ജൂലായ് 25-ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ രാമന്‍കുളങ്ങരയിലെവിടെയോ കിണര്‍ കുഴിക്കുന്നതിനിടെ ഒരാള്‍ കിണറ്റില്‍ കുടുങ്ങിയെന്ന് ഓഫീസിലേക്ക് ഫോണ്‍ വരുന്നു. എവിടെയെന്ന് വ്യക്തമായി പറഞ്ഞില്ല. ഫയര്‍ ഫോഴ്‌സില്‍ വിളിച്ചപ്പോൾ പോയവർക്കേ സ്ഥലമറിയൂ എന്നറിയിച്ചു. അപ്പോഴേയ്ക്കും ഫയര്‍ എഞ്ചിന്റെ ശബ്ദം കേട്ടു. ഒട്ടും സമയം കളയാതെ ബൈക്കില്‍ പിന്നാലെയിറങ്ങി. അപ്പാര്‍ട്‌മെന്റിന് മുന്നിലെത്തി. റോഡിനോട് ചേർന്ന് കിണറില്‍ തൊടിയിറക്കുന്നതിനിടെ മണ്ണും മതിലും ഇടിഞ്ഞു തൊഴിലാളി കുടുങ്ങിയതാണ്. തറയ്ക്ക് ബലമില്ലാത്തതിനാലും കൂടുതല്‍ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യതയുള്ളതിനാലും അടുത്തേക്ക് ആരെയും കടത്തി വിട്ടില്ല. 

To advertise here,

അകത്ത് എന്താണ് നടക്കുന്നതെന്നറിയാത്ത സ്ഥിതി.കിണറിനോട് ചേര്‍ന്നുള്ള അപ്പാര്‍മെന്റിന്റെ ബാല്‍ക്കണിയിലേക്ക് കയറിയപ്പോള്‍ താഴെ കിണറിനുള്‍വശം അല്‍പ്പം കാണാമെന്നായി. തല മൂടും വരെയുണ്ടായിരുന്നു മണ്ണ്. കുടുങ്ങിക്കിടന്ന പ്രദീപിന് ശ്വാസം എടുക്കാനാകും വരെ സംഭവസമയത്തുണ്ടായിരുന്ന തൊഴിലാളിക്കൊപ്പം ആദ്യം കിണറ്റിലേക്കിറങ്ങിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും കൈ കൊണ്ട് കോരി മാറ്റുകയായിരുന്നു. മുഖം മറഞ്ഞ മണ്ണ് നീങ്ങിയപ്പോള്‍ പകര്‍ത്തിയ ദൃശ്യം. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രദീപ് കുമാറിനെ രക്ഷപ്പെടുത്തി.