ന്യൂജെന്‍ കല്യാണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ വൈറല്‍ വീഡിയോകളും ഫോട്ടോകളുമാണ് മനസ്സിലേയ്ക്ക് ആദ്യം ഓടി എത്തുക. കാഴ്ചയിൽ സിംപിള്‍ ആണെന്ന് തോന്നുമെങ്കിലും വൈറല്‍ ഫോട്ടോകള്‍ക്ക് പിന്നില്‍ വലിയ കഥകളുണ്ട്. വൈറല്‍ ഫോട്ടോകളുടെയും ഫോട്ടോഗ്രാഫി ലോകത്തിന്റെയും കഥകള്‍ മാതൃഭൂമി ഡോട്ട്കോമിനോട് പറയുകയാണ് പ്രമുഖ വെഡ്ഡിങ് ഫോട്ടോഗ്രാഫര്‍ ശ്രീജിത്ത് രാധാകൃഷ്ണന്‍.

To advertise here,

സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്ന വെഡ്ഡിങ് ഫോട്ടോകളും കപ്പിള്‍ റീലുകളും കാണുംമ്പോള്‍ തോന്നും വെഡ്ഡിങ് 
ഫോട്ടോഗ്രാഫി എളുപ്പമാണെന്ന്.  അത്രത്തോളം സിംപിള്‍ ആണോ വെഡ്ഡിങ് ഫോട്ടോഗ്രാഫി ?

സിംപിള്‍ ആണോന്ന് ചോദിച്ചാല്‍ സിംപിള്‍ അല്ല. നല്ല ക്ഷമ വേണ്ട ഒരു ജോലിയാണ് വെഡ്ഡിങ് ഫോട്ടോഗ്രാഫി. ഓരോ ദിവസവും നമ്മള്‍ ഇടപെടേണ്ടത് പുതിയ ആള്‍ക്കാരോടാണ്, അധികം പരിചയമില്ലാത്ത ടെന്‍ഷനുള്ള തിരക്ക് പിടിച്ച് നടക്കുന്ന ആള്‍ക്കാരെയാണ്. മിക്കപ്പോഴും ഇത്രയൊക്കെ മതി, നിര്‍ത്താം, സമയമില്ല എന്നൊക്കെ ക്ലയന്റ്‌സോ വീട്ടുകാരോ ദേഷ്യം പിടിച്ചോ അല്ലാതെയോ പറയുന്നത് കേള്‍ക്കാത്ത ഒരു ഫോട്ടാഗ്രാഫറും ഉണ്ടാകില്ല. അത് കേട്ട് നമുക്ക് ദേഷ്യം വന്നാല്‍ ജോലി നടക്കില്ല. തിരിച്ച് നമ്മള്‍ ദേഷ്യപ്പെട്ടാല്‍ പിന്നീട് രണ്ട് കൂട്ടര്‍ക്കും അത് വല്യ വിഷമമാകും. അന്നത്തെ ദിവസത്തെ അവരുടെ  ടെന്‍ഷനെക്കുറിച്ച് നമ്മള്‍ ഓര്‍ത്താല്‍ മതി. പിന്നീട് ദേഷ്യം പിടിക്കുന്നവര്‍ തന്നെ വന്ന് സോറിയും പറയും. 

കഴിഞ്ഞ ഒരു ഇരുപത് വര്‍ഷത്തിനിടയ്ക്ക് ഒരുപാട് മാറ്റങ്ങളാണ് ഫോട്ടോഗ്രഫി മേഖലയില്‍ വന്നത്. എന്തായിരിക്കും അതിന്റെ കാരണം ?

ഫിലിം ഇട്ട് പ്രവര്‍ത്തിക്കുന്ന ക്യാമറയില്‍ നിന്ന് ഡിജിറ്റലിലേക്ക് ക്യാമറകള്‍ എത്തിയതാണ് ഫോട്ടോഗ്രാഫി മേഖലയില്‍ ഇത്രയും മാറ്റം ഉണ്ടാകാനുള്ള പ്രധാന കാരണം. ലേറ്റസ്റ്റ് മോഡല്‍ ക്യാമറകള്‍ പ്രത്യേകിച്ച് ഫാസ്റ്റ് ഫോക്കസിങ് ക്യാമറകള്‍ വന്നത്  അളന്ന് കുറിച്ച് എടുക്കുന്ന ഫോട്ടോകളില്‍ നിന്ന് ക്യാന്‍ഡിഡ് ഫോട്ടോകളിലേക്ക് നമ്മളെ മാറ്റി. പിന്നെ ക്യാമറകളില്‍ അപ്‌ഡേഷന്‍ വരും തോറും അത് ഫോട്ടോഗ്രാഫി മേഖലയ്ക്ക് ഗുണകരമായി. 

ഇരുപത് വര്‍ഷം മുന്‍പ് കല്യാണ ഫോട്ടോ എടുക്കുന്ന രീതിയില്ലല്ലോ ഇന്ന്

പണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ കപ്പിള്‍ ഫോട്ടോസിനെക്കാള്‍ പ്രധാന്യം ഫാമിലി ഫോട്ടോസിന് കൊടുത്തിരുന്നു എന്ന് എനിക്ക് തോന്നുന്നു. കാരണം ബന്ധുക്കള്‍ ഒക്കെ ഒരുമിച്ച് കൂടുന്നത് വിവാഹങ്ങള്‍ക്ക് ആയിരുന്നല്ലോ. എല്ലാപേരെയും അങ്ങനെ ഒരുമിച്ച് കിട്ടുന്ന ഫോട്ടോസ് ഒക്കെ അന്ന് എല്ലാ കല്യാണ ആല്‍ബത്തിലും മസ്റ്റായിരുന്നു. എന്നാല്‍ ഇന്ന് കൂടുതല്‍ ഫോക്കസ് കൊടുക്കുന്നത് കപ്പിള്‍ ഫോട്ടോസിനാണ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ പറ്റുന്ന ഫോട്ടോസാണ് കൂടുതല്‍ പേരും ആവശ്യപ്പെടുന്നത്. ഫാമിലി ഫോട്ടോസും വീഡിയോസും ഇപ്പോഴും എടുക്കുന്നുണ്ടെങ്കിലും വൈറല്‍ ആകുന്നത് കപ്പിള്‍ ഫോട്ടോസാണ്. 

വെഡ്ഡിങ് ഫോട്ടോ വൈറല്‍ ആകണമെന്ന കണ്‍സെപ്റ്റ് വരുന്നത് എന്ത് കൊണ്ടായിരിക്കും ?

അഭിനയിക്കണം, അടിപൊളി കോസ്റ്റ്യൂമില്‍ ഫോട്ടോഷൂട്ട് ചെയ്യണം, ഫെയിം കിട്ടണം എന്നൊക്കെ  ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും അതിന് കഴിയാറില്ല. എന്നാല്‍ ഇതിനൊക്കെ പറ്റുന്ന അവസരമാണ് വെഡ്ഡിങ് ഫോട്ടോ - വീഡിയോ ഷൂട്ട്. മിക്കവാറും ന്യൂജെന്‍
കപ്പിള്‍ വീഡിയോ- ഫോട്ടോസ് അവരുടെ ആഗ്രഹം പോലെ വൈറല്‍ ആകാറുണ്ട്.

ഫോട്ടോ എടുക്കുന്നതിന് മുന്‍പ് പ്ലാന്‍ ചെയ്യാറുണ്ടോ ?

പ്ലാന്‍ ചെയ്യാറില്ല. കാരണം ഓരോരുത്തര്‍ക്കും ഓരോ രീതി ആവശ്യമായിരിക്കും. ക്ലയന്റ്‌സിനോട് മാക്‌സിമം ഫ്രണ്ട്‌ലിയായി സംസാരിച്ച് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കും. അവരുടെ ബോഡി ലാഗ്വേജ് ഒക്കെ വച്ചാണ് അവര്‍ക്ക് ചേരുന്ന രീതിയില്‍ ഫോട്ടോ എടുക്കുന്നത്. പ്ലാന്‍ ചെയ്താലും അതുപോലെ നടക്കാന്‍ ഉള്ള സാധ്യത കുറവാണ്. അപ്പോള്‍ ഉള്ള സിറ്റുവേഷന്‍ എന്താണോ അങ്ങനെയാണ് ഫോട്ടോ എടുക്കുക.

ഉദാഹരണത്തിന് കപ്പിള്‍സിന്റെ ഷാഡോ കിസ്സ് ചെയ്യുന്ന രീതിയില്‍ ഒരു ഫോട്ടോ വൈറല്‍ ആയിരുന്നു. അത് പ്ലാന്‍ഡ് അല്ല. മഴയും മഴക്കാറും കൊണ്ട് ഷെയ്ഡ് കുറഞ്ഞ് വന്നപ്പോള്‍ തോന്നിയ ഐഡിയയായിരുന്നു ആ ഫോട്ടോയ്ക്ക് പിന്നില്‍. 

ക്യാന്‍ഡിഡ് ഫോട്ടോകള്‍ ആണല്ലോ ഇപ്പോള്‍ ട്രെന്‍ഡിങ്. എല്ലാ ഫോട്ടോസും ക്യാന്‍ഡിഡ് ആണോ ?

ക്യാന്‍ഡിഡ് ഫോട്ടോസായി നമ്മള്‍ കാണുന്ന പലതും ക്യാന്‍ഡിഡ് അല്ല. പക്ഷേ അതിന് ഒരുപാട് സമയമെടുക്കും. സെമി ക്യാന്‍ഡിഡ്  ആയിട്ടാകും മിക്ക ഫോട്ടോസും എടുക്കുക. ക്യാന്‍ഡിഡ് ആണേലും സെമി ക്യാന്‍ഡിഡ് ആണേലും അതിന് എടുക്കുന്ന എഫേര്‍ട്ട് ഒരുപാടാണ്.

ഒരിടയ്ക്ക് സേവ് ദി ഡേറ്റിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ആണ് വന്നത്. സേവ് ദ് ഡേറ്റിന്റെ ആവശ്യമുണ്ടോ,
  എന്താണ് ഇതിനെക്കുറിച്ച് പറയാന്‍ ഉള്ളത് ?

അറേഞ്ച്ഡ് മാര്യേജില്‍ വധുവിനും വരനും പരസ്പരം മനസ്സിലാക്കാനും അടുത്തറിയാനുമുള്ള ഒരു അവസരമാണ് സേവ് ദി ഡേറ്റ് വഴി ഉണ്ടാകുന്നത്. ഫോണില്‍ സംസാരിക്കുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് മിക്കപ്പോഴും അത് അവരുടെ ആദ്യത്തെ ഔട്ടിങ് ആയിരിക്കും. മുതിര്‍ന്നവര്‍ സേവ് ദി ഡേറ്റ് ഷൂട്ടിന് അധികം കൂടെ വരാറില്ല അത്കൊണ്ട് തന്നെ ഓപ്പണായി സംസാരിക്കാനൊക്കെ പറ്റും. മുഴുവനും പറ്റിയില്ലെങ്കിലും പങ്കാളിയെക്കുറിച്ചുള്ള ഏകദേശം ധാരണ അവര്‍ക്ക് കിട്ടും. അതുകൊണ്ട് തന്നെ സേവ് ദി ഡേറ്റ് എന്റെ അഭിപ്രായത്തില്‍ നല്ലതാണ്.

ഇന്റിമേറ്റ് ആയിട്ടുള്ള സീനുകളുള്ള സേവ് ദി ഡേറ്റ് എന്ന ഐഡിയ കപ്പിള്‍സിനോട് പറയാറുണ്ടോ ?

ഒരിക്കലും ഞാന്‍ അത് സജസ്റ്റ് ചെയ്യാറില്ല. സാധാരണ സേവ് ദി ഡേറ്റ് എടുക്കുമ്പോള്‍ അത് എല്ലാ പ്രായത്തിലുമുള്ളവര്‍ കാണും എന്ന ധാരണ എനിക്ക് ഉണ്ടാവും. അതിനനുസരിച്ചേ സീനുകള്‍ പ്ലാന്‍ ചെയ്യാറുള്ളു. ഞങ്ങള്‍ക്ക് ഇത് വേണം എന്ന് കപ്പിള്‍സ് പറയുമ്പോള്‍ മാത്രമാണ് ഇന്റിമേറ്റ് സീനുകള്‍ ഉള്‍പ്പെടുത്തുക. അതില്‍ നിന്ന് ഉണ്ടാകുന്നത് നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും അവര്‍ക്ക് പ്രശ്‌നമല്ല.

എന്ത് പ്രശ്‌നങ്ങളും നേരിടാന്‍ അവര്‍ തയ്യാറായിരിക്കും. ഫോട്ടോഗ്രാഫറിന്റെ ഐഡിയയല്ല ഇന്റിമേറ്റ് സീനുള്ള സേവ് ദി ഡേറ്റ്, ആവശ്യപ്പെടുന്നത് ചെയ്യുന്നുവെന്നേയുള്ളു. ഞാന്‍ മുന്‍പ് പറഞ്ഞ പോലെ സേവ് ദി ഡേറ്റ് കപ്പിള്‍സിന്റെ ഇന്റിമസി കൂട്ടാന്‍ നല്ലതാണ്.

വേറെ എന്തൊക്കെ ഡിമാന്‍ഡാണ് കപ്പിള്‍സ് മുന്നോട്ടു വെക്കാറുള്ളത് ?

സോഷ്യല്‍ മീഡിയയില്‍ ഇടുന്ന റീലുകളോ, ഫോട്ടോകളോ ഒക്കെ കണ്ടിട്ടാകും മിക്കവരും നമ്മളെ അപ്പ്രോച്ച് ചെയ്യുന്നത്. അവരുടെ പ്രധാന ആവശ്യം ക്രിയേറ്റീവ് ഫ്രെയിം വേണമെന്നാണ്. ഞങ്ങളെക്കൊണ്ട് സാധിക്കുന്നത് പോലെ അത് ചെയ്ത് കൊടുക്കാറുമുണ്ട്. പിന്നെ ലൊക്കേഷന്‍സ് കപ്പിള്‍സ് പലപ്പോഴും സജസ്റ്റ് ചെയ്യാറുണ്ട്. എല്ലാവരുടെയും പ്രധാന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുന്ന തരത്തിലുള്ള ഫോട്ടോയും വീഡിയോയും ആണ്.

സേവ് ദി ഡേറ്റ് പോലെ ട്രെന്‍ഡിങ് ആകാന്‍ സാധ്യതയുള്ള എന്തെങ്കിലും പുതിയ ഐഡിയ പ്ലാന്‍ ചെയ്യുന്നുണ്ടോ ?

 കല്യാണം കഴിഞ്ഞ് 25 വര്‍ഷമായ അധ്യാപക ദമ്പതിമാരുടെ ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇന്ന് കുട്ടികള്‍ സേവ് ദി ഡേറ്റ്, ബ്രൈഡല്‍ ഷവര്‍, ബാച്ചിലര്‍ പാര്‍ട്ടി എന്നൊക്കെ പറഞ്ഞ് ഫോട്ടോ ഷൂട്ട് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ഇതുപോലെ ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എന്ന് പറയുന്ന പാരന്റ്സ് ഒരുപാട് പേരുണ്ട്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ച് ഇരിക്കുമ്പോളാണ് അവരുടെ മകള്‍ എന്നെ കോണ്‍ടാക്റ്റ് ചെയ്യുന്നത്. ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു അന്ന്. ഞാനും അവരും ഒരുപാട് ഹാപ്പിയായിരുന്നു ആ ഫോട്ടോഷൂട്ട് ചെയ്യുമ്പോള്‍. അവര്‍ ഒരുപാട് എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു. ഇത് ഒരു ട്രെന്‍ഡാകാന്‍ സാധ്യതയുണ്ട്.

വെഡ്ഡിങ് ഫോട്ടോഗ്രാഫറോടുള്ള സമൂഹത്തിന്റെ ആറ്റിറ്റ്യൂഡ്  മാറാന്‍ 'ഹൃദയം' സിനിമ കാരണമായിട്ടുണ്ടോ ?

ഹൃദയം സിനിമയ്ക്ക് ശേഷം ഒരുപാട് പേര്‍ എന്നോടു ചോദിച്ചത് നിങ്ങള്‍ ഇത്രയൊക്കെ കാശ് ഉണ്ടാക്കുന്നുണ്ടോ എന്നാണ്. നമ്മുടെ നാട്ടില്‍ മാത്രം കാണുന്ന ഒരു പ്രത്യേകതയാണ് കാശ് വച്ച് മനുഷ്യനെ വിലയിരുത്തുന്നത്. സ്ഥിരമായി ജോലിയില്ല, വരുമാനമില്ല അത് കൊണ്ട് തന്നെ ഫോട്ടോഗ്രാഫേസിന് പെണ്ണ് കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോഴാണ് അതിനൊക്കെ മാറ്റം വന്നത്. ചെയ്യുന്ന വര്‍ക്ക് നമ്മുടെ ക്ലയന്റ്‌സിന് 
ഇഷ്ടപ്പെട്ടാല്‍ കല്യാണത്തിന് മാത്രമല്ല മറ്റെല്ലാ വര്‍ക്കിനും നമ്മളെ തന്നെ വിളിക്കും. അതുകൊണ്ട് തന്നെ സ്ഥിരമായി വരുമാനം ഉണ്ടാകാറുണ്ട്. സോഷ്യല്‍ മീഡിയ ഒരുപാട് ഫോട്ടോഗ്രാഫേസിനെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പണ്ടൊക്കെ ഒരു കല്യാണത്തിന്റെ വര്‍ക്ക് എടുത്താല്‍ അത് ആ വീട്ടുകാരിലും ബന്ധുക്കളിലുമാത്രമായി ഒതുങ്ങി നിന്നിരുന്നു. ഞാന്‍ ഇങ്ങനെ വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് സമൂഹത്തെ അറിയിക്കാന്‍ ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. എസ്റ്റാബ്ലിഷ് ചെയ്യാനും എന്റെ വര്‍ക്കുകള്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ എത്തിക്കാനും സോഷ്യല്‍ മീഡിയ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഹൃദയം ഇറങ്ങിയ സമയത്ത് സ്റ്റാര്‍ പരിവേഷമായിരുന്നെങ്കില്‍ മഹേഷിന്റെ പ്രതികാരത്തിലെ ചിന്‍ അപ്പ്, ചിന്‍ ഡൗണ്‍ ഒക്കെ പറഞ്ഞ് ഇപ്പോഴും ആള്‍ക്കാര്‍ കളിയാക്കാറുണ്ട്.

എന്റെ അമ്മയായിരുന്നു എനിക്ക് കട്ട സപ്പോര്‍ട്ട്

ഇപ്പോഴുള്ളതിന്റെ പത്തിലൊന്ന് സാധ്യതപോലും ഫോട്ടോഗ്രാഫേസിന് ഇല്ലാതിരുന്നപ്പോളാണ് ഞാന്‍ ഈ മേഖലയിലേക്ക് വരുന്നത്. ഒരു കൊച്ചു കുടുംബമാണ് ഞങ്ങളുടേത്. അച്ഛന്‍ ഞാനും അനുജത്തിയും കുഞ്ഞായിരിക്കുമ്പോള്‍ മരിച്ചുപോയി. കുടുംബം എന്റെ ഉത്തരവാദിത്വം ആയിരുന്നു. ഫോട്ടോഗ്രാഫി ആണ് എനിക്കിഷ്ടം എന്ന്  വീട്ടില്‍ പറഞ്ഞപ്പോള്‍ അമ്മ എനിക്കൊപ്പം നിന്നു. അങ്ങനെ വന്നപ്പോള്‍ ഞാന്‍ തിരഞ്ഞെടുത്ത മേഖലയില്‍ വിജയിച്ചു കാണിച്ചുകൊടുക്കേണ്ടത് എന്റെ ആവശ്യമായിരുന്നു. പന്ത്രണ്ട് വര്‍ഷമായി വെഡ്ഡിങ് ഫോട്ടോഗ്രാഫി തുടങ്ങിയിട്ട് ഇതുവരെ മാറി ചിന്തിക്കേണ്ടി വന്നിട്ടില്ല.

ആദ്യത്തെ വര്‍ക്ക് മറക്കാന്‍ സാധിക്കില്ല

ഗുരുവായൂര്‍ വച്ചായിരുന്നു എന്റെ ആദ്യത്തെ വെഡ്ഡിങ് ഫോട്ടോഷൂട്ട്. റിസ്‌ക് എന്നു വച്ചാല്‍ എകസ്പീരിയന്‍സുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പോലും ഗുരുവായൂര്‍ കല്യാണം റിസ്‌ക്കാണ്. സമയത്ത് നമ്മള്‍ അവിടെ എത്തണം, താലികെട്ടുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കൃത്യമായി കിട്ടണം.കണ്ണ് ചിമ്മുന്ന സമയം കൊണ്ട ചിലപ്പോള്‍ ചെക്കനെയും പെണ്ണിനെയും നമ്മുക്ക് മിസ്സാകാം. റീടേക്ക് എന്നൊരു വിദൂര സാധ്യതപോലുമില്ല. ഇന്ന് കിട്ടുന്ന അത്ര സൗകര്യം പോലും അന്നില്ല. ഒരു ബെഞ്ചില്‍ കയറി നിന്നാണ് ഫോട്ടോ എടുക്കേണ്ടത്. ദൈവം സഹായിച്ച് എല്ലാം അന്ന് നന്നായി നടന്നു. 

ഒരു ന്യൂജെന്‍ വിവാഹ ഫോട്ടോഗ്രാഫിയുടെ ബജറ്റ്‌ എത്രവരെയാണ് ?

ക്ലയന്റ്‌സിന്റെ ആവശ്യത്തിന് അനുസരിച്ചാണ് ബജറ്റ്‌ വരുക. കൃത്യമായി ഇത്ര എന്ന് ഉറപ്പിച്ച് പറയാന്‍കഴിയില്ല. 35,000 മുതല്‍ 5,00,000 വരെയുള്ള വര്‍ക്ക് ഞാന്‍ ചെയ്തിട്ടുണ്ട്. പിന്നെ ഞാന്‍ പറയുന്ന ബജറ്റ്‌ ആയിരിക്കില്ല മറ്റൊരു ഫോട്ടോഗ്രാഫര്‍ പറയുന്നത്. അതുകൊണ്ട് തന്നെ കൃത്യം തുക പറയാന്‍ കഴിയില്ല.

1000 ത്തോളം കല്യാണത്തിന് ഫോട്ടോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞല്ലോ.... ഏതെങ്കിലും ഫോട്ടോ അയ്യോ ഇത് പോരാ, കുറച്ചും കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?

ഞാന്‍ ആദ്യം ചെയ്ത വര്‍ക്കൊക്കെ കുറച്ചുംകൂടി നല്ലതായി എടുക്കാം, അല്ലെങ്കില്‍ ഇന്ന് ഉള്ള ക്യാമറ അന്ന് കിട്ടിയിരുന്നെങ്കില്‍ ആ ഫോട്ടോ കുറച്ചും കൂടി നന്നായേനെ, ആ ഫോട്ടോയ്ക്ക് ലൈറ്റ് കുറച്ചൂടെ കൂട്ടാമായിരുന്നു കുറയ്ക്കാമായിരുന്നു എന്നൊക്കെ തോന്നാറുണ്ട്. ആള്‍വെയ്‌സ് പെര്‍ഫെക്ട്റ്റ് എന്നൊരു ഫീല്‍ വന്നാല്‍ നമ്മള്‍ പുതിയതായി ഒന്നും പഠിക്കുന്നില്ലന്നെന്നാണ് ഞാന്‍ കരുതുന്നത്. പിന്നെ ആല്‍ബം കിട്ടി കഴിയുമ്പോള്‍ ക്ലയന്റ്‌സ് മിക്കപ്പോഴും പറയാറുണ്ട അന്ന് ധൃതി വയ്ക്കണ്ടായിരുന്നു,കുറച്ചും കൂടെ ഫോട്ടോസ് എടുക്കാമായിരുന്നു എന്ന്.

മറ്റ് പ്രൊഫഷനുകള്‍ പോലെ തന്നെ ഫോട്ടോഗ്രഫി ഒരു പ്രൊഫഷനായി സ്വീകരിക്കാന്‍ സാധിക്കുമോ ?

സാധിക്കും. വെഡ്ഡിങ്ങിന്‌ മാത്രമല്ലല്ലോ ഫോട്ടോസും ഫോട്ടോഗ്രാഫറിനെയും ആവശ്യം. പ്രായം ഒരു ഘടകമാണെങ്കിലും നമ്മുടേതായ ഒരു ഐഡന്റ്റ്റി ഉണ്ടായാല്‍ പിന്നെ വര്‍ക്കേസിനെ വച്ചായാലും മുന്നോട്ട് പോകാന്‍ സാധിക്കും. പിന്നെ ഞാന്‍ ആദ്യം പറഞ്ഞത് തന്നെ പിന്നെയും പറയുന്നു ക്ഷമ വേണം. ഇന്‍സ്റ്റന്റായ ഗ്രോത്ത് ഒന്നും ഈ ഫീല്‍ഡില്‍ പ്രതീക്ഷിച്ച് വരരുത്. നല്ല ഇന്‍വെസ്റ്റ്‌മെന്റും ആവശ്യമാണ്. എന്നോട് പല കുട്ടികളും ചോദിക്കാറുണ്ട് ചേട്ടാ ക്യാമറ വാങ്ങട്ടെ, വര്‍ക്ക് എടുക്കട്ടെയെന്നൊക്കെ.

മറ്റ് ജോലികള്‍പോലെ ഇഷ്ടമില്ലാതെ ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ഫോട്ടോഗ്രഫി. അതിനോടൊരു പാഷന്‍ വേണം. ഇന്‍കം ജനറേഷന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. നമ്മള്‍ എടുക്കുന്ന ഫോട്ടോ വാങ്ങുന്ന സൈറ്റുകള്‍ ഉണ്ട്. വലിയ വിലയുള്ള ക്യാമറ ഒന്നും വേണമെന്നില്ല നമ്മുടെ കയ്യിലുള്ള മൊബൈല്‍ തന്നെ ഫോട്ടോഗ്രഫിക്ക് ധാരാളമാണ്.

മറ്റ് ജോലികളില്‍ റിട്ടയര്‍മെന്റ് പ്രായം ഉള്ളതുപോലെ ഫോട്ടോഗ്രാഫറിനും റിട്ടയര്‍മെന്റ് ഉണ്ടോ ?

റിട്ടയര്‍മെന്റ് പ്രായം ഇല്ല. പക്ഷേ എനിക്ക് തോന്നുന്നത് ഫോട്ടോഗ്രാഫറിന് പ്രായം കൂടിയാല്‍ കമ്മ്യൂണിക്കേഷന് ബുദ്ധിമുട്ട് ഫീല്‍ ചെയ്യാറുണ്ട്. നമ്മുടെ അച്ഛന്റെയോ അമ്മാവന്റേയോ പ്രായം ഉള്ള ആളാണ് നമുക്ക്‌ നിര്‍ദ്ദേശം തരുന്നതെങ്കില്‍ ക്ലയന്റ്‌സിന് ചമ്മല്‍ ഫീല്‍ ചെയ്യാന്‍ സാധ്യതയുണ്ട്. വര്‍ക്ക് മോശമാകുന്നത് കൊണ്ടല്ല മുതിര്‍ന്ന ഫോട്ടോഗ്രാഫേഴ്‌സ് പിന്‍മാറുന്നത് മറിച്ച് ഈ ഗ്യാപ്പ് വരുന്നത് കൊണ്ടാണ്.

വാളെടുത്തവരൊക്കെ വെളിച്ചപ്പാട് ആണ് എന്ന് പറയുന്നത് പോലെ ഹൈ കോമ്പറ്റീഷന്‍ ആണല്ലോ വെഡ്ഡിങ് ഫോട്ടോഗ്രാഫി ഫീല്‍ഡില്‍. ഇതിനിടയ്ക്ക് യുണീക്ക് ആയി നില്‍ക്കാന്‍ എന്താണ് ചെയ്യുന്നത്?

അപ് ടുഡേറ്റ് ആയി ഇരിക്കുക എന്നതാണ് പ്രധാനം. നമുക്ക് മുകളില്‍ നില്‍ക്കുന്ന ആളിനെക്കാള്‍ നന്നാകണം എന്ന ആഗ്രഹം വേണം. അത് വാശിയാകരുത്. അതിന് വേണ്ടി പ്രയത്‌നിക്കണം.

വേദനിപ്പിക്കുന്നതോ മറക്കാന്‍ പറ്റാത്തതോ ആയ എന്തെങ്കിലും സംഭവം ഉണ്ടോ ?

മറക്കാന്‍ പറ്റാത്ത സംഭവം ഉണ്ടായിട്ടുണ്ട്. കുറച്ചധികം വര്‍ഷം മുന്‍പാണ് എന്റെ കൂട്ടൂകാരന്റെ പെങ്ങളുടെ കല്യാണമാണ്. ആ കുട്ടിയും കൂടിയാണ് കല്യാണ ചെലവൊക്കെ നോക്കുന്നത്. നല്ല തിരക്കായിരുന്നു ഫ്രെയിം വച്ചത് തന്നെ നല്ല ബുദ്ധിമുട്ടിയായിരുന്നു. വളരെ പൊളൈറ്റായി ഞങ്ങള്‍ അവരോട് ചോദിക്കുകയാണ് നീങ്ങിനില്‍ക്കാമോയെന്നൊക്കെ,  അപ്പോ ഒരു പ്രായമുള്ള ചേട്ടന്‍ നീയൊക്കെ ഇത്രയും എടുത്താല്‍ മതീ
ന്നൊക്കെ പറഞ്ഞ് ചൂടാകാന്‍ തുടങ്ങി. കളിയാക്കുന്നത് പോലെ പുള്ളി ദേഷ്യപ്പെടുകയാണ്. അവസാനം ഞാന്‍ ആ പെണ്‍കുട്ടിയോട് ചോദിച്ചു നിര്‍ത്തട്ടേയെന്ന്, അപ്പോള്‍  ആ കുട്ടി പറഞ്ഞു സാരമില്ല ചേട്ടാ എടുത്തോളൂ നിര്‍ത്തണ്ട എന്ന്. അപ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഒരു ഫീല്‍ ഉണ്ട്. പിന്നെ ആ ചേട്ടന്‍ വന്നില്ല. അകന്ന ഏതോ ബന്ധുവായിരുന്നു കക്ഷി.

തിരക്കും ബഹളവും ടെന്‍ഷനും ഒക്കെയാണെങ്കിലും മറ്റുള്ളവരുടെ മനസ്സ്‌ കൂടി ചിന്തിച്ച് പെരുമാറാന്‍ എന്നെ പഠിപ്പിച്ചത് ഫോട്ടോഗ്രഫിയാണ്. ഒരുപാട് നല്ല സൗഹൃദങ്ങള്‍ നേടി തന്നതും ഫോട്ടോഗ്രാഫി തന്നെ.