കൊലപാതകം, ആത്മഹത്യ, കൂട്ടമരണം, കവര്‍ച്ച.... അങ്ങനെ ഏതൊരു കുറ്റകൃത്യം നടന്നാലും അവിടെ ആദ്യം എത്തിച്ചേരേണ്ട ഒരാളാണ് പോലീസ് ഫോട്ടോഗ്രാഫര്‍ (ഫൊറന്‍സിക് ഫോട്ടോഗ്രാഫര്‍). ക്രൈംസീനില്‍നിന്ന് ആ ഫോട്ടോഗ്രാഫര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഇത്തരം കേസുകളില്‍ ഏറെ നിര്‍ണായകവുമാണ്. ഒരുകേസിന്റെ ഗതി നിര്‍ണയിക്കാവുന്ന ചിത്രങ്ങളായിരിക്കും ഒരുപക്ഷേ ഫൊറന്‍സിക് ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിയുന്നത്. മനസുമടുപ്പിക്കുന്ന കാഴ്ചകള്‍ കാണേണ്ടിവന്നാലും തന്റെ ജോലിയുടെ ഭാഗമായി അതെല്ലാം ക്യാമറയില്‍ കൃത്യമായി പകര്‍ത്തേണ്ടതും പിന്നീട് കോടതിയില്‍ അതുസംബന്ധിച്ച മൊഴി നല്‍കേണ്ടതും ഫൊറന്‍സിക് ഫോട്ടോഗ്രാഫറുടെ ഉത്തരവാദിത്വവുമാണ്.

To advertise here,

നീണ്ട 23 വര്‍ഷം ഫൊറന്‍സിക് ഫോട്ടോഗ്രാഫറായി കേരള പോലീസില്‍ ജോലിചെയ്ത വ്യക്തിയാണ് ആലപ്പുഴ പള്ളിപ്പുറം സ്വദേശി സി.രാമചന്ദ്രന്‍. 1999-ല്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഒരു കൊലപാതകത്തിന്റെ അതിദാരുണദൃശ്യങ്ങളാണ് അദ്ദേഹത്തിന് ആദ്യം പകര്‍ത്തേണ്ടിവന്നത്. അന്ന് രണ്ടോ മൂന്നോ ദിവസം ഉറക്കം നഷ്ടപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട് ചോരയില്‍ കുതിര്‍ന്ന കൊലപാതകസ്ഥലങ്ങളും ആത്മഹത്യയും ദുരൂഹതനിറഞ്ഞ മരണങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായി. കേരള പോലീസില്‍ 23 വര്‍ഷം നീണ്ട സേവനത്തിന് ശേഷം സീനിയര്‍ ഫോട്ടോഗ്രാഫറായി വിരമിച്ച സി.രാമചന്ദ്രന്‍ തന്റെ സര്‍വീസ് കാലയളവിലെ നടുക്കുന്ന ഫ്രെയിമുകളുടെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു. 

തുടക്കം മലപ്പുറത്ത്, തലയറുത്ത് കൊലപാതകം

ഫൈന്‍ ആര്‍ട്‌സ് കോളേജിലെ പഠനത്തിന് ശേഷം ഒരുവര്‍ഷം അധ്യാപകനായി ജോലിചെയ്ത രാമചന്ദ്രന്‍, പരസ്യകല ഏജന്‍സികളിലും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് സ്വന്തമായി സ്റ്റുഡിയോ തുടങ്ങി അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് 1999-ല്‍ പോലീസില്‍ ഫൊറന്‍സിക് ഫോട്ടോഗ്രാഫറായി ജോലിക്ക് ചേരുന്നത്. മലപ്പുറത്തായിരുന്നു ആദ്യനിയമനം. ജോലിക്ക് കയറിയ തൊട്ടടുത്തദിവസം തന്നെ അതിദാരുണമായ ഒരു കൊലപാതകത്തിന്റെ ദൃശ്യങ്ങളാണ് അദ്ദേഹത്തിന്റെ ക്യാമറയില്‍ പകര്‍ത്തേണ്ടിവന്നത്. ഒരുയുവാവ് അമ്മാവനെ തലയറുത്ത് കൊന്ന സംഭവമായിരുന്നു അത്. ഒട്ടോറിക്ഷയില്‍വെച്ച് കൊലപാതകം നടത്തിയശേഷം അറത്തുമാറ്റിയ തല ഒരു വയലിലാണ് ഉപേക്ഷിച്ചിരുന്നത്. ഒരു കണ്ണ് നഷ്ടപ്പെട്ടനിലയില്‍ കണ്ടെത്തിയ തലയും മൃതദേഹത്തിന്റെ ബാക്കിഭാഗങ്ങളുമെല്ലാം രാമചന്ദ്രന്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി. പക്ഷേ, അതിനുശേഷം രണ്ട്മൂന്ന് ദിവസത്തേക്ക് ശരിക്കും ഉറങ്ങാന്‍ പറ്റിയില്ലെന്ന് അദ്ദേഹം പറയുന്നു. അത്രയേറെ നടുക്കുന്ന ദൃശ്യങ്ങളായിരുന്നു അതെല്ലാം.

''തല ഒരിടത്തും മൃതദേഹത്തിന്റെ ബാക്കിഭാഗം മറ്റൊരിടത്തുമായിരുന്നു. വയലില്‍ ഉപേക്ഷിച്ച തലയില്‍ ഒരു കണ്ണ് ഉണ്ടായിരുന്നില്ല. കണ്ണ് ആമ കടിച്ചെടുത്തതായിരുന്നു. നടുക്കുന്ന രംഗങ്ങളായിരുന്നു അതെല്ലാം. പക്ഷേ, ഒടുവില്‍ ആ കേസില്‍ പോലീസ് പ്രതിയെ പിടിച്ചു. സ്വന്തം അനന്തരവന്‍ തന്നെയായിരുന്നു അയാളെ കൊലപ്പെടുത്തിയത്. കാണാതായ ഒരു ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഓട്ടോയില്‍വെച്ചായിരുന്നു കൊലപാതകം. തലയറുത്ത് മാറ്റിയശേഷം മൃതദേഹം ഉപേക്ഷിച്ച പ്രതി, ഓട്ടോ കഴുകി വൃത്തിയാക്കിയിരുന്നെങ്കിലും ഫൊറന്‍സിക് പരിശോധനയില്‍ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തി, അയാള്‍ പിടിയിലുമായി. അന്നത്തെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിന് ശേഷം എനിക്ക് രണ്ടുമൂന്ന് ദിവസത്തേക്ക് പ്രശ്‌നങ്ങളുണ്ടായി. ശരിക്കും ഉറങ്ങാന്‍പോലും പറ്റിയില്ല. എന്നാല്‍, പിന്നീടങ്ങോട്ട് നിരവധി കേസുകളുടെ ഭാഗമായി. കൈവെട്ടിയതും തലവെട്ടിമാറ്റിയതും ആത്മഹത്യയും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍. അതിലൊന്നും ഒരുപ്രശ്‌നവും തോന്നിയില്ല''. 

കോട്ടയത്തും ആലപ്പുഴയിലും കോളിളക്കം സൃഷ്ടിച്ച കേസുകള്‍...

മലപ്പുറത്തിന് പിന്നാലെ പത്തനംതിട്ടയിലും കോട്ടയത്തും ആലപ്പുഴയിലും രാമചന്ദ്രന്‍ ഫൊറന്‍സിക് ഫോട്ടോഗ്രാഫറായി ജോലിചെയ്തിരുന്നു. കോട്ടയത്ത് ജോലിചെയ്യുന്നതിനിടെ ഒരു വിഷുദിനത്തില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാമചന്ദ്രനെ തേടി പോലീസ് ഉദ്യോഗസ്ഥരുടെ വിളിയെത്തിയത്. ദമ്പതിമാരെ വെട്ടിക്കൊന്ന സംഭവമായിരുന്നു അത്. ഇതരസംസ്ഥാന തൊഴിലാളികളാണ് അന്ന് ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തി വീട്ടില്‍ കവര്‍ച്ച നടത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച കോട്ടയത്തെ പ്രവീണ്‍ വധക്കേസിലും ആലപ്പുഴ വെണ്മണി ഇരട്ടക്കൊലക്കേസിലും ഹരിപ്പാട് സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും രാമചന്ദ്രന്റെ ക്യാമറകള്‍ നടുക്കുന്നരംഗങ്ങള്‍ ഒപ്പിയെടുത്തു. കോടതിയിലെ വിചാരണയില്‍ ആ ചിത്രങ്ങളെല്ലാം വിലയേറിയ തെളിവുകളായും മാറി. 

ഡിവൈ.എസ്.പി.യായിരുന്ന ഷാജി തന്റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പ്രവീണ്‍ എന്ന ബസ് ജീവനക്കാരനെ കൊലപ്പെടുത്തിയത്. 2005 ഫെബ്രുവരിയിലായിരുന്നു സംഭവം. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടന്ന കൊലപാതകം അന്ന് ഏറെ ചര്‍ച്ചയായിരുന്നു. പ്രവീണിനെ വെട്ടിക്കൊന്ന് മൃതദേഹം പലയിടത്തായാണ് പ്രതികള്‍ ഉപേക്ഷിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് 360-ഓളം ചിത്രങ്ങളാണ് രാമചന്ദ്രന്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഈ ചിത്രങ്ങള്‍ കണ്ട് അന്നത്തെ കോട്ടയം എസ്.പി. അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. പ്രതികളെ ശിക്ഷിക്കാന്‍ ഈ ചിത്രങ്ങള്‍ തന്നെ ധാരാളമാണെന്നായിരുന്നു എസ്.പി.യുടെ വാക്കുകള്‍.

''ഓരോയിടത്ത് പോയാണ് അത്രയും ചിത്രങ്ങളെടുത്തത്. ഒരുസ്ഥലത്ത് ഒരു മൃതദേഹവാശിഷ്ടം കിട്ടിയെന്ന വിവരം കിട്ടിയാല്‍ വേഗം അവിടെ എത്തി ചിത്രം പകര്‍ത്തും. അതിനിടെയായിരുന്നു മറ്റൊരിടത്ത് വേറെയൊരു മൃതദേഹാവശിഷ്ടം കണ്ടെത്തിയന്ന വിളി വരുന്നത്. ഉടനെ അങ്ങോട്ടുപോകും. ഒരാഴ്ചയോളം ആ കേസിന്റെ ഭാഗമായി വിവിധ ചിത്രങ്ങളെടുത്തു. രാവിലെ ആറുമണിക്ക് വീട്ടില്‍നിന്നിറങ്ങിയാല്‍ രാത്രി വൈകിയാണ് ആ ദിവസങ്ങളിലൊക്കെ വീട്ടില്‍വന്നിരുന്നത്'', രാമചന്ദ്രന്‍ ഓര്‍ത്തെടുത്തു. 

ഓരോ ചിത്രങ്ങളും നിര്‍ണായകം

അവധിദിവസങ്ങളില്‍ പോലും എവിടെയെങ്കിലും കൊലപാതകമോ മറ്റെന്തെങ്കിലും കുറ്റകൃത്യമോ അരങ്ങേറിയാല്‍ ഫൊറന്‍സിക് ഫോട്ടോഗ്രാഫര്‍ അവിടെ എത്തണം. ഒരു ജില്ലയില്‍ ഒരു ഫോട്ടോഗ്രാഫറാണുള്ളത്. ഇവരെ സഹായിക്കാനായി പോലീസുകാരില്‍നിന്ന് മറ്റുചിലരെ നിയമിക്കുമെങ്കിലും കൊലപാതകം പോലെയുള്ള സംഭവങ്ങളുണ്ടായാല്‍ ഫൊറന്‍സിക് ഫോട്ടോഗ്രാഫര്‍ തന്നെ സ്ഥലത്ത് പോകേണ്ടിവരും. അതിനാല്‍ ഓരോ കേസിലും ഫോട്ടോഗ്രാഫര്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഏറെ നിര്‍ണായകമാണ്. 

placeholder
''ഒരു ക്രൈംസീനില്‍ ആദ്യം കയറേണ്ടത് ഫോട്ടോഗ്രാഫറാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ വരെ കയറാന്‍ പാടില്ല. ആ സീന്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തിയശേഷം മാത്രമേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അവിടെ കയറാനാകൂ. ഭിത്തിയില്‍ ചോര തെറിച്ചതും അതിന്റെ അടയാളങ്ങളും വരെ കേസില്‍ നിര്‍ണായക തെളിവുകളാകാം. ആ ചോരപ്പാടുകള്‍ കണ്ടാല്‍തന്നെ എങ്ങനെ കൊലപാതകം നടന്നുവെന്ന് ഏകദേശം കണ്ടെത്താം. മൃതദേഹം വലിച്ചിഴച്ച സംഭവങ്ങളിലും ചിത്രങ്ങള്‍ നിര്‍ണായകമാണ്. 

ഒരു മൃതദേഹത്തിന്റെ ഓരോ ഭാഗങ്ങളും പ്രത്യേകം പകര്‍ത്തണം. മുറിവുകളും അടയാളങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളെടുക്കണം. സാധാരണ മൃതദേഹം കാണുന്ന ഫോട്ടോയ്ക്ക് പുറമേ മുറിവിന്റെ ആഴവും നീളവുമെല്ലാം വ്യക്തമാകുന്ന ചിത്രങ്ങളും പകര്‍ത്തണം. തലമുടിയുടെ വളര്‍ച്ച, മുറിവുകളുടെ ആഴം, അവിടം ഉമിനീരോ മറ്റുസ്രവങ്ങളോ ഉണ്ടെങ്കില്‍ അത്, തീകൊളുത്തിയുള്ള മരണമാണെങ്കില്‍ അതിന് ഉപയോഗിച്ച തീപ്പെട്ടിക്കൊള്ളി വരെ ചിത്രങ്ങളിലുണ്ടാകണം. ശരീരത്തില്‍ കാണുന്ന എഴുത്തുകളും പച്ചകുത്തിയത് പോലെയുള്ള അടയാളങ്ങളും ശ്രദ്ധിക്കണം. ചില പെണ്‍കുട്ടികള്‍ കൈവെള്ളയില്‍ ചില പേരെഴുതി വെയ്ക്കുന്നത് കാണാറുണ്ട്. ഒരുപെണ്‍കുട്ടി മൈലാഞ്ചി കൊണ്ട് ഒരു പേരെഴുതിയ സംഭവവും ഉണ്ടായിരുന്നു. ചില ക്രിമിനലുകളുടെ ശരീരത്തില്‍ ചില അടയാളങ്ങള്‍ കാണാം. അതെല്ലാം അവരെ തിരിച്ചറിയാനോ അല്ലെങ്കില്‍ കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം കിട്ടാനോ സഹായിക്കും.  പോലീസ് ഫോട്ടോഗ്രാഫറായി ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ പരിശീലനമുണ്ടാകും. മോര്‍ച്ചറിയില്‍നിന്ന് ചിത്രങ്ങള്‍ എടുക്കുന്നതും ക്രൈംസീനിലെ ചിത്രം പകര്‍ത്തുന്നതുമെല്ലാം പരിശീലനകാലയളവില്‍ കാണിച്ചുതരും.''

ആലപ്പുഴയിലെ ഫൂട്ട്പ്രിന്റ്, മുളകുപൊടി വിതറി കവര്‍ച്ചാനാടകം...

വിരലടയാളം പോലെ പ്രതിയുടെ കാല്‍പ്പാടുകളും ഒരു ക്രൈംസീനില്‍നിന്ന് ലഭിക്കുന്ന വലിയ തെളിവാണെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. ആലപ്പുഴയില്‍ ഒരു കൊലക്കേസില്‍ ഇത്തരത്തില്‍ 'ഫൂട്ട്പ്രിന്റ്' കണ്ടെത്തിയാണ് കേസ് തെളിയിച്ചത്. കേരളത്തില്‍ ഫൂട്ട്പ്രിന്റ് നിര്‍ണായക തെളിവായി മാറിയ ആദ്യ കേസുകളിലൊന്നായിരുന്നു അത്. ആ കേസില്‍ കാല്‍പ്പാടിന്റെ ഫോട്ടോകളും ഏറെ നിര്‍ണായകമായിരുന്നു. ഇത്തരം ചിത്രങ്ങള്‍ ഏറെ ശ്രദ്ധിച്ച് പകര്‍ത്തേണ്ടതാണെന്നും രാമചന്ദ്രന്‍ പറയുന്നു. 

ജോലിയുടെ ഭാഗമായി മനസ്സുമടുപ്പിക്കുന്ന പല രംഗങ്ങളും കാണേണ്ടിവന്നിട്ടുണ്ടെങ്കിലും രസകരമായ ചില സംഭവങ്ങള്‍ക്കും രാമചന്ദ്രന്‍ സാക്ഷിയായിട്ടുണ്ട്. ഒരിക്കല്‍ ഒരുവീട്ടില്‍ കവര്‍ച്ച നടന്നതായുള്ള വിവരമറിഞ്ഞ് സ്ഥലത്തെത്തി. വീട്ടിലെത്തിയപ്പോള്‍ എല്ലായിടത്തും മുളകുപൊടി വിതറിയ നിലയിലായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ പുറത്തുനിന്ന് ആരും വീട്ടില്‍ പ്രവേശിച്ചിട്ടില്ലെന്ന് വ്യക്തമായി. വീടും പരിസരവുമെല്ലാം കണ്ടശേഷം രാമചന്ദ്രന്‍ വെറുതെ അവിടെയുണ്ടായിരുന്ന വീട്ടമ്മയോട് ഒരു കാര്യം തിരക്കി. ഇത് എത്ര സ്പൂണ്‍ മുളകുപൊടിയുണ്ടാകും ചേച്ചി എന്നായിരുന്നു ആ ചോദ്യം. പെട്ടെന്നുതന്നെ മറുപടിയും വന്നു. 'ഓ ഒരു രണ്ടുമൂന്ന് സ്പൂണ്‍ ഉണ്ടാകും' എന്നായിരുന്നു മറുപടി. വൈകാതെ തന്നെ ആ കേസിന്റെ ചുരുളഴിഞ്ഞു. കാണാതായെന്നു പറഞ്ഞ പണവും സ്വര്‍ണവും അതേവീട്ടുവളപ്പില്‍ തന്നെ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്തു.

തുടക്കം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍...

ജോലിക്ക് കയറുന്നകാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകളായിരുന്നു എല്ലാം. ഡിജിറ്റല്‍ സാങ്കേതികവിദ്യ വരുന്നതിന് മുന്‍പ് ഫിലിംക്യാമറകളായിരുന്നു ഉപയോഗിച്ചിരുന്നത്. അന്നെല്ലാം ജോലിയില്‍ വലിയ ടെന്‍ഷനാണ് അനുഭവിച്ചിരുന്നതെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. 

''അന്ന് ഫിലിം ക്യാമറകളായിരുന്നു. ഇന്നത്തെപ്പോലെ ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്ലല്ലോ. അന്ന് ടെന്‍ഷനും പേടിയും കൂടുതലാണ്. ഫിലിം കഴുകുമ്പോള്‍ മാത്രമാണ് എടുത്ത ഫോട്ടോ ക്ലിയറായി കിട്ടിയോ എന്നറിയുന്നത്. അതുവരെ ടെന്‍ഷനാണ്. ആ ഫോട്ടോ കിട്ടിയില്ലെങ്കില്‍ വളരെ പ്രശ്‌നമാണ്. ചില ക്രൈംസീനുകള്‍ കണ്ടാല്‍ മനസിന് ബുദ്ധിമുട്ടൊക്കെ തോന്നും. കൈയും കാലുമെല്ലാം വെട്ടിനുറുക്കിയിട്ടത് കണ്ടാലൊക്കെ പ്രയാസംതോന്നും. പിന്നെ ഇതൊക്കെ കണ്ട് കണ്ട് ശീലമായി. ചിലപ്പോള്‍ ചിത്രങ്ങളെല്ലാം പകര്‍ത്തി അത് കമ്പ്യൂട്ടറില്‍ പരിശോധിക്കുമ്പോഴാകും പേടി തോന്നുക. ഇതുവരെ ജോലിയില്‍ ഒരു അബദ്ധവും സംഭവിച്ചിട്ടില്ല. എല്ലാ ഫോട്ടോകളും ക്ലിയറായി കിട്ടിയിരുന്നു''. 

placeholder
രാമചന്ദ്രന്റെ പെയിന്റിങ്

കൊലപാതകങ്ങള്‍ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ മാത്രമല്ല, പോലീസുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും കവര്‍ ചെയ്യേണ്ടതും പോലീസ് ഫോട്ടോഗ്രാഫര്‍മാരുടെ ചുമതലയാണ്. അതേസമയം, ഗസറ്റഡ് സ്‌കെയില്‍ ശമ്പളമുണ്ടെങ്കിലും ഇതുവരെ ഫൊറന്‍സിക് ഫോട്ടോഗ്രാഫര്‍ തസ്തികയ്ക്ക് ഗസറ്റഡ് പദവി അനുവദിക്കാത്തതിലും രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാനസികപ്രയാസമുണ്ട്. ഒരുജില്ലയില്‍ ഫൊറന്‍സിക് ഫോട്ടോഗ്രാഫര്‍ എന്ന ഒരു തസ്തിക മാത്രമാണുള്ളത്. അത് കഴിഞ്ഞാല്‍ പിന്നെയുള്ളത് ചീഫ് ഫോട്ടോഗ്രാഫര്‍ എന്ന തസ്തികയാണ്. ഇതിനിടയില്‍ മറ്റൊരു സ്ഥാനക്കയറ്റമോ ഗസറ്റഡ് റാങ്കോ ഇല്ലെന്നും രാമചന്ദ്രന്‍ പറയുന്നു.

വിരമിക്കുന്നതിന് ആറുമാസം മുന്‍പ് സംസ്ഥാന പോലീസിന്റെ ചീഫ് ഫോട്ടോഗ്രാഫറായി രാമചന്ദ്രന് തിരുവനന്തപുരത്ത് നിയമനം ലഭിച്ചെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. മുപ്പതോളം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ കരസ്ഥമാക്കിയാണ് 2022 ഡിസംബറില്‍ സീനിയര്‍ ഫൊറന്‍സിക് ഫോട്ടോഗ്രാഫറായി രാമചന്ദ്രന്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. നിലവില്‍ ചേര്‍ത്തല പള്ളിപ്പുറത്ത് സ്റ്റുഡിയോയും കുട്ടികള്‍ക്ക് ചിത്രരചനാ പരിശീലനവും നല്‍കി തിരക്കിലാണ് അദ്ദേഹം. ഇതിനൊപ്പം സാഹിത്യരംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആനുകാലികസംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു കവിത സമാഹാരവും പുറത്തിറക്കുന്നു. വീട്ടമ്മയായ രജനിയാണ് ഭാര്യ. മൈക്രോബയോളജിയില്‍ പി.ജി. പഠനം പൂര്‍ത്തിയാക്കിയ പ്രവീണ ഏകമകള്‍.