"എല്ലാവരും ഒരു ചിത്രം പകര്‍ത്തുമ്പോള്‍ ആ ഒരു നിമിഷം വീണ്ടും കാണണമെന്ന് പ്രാര്‍ത്ഥിക്കും. പക്ഷെ, ജീവിതത്തില്‍ അങ്ങനെയൊന്ന് വീണ്ടും കാണരുതേയെന്ന് തോന്നിയ ഒരു നിമിഷമുണ്ടായിട്ടുണ്ട്." പറയുന്നത് ആനകളുടെ സ്വന്തം ഫോട്ടോഗ്രഫറായ അനീഷ് ശങ്കരന്‍കുട്ടി. ആനകളോട് എന്നും പ്രത്യേക കമ്പം സൂക്ഷിക്കുന്നവരാണ് മലയാളികള്‍. ആനകളും ആനപൂരങ്ങളും മലയാളികള്‍ ആഘോഷമാക്കാറുണ്ട്. ആനകളുടെയും മറ്റും ചിത്രങ്ങളിലൂടെ ഒരിക്കല്ലെങ്കിലും സ്‌ക്രോള്‍ ചെയ്തു പോകാത്ത മലയാളികള്‍ കാണില്ല. വന്യജീവി ഫോട്ടോഗ്രഫര്‍മാരില്‍ ആനച്ചിത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച ഒരാളാണ് അനീഷ് ശങ്കരന്‍ക്കുട്ടി.

To advertise here,

ആനകളുടെ ചിത്രം പകര്‍ത്താന്‍ തുടങ്ങിയിട്ട് 25 വര്‍ഷങ്ങളായെങ്കിലും 2010-ന് ശേഷമാണ് ആനകളെ മാത്രം കേന്ദ്രീകരിച്ചുള്ള ഫോട്ടോഗ്രഫിയിലേക്ക് അനീഷ് കടക്കുന്നത്. അന്തര്‍ദേശീയ തലത്തില്‍ തന്നെ നിരവധി അംഗീകാരങ്ങളാണ് ഈ മലയാളിയെ തേടിയെത്തിയത്. ആനകളുടെ ചിത്രം പകര്‍ത്താന്‍ തോന്നിയ കൗതുകത്തെ കുറിച്ചും ആന വിശേഷങ്ങളെ കുറിച്ചും മാതൃഭൂമി ഡോട്‌ കോമിനോട് പറഞ്ഞ് തുടങ്ങുകയാണ് അനീഷ് ശങ്കരന്‍കുട്ടി. 

പൂരങ്ങളിൽ തുടങ്ങിയ ആനക്കമ്പം

പാലക്കാടാണ് എന്റെ സ്വദേശം. ഒരുപാട് വേലയും പൂരവുമെല്ലാമുള്ള നാട്. ചെറുപ്പം മുതലേ ഉത്സവങ്ങള്‍ക്കും മറ്റും പോവുകയും പടം എടുക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ തോന്നിത്തുടങ്ങിയതാണ് ആനക്കമ്പം. ചെറുപ്പകാലത്ത് ആനകളെ കാണാനുള്ള ഒരേയൊരു അവസരം കൂടിയായിരുന്നു പൂരങ്ങള്‍. സ്വന്തമായൊരു ക്യാമറ ചെറുപ്പം മുതല്‍ക്കേ ഉണ്ട്. ഇതിലാണ് ചിത്രങ്ങളെല്ലാം പകര്‍ത്തിയിരുന്നത്. ഞാന്‍ ഫോട്ടായെടുത്ത് തുടങ്ങിയതില്‍നിന്നും ഇപ്പോള്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ടൊക്കെ നാട്ടാനകള്‍ ധാരാളമുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറി. 

നാട്ടാനകളുടെ എണ്ണം കുറഞ്ഞു

നാട്ടാനകളുടെ എണ്ണത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുതിയ ആനകള്‍ പുറത്തുനിന്ന് വരുന്നില്ല. പണ്ട് ഇന്റര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വഴി ആനകള്‍ അന്യസംസ്ഥാനത്ത് നിന്നെത്തിയിരുന്നു. 20 വര്‍ഷത്തോളമായി ഇതില്ല. അതുകൊണ്ട് നിലവിലുള്ള ആനകള്‍ മാത്രമാണിപ്പോള്‍ സംസ്ഥാനത്തുള്ളത്. കാട്ടാനകളെ മെരുക്കി നാട്ടാനകള്‍ ആക്കുന്നുണ്ടെങ്കിലും അവ പൂര്‍ണമായും നാട്ടാനകളാവുന്നില്ല. ഈ ആനകള്‍ക്ക് ഭക്ഷണം നല്‍കുന്നതും (feeding) വനപ്രദേശങ്ങളിലാകും. 

ഒരുപാട് യാത്രകൾ ചെയ്തു ചിത്രമെടുക്കാറില്ല

ഞാന്‍ ഒരുപാട് യാത്രകള്‍ ചെയ്ത് ചിത്രമെടുക്കുന്ന ഒരാളല്ല. ഒരേ ആന അല്ലെങ്കില്‍ ഒരേ ലാന്‍ഡ്‌സകേപ്പില്‍ ഉള്‍പ്പെടുന്ന ആനകളുടെ ചിത്രം പകര്‍ത്താനാണ് എനിക്ക് താത്പര്യം. അപ്പോള്‍ മാത്രമേ ആ മേഖലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കൂ. ഞാന്‍ മറ്റ് സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്, ഇല്ലെന്നല്ല. ആനമല, നെല്ലിയാമ്പതി മേഖലകളൊക്കെ ചിത്രത്തിനായി സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ, പാലക്കാട് ചുരത്തിന്റെ വടക്കും തെക്കുമുള്ള മേഖലകളാണ് കൂടുതലായും കേന്ദ്രീകരിക്കുന്നത്. അതാവുമ്പോള്‍ ആനകളുടെ ഒരു പത്ത് പന്ത്രണ്ട് വര്‍ഷത്തെ മാറ്റങ്ങള്‍ നമ്മള്‍ക്ക് മനസിലാക്കാം. ഈ കാലയളവില്‍ അവര്‍ക്ക് വന്ന മാറ്റങ്ങളുടെ കഥ ചിത്രങ്ങള്‍ പറയും. ആനകളുടെ ഒരു സ്റ്റോറി എന്ന് ഇതിനെ പറയാം. 

placeholder
പാലക്കാട് ട്രെയിൻ ട്രാക്കിലേക്ക് കയറിയ ആന, അനീഷ് പകർത്തിയ ചിത്രം

പാലക്കാട്ടെ കാഴ്ച മറക്കില്ല

എല്ലാവരും ഒരു ചിത്രം പകര്‍ത്തുമ്പോള്‍ ആ ഒരു നിമിഷം വീണ്ടും കാണണമെന്ന് നമ്മള്‍ പ്രാര്‍ത്ഥിക്കും. പക്ഷെ, ജീവിതത്തില്‍ അങ്ങനെയൊന്ന് വീണ്ടും കാണരുതേയെന്ന് തോന്നിയ നിമിഷമുണ്ടായിട്ടുണ്ട്. അഞ്ചെട്ടു വര്‍ഷം മുമ്പാണ്. പാലക്കാട് റെയില്‍വേ ട്രാക്കില്‍ ആനകള്‍ ചെരിയുന്നത് പതിവ് കാഴ്ചയായിരുന്നല്ലോ.  ട്രെയിന്‍ വരുന്ന സമയത്ത് ആന ട്രാക്കിലേക്ക് കയറുന്നതാണ് അന്ന് ഞാൻ കണ്ടത്. എന്നാല്‍, ആന തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതേ ആന ഒരുവര്‍ഷത്തിന് ശേഷം ട്രെയിന്‍ തട്ടി ചെരിഞ്ഞു. 

ഏഷ്യൻ ആനകളും ആഫ്രിക്കൻ ആനകളും തമ്മിലുള്ള വ്യത്യാസം

രണ്ട് ആനവിഭാ​ഗങ്ങളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ശരീരഭാ​ഗങ്ങളും ശാരീരികപ്രക്രിയകളും ഒന്നായിരിക്കും. മറ്റുള്ളവയിലെല്ലാം മാറ്റങ്ങളുണ്ട്. ചെവിയുടെ വലിപ്പം തന്നെ വലിയ വ്യത്യാസമാണ്. ആഫ്രിക്കയിൽ പിടിയാനകൾക്ക് കൊമ്പുണ്ട്. ആഫ്രിക്കൻ ആനകളുടെ ചിത്രം ഇതുവരെ പകർത്താൻ സാധിച്ചിട്ടില്ല.  അവസരങ്ങൾ ഇതുവരെയുണ്ടായിട്ടില്ല. 

അകലം പ്രധാനം

ചിത്രമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം അകലം പാലിക്കുകയെന്നുള്ളതാണ്. ആനയ്ക്ക് നമ്മള്‍ ഒരു ഭീഷണിയാണെന്ന് തോന്നരുത്. നമ്മള്‍ക്കും ആന മൂലം ഒരു അപകടമുണ്ടാകരുത്. ഉണ്ടായാല്‍ പഴി ആനയുടെ തലയിലാകും. ഇന്നത്തെ കാലത്ത് സ്മാര്‍ട്ട് ഫോണ്‍ കൈയിലുള്ളയാള്‍ ആനയെ കണ്ടാല്‍ എന്തായാലും ചിത്രമെടുക്കാന്‍ മുതിരും. എത്രത്തോളം സുരക്ഷിതമായി നില്‍ക്കാന്‍ പറ്റുമോ അത്രത്തോളം നില്‍ക്കുക. നമ്മള്‍ ഒത്തിരി അടുത്ത് പോകുന്നത് ആനയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ആള്‍ കൂടുന്നത് പോലുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. 

11 അന്താരാഷ്ട്ര അവാർഡുകൾ

11 അന്താരാഷ്ട്ര അവാര്‍ഡുകള്‍ എന്നെ തേടിയെത്തിയിട്ടുണ്ട്. 2019 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കാണിത്. 

ചിത്രമെടുപ്പ് മാത്രമല്ല

കണ്‍സര്‍വേഷന്‍ മാസികകളിലും മറ്റും സ്ഥിരമായി ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാറുണ്ട്. ചെറുതായി എഴുത്തുമുണ്ട്. ആനകളെക്കുറിച്ച് തന്നെയാണ് കൂടുതലായും എഴുതുന്നത്. വനം വകുപ്പിന്റെ മാസികയിലും മറ്റും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. വന്യജീവി മാസികകളിലും എഴുതാറുണ്ട്‌. 

എഴുന്നള്ളത്തിന് ആനകളെ ബുദ്ധിമുട്ടിക്കരുത്

നാട്ടാനകളെ നമ്മള്‍ക്ക് മറ്റുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഈ ആനകളെ മുഴുവന്‍ ഏറ്റെടുത്തു സംരക്ഷിക്കുക പ്രായോഗികമല്ല. ചെയ്യാവുന്ന കാര്യം എഴുന്നള്ളത്ത് ആനകളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ നടത്തുക എന്നുള്ളതാണ്. ഒരേ പാപ്പാനെ തന്നെ ആനയ്ക്ക് വര്‍ഷങ്ങളോളം നല്‍കുന്നത് ആനയ്ക്കും പ്രയോജനം ചെയ്യും. ആനക്കാര് മാറുന്നത് ആനയുടെ ശാരീരിക- മാനസികാവസ്ഥയെ ബാധിക്കും. ഉത്സവങ്ങളും നമ്മുടെ ഭാഗമാണ്. ആനയ്ക്ക് ഒരുപാട് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത രീതിയില്‍ ഉത്സവങ്ങള്‍ നടത്തണമെന്നാണ് എന്റെ അഭിപ്രായം. പൂര്‍ണമായും ഒഴിവാക്കിയാല്‍ ആനകളെ സംരക്ഷിക്കേണ്ടേ? അതിന് അതിന്റേതായ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. 

മലയാളികളുടെ ആനപ്രേമം

ഒരു ഹീറോ പരിവേഷം ആനകള്‍ക്കുണ്ട്.  ഇത് നല്ല രീതിയില്‍ അല്ല ആനകള്‍ക്ക് വന്നു ഭവിക്കുന്നത്. ഇന്നത്തെ മലയാളികളുടെ ആനപ്രേമം ശരിയാണെന്നും തോന്നുന്നില്ല. ആനകളോടുള്ള സമീപനത്തില്‍ വരെ മാറ്റങ്ങളുണ്ടായി. പണ്ടൊക്കെ ആനകളോട് ചെറിയൊരു പേടി ആളുകള്‍ക്കുണ്ടായിരുന്നു. വലിയ ജീവിയായതു കൊണ്ട് ഒരു അകല്‍ച്ച നല്ലതാണെന്ന പൊതുധാരണ നിലനിന്നിരുന്നു.  ഇന്ന് പേടി മാറി, ആരാധനയായി. ആ ആരാധന ആനയ്ക്ക് നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷങ്ങളാണ് ചെയ്യുന്നത്. ഫാന്‍സ് അസോസിയേഷനുകള്‍കൊണ്ട് ശരിക്കും ആര്‍ക്കാണ് പ്രയോജനം...!

ആനകളുടെ സ്വഭാവരീതി

ആനകളുടെ സ്വഭാവരീതി വിലയിരുത്തുക സാധ്യമല്ല. ഓരോ ആനയ്ക്കും ഓരോ സ്വഭാവരീതിയാണുള്ളത്. ഒരു ആന നമ്മളോട് ഇങ്ങനെ പെരുമാറി, മറ്റൊരാനയും അങ്ങനയേ പെരുമാറൂ എന്ന് കരുതുന്നതാണ് തെറ്റ്. 

ആനകളെ കൂടുതൽ പഠിക്കാൻ ശ്രമിച്ചു

ആദ്യകാലങ്ങളില്‍ ആനയുടെ നല്ലൊരു ചിത്രം എടുക്കണമെന്നു മാത്രമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളു. പിന്നീട് അത് മാറി. കാലക്രമേണ ചിത്രം എടുക്കുന്നതിനൊപ്പം ആ ആനയെയും ആന നില്‍ക്കുന്ന ആവാസവ്യവസ്ഥയെയും കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു തുടങ്ങി. ആനയുടെ സഞ്ചാരപഥം, ഓരോ ചലനങ്ങള്‍, ശരീര ഭാഗങ്ങള്‍, ഭക്ഷണശീലങ്ങള്‍, വേറെ ഏതെങ്കിലും ആനയുമായി രൂപ സാദൃശ്യം ഉണ്ടോ എന്നിവ ശ്രദ്ധിക്കും. എല്ലാറ്റിലുമുപരി വ്യൂ ഫൈന്‍ഡറിലൂടെ അല്ലാതെ കണ്ണു കൊണ്ട് കണ്ട് ആ നിമിഷം പൂര്‍ണമായി ആസ്വദിക്കാനും മറക്കാറില്ല.

മനുഷ്യ-വന്യജീവി സംഘര്‍ഷം

മനുഷ്യ-വന്യജീവി സംഘര്‍ഷം ഇന്ന് നാം, പ്രത്യേകിച്ചു വനമേഖലയോട് ചേര്‍ന്ന് ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ആനയെ ഇഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് വരെ ആന കാരണം കൃഷിനാശം സംഭവിക്കുമ്പോള്‍ ആ ജീവിയോട് വെറുപ്പ് തോന്നുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. അതിന് ഒരു ശാശ്വതമായ പരിഹാരം എവിടെയും കണ്ടുപിടിച്ചതായി അറിവില്ല. ഓരോ സ്ഥലങ്ങള്‍ക്ക് അനുസരിച്ചു എടുക്കുന്ന ചെറിയ നടപടികള്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഉപകരിക്കുന്നതായി കണ്ടിട്ടുണ്ട്.  വനം വകുപ്പിന്റെയും ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തില്‍ അത് വിജയം കാണുകയും ചെയ്യും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

placeholder

എട്ട് വർഷത്തിന് ശേഷം ഒരേ ആനയെ ഒരേ സ്ഥലത്ത് വെച്ച് കണ്ടപ്പോൾ, ആന ഒരടി പോലും മാറാതെ പണ്ട് നടന്നു കണ്ട അതേ വഴിയിലൂടെ തന്നെയാണ് നടന്നത് | അനീഷ് പകർത്തിയ ചിത്രം

ആനത്താരകള്‍ സംരക്ഷിക്കണം

ആനകളെ സംബന്ധിച്ചു അവരുടെ സഞ്ചാരപാത അവര്‍ക്ക് അത്രയും പ്രാധാന്യം ഉള്ളതാണ്. ആ സഞ്ചാരപാതകള്‍, അതായത് ആനത്താരകള്‍ നഷ്ടപ്പെട്ടു തുടങ്ങിയ ശേഷമാണ്‌ ഒരു പക്ഷെ ആനയും മനുഷ്യനും ആയിട്ടുള്ള സംഘര്‍ഷം ഇന്ന് കാണുന്ന നിലയില്‍ എത്തിയത്. നിലവിലുള്ള ആനത്താരകള്‍ സംരക്ഷിക്കുന്നത് ആനകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന്റെ ഭാഗം തന്നെയാണ്.

ഉത്സവങ്ങളുടെ സമയം ക്രമീകരിക്കണം

കാട്ടാനകള്‍ നാട്ടിലിറങ്ങുന്ന സംഭവങ്ങള്‍ കൂടിയിട്ടുണ്ട്. അതുകൊണ്ടാണ് കൃഷിനാശം പോലുള്ള പ്രശ്‌നങ്ങളുണ്ടാവുന്നത്. നാട്ടാനകളുടെ വിഷയത്തില്‍ ഇത് മറ്റൊന്നാണ്. കുട്ടിക്കാലത്ത് വേനല്‍സമയത്ത് നമ്മള്‍ കളിക്കാന്‍ പോകുമ്പോഴുള്ള ചൂടല്ല ഇപ്പോഴുള്ളത്. ഇത് എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്നുണ്ട്. അതിനാല്‍ എഴുന്നള്ളത്ത് പോലുള്ളവ ആനകളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകണം. ഉത്സവങ്ങളുടെ സമയവും ക്രമീകരിക്കണം. നാട്ടാനകളുടെ സംരക്ഷണത്തിന് ഉത്സവ കമ്മിറ്റിക്കാര്‍ക്കും പങ്കുണ്ട്. അവരാണ് ഉത്സവങ്ങളുടെ സമയം ക്രമീകരിക്കുന്നത്. അവര്‍ ആനകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി സമയം ക്രമീകരിച്ചാല്‍ തന്നെ മാറ്റങ്ങളുണ്ടാകും.

( പുനഃപ്രസിദ്ധീകരണം )