കൊച്ചി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ ഡാർക്ക് വെബും നിരോധിത രഹസ്യ മെസഞ്ചർ ആപ്പുകളും ഉപയോഗിക്കുന്ന സംഘങ്ങൾക്കെതിരേ സൈബർ നിരീക്ഷണം ശക്തമാക്കി. പോലീസിന്റെ സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന കൗണ്ടറിങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ (സി.സി.എസ്.ഇ.) സംഘത്തിന് അന്താരാഷ്ട്ര കുറ്റാന്വേഷണ സംഘടനയായ ഇന്റർപോൾ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായം ലഭിക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ, എൻക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റ്ഫോമുകൾ, ക്ലൗഡ് സ്റ്റോറേജുകൾ എന്നിവ വഴിയാണ് ഇത്തരം ദൃശ്യങ്ങളുടെ കൈമാറ്റം നടക്കുന്നത്. രഹസ്യ ഗ്രൂപ്പുകൾ അടിക്കടി പേരുമാറ്റുന്നുമുണ്ട്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ തിരയുകയോ കാണുകയോ സൂക്ഷിക്കുകയോ കൈമാറുകയോ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സി.സി.എസ്.ഇ. വിഭാഗം കഴിഞ്ഞ ആറുവർഷത്തെ പരിശോധനകളിൽ ഇതുവരെ 2,306 കേസുകൾ രജിസ്റ്റർ ചെയ്യുകയും 403 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് റെയ്ഡുകൾ നടത്തുകയും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ഹാർഡ് ഡിസ്കുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുകയുമാണ് ചെയ്യുന്നത്.
ഐ.പി. വിലാസങ്ങളും ഡിജിറ്റൽ തെളിവുകളും വിശകലനം ചെയ്താണ് പ്രതികളിലേക്കെത്തുക. മാൽവെയറുകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്തവരുടെ വെബ്‌ക്യാമുകളും വ്യക്തിഗത വിവരങ്ങളും ചോർത്തുന്ന സംഘങ്ങളെക്കുറിച്ചും ഇത്തരം പരിശോധനയിൽ വിവരം കിട്ടിയിട്ടുണ്ട്.
2019-മുതലാണ് പി-ഹണ്ട് ഓപ്പറേഷനിൽ കേരള പോലീസിനെ സഹായിക്കാൻ ഇന്റർപോളും രംഗത്തുവന്നത്. ഇതേത്തുടർന്നാണ് കുട്ടികൾക്കെതിരായ ഓൺലൈൻ ചൂഷണം തടയുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക ദൗത്യസേന കേരള പോലീസ് രൂപവത്കരിച്ചത്. ഈ സംഘത്തിന് ആവശ്യമായ പരിശീലനവും ശേഷി വർധിപ്പിക്കാനുള്ള സഹായവും ഇന്റർപോൾ നൽകുന്നുണ്ട്. അമേരിക്കയിലെ ‘ഇന്റർനാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ’ എന്ന സംഘടന വഴി കുട്ടികൾക്കെതിരായ ഓൺലൈൻ ചൂഷണവുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് റിപ്പോർട്ടുകളാണ് ഓരോ വർഷവും ഇന്ത്യയ്ക്ക് കൈമാറുന്നത്. ഇൗ വിവരങ്ങളും വിശകലനം ചെയ്താണ് സി.സി.എസ്.ഇ. റെയ്ഡും അറസ്റ്റും ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുന്നത്.
Content Highlights: Kerala Police strengthens CCSE cyber operations against dark web child abuse networks., Interpol and international agencies provide crucial intelligence and support., Over 2,300 cases registered and 403 arrests made in the last six years., Electronic devices seized and analyzed using IP addresses and digital forensics.
Published: 30 Sept 2026, 07:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented