ഓരോ വിജയത്തിന് പിന്നിലും പലതും ത്യജിച്ച് പ്രോത്സാഹനവുമായി നടന്ന ഒരാള്‍ ഉണ്ടാകുമെന്നാണ് പറയാറുള്ളത്. കാഞ്ഞങ്ങാട് നടന്ന സംസ്ഥാന ക്രോസ് കണ്‍ട്രി മത്സരത്തില്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച പങ്കെടുത്ത നിധിശ്രീക്ക് ( ചെസ്റ്റ് നമ്പര്‍ 214) അത് അച്ഛനായിരുന്നു. സാധാരണ വര്‍ക്ക് ഷോപ്പ് തൊഴിലാളിയായ അദ്ദേഹം തന്റെ സമ്പാദ്യമത്രയും മാറ്റിവെച്ചത് രണ്ടാമത്തെ മകളുടെ കായിക രംഗത്തെ മികവിനായിരുന്നു.  അധ്വാനിച്ചുണ്ടാക്കുന്ന പണമത്രയും ബസിനും തീവണ്ടിക്കും കൊടുത്താണ് അദ്ദേഹം മകളുടെ ആഗ്രഹത്തിനൊപ്പം കൂടുന്നത്.

To advertise here,

അന്ന് കാഞ്ഞങ്ങാട്  എത്തിയ  അദ്ദേഹം മകള്‍  ഓടിവരുന്നതും കാത്ത് ഫിനിഷിംഗ് പോയന്റിന് നൂറ് മീറ്റര്‍ അകലെ അജാനൂര്‍ ഇട്ടമ്മലിലെ റോഡരികില്‍ നിന്നു. തന്റെ മകള്‍ രണ്ടാം നിരയിലെ  മൂന്നുപേരില്‍ ഒരാളാണെന്ന്  കണ്ട അദ്ദേഹം ശബ്ദമുണ്ടാക്കിയും ഒപ്പം ഓടിയും പ്രോത്സാഹിപ്പിച്ചു. അവിചാരിതമായുണ്ടായ ആ ആവേശം കൃത്യമായി ക്യാമറയില്‍ പതിഞ്ഞു. അച്ഛന്‍ പകര്‍ന്ന ആവേശം മനസിലും ശരീരത്തിലും ആവാഹിച്ച മകളാവട്ടെ അവസാന നിമിഷം കുതിച്ച് ഒന്നാമതായി ഫിനിഷ് ചെയ്തു.

ആ അപൂര്‍വ രംഗത്തിന് സാക്ഷിയായ ഏക മാധ്യമ ഫോട്ടോഗ്രാഫര്‍ ഞാന്‍ മാത്രമായിരുന്നു. വിജയിയുടെ പേരിനായി അന്വേഷിച്ച് നടക്കുന്നതിനിടെയാണ്  ഞാന്‍ അറിഞ്ഞത് കുതിച്ചുപാഞ്ഞ് ഒന്നാം സ്ഥാനം നേടിയത് മകളും ഓടി പ്രോത്സാഹിപ്പിച്ചത് അച്ഛനും ആണെന്ന്.  

പാലക്കാട് ജില്ലയില്‍ തത്തമംഗലത്തിന് അടുത്തുള്ള ചെറിയ ഗ്രാമത്തില്‍ നിന്നും അസാമില്‍ നടക്കുന്ന ദേശീയ മത്സരത്തിലേക്ക് കുതിച്ചു പായാന്‍ അവള്‍ക്കായി. ഒരു സംസ്ഥാന മത്സരത്തിലെ ആദ്യ സ്വര്‍ണമെഡല്‍ നിധിശ്രീക്ക് ലഭിച്ചത് കാസര്‍കോടിന്റെ മണ്ണിലായിരുന്നു. ക്രോസ് കണ്‍ട്രി മത്സരം എന്താണെന്ന് ചോദിച്ചാല്‍ അറിയാത്ത ഒട്ടേറെ ആളുകളുണ്ട് നമ്മുടെ നാട്ടില്‍. ഈ മത്സരത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാകാന്‍ നല്ല ശാരീരിക ക്ഷമതയും വര്‍ഷങ്ങള്‍ നീണ്ട പരിശീലനവും വേണമെന്നത് ആ ഗ്രാമത്തിലെ നല്ലൊരു പങ്കും അറിയുന്നത്  മാതൃഭൂമിയിലെ   ആ ചിത്രം കണ്ടപ്പോഴാണ്.

എന്നെ സംബന്ധിച്ച് ഞാന്‍ എടുത്ത ചിത്രങ്ങളില്‍ ഒന്നുമാത്രമാണ്. പക്ഷേ നിധിശ്രീയുടെ നാട്ടുകാര്‍ക്ക് അത് വലുതായിരുന്നു എന്ന് ഞാന്‍ അറിഞ്ഞത് അവിടെ നിന്നും എന്റെ ഫോണിലേക്ക് വന്ന വിളികളില്‍ നിന്നാണ്. പാലക്കാട് ഓഫിസില്‍ നിന്നും നമ്പര്‍ എടുത്ത് എന്നെ ഒരുപാട് പേര്‍ വിളിച്ചു.  അച്ഛനും മകള്‍ക്കും നല്‍കിയ സ്വീകരണ ചടങ്ങിലേക്ക് അവര്‍ എന്നെ ക്ഷണിച്ചു.