായതോ ആയ അവസ്ഥകളോടും അന്തരീക്ഷത്തോടുമുള്ള ആകര്‍ഷണം മനുഷ്യരില്‍ തികച്ചും സ്വാഭാവികമാണ്. മറ്റൊരാള്‍ക്ക് സംഭവിച്ച ദുരന്തത്തെപറ്റി അറിയുവാനുള്ള കൗതുകമാണത്. ഏറിയും കുറഞ്ഞും ജീവിതത്തിലെ പല സാഹചര്യങ്ങളിലും നമ്മള്‍ ആ കൗതുകത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്. ഒരു ഹൊറര്‍ സിനിമ കാണുമ്പോഴോ പ്രേതകഥകള്‍ കേള്‍ക്കുമ്പോഴോ പറയുമ്പോഴോ ഒക്കെ തോന്നുന്ന ഒരു രസമില്ലേ, അതേപോലെ. ഡാര്‍ക്ക് ടൂറിസത്തിലെ ഔചിത്യമില്ലായ്മയെപ്പറ്റി തര്‍ക്കങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും മനുഷ്യരില്‍ അന്തര്‍ലീനമായ ഇത്തരം സ്വാഭാവികചോദനകളെയാണ് ഈ ഇടങ്ങള്‍ സാധൂകരിക്കുന്നത്. ഒപ്പം ചരിത്രത്തെപ്പറ്റിയും സംസ്‌കാരങ്ങളെപ്പറ്റിയും മനുഷ്യരാശിയെപ്പറ്റിതന്നെയും അറിയുവാനുള്ള ആഗ്രഹത്തെയും.
 
മരണം, ദുരന്തം, അക്രമം, പീഡനം, യുദ്ധം തുടങ്ങിയവ അരങ്ങേറിയതും ചരിത്രപ്രാധാന്യം ഉള്ളതുമായ ഇടങ്ങളാണ് പൊതുവേ ഡാര്‍ക്ക് ടൂറിസത്തിന്റെ പരിധിയില്‍ വരുന്നത്. എന്നാല്‍, അടുത്തകാലത്ത് അരങ്ങേറിയതോ ഇപ്പോള്‍ ദുരന്തങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതോ ഇടങ്ങളും ഈ പട്ടികയിലുണ്ട്. ചരിത്രവുമായി അടുത്തുനില്‍ക്കുന്നതു കൊണ്ടുതന്നെ ഡാര്‍ക്ക് ടൂറിസത്തിന് ഹെറിറ്റേജ് ടൂറിസവുമായി അടുത്ത ബന്ധമുണ്ട്. കൂട്ടക്കൊല നടന്ന ഇടങ്ങളിലേക്ക്‌ കൊല്ലപ്പെട്ടവരുടെ പിന്‍ഗാമികള്‍ പോകാറുണ്ട്. പലപ്പോഴും തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ച വേദനകളെക്കുറിച്ചറിയാനുള്ള യാത്രയാകുമത്. അങ്ങനെയെങ്കില്‍ അവരെ ഡാര്‍ക്ക് ടൂറിസ്റ്റ് എന്നു വിളിക്കാം. നിദ്രയിലാണ്ട ഒരു അഗ്നിപര്‍വതത്തിന്റെ ഉച്ചിയിലേക്ക്‌ ഹൈക്ക് ചെയ്യുന്ന ഒരാള്‍ പക്ഷേ, ഇക്കൂട്ടത്തില്‍ പെടില്ല. അതേ അഗ്നിപര്‍വതത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചും വിസ്‌ഫോടനചരിത്രത്തെക്കുറിച്ചുമൊക്കെ പഠിക്കാനാണ് ആ യാത്രയെങ്കില്‍ അവര്‍ ഒരു ഡാര്‍ക്ക് ടൂറിസ്റ്റാണ്. ബ്ലാക്ക് ടൂറിസം, ഗ്രീഫ് ടൂറിസം എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാം. 

ഡാര്‍ക്ക് ടൂറിസം മനുഷ്യരിലെ വൈകാരികതയെ ചൂഷണം ചെയ്യുന്നു എന്നതാണ് ഇതിനെതിരെയുള്ള പ്രധാന വിമര്‍ശനം. ദുരന്തത്തിന് ഇരയായവരോടുള്ള അനാദരവും അവരുടെ ജീവിതത്തിലേയ്ക്കുള്ള ഒളിഞ്ഞുനോട്ടവുമായി വിമര്‍ശകര്‍ ഇതിനെ കണക്കാക്കുന്നു. അങ്ങേയറ്റം അനുചിതമാണ് ഇത്തരം പ്രദര്‍ശനങ്ങള്‍ എന്നതാണ് വാദം. ആഘോഷാരവങ്ങള്‍ക്കുള്ള ഇടങ്ങളല്ല, മനുഷ്യരാശിയുടെ ഇരുളടഞ്ഞ കാലത്തെ ഓര്‍മിപ്പിക്കുന്ന സ്മാരകങ്ങള്‍ എന്ന തിരിച്ചറിവുണ്ടായാല്‍ മതി സഞ്ചാരിള്‍ക്ക് എന്നതാണ് ഇതിനുള്ള പ്രതിവാദം.  

മരണത്തിന്റെ മോഹവലയം

placeholder
ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം പ്രൊഫസര്‍മാരായ ജോണ്‍ ലെനന്‍, മാല്‍കം ഫോളി എന്നിവര്‍ എഴുതിയ 1996-ല്‍ പുറത്തിറങ്ങിയ 'ഡാര്‍ക്ക് ടൂറിസം- ദ അട്രാക്ഷന്‍ ഓഫ് ഡെത്ത് ആന്‍ഡ് ഡിസാസ്റ്റര്‍' എന്ന പുസ്തകത്തിലാണ് ആദ്യമായി ഈ പേര് ഉപയോഗിക്കുന്നത്. അമാനുഷിക പ്രവൃത്തികളുടെ പ്രതിനിധാനമായും, അവ സന്ദര്‍ശകര്‍ക്കു മുന്‍പില്‍ എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നതുമാണ് ഡാര്‍ക്ക് ടൂറിസത്തിന് അവര്‍ നല്‍കിയ നിര്‍വചനം. ദ ഡാര്‍ക്ക് ടൂറിസ്റ്റ് എന്ന നെറ്റ്ഫ്‌ളിക്‌സ്‌ സീരിസും ചെര്‍ണോബില്‍ എന്ന എച്ച്.ബി.ഒ. ഷോയുമാണ് ഡാര്‍ക്ക് ടൂറിസത്തെ കൂടുതല്‍ ജനപ്രിയമാക്കിയത്. വംശഹത്യയും കൂട്ടക്കൊലകളും നടന്ന ഇടങ്ങള്‍, ആണവദുരന്തങ്ങള്‍ ഉണ്ടായ ഇടങ്ങള്‍, മനുഷ്യനിര്‍മിതമോ പ്രകൃത്യാലുള്ളതോ ആയ ദുരന്തസ്ഥലങ്ങള്‍, മ്യൂസിയങ്ങളും സ്മാരകങ്ങളും, ശവപ്പറമ്പുകളും ശവകുടീരങ്ങളും, കൊലപാതകം നടന്ന ഇടങ്ങള്‍, യുദ്ധഭൂമി, യുദ്ധമേഖലകള്‍, ജയിലുകളും ക്യാമ്പുകളും, അടിമച്ചന്തകള്‍, ചേരികള്‍, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടന്ന ഇടങ്ങള്‍, കുപ്രസിദ്ധമായ കുറ്റകൃത്യങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങള്‍, കപ്പല്‍ഛേദം സംഭവിച്ച ഇടം, ഭൂഗര്‍ഭ കല്ലറകള്‍ തുടങ്ങിയവയൊക്കെ ഡാര്‍ക്ക് ടൂറിസം കേന്ദ്രങ്ങളായാണ് കണക്കാക്കുന്നത്. 

ലോകത്തിലെ ചില പ്രധാന ഡാര്‍ക്ക് ടൂറിസം സ്‌പോട്ടുകള്‍ പരിചയപ്പെടാം.

1. നോര്‍ത്ത് അറ്റ്‌ലാന്റയിലെ ടൈറ്റാനിക് അവശിഷ്ടങ്ങള്‍

അറ്റ്‌ലാന്റ്ക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിദ്രയിലാണ്ട വിഖ്യാതമായ ടൈറ്റാനിക് കാണാനുള്ള യാത്ര മറ്റൊരു ദുരന്തത്തിലേക്കു വഴിതുറന്നത് ഇക്കഴിഞ്ഞ ജൂണിലായിരുന്നു. കടലാഴങ്ങളില്‍ മറഞ്ഞുപോയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദസഞ്ചാരികളുമായി പോയ അന്തര്‍വാഹിനി അപകടത്തില്‍പെട്ടു. സമുദ്രപര്യവേക്ഷണങ്ങള്‍ നടത്തുന്ന യു എസ്. കമ്പനിയായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സമുദ്രാന്തര്‍ഗത പേടകമായ ടൈറ്റന്‍ തകര്‍ന്ന് യാത്രികരായ അഞ്ചു പേരും മരണപ്പെട്ടത് ലോകമെമ്പാടും കോളിളക്കം സൃഷ്ടിച്ച വാര്‍ത്തയായിരുന്നു. 

placeholder
ടൈറ്റാനിക് അവശിഷ്ടങ്ങള്‍

1912-ല്‍ 'ഒരിക്കലും മുങ്ങാത്ത കപ്പല്‍' എന്ന അവകാശവാദവുമായി കന്നിയാത്രയ്ക്കിറങ്ങിയ ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് തകരുകയായിരുന്നു. ബ്രിട്ടനിലെ സതാംപ്റ്റണില്‍ നിന്ന് യു എസിലെ ന്യൂയോര്‍ക്കിലേക്കു പുറപ്പെട്ട കപ്പലില്‍ 2200 പേരാണുണ്ടായിരുന്നത്. അതില്‍ 1500-ല്‍ അധികം പേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. 1985-ലാണ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 2023 ജൂണ്‍ 18-നാണ് ഓഷ്യന്‍ ഗേറ്റിന്റെ ടൈറ്റന്‍ പേടകം ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ വിനോദസഞ്ചാരികളുമായി യാത്ര പുറപ്പെട്ടത്. യാത്ര തുടങ്ങി അധികം വൈകാതെ പേടകം പൊട്ടിത്തെറിച്ചു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ നോര്‍ത്ത് അറ്റ്‌ലാന്റികില്‍ ഉപരിതലത്തില്‍നിന്ന് 12,000 അടി താഴ്ചയില്‍നിന്നാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ഓഷ്യന്‍ ഗേറ്റിന്റെ സി.ഇ.ഒ. സ്‌റ്റോക്ടണ്‍ റഷ് ആയിരുന്നു ടൈറ്റന്റെ പൈലറ്റ്. എട്ടു ദിവസം നീളുന്ന യാത്രയില്‍ പങ്കെടുക്കാന്‍ സഞ്ചാരികളില്‍നിന്ന് രണ്ടു കോടി രൂപയാണ് ഓഷ്യന്‍ ഗേറ്റ് ഈടാക്കിയിരുന്നത്. 

2. ചെര്‍ണോബില്‍, യുക്രൈന്‍

placeholder
ചെര്‍ണോബില്‍

ലോകത്തെ നടുക്കിയ ആണവദുരന്തത്തിന്റെ പേരിലാണ് യുക്രൈനിലെ ചെര്‍ണോബില്‍ നഗരം ലോകചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. 1986 ഏപ്രില്‍ 26-ന് ചെര്‍ണോബിലെ ആണവോര്‍ജ്ജ പ്ലാന്റ് പൊട്ടിത്തെറിച്ച് 32 പേര്‍ മരിച്ചു. റേഡിയേഷന്‍ മൂലം പൊള്ളലേറ്റവരും പരിക്കേറ്റവരും നിരവധിയായിരുന്നു. ന്യൂക്ലിയര്‍ പ്ലാന്റിലെ ജീവനക്കാരുടെ കുടുംബങ്ങളായിരുന്നു ആ ചെറുപട്ടണത്തിലെ താമസക്കാരില്‍ ഏറിയ പങ്കും. ദുരന്തമുണ്ടായി തൊട്ടടുത്ത നിമിഷങ്ങളില്‍ തന്നെ അതുവരെ പ്രിയപ്പെട്ടതായിരുന്നതൊക്കെ ഉപേക്ഷിച്ച്, ഒന്നിലും ഒന്നു തൊടാന്‍ പോലുമാകാതെ ബാക്കിയുള്ളവര്‍ വൈറുംകൈയോടെ അവിടെനിന്നു പലായനം ചെയ്തു. ദുരന്തം നടന്ന് മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രിപ്യത്തിലും ചെര്‍ണോബിലിലും പ്രമുഖ കമ്പനികള്‍ ഗൈഡഡ് ടൂറുകള്‍ സംഘടിപ്പിച്ചു തുടങ്ങി. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും ഉപേക്ഷിക്കപ്പെട്ട ക്ലാസ്സ് മുറികളുമൊക്കെയുള്ള ആ പ്രേതനഗരം കാണാന്‍ നിരവധി വിനോദസഞ്ചാരികളാണ് വര്‍ഷംതോറും എത്തുന്നത്. ഇന്നും ചെര്‍ണോബില്‍ ആണവവികിരണ മുക്തമായിട്ടില്ല. നിശ്ചിതസമയത്തിനുള്ളില്‍ കര്‍ശനമായ ഉപാധികളോടെ സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാം. 

3. ബെര്‍ലിന്‍

ഭൂമിയിലെ ഏറ്റവും വിഷാദമൂകമായ നഗരമെന്ന് ബെര്‍ലിനിനെ വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല. ലോകത്തെ ഏറ്റവും പൈശാചികമായ കഥകള്‍ ഒരുപാട് പറയാനുണ്ട് നാസി ജര്‍മനിയുടെ ഈ തലസ്ഥാനനഗരിക്ക്. ശീതയുദ്ധകാലത്തെ പ്രധാന സംഭവങ്ങള്‍ക്കും ബെര്‍ലിന്‍ സാക്ഷ്യം വഹിച്ചു. പഴയ ജര്‍മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലികിന്റെ (GDR) സോഷ്യലിസ്റ്റ് സിംഗിള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തലസ്ഥാനവും ബെര്‍ലിന്‍ ആയിരുന്നു. ഇതെല്ലാംകൊണ്ടുതന്നെ നിരവധി ഡാര്‍ക്ക് ടൂറിസം സൈറ്റുകളാണ് ഈ ഒരൊറ്റ നഗരത്തില്‍ തന്നെയുള്ളത്. നാസി ഭരണകാലത്ത് ഹിറ്റ്‌ലര്‍ കൂട്ടക്കൊല നടത്തിയ ജൂതവംശജരുടെ സ്മരണാര്‍ഥം നിര്‍മിച്ച ഹോളോകോസ്റ്റ് മെമ്മോറിയല്‍ അക്കൂട്ടത്തിലൊന്നാണ്. 2,711 കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിരന്ന 19,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള സ്മാരകഭൂമിയുടെ നിര്‍മാണം ആരംഭിച്ചത് 2003 ഏപ്രില്‍ ഒന്നിനാണ്. ബ്രിട്ടീഷ് പ്രൊഫഷണല്‍ സര്‍വീസ് സ്ഥാപനമായ ബുറോ ഹപ്പോള്‍ഡും ആര്‍ക്കിടെക്റ്റ് പീറ്റര്‍ ഈസന്‍മാനുമാണ് ഈ സ്മാരകത്തിന്റെ ശില്പികള്‍. ഇതിന് താഴെയായുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നാസി ഭരണകാലത്ത് കൊല ചെയ്യപ്പെട്ട മുപ്പതു ലക്ഷത്തോളം ജൂതന്മാരുടെ പേരുകളും കത്തുകളും ഫോട്ടോഗ്രാഫുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

placeholder
ഹോളോകോസ്റ്റ് മെമ്മോറിയല്‍

1961 മുതല്‍ 1989 വരെ ബെര്‍ലിന്‍ നഗരത്തെ രണ്ടായി കീറിമുറിച്ചുകൊണ്ട് തലയുയര്‍ത്തി നിന്ന ബെര്‍ലിന്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇന്നുള്ളത്. ശീതയുദ്ധകാലത്ത് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനിയുടെ അധീനതയിലുണ്ടായിരുന്ന പടിഞ്ഞാറന്‍ ബെര്‍ലിനും ജി.ഡി.ആറിന്റെ കൈവശമുണ്ടായിരുന്ന ഈസ്റ്റ് ബെര്‍ലിനും ഇടയില്‍ ജി.ഡി.ആര്‍. സര്‍ക്കാര്‍ നിര്‍മിച്ച മതില്‍ ഏറെക്കുറെ ജര്‍മനിയെതന്നെ രണ്ടായി ഭാഗിച്ചിരുന്നു. ബെര്‍ലിന്‍ വോള്‍ മെമ്മോറിയല്‍, ചെക്ക്‌പോയിന്റ് ചാര്‍ലി മ്യൂസിയം, ജ്യൂവിഷ് മ്യൂസിയം എന്നിവയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. നാസി ജര്‍മനിയുടെയും ജര്‍മന്‍ അധിനിവേശ യൂറോപ്പിന്റെയും രഹസ്യ പോലീസ് വിഭാഗമായിരുന്ന സീക്രട്ട് സ്‌റ്റേറ്റ് പോലീസ് (SS), അതിന്റെ ഉപവിഭാഗമായ ഗെസ്തപ്പോ എന്നിവയുടെ ആസ്ഥാനം നിലനിന്നിരുന്ന ഇടത്താണ് ഇന്നത്തെ ടോപ്പോഗ്രഫി ഓഫ് ടെറര്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഈ ആസ്ഥാനകെട്ടിടം സഖ്യകക്ഷികള്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നു. യൂറോപ്പിലുടനീളം എസ്.എസും. ഗെസ്തപ്പോയും നടത്തിയ കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും രേഖകളും അവശേഷിപ്പുകളും ഇവിടെ കാണാം. ബെര്‍ലിന്‍ മതിലിന്റെ ശേഷിക്കുന്ന വലിയൊരു ഭാഗം സ്ഥിതി ചെയ്യുന്നത് ഈ മ്യൂസിയത്തിന്റെ വളപ്പിലാണ്. രാഷ്ട്രീയത്തടവുകാരെ പാര്‍പ്പിക്കുന്നതിനും വിചാരണ ചെയ്യുന്നതിനുമായി നിര്‍മിച്ച ജയിലിന്റെ ഭിത്തിയും കാണാം. 

4. പാരിസിലെ ഭൂഗര്‍ഭ കല്ലറ

വിഖ്യാതമായ പാരിസ് നഗരം ആരെയാണ് മോഹിപ്പിക്കാത്തത്? മുകളില്‍ ഇരമ്പുന്ന നഗരത്തിന് കീഴെ ആറ് ദശലക്ഷത്തോളം മനുഷ്യരുടെ ശേഷിപ്പിക്കുകള്‍ സൂക്ഷിച്ചിരിക്കുന്ന തുരങ്കങ്ങളുടെ ശൃംഖല കൂടി സന്ദര്‍ശിക്കാതെ പാരിസ് കാഴ്ചകള്‍ പൂര്‍ണമാകില്ല. തുരങ്കങ്ങളുടെ ഇരുവശത്തുമായി മേല്‍ക്കൂരയോളംതന്നെ ഉയരത്തില്‍ അടുക്കിവെച്ചിരിക്കുന്ന മനുഷ്യരുടെ അസ്ഥികളും തലയോട്ടികളുമാണ് ഇവിടെ കാത്തിരിക്കുന്നത്. പഴയകാല ഖനിതുരങ്കങ്ങളാണ് പിന്നീട് ലോകപ്രശസ്തമായ 'കാറ്റാകോംബ്' ആയി മാറിയത്. നഗരത്തിന്റെ സെമിത്തേരികള്‍ നിറയുകയും ജീവിച്ചിരിക്കുന്നവരുടെ ഇടയില്‍ മരിച്ചവരുടെ കല്ലറകള്‍ ക്രമാതീതമായി കൂടുകയും ചെയ്തതോടെ 1786-ലാണ് ഇതിനൊരു പരിഹാരമെന്ന നിലയില്‍ നഗരത്തിലെ സെമിത്തേരികളില്‍നിന്നും ഭൗതികാവശിഷ്ടങ്ങള്‍ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്കു മാറ്റിത്തുടങ്ങിയത്. രാത്രികാലങ്ങളില്‍ മൂടിയിട്ട വാഹനങ്ങളിലായിരുന്നു അധികൃതര്‍ ഇങ്ങനെ അസ്ഥികളും മറ്റും കൊണ്ടുപോയിരുന്നത്. 1867-ല്‍ ഈ ഭൂഗര്‍ഭ ശ്മശാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. നടന്നു മാത്രം കാണാനാകുന്ന, മനുഷ്യാസ്ഥികള്‍ അടുക്കിവെച്ച തുരങ്കങ്ങള്‍ സന്ദര്‍ശിക്കാന്‍ വര്‍ഷംതോറും മൂന്നു ലക്ഷത്തോളം സഞ്ചാരികളാണെത്തുന്നത്. 

5. പോംപെയ്

മൗണ്ട് വെസൂവിയസ് ഇല്ലാതാക്കിയ പുരാതന റോമന്‍ നഗരമാണ് പോംപെയ്. ബി.സി. 90-89 കാലഘട്ടത്തിലാണ് പോംപെ നഗരത്തിന്റെ ചരിത്രം തുടങ്ങുന്നത്. 79 എ.ഡിയില്‍ വെസൂവിയസ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് കിലോ മീറ്ററുകളോളം ദൂരത്തില്‍ ചാരവും പുകയും നിറഞ്ഞു. നൊടിയിടയില്‍ ഒഴുകിപ്പരന്ന ലാവ നഗരത്തെ വിഴുങ്ങി. അതിനും മുന്‍പുതന്നെ ക്രമാതീതമായി ഉയര്‍ന്ന അന്തരീക്ഷ താപനിലയില്‍ പോംപെ നഗരവാസികള്‍ വെന്തുരുകിത്തീര്‍ന്നിരുന്നു. രണ്ടായിരത്തോളം മനുഷ്യരാണ് അന്നു മരിച്ചിട്ടുണ്ടാവുക എന്ന ചരിത്രകാരന്മാര്‍ പറയുന്നു. 66 ഹെക്ടറില്‍ സ്ഥിതി ചെയ്യുന്ന പോംപെയില്‍ പുരാതനകാലത്തെ വീടുകള്‍, ക്ഷേത്രങ്ങള്‍, ആംഫി തിയേറ്റര്‍, തെരുവുകള്‍, ഉദ്യാനങ്ങള്‍ തുടങ്ങിയവയുടെ ശേഷിപ്പുകള്‍ കാണാം. കാലപ്പഴക്കം കൊണ്ടും പുരാതന റോമാരാജ്യത്തിന്റെ ചരിത്രം പേറുന്നതുകൊണ്ടും പോംപെയ് ഒരു ഡാര്‍ക്ക് ടൂറിസം സ്‌പോട്ടായി കണക്കാക്കാനാകില്ല എന്നൊരു വാദമുണ്ട്. എന്നാല്‍ ആ ചരിത്രത്തെക്കാള്‍ വെസൂവിയസ് നാമാവശേഷമാക്കിയ നഗരത്തിന്റെ ശേഷിപ്പുകള്‍ തേടിയാണ് ഭൂരിപക്ഷം സഞ്ചാരികളും ഇവിടേയ്‌ക്കെത്തുന്നത് എന്നതിനാല്‍ പോംപെയില്‍ ഒരു ഡാര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രത്തിനാവശ്യമായ എല്ലാ ചേരുവകളും ഉണ്ട് എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

സജീവ അഗ്നിപര്‍വതമായ വെസൂവിയസ് വീണ്ടും പലവട്ടം പൊട്ടിത്തെറിച്ചു. പ്രകൃതിദുരന്തത്തില്‍ നാമാവശേഷമായ പോംപെയുടെ അവശേഷിച്ച ശേഷിപ്പുകളെക്കൂടി എ.ഡി. 471-473 വര്‍ഷങ്ങളിലും 512-ലും ഉണ്ടായ സ്‌ഫോടനങ്ങള്‍ പാടേ നശിപ്പിച്ചു. 1592-ല്‍ ആര്‍ക്കിടെക്ട് ഡൊമെനികോ ഫൊണ്ടാന ചിത്രങ്ങളും എഴുത്തുകളുമുള്ള ഒരു പുരാതന ഭിത്തി കണ്ടെത്തി. 1748-ല്‍ സ്പാനിഷ് ആര്‍ക്കിടെക്ട് റോക് ജോക്വിന്‍ ഡി അല്‍കുബിയേറ കൂടുതല്‍ പോംപെ നഗരാവശിഷ്ടങ്ങള്‍ കണ്ടെത്തി. അഗ്നിപര്‍വതസ്‌ഫോടനത്തില്‍ മരിച്ചവരുടെ ശരീരാവശിഷ്ടങ്ങളും കരകൗശലവസ്തുക്കളുമൊക്കെ പിന്നീട് നടന്ന ഉത്ഖനനങ്ങളില്‍ കണ്ടെടുക്കാനായിട്ടുണ്ട്. 

6. ഗ്രൗണ്ട് സീറോ, ന്യൂയോര്‍ക്ക്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഭീകരവും കുപ്രസിദ്ധവുമായ ഭീകരാക്രമണം, 9/11 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. യു.എസിലെ ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന ലോകപ്രശസ്തമായ വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്നിരുന്ന ഇടമാണ് ഇന്നത്തെ ഗ്രൗണ്ട് സീറോ. 2001 സെപ്റ്റംബര്‍ 9-ന് സെന്ററിന്റെ ട്വിന്‍ ടവേഴ്‌സ് എന്നറിയപ്പെട്ട ഇരട്ടഗോപുരങ്ങളില്‍ ഭീകരസംഘടനയായ അല്‍ഖ്വയ്ദ ചാവേറാക്രമണം നടത്തി. വിമാനങ്ങള്‍ ഇടിച്ചുകയറിയതോടെ അമേരിക്കയുടെ അഭിമാനമായിരുന്ന ബഹുനിലക്കെട്ടിടം നിലംപൊത്തി. 2,977 പേര്‍ കൊല്ലപ്പെട്ട ഈ മഹാദുരന്തത്തിന്റെ ഭീകരത വെളിവാക്കുന്ന ഫോട്ടോഗ്രാഫുകളില്‍ ഒന്നാണ് വിഖ്യാതമായ 'ദ ഫ്‌ളൈയിങ് മാന്‍' എന്ന ചിത്രം. ട്വിന്‍ ടവറുകള്‍ നിന്നിരുന്നതിന്റെ അടയാളങ്ങള്‍ അതേപോലെ നിലനിര്‍ത്തി യു.എസ്. അവിടെയൊരു സ്മാരകം തീര്‍ത്തു. റിഫ്‌ളെക്ടിങ് ആബ്‌സെന്‍സ് എന്ന പേരിലുള്ള പ്രധാന സ്മാരകത്തില്‍ ഒരേക്കര്‍ വീതം വ്യാപ്തിയുള്ള രണ്ട് കൃത്രിമജലാശയങ്ങളുണ്ട്. ഇതിനു ചുറ്റും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓരോ വ്യക്തിയുടെയും പേരുകള്‍ വെങ്കലത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11 മ്യൂസിയത്തില്‍ ദുരന്തത്തെക്കുറിച്ചുള്ള വീഡിയോകളും അവശേഷിപ്പുകളും റെക്കോര്‍ഡുകളും മറ്റും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഏതാണ് ആറ് മില്യണ്‍ സഞ്ചാരികളാണ് വര്‍ഷംതോറും ഇവിടെത്തുന്നത്.

7. കംബോഡിയയിലെ കില്ലിങ് ഫീല്‍ഡും വംശഹത്യാ മ്യൂസിയവും

കംബോഡിയയുടെ ചരിത്രത്തിലെ ഏറ്റവും നരകകാലമായിരുന്നു പോള്‍ പോട്ടിന്റെ ഭരണദിനങ്ങള്‍. 1975-ലെ കംബോഡിയന്‍ ആഭ്യന്തരയുദ്ധത്തിന് ശേഷം ഭരണത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കംപൂച്ചി സര്‍ക്കാരിന്റെ നേതാവായിരുന്നു പോള്‍ പോട്ട്. ആഭ്യന്തരയുദ്ധമൊഴിഞ്ഞ കംബോഡിയയെ പിന്നെ കാത്തിരുന്നത് കൂട്ടക്കുരുതിയുടെ നാളുകളായിരുന്നു. 1975 മുതല്‍ 1979 വരെയുള്ള 1.7-2.5 മില്യണ്‍ ആളുകളാണ് രാജ്യത്തുടനീളമുള്ള മുന്നൂറ് ഇടങ്ങളിലായി കൊലചെയ്യപ്പെട്ടത്. ഈ ഇടങ്ങളാണ് കില്ലിങ് ഫീല്‍ഡുകള്‍ എന്നറിയപ്പെടുന്നത്. അതില്‍തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയത് കംബോഡിയയുടെ തലസ്ഥാനമായ പുനോം പെന്നില്‍ നിന്ന് 11 കി.മീ. ദൂരെയുള്ള ചോയങ് എക് ആയിരുന്നു. 17000-ല്‍ ഏറെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഇവിടെ കൊല്ലപ്പെട്ടു. ഇവിടം തന്നെയാണ് കംബോഡിയന്‍ വംശഹത്യയുടെ പ്രധാന സ്മാരകം. 5000 മനുഷ്യരുടെ തലയോട്ടികള്‍ നിറച്ച ഗ്ലാസ്സില്‍ നിര്‍മിച്ച ഒരു ബുദ്ധസ്തൂപവും ഇവിടെ കാണാം. ഇതില്‍ ഭൂരിപക്ഷം തലയോട്ടികളും തകര്‍ന്ന നിലയിലാണ്. വംശഹത്യയുടെ ഇരകള്‍ അനുഭവിച്ച വിവരണാതീതമായ ക്രൂരതയുടെ തെളിവാണിത്. ഒന്‍പതിനായിരത്തിലേറെപ്പേരെ കൂട്ടമായി അടക്കം ചെയ്ത കുഴിമാടങ്ങള്‍ ഇവിടെ കാണാം. ഇന്നും ഈ സ്ഥലത്ത് മഴയിലും മറ്റും മണ്ണില്‍ നിന്നു പുറത്തെത്തിയ മനുഷ്യഎല്ലുകള്‍ അവിടവിടെയായി കിടക്കുന്നത് ഭീതിദമായ കാഴ്ചയാണ്. ഖമെ റൂഷിന്റെ ഭരണകാലത്ത് സ്‌കൂളിനു വേണ്ടി നിര്‍മിച്ച് പിന്നീട് ജയിലാക്കിയ സ്ഥലമാണ് ഇന്നത്തെ ടുവോള്‍ ജെസോസൈഡ് മ്യൂസിയം അഥവാ എസ്-21. പുനം പെന്നിലാണ് ഇതുള്ളത്. പോള്‍ പോട്ടിന്റെ ഭരണകാലത്ത് ഇരുപതിനായിരത്തിലേറെ ആളുകളെ ഇവിടെ പാര്‍പ്പിച്ചിരുന്നു. ക്രൂരമായ പീഡനമുകള്‍ക്ക് ഇരയായി ഭൂരിപക്ഷം പേരും മരണപ്പെട്ടു. അന്നത്തെ ജയില്‍മുറികളും ഇരകളുടെ ചിത്രങ്ങളുമെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

8. ഔഷ്‌വിറ്റ്‌സ്-ബിര്‍കെനൗ മെമ്മോറിയല്‍ &മ്യൂസിയം, പോളണ്ട്

നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ഏറ്റവും വലുത്, ഏറ്റവും കുപ്രസിദ്ധം... പോളണ്ടിലെ ക്രാക്കോവിന് അടുത്തായി സ്ഥിതിചെയ്യുന്ന ഔഷ് വിറ്റ്‌സ് ഇന്നും അറിയപ്പെടുന്നത് ഇങ്ങനെയാണ്. ആ ഇരുളടഞ്ഞ കാലത്തിന്റെ ഓര്‍മ്മകള്‍ ഇവിടെ നിന്നൊഴിഞ്ഞിട്ടില്ല. സ്ത്രീകളും കുട്ടികളുമടക്കം ഏതാണ്ട് പതിനൊന്നു മുതല്‍ പതിനാറ് ലക്ഷം വരെ പേരാണ് നാസിഭരണകാലത്ത് ഇവിടെ കൊലചെയ്യപ്പെട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ, കൊലക്കളങ്ങളില്‍ ഒന്നാണിവിടം. നാല്പത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ചേരുന്നതായിരുന്നു ഔഷ്‌വിറ്റ്‌സ്. അതില്‍ രാഷ്ട്രീയത്തടവുകാരെ പാര്‍പ്പിച്ചിരുന്ന ഏറ്റവും പഴക്കമുള്ളതും ചെറുതുമായ ക്യാമ്പായിരുന്നു ഔഷ്‌വിറ്റ്‌സിലേത്. മനുഷ്യര്‍ മനുഷ്യരോട് ചെയ്ത ഏറ്റവും നികൃഷ്ടവും പൈശാചികവുമായ ചെയ്തികളുടെ സ്മാരകമാണ് ഔഷ്‌വിറ്റ്‌സ്. ഇരകളുടെ സ്യൂട്ട്‌കേസുകളും ഷൂവും തലമുടിയുമൊക്കെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിന് ഏതാനും മൈലുകള്‍ മാറിയുള്ള ഔഷ് വിറ്റ്‌സ്-ബിര്‍ക്കെനൗ കൂടുതല്‍ വലിപ്പമുള്ള കോണ്‍സെന്‍ട്രേഷന്‍- എക്‌സ്‌ടെര്‍മിനേഷന്‍ ക്യാമ്പാണ്. ശത്രുക്കളെ വധിക്കാനുപയോഗിച്ചിരുന്ന ഗ്യാസ് ചേംബറുകളും ബാരക്കുകളും തടവുകാര്‍ ഉറങ്ങാന്‍ ഉപയോഗിച്ചിരുന്ന മര ഷെല്‍ഫുകളും ആയിരക്കണക്കിന് പേരെ ഒന്നിച്ച് ക്യാമ്പുകളിലെത്തിച്ചിരുന്ന ട്രെയിന്‍ ട്രാക്കുകളും ഇവിടെ കാണാം. 1947-ല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തതു മുതല്‍ 60 മില്യണ്‍ ആളുകളാണ് ഇവിടം സന്ദര്‍ശിച്ചത് എന്നാണ് കണക്ക്. 

9. ഹിരോഷിമ

placeholder
ഹിരോഷിമ പീസ് മെമ്മോറിയല്‍

ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ മനുഷ്യക്കുരുതിയുടെ പേരിലാണ് ജപ്പാനിലെ ഹിരോഷിമ അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി 1945 ഓഗസ്റ്റ് 6-ന് ജപ്പാനിലെ ഹിരോഷിമയില്‍ യു.എസ്. അണുബോംബ് വര്‍ഷിച്ചു. 140,000 ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാലങ്ങളേറെ കഴിഞ്ഞിട്ടും ഹിരോഷിമയിലെ ജനത ആണവവികിരണത്തിന്റെ ദോഷങ്ങള്‍ അനുഭവിക്കുന്നു. ആണവായുധങ്ങളുടെ അപകടത്തെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കും മ്യൂസിയവും സ്ഥാപിച്ചത്. ബോംബ് വീണ ഇടത്താണ് പാര്‍ക്ക് നിര്‍മിച്ചിട്ടുള്ളത്. 

10. റുവാണ്ടയിലെ വംശഹത്യാ സ്മാരകങ്ങള്‍

1990-ല്‍ റുവാണ്ട പാട്രിയോട്ടിക് ഫ്രണ്ട് എന്ന പേരില്‍ സംഘടിച്ച ടുട്‌സി അഭയാര്‍ഥികളുടെ വിമതസംഘം ഉഗാണ്ടയില്‍ നിന്നും റുവാണ്ട പിടിച്ചടക്കി. റുവാണ്ടന്‍ ആഭ്യന്തരയുദ്ധത്തിന് തുടക്കം കുറിച്ചത് ഈ സംഭവമായിരുന്നു. 1993-ല്‍ സമാധാനക്കരാറില്‍ ഒപ്പുവെച്ചതിന് തൊട്ടടുത്ത ദിവസം പ്രസിഡണ്ട് ജുവെനല്‍ ഹാബിയാരിമാന കൊലചെയ്യപ്പെട്ടു. ഇത് ടുട്‌സി ജനതയുടെ കൂട്ടക്കൊലയിലേയ്ക്ക് നയിച്ചു. 1994 ഏപ്രില്‍ 7 മുതല്‍ ജൂലൈ 15 വരെയുള്ള മൂന്നുമാസക്കാലം നീണ്ടുനിന്ന വംശഹത്യയില്‍ അഞ്ചു മുതല്‍ പത്തുലക്ഷം വരെ ആളുകള്‍ കൊലചെയ്യപ്പെട്ടു. റുവാണ്ടയിലെ ടുട്‌സി ജനസംഖ്യയുടെ എഴുപതുശതമാനത്തോളം ഇതില്‍പെടുന്നു. ആര്‍.പി.എഫ്. കിഗാലി പിടിച്ചെടുക്കുകയും രാജ്യം നിയന്ത്രണത്തിലാക്കുകയും ചെയ്തതോടെയാണ് ഈ കൂട്ടക്കുരുതിയ്ക്ക് അറുതിയായത്. ഇന്ന് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നതും വലിപ്പത്തില്‍ മുന്‍പില്‍ നില്‍ക്കുന്നതും കിഗാലിയിലെ വംശഹത്യാസ്മാരകകേന്ദ്രമാണ്. രണ്ടര ലക്ഷത്തോളം ആളുകളുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇവിടെ അടക്കം ചെയ്തിട്ടുള്ളത്. 

1994 ഏപ്രിലില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന അന്‍പതിനായിരം ടുട്‌സി വിഭാഗക്കാരെ ഹുതു പട്ടാളം കൊലചെയ്തത് മുറാബിയിലെ ടെക്‌നിക്കല്‍ സ്‌കൂളില്‍ വെച്ചാണ്. സ്‌കൂളില്‍ അഭയം തേടാനും ഫ്രഞ്ച് സൈന്യം അവരെ സംരക്ഷിക്കുമെന്നുമുള്ള വാഗ്ദാനത്തില്‍ വിശ്വസിച്ച് ഇവിടെത്തിയവരായിരുന്നു കൊല്ലപ്പെട്ടവര്‍. എന്നാല്‍ ഇതൊരു കെണിയായിരുന്നു. ദിവസങ്ങളോളം പട്ടിണിയ്ക്കിട്ട ശേഷം ക്ഷീണിതരായവരെ ഹുതു വിഭാഗക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആകെ മുപ്പത്തിനാലുപേര്‍ മാത്രമാണ് അന്ന് ഈ കൊലക്കളത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എണ്ണൂറോളം പേരുടെ ഭാഗികമായി സംരക്ഷിക്കപ്പെട്ട ഭൗതികാവശിഷ്ടങ്ങള്‍ മുറാബിയില്‍ കാണാം.    

ഇന്ത്യയിലുമുണ്ട് ഇത്തരം ഇടങ്ങള്‍. ജാലിയന്‍ വാലാബാഗ്, പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍, ജയ്‌സാല്‍മീറിലെ കുല്‍ധാര, ഡല്‍ഹിയിലെ ഗാന്ധിസ്മൃതി, ഉത്തരാഖണ്ഡിലെ രൂപ്കുണ്ഡ് തടാകം, മുംബൈയിലെ നരിമാന്‍ പോയിന്റും താജ് പാലസ് ഹോട്ടലും തുടങ്ങി ഒട്ടേറെ ഡാര്‍ക്ക് ടൂറിസം സ്‌പോട്ടുകള്‍ നമ്മുടെ രാജ്യത്തും കാണാം.