
കൂട്ടങ്ങൾക്കിടയിൽ എപ്പോഴും ഡിഫറന്റാണ് ഷാനി ഷാക്കി. താരരാജാക്കന്മാരുടെ അടാറ് ലുക്കില്‍ ഷാനി സ്റ്റൈല്‍ നമുക്ക് കാണാം. അത് ചിലപ്പോള്‍ സ്‌റ്റൈലിസ്റ്റായിട്ടാവാം, ചിലപ്പോള്‍ ഫോട്ടോഗ്രാഫറുടെ റോളിലാകും. ഷാനി ഷാക്കി എന്ന സെന്‍സേഷന്‍ അഭിനയവും തിരക്കഥയും കടന്ന് സംവിധാനത്തിലേക്കു ചുവടുവെക്കുകയാണ്. രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്തത പുലർത്താറുള്ള ഷാനിയെ പലർക്കും പല തരത്തിലാണ് പരിചയം. ചിലർക്ക് ഷാനി ഷാക്കി നടനും മോഡലുമാണ്. മറ്റു ചിലർക്കാകട്ടെ സ്റ്റെെലിസ്റ്റും ഇൻഫ്ലുവൻസറും തിരക്കഥാകൃത്തുമാണ്. ഷാനി ഷാക്കി എന്ന ഫോട്ടോഗ്രാഫറുടെ കടുത്ത ആരാധകരാണ് ചിലർ. മമ്മൂട്ടിയും മഞ്ജുവാര്യറും ദുൽഖറും ഉൾപ്പടെ മലയാള സിനിമാതാരങ്ങളുടെ വെെറലായ പല ചിത്രങ്ങൾക്കും പിന്നിലെ ഫോട്ടോഗ്രാഫർ ഷാനി ഷാക്കിയാണെന്ന് അറിയാത്തവർ ചുരുക്കം.
ഫോട്ടോഗ്രാഫറായി തുടങ്ങി മലയാള സിനിമാലോകത്ത് സ്വന്തമായ ഇടം കണ്ടെത്തിയ ഷാനി ഷാക്കി പടവെട്ട്, ലളിതം സുന്ദരം, രാമലീല, കിംഗ് ലയർ, ടൂ കൺട്രീസ്, സ്പാനിഷ് മസാല, മായാമോഹിനി, ബെസ്റ്റ് ആക്റ്റർ, ബിഗ് ബി, ഗോൾ തുടങ്ങി അനവധി ചിത്രങ്ങളിൽ നിശ്ചല ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. നി കൊ ഞാ ചാ, കസിൻസ്, ബി ടെക്ക്, 100 ഡെയ്സ് ഓഫ് ലവ്, അച്ഛാ ദിൻ, പടവെട്ട്, ഉപചാരപൂർവ്വം ഗുണ്ട ജയൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഫോട്ടോഗ്രാഫർ എന്ന് അറിയപ്പെടുന്ന ഷാനി ഷാക്കി ഫോട്ടോഗ്രഫി-സിനിമാവിശേഷങ്ങൾ പങ്കുവെക്കുന്നു.
എനിക്കെല്ലാം ആർട്ട് ആണ്, തുടക്കം ഫോട്ടോഗ്രഫിയിലൂടെ
ഫോട്ടോഗ്രഫിയിലൂടെയാണ് തുടങ്ങിയതെങ്കിലും എനിക്ക് എല്ലാം ആർട്ട് ആണ്. ചെയ്യുന്ന കാര്യം ആസ്വദിക്കണമെങ്കിൽ അത് നന്നായി ചെയ്യണം. സംവിധാനം ആണെങ്കിലും എഴുത്തുകാരൻ ആയിട്ടാണെങ്കിലും സ്റ്റെെലിസ്റ്റ് ആയിട്ടാണെങ്കിലും ഞാൻ ചെയ്യുന്നത് വിഷ്വലെെസേഷനാണ്. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ എല്ലാ മേഖലയിലും എത്താൻ എളുപ്പമായിരുന്നു. ഫോട്ടോഗ്രഫിയിൽ തുടങ്ങി അഭിനയം, സ്റ്റെെലിങ്, സംവിധാനം, ഡിസെെനിങ് എന്നിവയിലേയ്ക്ക് എത്തി. ഒടുവിലായാണ് എഴുത്തിലേക്ക് എത്തപ്പെടുന്നത്.

ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പരമാവധി അധ്വാനം കൊടുക്കണമെന്ന നിർബന്ധം എനിക്കുണ്ട്. ഫോട്ടോഗ്രഫിക്ക് കൊടുക്കുന്ന അതേ പ്രാധാന്യം ഞാൻ സ്റ്റെെലിങ്ങിനും എഴുത്തിനും ഡിസെെനിങ്ങിനും അഭിനയത്തിനുമൊക്കെ കൊടുക്കാറുണ്ട്. ഞാൻ ചെയ്യുന്ന എല്ലാ ആർട്ടിനും ഡീറ്റെയിലിങ്ങും പെർഫെക്ഷനും വേണമെന്ന നിർബന്ധം എനിക്കുണ്ട്. വേറൊരാൾ പറയുന്നതിനെക്കാൾ ആദ്യം ഞാൻ നോക്കുന്നത് ചെയ്യുന്നതിൽ സ്വയം തൃപ്തനാണോയെന്നാണ്.
36 ക്ലിക്കിൽ ചിലപ്പോൾ രണ്ടെണ്ണം കിട്ടും, അതിൽ വേണം കഴിവ് തെളിയിക്കാൻ
ഫാഷനോടായിരിന്നു പണ്ടുമുതലേ എനിക്ക് താത്പര്യം. പഠിക്കാൻ ഞാൻ വളരെ മോശമായിരുന്നു. ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ പഠിത്തം കഴിഞ്ഞ് എന്തെങ്കിലും ജോലി ചെയ്താൽ മതിയെന്നായിരുന്നു മറുപടി. എന്റെ ഉമ്മയാണ് ഫാഷനിലേയ്ക്ക് എന്നെ നയിച്ചത്. കുട്ടിക്കാലത്തെ ട്രെന്റിയായ ഡ്രസ് ആയിരുന്നു എന്നെ ധരിപ്പിച്ചിരുന്നത്. മറ്റുള്ളവരെക്കാൾ വ്യത്യസ്തമായ ഡ്രസ് ഇടുമ്പോൾ സ്പെഷ്യൽ ഫീലായിരുന്നു. പിന്നീട് ഫാഷനിലേയ്ക്ക് കമ്പം വന്നു.

ചെറുപ്പകാലത്ത് ഫിലിം ക്യാമറയിലാണ് ഫോട്ടോ എടുത്തിരുന്നത്. എവിടെയെങ്കിലും ടൂർ പോകുമ്പോൾ രണ്ടുറോൾ ഫിലിം വാങ്ങിക്കും. അതിൽ ഫോട്ടോയെടുക്കാൻ അവസരത്തിനായി എല്ലാവരും കാത്തിരിക്കും. എനിക്ക് ഫ്രെയിം ചെയ്യാനായിരുന്നു താത്പര്യം. ആകെയുള്ള 36 ക്ലിക്കിൽ ഒന്നോ രണ്ടോ ക്ലിക്ക് നമുക്ക് കിട്ടും. അതിൽ വേണം കഴിവ് തെളിയിക്കാൻ. അന്നൊന്നും ഫോട്ടോഗ്രാഫർ ആകണമെന്ന് വിചാരിച്ചിരുന്നില്ല, എങ്ങനെയോ അങ്ങ് സംഭവിച്ചതാണ്. ഡിസെെനർ ആയാൽ ഡിസെെനിങ്ങും ചെയ്യാം ഫോട്ടോഗ്രഫിയും ചെയ്യാം എന്ന ചിന്തയിലാണ് ഫോട്ടോഗ്രാഫർ ആകാൻ തീരുമാനിച്ചത്.
ആ ഫോട്ടോ ആരെടുത്തതാണെന്ന് ചോദിക്കുന്നതിടത്താണ് നമ്മുടെ വിജയം
എന്റെ വർക്കുകൾ ആളുകൾ കണ്ടാൽ അത് ചെയ്തത് ഞാനാണെന്ന് ആളുകൾക്ക് തോന്നരുത്. നമ്മുടെ വർക്ക് കണ്ട് ഒരാൾക്ക് പെട്ടെന്ന് മനസിലായാൽ നമ്മുടേതായ ഒരു സ്റ്റെെൽ ഉണ്ടെന്നാണ് അതിനർഥം. നമ്മൾ സ്വന്തം സ്റ്റെെൽ തന്നെ അനുകരിക്കുന്നതുപോലെയാണത്. ഒരു വർക്ക് കണ്ട് ആരുടേതാണെന്ന് ചോദിച്ചാൽ അതിൽ ഒരു പുതുമയുണ്ടെന്ന് ഞാൻ കരുതുന്നു.

ഐഡന്റിക്ക് വർക്ക് എന്നതിനെക്കാൾ ഇതിനോടാണ് എനിക്ക് ഇഷ്ടം. ചെയ്തത് ആരാണെന്ന് ചോദിക്കുന്നതിടത്താണ് നമ്മുടെ വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പക്ഷേ ഷാനി ഷാക്കി എന്ന ഫോട്ടോഗ്രാഫറെ പലർക്കും അറിയില്ലായിരിക്കും. ഞാനെടുത്ത ഒരുപാട് ചിത്രങ്ങൾ അവർക്കറിയാം, കണ്ടിട്ടുണ്ടാകും. നമ്മുടെ പേരല്ല, വർക്ക് ആണ് ഐഡന്റിറ്റി. നല്ല വർക്ക് ആണെങ്കിൽ നിങ്ങൾക്ക് ആ ഐഡന്റിറ്റി ലഭിക്കും.
ഫാഷൻ വാങ്ങാനാകും, സ്റ്റെെൽ ക്രിയേറ്റ് ചെയ്യണം
ഞാൻ പൊതുവെ ട്രെന്റുകൾക്ക് പിറകേ പോകാറില്ല, സ്വന്തം സ്റ്റെെൽ ആണ് പിന്തുടരാറുള്ളത്. ആളുകൾ ട്രെന്റ് അല്ലെങ്കിൽ ഫാഷന് പിറകേ പോകുന്നു എന്നാണ് എനിക്കെപ്പോഴും തോന്നാറുള്ളത്. നമ്മുടെ ഐഡന്റിറ്റി എന്ന് പറയുന്നത് നമ്മുടെ സ്റ്റെെൽ ആണ്. നിങ്ങൾക്കൊരു സ്റ്റെെൽ വേണം. ഫാഷൻ നമുക്ക് വാങ്ങാൻ സാധിക്കും. പക്ഷേ സ്റ്റെെൽ അങ്ങനെയല്ല. ഫാഷൻ നിങ്ങൾക്ക് ധരിക്കാനാകും, സ്റ്റെെൽ ക്രിയേറ്റ് ചെയ്യണം. ട്രെന്റ് എപ്പോൾ വേണമെങ്കിലും മാറാം. മാർക്കറ്റിൽ അപ്പോൾ ഉള്ള സാധനം വെച്ചാണ് അത് ചെയ്യുന്നത്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളെ സ്റ്റെെൽ ചെയ്യാം.

ഇന്ത്യയിൽ ഒരുപാട് നല്ല ഡിസെെനർമാരുണ്ട്. ഓരോ പാശ്ചാത്യ രാജ്യം നോക്കിയാലും അവർ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിറങ്ങളാണ് തിരഞ്ഞെടുക്കുന്നത്. സമ്മറിൽ വെെബ്രന്റ് കളറും വിന്ററിൽ ന്യൂട്രൽ കളറും അവർ ഉപയോഗിക്കും. ഇന്ത്യയിൽ ഇത്തരത്തിൽ വലുതായി കാലാവസ്ഥ മാറ്റമില്ല. പുറത്തുള്ള ഡിസെെനർമാരെക്കാളും ഒരുപാട് കളർ നമ്മൾ ക്രിയേറ്റ് ചെയ്യുന്നു. കളറിന്റെ പേരിൽ ഇന്ത്യ അറിയപ്പെടുന്നുണ്ട്. ജയ്പൂരിലെത്തുമ്പോൾ നിറങ്ങളെപ്പറ്റിയാണ് വിദേശികൾ സംസാരിക്കാറ്. ഒരുപാട് രസകരമായി ഡിസെെനുകളും പാറ്റേണുകളും ഇന്ത്യൻ ഫാഷനിലുണ്ട്. സാധാരണക്കാർക്ക് അറിയാത്ത നമ്മുടെ ഒരുപാട് ഡിസെെനർമാർ ഇന്റർനാഷണൽ മാർക്കറ്റിൽ നന്നായി ചെയ്യുന്നുണ്ട്. താരങ്ങളൊക്കെ പരിപാടികളിൽ ഇന്ത്യൻ ഡിസെെനർമാരുടെ ഡിസെെനാണ് കൂടുതലും ഉപയോഗിക്കുന്നത്.
പത്ത് പേജ് ഡയലോഗുകൾ വരെ കാണാപാഠം പഠിച്ചു, അഭിനയ മോഹം ഇല്ല
എനിക്ക് അന്നും ഇന്നും അഭിനയ മോഹം ഇല്ല. 'കളക്ടർ' എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി അഭിനയിച്ചത്. എന്നെത്തന്നെ എക്സ്പ്ലോർ ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളായതുകൊണ്ടാണ് ആ ചിത്രം ചെയ്തത്. 'Untill you try, u never know' എന്ന് പറയാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. എനിക്ക് സാധിക്കുമോയെന്ന് നോക്കാൻ വേണ്ടിയാണ് 'കളക്ടറി'ൽ അഭിനയിച്ചത്. ആ സിനിമ ചെയ്തപ്പോൾ എന്റെ സുഹൃത്ത് 'നീ കോ ഞാ ചാ'യിൽ വിളിക്കുന്നത്. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ എന്നോട് ഞാനായി തന്നെ നിന്നാൽ മതിയെന്നും അഭിനയിക്കണ്ടെന്നും പുള്ളി പറഞ്ഞു. അങ്ങനെയാണ് ഞാൻ ആ ചിത്രത്തിലെത്തുന്നത്.

ചെയ്യുന്ന കാര്യത്തിൽ 100 ശതമാനം കൊടുക്കണമെന്നതാണ് എന്റെ പോളിസി. അതിനുവേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട്. പത്ത് പേജ് ഡയലോഗ് ഒക്കെ കാണാതെ പഠിച്ചിട്ടുണ്ട്, പത്താം ക്ലാസിൽ ഇങ്ങനെ പഠിച്ചിട്ടില്ല. കാണാതെ പഠിക്കും, ഷൂട്ട് ക്യാൻസലാവും. അതായിരുന്നു അവസ്ഥ. പഠിച്ച് പഠിച്ച് ഡയലോഗുകൾ ഒക്കെ കാണാപാഠം ആയിട്ടുണ്ട്. ചെയ്യുന്നത് നന്നായി വരിക എന്നത് നമ്മുടെ കെെയിലല്ല, പക്ഷേ ശ്രമിക്കും. അതാണ് ഞാൻ എപ്പോഴും ചെയ്യാറുള്ളത്.
സംവിധാന സംരംഭമായ 'ദി മദർ ഇന്ത്യ', ഇങ്ങനെയാരു സിനിമയെക്കുറിച്ച് ചിന്തിച്ചതിൽ സന്തോഷം
'ദി മദർ ഇന്ത്യ' എന്ന ചിത്രത്തിന്റെ കഥ ഞാൻ എഴുതി വെച്ചിട്ടുണ്ട്. പക്ഷേ ചിത്രത്തിന് എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല. ഞാൻ എന്റെ ഉമ്മയുമായി ഭയങ്കര ക്ലോസ് ആണ്. ഒട്ടുമിക്ക ആളുകളുടേയും ലെെഫിലെ പ്രധാനപ്പെട്ടയാളാണ് അമ്മ. എന്നെപ്പോലെ എല്ലാവർക്കും ഈ ചിത്രം കണക്ട് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നു.

ആദ്യചിത്രമെന്ന രീതിയിൽ വെറുതെ ഒരു പടം ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. 'ദി മദർ ഇന്ത്യ'യിലെ ഒരു രംഗമോ സംഭാഷണമോ ആർക്കെങ്കിലും കണക്ട് ചെയ്യാൻ സാധിച്ചാൽ അതായിരിക്കും ചിത്രത്തിന്റെ വിജയമെന്ന് ഞാൻ കരുതുന്നു. എന്റെ ലെെഫ് അല്ല ഈ ചിത്രം, എല്ലാവരുടേയും ജീവിതമാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് ഞാൻ കണ്ടെത്തിയ കാര്യങ്ങളാണ് 'മദർ ഇന്ത്യ'. ഇങ്ങനെയാരു സിനിമ എഴുതിയതിലും ചിന്തിക്കാനായതിലും സന്തോഷമുണ്ട്. സിനിമയായി ഇറങ്ങിയില്ലെങ്കിൽ നിരാശയില്ല, ഇറങ്ങിയാൽ ഭയങ്കര സന്തോഷം.
മറ്റുള്ളവരുടെ വാക്കുകൾ നമ്മൾ കേൾക്കണം, ഓപ്പണായി ചിന്തിക്കണം
നമ്മൾ എപ്പോഴും ഓപ്പൺ ആയി ചിന്തിക്കാൻ പഠിക്കണം. ഞാൻ ഷൂട്ട് ചെയ്യുന്ന സമയത്ത് കൂടെയുള്ള ഫോട്ടോഗ്രാഫർമാരോട് അഭിപ്രായം ചോദിക്കാറുണ്ട്. ഓരോരുത്തർക്കും വ്യത്യസ്തമായ കാഴ്ചപ്പാടായിരിക്കും ഉണ്ടാവുക. എപ്പോഴും ആ സ്പേസ് ഓപ്പണായി വെക്കുമ്പോൾ വേറെയൊരു ആങ്കിൾ ലഭിക്കും. നമ്മൾ കാണുന്ന ആങ്കിൾ മാത്രമാണ് ശരിയെന്ന് കരുതിയാൽ അതിൽ മാത്രം ഒതുങ്ങിപ്പോകും. വേറൊരു ആങ്കിൾ രസമുണ്ടെന്ന് കൂടെയുള്ളയാൾ പറയുമ്പോൾ അത് പരീക്ഷിച്ച് നോക്കണം.

മുൻപ് ഗൃഹലക്ഷ്മിക്ക് വേണ്ടി മമ്മൂക്കയുടെ ചിത്രം എടുക്കാൻ സമയത്ത് മനസിൽ വേറൊന്നായിരുന്നു. മമ്മൂക്ക എന്തോ പറഞ്ഞ് ഞാൻ വിഷമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം മനസിലാക്കിയപ്പോഴാണ് ലെെറ്റ് ഒന്നും ഇല്ലാതെ ഇട്ടിരിക്കുന്ന ഡ്രെസിൽ എന്തെങ്കിലും എടുക്കാൻ പറ്റുമോയെന്ന് ചോദിച്ചു. അങ്ങനെ റൂമിന്റെ പുറത്തുവെച്ച് എടുത്ത ചിത്രം വെെറലായി. ലെെറ്റ് ഉണ്ടെങ്കിലേ എടുക്കാൻ പറ്റൂവെന്ന് ഞാൻ പറഞ്ഞിരുന്നെങ്കിൽ ആഘോഷിക്കപ്പെട്ട ആ ചിത്രം സംഭവിക്കില്ലായിരുന്നു. ആ ചിത്രം എടുക്കാൻ കാരണം മമ്മൂക്കയാണ്. നല്ല അഭിപ്രായം ആര് പറഞ്ഞാലും സ്വീകരിക്കണം.
അഭിപ്രായങ്ങൾ അങ്ങോട്ട് പറയുന്ന ഒരാൾ കൂടിയാണ് ഞാൻ. മമ്മൂക്കയിൽനിന്ന് പഠിച്ച നല്ലൊരു ക്വാളിറ്റി കൂടിയാകും അത്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നതിലുപരി ഞാൻ എന്ത് ചിന്തിക്കുന്നവെന്നാണ് ഞാൻ നോക്കാറുള്ളത്. നമുക്ക് പറയാനുള്ളത് പറയുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ട്, അതൊന്ന് വേറെയാണ്. പറയുന്ന നിർദ്ദേശം എടുക്കണോ വേണ്ടയോ എന്നുള്ളത് അവരുടെ തീരുമാനമാണ്.
ആദ്യമായി മമ്മൂക്കയുടെ ഫോട്ടോയെടുത്തത് അദ്ദേഹത്തിന്റെ സ്വന്തം ക്യാമറയിൽ
ആദ്യമായി മമ്മൂക്കയുടെ ഫോട്ടോയെടുക്കുന്നത് അദ്ദേഹത്തിന്റെ ക്യാമറ ഉപയോഗിച്ചാണ്. ആ കാലത്ത് ഒരു താരത്തെ കാണാനും ഫോട്ടോയെടുക്കാനും ബുദ്ധിമുട്ടായിരുന്നു. ഒരു സുഹൃത്ത് വഴിയാണ് മമ്മൂക്കയെ കാണാൻ പോയത്. ഫോട്ടോയുടെ സ്കെച്ചും കോൺസെപ്ടും ഒക്കെയായാണ് കാണാൻ പോയത്. എന്തെങ്കിലും വരുമ്പോൾ പറയാമെന്ന് മമ്മൂക്ക പറഞ്ഞു. എന്റെ കെെയിൽ ഐഡിയ ഉണ്ട് പ്രസന്റ് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചപ്പോൾ പുള്ളി ഒന്ന് നോക്കിയിട്ട് വരാൻ പറഞ്ഞു. ഏതാ ക്യാമറ ഉള്ളതെന്ന് ചോദിച്ചു. കെെയിൽ ക്യാമറ ഇല്ലെന്ന് പറഞ്ഞപ്പോൾ 'നീയൊരു കാര്യം ചെയ്യ് എന്റെ ക്യാമറ ഉപയോഗിക്ക്' എന്ന് മമ്മൂക്ക പറഞ്ഞു. ഏത് മാസികയ്ക്ക് വേണ്ടിയാണ് ഷൂട്ട് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അതും ഇല്ലെന്ന് ഞാൻ പറഞ്ഞു. അത് അദ്ദേഹം സംസാരിച്ച് തരപ്പെടുത്താമെന്ന് പറഞ്ഞു. അങ്ങനെയാണ് ആദ്യമായി മമ്മൂക്കയെ ഷൂട്ട് ചെയ്യുന്നത്. മമ്മൂക്കയുടെ കെെയിൽനിന്ന് ഞാൻ ഒരു ക്യാമറ വാങ്ങിയിട്ടുണ്ട്, അത് ഇപ്പോഴും കെെയിലുണ്ട്.

എന്റെ വളർച്ചയ്ക്ക് കാരണം മമ്മൂക്കയാണ്. അദ്ദേഹത്തെ ഞാൻ ഗോഡ്ഫാദറായാണ് കാണുന്നത്. ഒരു ഫാൻ ബോയ് കൂടിയാണ് ഞാൻ. വേറാരെയും വെച്ച് ഫോട്ടോ എടുക്കുമ്പോൾ ഉണ്ടാകാത്ത മാജിക് മമ്മൂക്കയുടെ ചിത്രമെടുക്കുമ്പോൾ സംഭവിക്കാറുണ്ട്. പൊതുവേ കുറച്ച് സമയമേ മമ്മൂക്കയെ ഷൂട്ട് ചെയ്യാൻ കിട്ടാറുള്ളു. ദെെവം സഹായിച്ച് എപ്പോഴും നന്നായി വരാറുണ്ട്. ആ വിശ്വാസം പുള്ളിക്ക് എന്നിലുമുണ്ട് മമ്മൂക്കയിലുള്ള വിശ്വാസം എനിക്കുമുണ്ട്.
മമ്മൂക്കയെന്ന ഫോട്ടോഗ്രാഫർ, കെെവശമുള്ളത് ക്യാമറകളുടേയും സൺഗ്ലാസുകളുടേയും അമ്പരപ്പിക്കുന്ന കളക്ഷൻ
എന്റെ ഒരുപാട് ചിത്രങ്ങൾ മമ്മൂക്ക എടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ടെസ്റ്റ് മോഡൽ ഒരുപക്ഷേ ഞാനായിരിക്കും. മമ്മൂക്ക ഫോട്ടോയെടുക്കുമ്പോൾ ഏറ്റവും കൂടുതൽ നോക്കുന്നത് ലെെറ്റാണ്. ഫോട്ടോഗ്രഫിയിൽ ഏറ്റവും പ്രധാനം ലെെറ്റാണ്. ഇരുട്ടത്ത് പോയി ഫോട്ടോ എടുത്താൽ ഒന്നുമുണ്ടാകില്ലല്ലോ. ലഭ്യമായ ലെെറ്റ് എങ്ങനെ ഒരാളുടെ മുഖത്തേക്ക് കൊണ്ടുവന്ന് ഷൂട്ട് ചെയ്യാമെന്ന് ഭയങ്കരമായി നോക്കുന്നയാളാണ് മമ്മൂക്ക.
ഒരു ഫോട്ടോഗ്രഫർ എന്ന നിലയിൽ ടെക്നിക്കലി സീറോ ആണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. പക്ഷേ, എന്താണ് വേണ്ടതെന്ന് എനിക്കറിയാം. മമ്മൂക്കയ്ക്ക് മറ്റ് കാര്യത്തിലുള്ള അറിവ് വലുതാണ്. ഫോട്ടോഗ്രഫി മാത്രമല്ല, ലോകചരിത്രം, ടെക്നോളജി, ഫിലോസഫി, മതം തുടങ്ങി ഒരുപാട് കാര്യങ്ങളിൽ വലിയ അറിവുണ്ട്. ഏത് ലെവലിലുള്ള ആളുമായിട്ടും അദ്ദേഹത്തിന് സംസാരിക്കാനാകും. പുതിയ ക്യാമറ ഉൾപ്പടെയുള്ള കാര്യങ്ങൾ ഞാൻ അറിയുന്നതും പഠിക്കുന്നതും മമ്മൂക്കയിലൂടെയാണ്. പുതിയ സാധനങ്ങൾ ഇറങ്ങുമ്പോൾ അത് ശേഖരിക്കുകയും പഠിക്കുകയും ചെയ്യും. ഇത് എനിക്ക് പറഞ്ഞുതരുന്നതും മമ്മൂക്കയാണ്. ഓരോ പുതിയ ടെക്നോളജി ഇറങ്ങുമ്പോഴും എനിക്ക് പേടിയാണ്, കാരണം അത് കെെയിൽ തന്നിട്ട് ചെയ്ത് നോക്കാൻ പറയും.
മമ്മൂക്കയുടെ കെെയിൽ ഇല്ലാത്ത ക്യാമറ ഇല്ലെന്ന് പറയാം. ക്യാമറകളോട് അദ്ദേഹത്തിന് വല്ലാത്ത ഇഷ്ടമുണ്ട്. എനിക്ക് കണ്ടെത്താൻ പറ്റാത്ത ഫാഷനൊക്കെയാണ് അദ്ദേഹം യാത്ര പോയി വരുമ്പോൾ കളക്ട് ചെയ്തുകൊണ്ടുവരുന്നത്. ഫോട്ടോഗ്രഫി മാത്രമല്ല, ഫാഷൻ ഉൾപ്പടെ ഒരുപാട് കാര്യങ്ങൾ അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനെക്കുറിച്ചും പഠിക്കാനുള്ള ആഗ്രഹം പുള്ളിക്കുണ്ട്. അദ്ദേഹം അതിന് ശ്രമിക്കും. എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിക്കാറില്ല. പുള്ളി ഹിറ്റാക്കിയിരിക്കുന്ന കണ്ണാടികളെല്ലാം പുള്ളിയുടെ പഴയ കളക്ഷനിൽ നിന്നുള്ളതാണ്. മമ്മൂക്ക ബേസിക്കലി ഒരു കളക്ടറാണ്. നല്ല മൂഡിലിരിക്കുന്ന സമയത്ത് എപ്പോഴെങ്കിലും എനിക്ക് ഗ്ലാസ്, ഷർട്ട് അങ്ങനെ എന്തെങ്കിലും ഒക്കെ തരും. നിനക്ക് ഒരു സാധനം വെച്ചിട്ടുണ്ടെന്ന് വിളിച്ച് പറയും. പ്രത്യേക സ്നേഹമാണ് അദ്ദേത്തിന് ഇതിനോടൊക്കെ. സാധനങ്ങൾ ഇങ്ങനെ ശേഖരിക്കാൻ അദ്ദേഹത്തിന് ഇഷ്ടമാണ്, എനിക്കും.
മമ്മൂക്കയുടെ ഫോട്ടോഗ്രാഫർ എന്ന് അറിയാൻ കുറച്ച് നാളെടുത്തു. ഞാൻ ഓക്കെയാണെന്ന് തോന്നുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് എനിക്കൊരു എൻട്രി ഇല്ലായിരുന്നു. പുള്ളി ഒരു എൻട്രി തന്നതിന് ശേഷം എനിക്ക് സ്വന്തം വീടുപോലെയാണ്. അങ്ങനെയാണ് അവർ എന്നെ കാണുന്നത്. മമ്മൂക്കയുടെ മകളെ ഞാൻ ഇത്ത എന്നാണ് വിളിക്കുന്നത്. ദുൽഖർ സഹോദരനെപ്പോലെയാണ്.
'ബിഗ് ബി'ക്ക് ഹെെപ്പ് നൽകിയത് കറുത്ത പക്ഷികളുടെ സമയത്തെടുത്ത ആ ഫോട്ടോ
പണ്ടത്തെക്കാലത്തും ഇന്നും ഫോട്ടോഗ്രാഫിയിൽ വലിയ വ്യത്യാസം ഒന്നും വന്നിട്ടില്ല, പ്ലാറ്റ്‌ഫോമിലാണ് വ്യത്യാസം. നമ്മൾ എടുക്കുന്ന ഫോട്ടോ കാണാൻ മമ്മൂട്ടി ടെെംസും മറ്റ് മാസികയും കാണാൻ ആളുകൾ കാത്തിരിക്കാറുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആളുകൾ അത്തരത്തിൽ എന്നെ ഫോളോ ചെയ്തിരുന്ന സമയമുണ്ടായിരുന്നു. മമ്മൂക്കയുടെ നല്ല ചിത്രങ്ങൾ കാണാൻ മമ്മൂട്ടി ടെെംസിന് വേണ്ടി ആളുകൾ കാത്തിരിക്കുമായിരുന്നു.

ബിഗ് ബി എന്ന പടത്തിന് വലിയ ഹെെപ്പ് കൊടുത്ത് ചിത്രമായിരുന്നു അതിന്റെ അനൗൺസ്മെന്റ് ചിത്രം. അത് സത്യത്തിൽ ഞാൻ 'ബിഗ് ബി'ക്കു വേണ്ടി എടുത്തതല്ല. അത് ഫിലിം ഫെയറിന് മമ്മൂക്കയെ വെച്ചെടുത്ത ചിത്രമാണ്. കറുത്ത പക്ഷികൾ എന്ന ചിത്രത്തിന്റെ സമയത്ത് താടിയും മീശയും ട്രിം ചെയ്ത സമയത്ത് ഞാനെടുത്ത് ചിത്രമാണ് 'ബിഗ് ബി'ക്ക് വേണ്ടി ഉപയോഗിച്ചത്. അമൽ നീരദ് കഥ പറയുമ്പോൾ ഈ ലുക്കാണെന്ന് ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു. അങ്ങനെയാണ് 'ബിഗ് ബി'യുടെ അനൗൺസ്മെന്റിനായി ആ ചിത്രം ഉപയോഗിക്കുന്നത്.
എന്റെ കോൺഫിഡൻസാണ് എന്റെ സ്റ്റെെൽ
ഞാൻ എപ്പോഴും എന്നെക്കുറിച്ചേ ചിന്തിക്കാറുള്ളൂ, ബാക്കിയുള്ളവർ എന്നെക്കുറിച്ച് എന്തു പറയുമെന്ന് ഞാൻ ചിന്തിക്കാറില്ല. ഞാനെന്താണോ അതാണ് ഞാൻ ധരിക്കുന്നത്. എനിക്ക് തോന്നുന്നതും എന്റെ ഇമോഷൻസും അനുസരിച്ചാണ് ഞാൻ വസ്ത്രം ധരിക്കുന്നത്. എന്നെ ഒരുപാട് ആളുകൾ ഫോളോ ചെയ്യാറുണ്ട്. ദുൽഖറിന്റെ കല്യാണസമയത്ത് ഞാൻ മീശ വെച്ച് നടന്നപ്പോൾ എന്താണ് ഇങ്ങനെ മീശ വെച്ചുനടക്കുന്നതെന്ന് പൃഥ്വിരാജ് ചോദിച്ചു. ഒരു കാലത്ത് മീശ ഹിറ്റായി. പിന്നെ ഒരുകാലത്ത് താടി വെച്ചു. ആൾക്കാർ പലതും പറയും, ഞാനത് കാര്യമാക്കാറില്ല. അതാണ് എന്റെ സ്റ്റെെൽ.
എന്റെ കോൺഫിഡൻസാണ് എന്റെ സ്റ്റെെലിലൂടെ കൊണ്ടുവരുന്നത്. അതിനെ വേറെ ഒരാൾ എങ്ങനെ കാണുന്നു എന്ന് ഞാൻ നോക്കാറില്ല. ഞാൻ ഫോട്ടോഗ്രഫി പഠിക്കുന്ന സമയത്തെ ഒരു വാചകമുണ്ട്. പുതിയ ആളുകളോട് അതാണ് എനിക്ക് പറയാനുള്ളത്. ' I always run late. But atleast i am running'. പ്രസന്റിൽ ജീവിക്കുന്നയാളാണ് ഞാൻ. ഇപ്പോഴെന്താണോ അതിൽ ഞാൻ സന്തുഷ്ടനാണ്.
Content Highlights: photographer stylist actor shani shaki interview
Published: 18 Aug 2023, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented