ചെറുപ്പത്തില്‍ കടലാസ് ചുരുട്ടി കുഴല്‍പോലെയാക്കി അതിനുള്ളിലൂടെ നോക്കിയിരുന്ന ഒരു കാസര്‍കോട്ടുകാരന്‍ ഇന്ന് ക്യാമറയുമായി തന്റെ സ്വപ്‌നങ്ങളിലേക്ക് ചവിട്ടിക്കയറിക്കൊണ്ടിരിക്കുകയാണ്. പക്ഷി നിരീക്ഷണവും ബേഡ് ഫോട്ടോഗ്രഫിയുമൊക്കെയാണ് ഐ.ടി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനൂപെന്ന ചെറുപ്പക്കാരന്റെ ഇപ്പോഴത്തെ ഹോബി. ഫോട്ടോഗ്രഫിയെന്ന ആഗ്രഹത്തിലേക്ക് അത്ര എളുപ്പമൊന്നുമായിരുന്നില്ല അനൂപ് എത്തിച്ചേര്‍ന്നത്. ആ കഥ അനൂപ് തന്നെ പറയും.

To advertise here,

കയ്യില്‍ക്കിട്ടിയ ആദ്യ ക്യാമറ, നഷ്ടമായ നെഗറ്റീവുകള്‍

ഫോട്ടോഗ്രഫിയോട് കുട്ടിക്കാലംമുതലേ താത്പര്യമുണ്ടായിരുന്നെന്ന് തന്നെ പറയാം. ചെറുപ്പത്തില്‍ കുട്ടികള്‍ പേപ്പറുകള്‍ ചുരുട്ടി കുഴല്‍പോലെയാക്കി അതിലൂടെ നോക്കുമല്ലോ. ഒമ്പതാംക്ലാസില്‍ പഠിക്കുമ്പോഴാണ് എന്റെ കയ്യില്‍ ഒരു ക്യാമറ ആദ്യമായി കയ്യില്‍ക്കിട്ടുന്നത്. ഒരു ബന്ധു തന്നതായിരുന്നു അത്. സമ്മാനിച്ചത് എന്നതിനേക്കാള്‍ പിറകേ നടന്ന് ചോദിച്ചുവാങ്ങിയതായിരുന്നു. ആ ക്യാമറ കയ്യില്‍ക്കിട്ടിയപ്പോഴാണ് ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം കൂടുന്നത്. അത്രയും ഇഷ്ടമുള്ളതുകൊണ്ടാണ് പിന്നാലെ നടന്ന് ചോദിച്ചുവാങ്ങിയത്. ആ ക്യാമറ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. പാനസോണിക്കിന്റെ നാഷണല്‍ വണ്‍ ടെന്‍ സൈസുള്ള ക്യാമറയാണ്. ഒരു ഇന്‍സ്ട്രുമെന്റ് ബോക്‌സ് പോലിരിക്കും. പണ്ടുണ്ടായിരുന്ന എസ്.എല്‍.ആര്‍ ഫിലിമിനേക്കാളും ചെറിയ തരം ഫിലിമായിരുന്നു അതിലുപയോഗിച്ചിരുന്നത്. സ്‌കൂളിലെ പഠനയാത്രകളും സെന്‍ഡ് ഓഫുമൊക്കെയായിരുന്നു അതില്‍ പകര്‍ത്തിയത്. പക്ഷേ അതിലെടുത്ത ഒരുചിത്രം പോലും വെളിച്ചം കണ്ടിട്ടില്ല. അത് നെഗറ്റീവാക്കി വെച്ചിരുന്നു. എന്‍ലാര്‍ജ് ചെയ്യാന്‍ ആരുടെയോ കയ്യില്‍ക്കൊടുത്തപ്പോളോ മറ്റോ നഷ്ടപ്പെട്ടുപോവുകയായിരുന്നു. ഒരുപാട് തിരഞ്ഞെങ്കിലും കിട്ടിയില്ല.

ഒറ്റയാന്റെ മുന്നിലകപ്പെട്ട ഇപ്പോഴത്തെ പ്രശസ്ത സംവിധായകന്‍

ഇപ്പോള്‍ നഷ്ടപ്പെട്ട നെഗറ്റീവുകളെക്കുറിച്ച് പറഞ്ഞല്ലോ. അതിലെ പല ഫ്രെയിമുകളും കാലങ്ങള്‍ക്കുശേഷവും മനസില്‍ക്കിടന്നു. അത്തരത്തിലുള്ള ചിത്രങ്ങള്‍ വീണ്ടും പകര്‍ത്തണമെന്നുള്ള ആഗ്രഹമാണ് ഫോട്ടോഗ്രഫി ഒരു പാഷനായി മനസില്‍ വളരാന്‍ കാരണം. പക്ഷേ ഞാനിപ്പോഴും ഫോട്ടോഗ്രഫി പഠിച്ചുകൊണ്ടിരിക്കുകയാണ്. കാഞ്ഞങ്ങാട് നെഹ്രു കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവം ഓര്‍മവരുന്നു. കോളേജില്‍ നിന്ന് ഞാനടക്കമുള്ള സംഘം വയനാട് മുത്തങ്ങയിലേക്ക് ട്രിപ്പ് പോയി. ട്രെക്കിങ് ട്രിപ്പായിരുന്നു. മുത്തങ്ങ കണ്ട് പിന്നെ തിരുനെല്ലിക്കാണ് പോയത്. പത്ത് വിദ്യാര്‍ത്ഥികളും രണ്ട് ഫോറസ്റ്റ് ഗാര്‍ഡുമാരും ഞങ്ങളുടെ സുവോളജി സാറും സംഘത്തിലുണ്ടായിരുന്നത്. യാത്ര പുരോഗമിക്കുന്നതിനിടെ ഞങ്ങള്‍ക്കുനേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. ഒറ്റയാനായിരുന്നെന്നാണ് ഫോറസ്റ്റുകാര്‍ പിന്നീട് പറഞ്ഞത്. ഞങ്ങള്‍ക്കുനേരെ ആന വളരെ വേഗത്തില്‍ വരികയാണ്. എല്ലാവരും ഓരോ വശത്തേക്ക് ചിതറിയോടി. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു സഹപാഠിമാത്രം ആനയുടെ തൊട്ടുമുന്നിലായിപ്പോയി. ആനയുടെ തൊട്ടുമുന്നിലായി ഓടിയിരുന്ന, തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആ വിദ്യാര്‍ത്ഥിയെ ഇപ്പോള്‍ എല്ലാവരും അറിയും. ഇപ്പോഴത്തെ പ്രശസ്ത സംവിധായകന്‍ വൈശാഖ് ആയിരുന്നു അത്. വൈശാഖ് ആനയുടെ മുമ്പില്‍പ്പെടാന്‍ ഒരു കാരണമുണ്ടായിരുന്നു. പുള്ളിയുടെ കയ്യില്‍ അന്നൊരു ക്യാമറയുണ്ടായിരുന്നു. അതിലൂടെ നോക്കിയാല്‍ വസ്തു ദൂരെ നില്‍ക്കുന്നതായേ കാണാന്‍ പറ്റൂ. ആദ്യം സംഭവിച്ചതെന്താണെന്ന് അദ്ദേഹത്തിന് മനസിലായില്ല. എല്ലാവരും ഓടുന്നത് കണ്ടപ്പോളാണ് പുള്ളിയും ഓടിയത്. ആന ഓടുമ്പോള്‍ ശക്തിയായി പൊടിപടലങ്ങള്‍ പറക്കും.  ആ സമയം നല്ല പേടിയായിരുന്നു. ഇതെല്ലാം കഴിഞ്ഞ് തിരിച്ച് നാട്ടിലേക്കെത്തിയപ്പോള്‍ കാട്ടില്‍ നടന്ന സംഭവത്തിന്റെ ഫ്രെയിം വീണ്ടും മനസിലേക്ക് വന്നു. കാരണം ഞങ്ങളെ ഓടിക്കുന്നതിനിടെ ആന കാലിടറി വീണിരുന്നു. അതൊക്കെ വളരെ അപൂര്‍വമായ സന്ദര്‍ഭങ്ങളാണ്. ക്യാമറ, ഫോട്ടോഗ്രഫി എന്നതൊക്കെ കുറച്ച് കാശുചെലവുള്ള കാര്യമായതിനാല്‍ കുറച്ചധികം കാലം ഇതെല്ലാം എന്റെ മനസില്‍ ഉറങ്ങിക്കിടന്നിരുന്നു. എല്ലാക്കാലത്തും ഉറക്കിക്കിടത്താന്‍ പറ്റാത്തതുകൊണ്ട് ആ സ്വപ്നത്തെ ഉണര്‍ത്തുകയായിരുന്നു.

ആദ്യമായി കൈയില്‍ നിന്ന് കാശുമുടക്കി സ്വന്തമാക്കിയ ക്യാമറ

നിക്കോണിന്റെ ക്യാമറയാണ് ആദ്യമായി സ്വന്തമാക്കിയത്. രണ്ടുവര്‍ഷം മുമ്പാണത് വാങ്ങിയത്. ബന്ധു സമ്മാനിച്ച പഴയ മോഡല്‍ ക്യാമറയുടെ കാര്യം പറഞ്ഞിരുന്നല്ലോ. അതിന് ശേഷം വേറൊരു ബേസ് മോഡല്‍ ക്യാമറ ഒരാള്‍ തന്നിരുന്നു. എന്റെ ഈ ഭ്രമം കണ്ടിട്ട് തന്നതാണ്. ഈ രണ്ടാമത്തെ ക്യാമറ അഞ്ചോ ആറോ കൊല്ലം ഉപയോഗിച്ചിരുന്നു. നല്ലൊരു മൊമെന്റ് കിട്ടണമെങ്കില്‍ പക്ഷേ ഇപ്പറഞ്ഞതൊന്നും മതിയാവുമായിരുന്നില്ല. പൂമ്പാറ്റകളെയൊക്കെയായിരുന്നു അതുപയോഗിച്ച് പകര്‍ത്തിയിരുന്നത്. പക്ഷികളെയൊക്കെ നിരീക്ഷിച്ച് തുടങ്ങിയപ്പോഴാണ് നല്ലൊരു ക്യാമറ വാങ്ങാന്‍ ഇനിയും വൈകിച്ചുകൂടാ എന്ന് തോന്നിയത്.

പക്ഷികള്‍ എപ്പോഴും നമ്മുടെ കൈയെത്തും ദൂരത്തുണ്ട്

മനോഹരമായതെന്തും പകര്‍ത്തുക എന്നതാണ് എന്റെ മനസിലുള്ളത്. നമ്മുടെ മനസിലും കാണുന്നവരുടെ മനസിലും കുളിര്‍മയും സന്തോഷവും നല്‍കുന്ന കാര്യം പകര്‍ത്തുക എന്നാണ് എന്റെ മനോഭാവം. പകര്‍ത്തുന്ന ചിത്രത്തില്‍ ഒരു സന്ദേശംകൂടിയുണ്ടെങ്കില്‍ കൂടുതല്‍ സന്തോഷം. പക്ഷികള്‍ നമുക്ക് എപ്പോഴും സന്തോഷം തരുന്നവയാണ്. പക്ഷികളുടെ നിറം, ശബ്ദം, ചലനങ്ങള്‍ എല്ലാം സന്തോഷം പടര്‍ത്തുന്നു. മാത്രമല്ല പക്ഷികള്‍ നമുക്ക് എപ്പോഴും കൈയെത്തും ദൂരത്തുണ്ട്. അവയെത്തേടി ദൂരേക്ക് എങ്ങോട്ടും പോവേണ്ട, നമ്മുടെ വീട്ടുമുറ്റത്തുണ്ടാവും. എല്ലാം പകര്‍ത്തണമെന്നാണ് ആഗ്രഹമെങ്കിലും പക്ഷികളോട് ഇഷ്ടക്കൂടുതലുണ്ട്. നമ്മുടെ വീട്ടുപരിസരത്ത് തന്നെ പത്തോ പതിനഞ്ചോ സ്പീഷീസുകള്‍ എന്തായാലുമുണ്ടാവും. അതുകൊണ്ടാണ് പക്ഷികളിലേക്ക് കൂടുതല്‍ തിരിയാന്‍ കാരണം. യാത്ര ചെയ്യുന്നത് കുറച്ച് പണംമുടക്കേണ്ട കാര്യമാണ്. പിന്നെ നമ്മുടെ ജോലിയും ഫോട്ടോഗ്രഫിയും ഒരുപോലെ കൊണ്ടുപോവണമല്ലോ. വാരാന്ത്യങ്ങളില്‍ ഒഴിവുസമയംനോക്കി ഇറങ്ങിയാല്‍ ചിത്രങ്ങളുമെടുക്കാം നമ്മുടെ ബാക്കി ജോലികളും നടത്താം. എന്നെ സംബന്ധിച്ച് ഫോട്ടോഗ്രഫിയുടെ ഏറ്റവും താഴത്തെ നിലയിലുള്ള പഠനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുകൂടിയാണ് ഇപ്പോള്‍ ഒരുപാട് യാത്രകള്‍ ചെയ്യാത്തത്. കൂടാതെ പക്ഷികളുടെ ചലനങ്ങള്‍ എപ്പോഴും വളരെ വേഗത്തിലായിരിക്കും. അക്കാരണംകൊണ്ടുതന്നെ അവയുടെ ചിത്രങ്ങള്‍ പകര്‍ത്തിപ്പകര്‍ത്തി നമുക്ക് നല്ല കയ്യടക്കം കിട്ടും.

ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും പക്ഷികളെ നിരീക്ഷിക്കും, എന്നിട്ടേ പകര്‍ത്തൂ 

ഒരു പ്രത്യേകസമയത്തുപോയി, പക്ഷിയെ നോക്കി, ക്ലിക്ക് ചെയ്യുന്നതുവരെയുള്ള സമയത്തിന്റെ കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. പക്ഷികളെ പകര്‍ത്തുന്നതില്‍ അങ്ങനെ അധികസമയം ഉപയോഗിക്കേണ്ടിവന്നിട്ടില്ല. ഒരു ചിത്രമെടുക്കുന്നതില്‍ എനിക്കൊരിക്കലും ഒരു മണിക്കൂര്‍ അല്ലെങ്കില്‍ രണ്ടുമണിക്കൂറിനപ്പുറത്തേക്ക് പോയിട്ടില്ല. ഏത് പക്ഷിയെയാണോ പകര്‍ത്താനുദ്ദേശിക്കുന്നത്, മിനിമം ഒരാഴ്ചയെങ്കിലും അവയെ നിരീക്ഷിക്കാറുണ്ട്. അതെപ്പോഴാണ് വരുന്നത്, എവിടെയാണ് വരുന്നത്, വന്നിട്ടെന്താണ് ചെയ്യുന്നത് എന്നെല്ലാം ശ്രദ്ധിക്കും. ഒരാഴ്ചയില്‍ക്കൂടുതല്‍ നിരീക്ഷിച്ച പക്ഷികളൊക്കെയുണ്ട്.

ക്ഷമയാണ് പഠിച്ച കാര്യം

പക്ഷികളെ നിരീക്ഷിച്ചതിലൂടെയും ഫോട്ടോ പകര്‍ത്തിയതും വഴി പഠിച്ച കാര്യമാണ് ക്ഷമ. ഞാന്‍ പൊതുവേ അക്ഷമനായ ഒരാളായിരുന്നു. ജോലിയുടെ കാര്യത്തിലായാലും മറ്റുള്ള കാര്യത്തിലായാലും എല്ലാം പെട്ടെന്ന്ചെയ്തുതീര്‍ക്കണം എന്നതായിരുന്നു എന്റെയൊരു രീതി. എന്തുകാര്യവും പെട്ടെന്ന് തീര്‍ക്കുന്നതാണ് എനിക്ക് സന്തോഷം. അതുനമ്മളെ ഒരുപാട് സഹായിക്കില്ല എന്ന് പിന്നീട് മനസിലായി. കാരണം പല സ്ഥലത്തും നമുക്ക് കാത്തിരിക്കേണ്ടിവരും. പക്ഷികളുടെ പിറകേ നടന്നുകഴിഞ്ഞാല്‍ നമുക്ക് സമയവും കാലവുമൊന്നും പോകുന്നതറിയില്ല. അവരറിയാതെ വേണം നിരീക്ഷിക്കാന്‍. അര മുക്കാല്‍ മണിക്കൂറൊക്കെ ഒരനക്കവുമില്ലാതെ ഇരിക്കേണ്ടിവരും.

ദോഷമില്ല എന്നുവിചാരിച്ച് ചെയ്യുന്ന പല കാര്യങ്ങളും പക്ഷികളെ ബാധിക്കുന്നുണ്ട്

നിരീക്ഷണശക്തി എന്നുപറയുന്നത് നമ്മള്‍ ശ്രദ്ധിക്കാതെ വിട്ടുപോവുന്ന കാര്യങ്ങള്‍, നമ്മുടെ പ്രകൃതിയിലുണ്ടാവുന്ന ചെറുമാറ്റങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നതാണ്. ഒരുദാഹരണം പറയാം. ഞങ്ങളുടെ വീടിനടുത്ത് നിറച്ച് പൂക്കളുണ്ടായിരുന്ന ഒരു ചെമ്പരത്തി വേലിയുണ്ട്. അതില്‍ തേന്‍ കുടിക്കാന്‍ സ്ഥിരമായി തേന്‍കുരുവികള്‍ വരുമായിരുന്നു. എല്ലാദിവസവും ഒരേസമയത്താണ് അവ വരിക. അവയുടെ കൂട് ആ പരിസരത്തെവിടെയോ ഉണ്ടായിരുന്നു. പ്രാതല്‍ ആ വേലിയിലായിരുന്നു എന്നുവേണമെങ്കിലും പറയാം. ഒരിക്കല്‍ ആ വേലിയുടെ ഉടമസ്ഥന്‍ ചെമ്പരത്തിയെല്ലാം വെട്ടിക്കളഞ്ഞു. ആ കുരുവിക്ക് ഭക്ഷണം ലഭിക്കത്തക്ക വിധത്തിലുള്ള പൂക്കളൊന്നും ആ പ്രദേശത്തില്ലായിരുന്നു. മുട്ടയിടുന്ന സമയമായതിനാല്‍ കുറേ ദൂരം പോയി തീറ്റ തേടിക്കൊണ്ടുവരാനൊക്കെ ബുദ്ധിമുട്ടാവും. ഒടുക്കം പാതി നിര്‍മിച്ച കൂടുപേക്ഷിച്ച് ആ പക്ഷി പോവുകയായിരുന്നു. ഞാന്‍ എണാകുളത്തായതുകൊണ്ട് ഒരു കാര്യം കൂടി പറയാം. വേസ്റ്റിടുന്നതിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥലമാണ്. സ്ഥിരമായി പുള്ളിമീന്‍കൊത്തികള്‍ വരുന്ന ഒരിടമുണ്ട് കൊച്ചിയില്‍. പൊടുന്നനേ ഒരുദിവസം മുതല്‍ ആളുകള്‍ അവിടെ മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങി. അതുകഴിക്കാന്‍ കാക്കകള്‍ വരാന്‍ തുടങ്ങി. പുള്ളിമീന്‍കൊത്തി മത്സ്യം പിടിക്കാന്‍ ഉന്നംപിടിച്ച് നില്‍ക്കുമ്പോഴാകും കാക്കകള്‍ വരുന്നത്. ഇവയ്‌ക്കെതിരേ കാക്കകളുടെ ആക്രമണവുമുണ്ടാവും. ആ കിളികള്‍ അവിടെ നിന്ന് മുഴുവനായും പോയി. ഈ വര്‍ഷം അവര്‍ വന്നതേയില്ല. ദോഷമില്ല എന്ന് നമ്മള്‍ വിചാരിക്കുന്ന പല കാര്യങ്ങളും ഇത്തരം പക്ഷികളെ വല്ലാതെ ബാധിക്കുന്നുണ്ട്. ഒരു മരത്തിന്റെ ചില്ല വെട്ടിയാല്‍പ്പോലും അതുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ചെറിയ കാടുണക്കാന്‍ കീടനാശിനികള്‍ തളിക്കാറുണ്ട്. ചെറിയ ആറ്റക്കുരുവികളെ വല്ലാതെ ബാധിക്കുന്ന കാര്യമാണിത്. അവരുടെ ഭക്ഷണവും ആവാസവ്യവസ്ഥയുമാണ് ഈ നശീകരണത്തിലൂടെ ഇല്ലാതാകുന്നത്.

പക്ഷികളേക്കുറിച്ച് പഠിക്കാന്‍ നടത്തിയ സര്‍വേയും യാത്രയും

2022-ല്‍ നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് നടത്തിയ വെറ്റ്‌ലാന്‍ഡ് ബേര്‍ഡ് സര്‍വേയായിരുന്നു അത്. ഫെബ്രുവരി മുതല്‍ മേയ് അവസാനംവരെയാണ് ഇത്തരം സര്‍വേകളൊക്കെ നടക്കാറുള്ളത്. കൊച്ചിന്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലൊക്കെ ഞാന്‍ അംഗമാണ്. അവരും വനംവകുപ്പോ പ്രകൃതിപഠനവുമായി ബന്ധപ്പെട്ടുള്ള സംഘടനകളുമൊക്കെയായി ചേര്‍ന്നാണ് ഇതുപോലുള്ള സര്‍വേകള്‍ നടത്താറ്. എയര്‍പോര്‍ട്ടിന് സമീപം ഏതൊക്കെ തരം പക്ഷികളുണ്ടെന്ന് അടയാളപ്പെടുത്തി. കാരണം വലിയ പക്ഷികള്‍ വിമാനത്തിന് അപകടം സൃഷ്ടിക്കുന്നവയാണല്ലോ. പിന്നെ തമിഴ്‌നാട് വനംവകുപ്പും ബെംഗളൂരു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു എന്‍.ജി.ഓ ഉണ്ട്, അവരുടെ സര്‍വേ യാത്രയില്‍ എന്നെയും കൂട്ടി. വളരെ നല്ല അനുഭവമായിരുന്നു അത്. വനംവകുപ്പിന്റെ ഹൊസൂര്‍ ഡിവിഷനിലെ റാസിമണല്‍ എന്ന വനാന്തര്‍ഭാഗത്തേക്കായിരുന്നു പോയത്. മൂന്നുദിവസമുണ്ടായിരുന്നു. കാവേരി നദിയുടെ തീരത്തായിരുന്നു ക്യാമ്പ്. നെറ്റ്‌വര്‍ക്കോ മറ്റൊരു സൗകര്യവുമില്ല. ഭക്ഷണമാകട്ടെ കയ്യില്‍ക്കരുതിയിരുന്നത് മാത്രം. രാവിലെയും വൈകീട്ടുമായിട്ടാണ് സര്‍വേ നടക്കുക. രാവിലെ ആറുമണിക്ക് പോയിട്ട് പത്ത്, പത്തരയാവുമ്പോള്‍ തിരിച്ചുവരും. വൈകീട്ട് നാലുമണിക്ക് പോയിട്ട് തിരിച്ചുവരും. ദിവസം പത്തിരുപത് കിലോമീറ്റര്‍ നടക്കും. പുറമേ നിന്നുള്ള മറ്റുള്ളവര്‍ക്ക് നിഷിദ്ധമായ വനമേഖലയായിരുന്നു അത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വളരെ നല്ല രീതിയിലാണ് സൗകര്യങ്ങള്‍ ചെയ്തുതന്നത്. 

കേരളത്തിലേതിനേക്കാള്‍ വ്യത്യസ്തമായ കാടുകള്‍

കേരളത്തിലുള്ളതിനേക്കാള്‍ ഒരുപാട് വ്യത്യസ്തമാണ് കര്‍ണാടകയിലെ കാടുകള്‍ക്ക്. അതൊരു വരണ്ട വനമായിരുന്നു സത്യത്തില്‍. കുറേ ഉണങ്ങിയ മരങ്ങള്‍ നില്‍ക്കുന്നുവെന്നല്ലാതെ കാടാണെന്നുപോലും തോന്നില്ലായിരുന്നു. എന്നിരുന്നാലും പക്ഷികളേയും മൃഗങ്ങളേയുമെല്ലാം വലിയ പ്രയാസമില്ലാതെ കാണാമായിരുന്നു. പക്ഷേ നമ്മുടെ ഇവിടെയുള്ളത് മഴക്കാടുകളാണ്. പക്ഷിമൃഗാദികളെ കാണാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. കണ്ടുകൊണ്ട് മാത്രമായിരിക്കില്ല ചിലപ്പോള്‍ കേരളത്തില്‍ സര്‍വേകള്‍ നടക്കാറ്. ശബ്ദം റെക്കോര്‍ഡ് ചെയ്യുകയും മറ്റുമാണ് ഇവിടത്തെ കണക്കെടുപ്പില്‍ നടക്കാറുള്ളത്. അതിലേറ്റവും വേദനിപ്പിക്കുന്നതെന്താണെന്നു ചോദിച്ചാല്‍ കാടിനുള്ളില്‍ കാവേരി നദിയിലൂടെ കൊട്ടക്കണക്കിന് പ്ലാസ്റ്റിക്കുകളാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ബെംഗളൂരു നഗരം തൊട്ട് വരുന്ന നദിയാണ് കാവേരി. മലിനീകരണത്തിന്റെ തോത് അത്രയും വലുതാണെന്നാണ് ഇത് കാണിക്കുന്നത്. പിന്നെ തമിഴ്‌നാടിന്റെ കാര്യം പറയുകയാണെങ്കില്‍ വേറെ പലതരം സ്പീഷീസുകളില്‍പ്പെട്ട പക്ഷികളെ അവിടെ കാണാന്‍ പറ്റും. തമിഴ്‌നാട് യാത്ര ഹൊസൂര്‍ ഡിവിഷനില്‍ ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗത്തായിരുന്നു. അതിന്റെ ഒരു ഭാഗം തമിഴ്‌നാടും മറുഭാഗം കര്‍ണാടകയുമായിരുന്നു. ഒറ്റ ആനയേയും കണ്ടില്ല എന്നതായിരുന്നു ആ യാത്രയുടെ പ്രത്യേകത. ഞങ്ങള്‍ അവിടെയെത്തുന്നതിന് രണ്ടാഴ്ചമുമ്പുവരെ അവിടെ ആനയുണ്ടായിരുന്നു എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. അവര്‍ വഴിമാറി നടക്കുന്ന സമയത്തായിരുന്നു ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെന്നത്.

പുതിയ യാത്രകള്‍

പുതിയ യാത്രകളില്‍ രണ്ടെണ്ണം മനസിലുണ്ട്. മേഘാലയയിലേക്കാണ് ഒരെണ്ണം. സെപ്റ്റംബറിലേക്കായിരിക്കും അതുണ്ടാവുക. നാലഞ്ച് ദിവസമേ ഉണ്ടാവുകയുള്ളൂ. സെപ്റ്റംബറില്‍ത്തന്നെ കെനിയയിലെ മസായ് മാര നാഷണല്‍ പാര്‍ക്കിലേക്കും യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട്.