
രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഗൗരവതരമായ സംശയങ്ങൾ ഉയരുന്നുണ്ടെന്നും ഇതിൽ തിരുത്തലുകൾ വരുത്തിയില്ലെങ്കിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സംവിധാനംതന്നെ താറുമാറാകുമെന്നും പ്രമുഖ പരിസ്ഥിതി, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകനായ സോനം വാങ്ചുക്ക് പറയുന്നു. എസ്.ഐ.ആർ. വിവാദങ്ങളുടെ അലകളുയർത്തുകയും തിരഞ്ഞെടുപ്പ് കമ്മിഷനുള്ളിലെ കലഹങ്ങൾ മറനീക്കി പുറത്തുവരുകയും ചെയ്ത പശ്ചാത്തലത്തിൽ വാങ്ചുക്ക് മാതൃഭൂമി പ്രതിനിധി പ്രവീൺ കൃഷ്ണനുമായി സംസാരിക്കുന്നു
തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നു. കമ്മിഷന്റെ വിശ്വാസ്യതയാണ് ചോദ്യമുനയിൽ നിൽക്കുന്നത്. ഇതേക്കുറിച്ച് എന്തു പറയുന്നു?
= വളരെ ഗൗരവതരമായ പ്രശ്‌നമാണിത്. തിരഞ്ഞെടുപ്പ് പ്രക്രിയ രാജ്യത്തിന്റെ ജനാധിപത്യസംവിധാനത്തിന്റെ നട്ടെല്ലാണ്. അത് വളച്ചൊടിക്കപ്പെട്ടാൽ ഇന്ത്യയുടെ ജനാധിപത്യം തകരും. ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള കാര്യങ്ങൾ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ അലകും പിടിയും തകരാൻ അനുവദിക്കാനാവില്ല.
സുപ്രധാനമായ എസ്.ഐ.ആറുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനം. കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഏകാധിപത്യപരമായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് വ്യക്തമാക്കുന്നതരത്തിൽ മറ്റുരണ്ട് കമ്മിഷണർമാർ അയച്ച വിയോജനക്കുറിപ്പുകൾ പുറത്തുവന്നിരിക്കുന്നു
= അതുതന്നെയാണ് പറഞ്ഞത്, തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കേണ്ടത് അടിയന്തര ആവശ്യമാണ്. തോന്നുംപടി ആർക്കെങ്കിലും വോട്ടർപട്ടികയിൽനിന്ന് വലിയതോതിൽ പേരുകൾ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനുമുള്ള അവസരം ഉണ്ടാകരുത്. അത്തരം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് എതിരായാണ് പ്രധാന ആരോപണങ്ങൾ
= നോക്കൂ. ആരോപണങ്ങളുടെ ഒരു പെരുമഴതന്നെയുണ്ട്. പലതലത്തിൽ വിമർശനങ്ങളുണ്ട്. സംശയാസ്പദമായ ഒട്ടേറെ കാര്യങ്ങൾ കമ്മിഷനുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ, തെറ്റായ കാര്യങ്ങൾ നടക്കുന്നു എന്ന് ഞാനും സംശയിക്കുന്നു. സംശയമുനയിലാണ് അവർ നിൽക്കുന്നത് എന്നത് യാഥാർഥ്യമാണ്. തിരഞ്ഞെടുപ്പ് നടപടികൾ വളച്ചൊടിക്കുന്നു എന്ന ആരോപണം പലകോണുകളിൽനിന്നും ഉയരുന്നു.
ഇനി തങ്ങളുടെ കൈകൾ ശുദ്ധമാണെന്നു തെളിയിക്കേണ്ട ബാധ്യത അവർക്കാണ്. അത് അത്യാവശ്യമാണ്. തിരഞ്ഞടുപ്പുസംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുന്ന സമഗ്ര മാറ്റങ്ങൾ വേണമെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്.
ഏതു തരത്തിലുള്ള മാറ്റങ്ങളാണ് താങ്കൾ ഉദ്ദേശിക്കുന്നത്?
= ഇ.വി.എമ്മിൽ തുടങ്ങാം. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെക്കുറിച്ച് വലിയ ഒരുവിഭാഗം സംശയം പ്രകടിപ്പിക്കുന്നു. സംശയങ്ങൾ ദൂരീകരിക്കപ്പെടേണ്ടതാണ്. പേപ്പർ ബാലറ്റിലേക്ക് മടങ്ങിപ്പോകണമെന്ന് രാഷ്ട്രീയപ്പാർട്ടികൾ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.
പേപ്പർ ബാലറ്റിലേക്ക് മടങ്ങുന്നത് പരിഗണിക്കാവുന്ന ഒന്നായി ഞാൻ കരുതുന്നു. പക്ഷേ, ഒരു സമവായത്തിന്റെ അടിസ്ഥാനത്തിൽവേണം തീരുമാനം.
മറ്റൊന്ന് ഇ.വി.എം. സമ്പ്രദായം തുടരുമ്പോൾത്തന്നെ വി.വി.പാറ്റുകൾ എണ്ണുക എന്നതാണ്. 20 ശതമാനം വി.വി.പാറ്റുകൾ റാൻഡമായി എണ്ണുക എന്നത് ഒരു പോംവഴിയാണ്. ഇത് എങ്ങനെ, ഏതൊക്കെ എന്ന് സമവായത്തിൽ തീരുമാനിക്കണം.
ഇത് മാത്രമാണോ പരിഹാരം?
= അല്ല, വാഗ്ദാനങ്ങൾ പാർട്ടികൾ വാരിക്കോരി നൽകുന്നു. അതിൽ എത്രയെണ്ണം നടപ്പാക്കി എന്ന കാര്യം ഓഡിറ്റിന് വിധേയമാക്കണം. ലഡാക്കിലെ പ്രശ്‌നം നോക്കൂ. കേന്ദ്രവും ബി.ജെ.പി.യും എന്തെല്ലാം വാഗ്ദാനങ്ങൾ നൽകി ? എന്തെങ്കിലും നടപ്പാക്കിയോ ? ലഡാക്കിലെ അടിസ്ഥാനപ്രശ്‌നവും ഈ വാഗ്ദാനലംഘനമാണ്. വാഗ്ദാനങ്ങളുടെ ഓഡിറ്റ് പ്രധാനമാണ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ സി.ജെ.പി. ഉൾപ്പെടെ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തെ പിന്തുണയ്ക്കുമെന്ന് പറയുമ്പോൾത്തന്നെ അതിൽ നേരിട്ട് പങ്കെടുക്കില്ലെന്നും താങ്കൾ പറയുന്നു. ഇത് വൈരുധ്യമല്ലേ?
= ഞാൻ പറഞ്ഞല്ലോ തിരഞ്ഞെടുപ്പ് കമ്മിഷനിലെ പ്രശ്‌നങ്ങൾ ഉയർത്തിയുള്ള സമരത്തിന് എന്റെ പൂർണപിന്തുണയുണ്ട്. പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളും സി.ജെ.പി.യും മറ്റ് വിദ്യാർഥിസംഘടനകളുമൊക്കെ പ്രക്ഷോഭത്തിലേക്കാണ്. അവരുടെ നിലപാടിനെ ഞാൻ പിന്തുണയ്ക്കുന്നു.
എനിക്ക് യോജിപ്പുള്ള ഒട്ടേറെ സമരങ്ങൾ നടക്കാറുണ്ട്. അതിലെല്ലാം ഞാൻ പങ്കെടുക്കണമെന്നില്ല. അത് വിജയത്തിലെത്തിക്കാൻ ശേഷിയുള്ള സംഘടനകളുണ്ട്. എന്റെ സാന്നിധ്യം ആവശ്യമില്ലാതെത്തന്നെ സമരങ്ങൾ വിജയിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളിൽ തൃപ്തനാണോ?
= ചില പഴുതുകൾ അടയ്ക്കൽമാത്രമാണ് നടന്നിട്ടുള്ളത്. അതുകൊണ്ടു കാര്യമില്ല. ചോദ്യപ്പേപ്പർ ചോർച്ചയിൽ പിടിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും കോച്ചിങ് മാഫിയയുമായി ബന്ധമുള്ളവരാണ്.
രാജ്യത്ത് പടർന്നുപന്തലിച്ച ഈ കോച്ചിങ് മാഫിയയെ ഇല്ലാതാക്കാൻ ഒരു വഴിയേ ഉള്ളൂ. ഒട്ടേറെയുള്ള പ്രവേശന പരീക്ഷകളിൽനിന്ന് ബോർഡ് പരീക്ഷയിലേക്ക് മടങ്ങുക. 12-ാം ക്ലാസിലെ ബോർഡ് പരീക്ഷ ദേശീയതലത്തിൽ ആവശ്യമായ മാറ്റങ്ങളോടെ തുടർപഠനത്തിന് അടിസ്ഥാനമാക്കുക.
അപ്പോൾ സ്‌കൂളുകളിലെ പഠനനിലവാരവും ഉയരും. മിടുക്കരായ പാവപ്പെട്ട കുട്ടികൾക്ക് കൂടുതൽ അവസരവും ലഭിക്കും. ഇത് എന്റെ ചിന്ത മാത്രമാണ്.
Content Highlights: Election Commission's credibility is currently facing severe questions and doubts., Concerns raised over transparent voter list management and EVM reliability., Call for auditing political manifesto promises and tackling coaching mafias in exams.
Published: 30 Sept 2026, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented