പത്തിരിപ്പാല (പാലക്കാട്): പത്തിരിപ്പാല ഗവ. കോളേജിൽ അധ്യാപകന് മർദനം. വിദ്യാർഥിയടക്കം രണ്ടാളുടെപേരിൽ മങ്കര പോലീസ് കേസെടുത്തു. കോളേജിലെ രണ്ടാംവർഷ ബി.ബി.എ. വിദ്യാർഥി മുഹമ്മദ് അനസ് (19), അനസിന്റെ സഹോദരൻ മണ്ണൂർ സ്വദേശി ആഷിക് അലി (30) എന്നിവരുടെ പേരിലാണ് കേസെടുത്തത്. പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ. ഷബീറിനാണ് മർദനമേറ്റത്. അധ്യാപകൻ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ചികിത്സതേടി.

To advertise here,

ചൊവ്വാഴ്ച രാവിലെ 11.15-നാണ് സംഭവം. രാവിലെ കോളേജിൽവെച്ച് മുഹമ്മദ് അനസിന്റെ ബൈക്കിൽ കോളേജിലെ ഒരു അധ്യാപികയുടെ കാർ തട്ടിയിരുന്നെന്ന്‌ പോലീസ് പറയുന്നു. തുടർന്ന്, സ്റ്റാഫ് മുറിയിലെത്തിയ ഇരുവരും അധ്യാപികയെ അസഭ്യം പറഞ്ഞതായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഇതുകേട്ട്‌ ഷബീർ ഇടപെടുകയും മാന്യമായി സംസാരിക്കണമെന്ന് വിദ്യാർഥിയോടും സഹോദരനോടും ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇരുവരും ബഹളമുണ്ടാക്കി ഷബീറിനെ മർദിക്കുകയായിരുന്നെന്ന്‌ പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് വൈസ് പ്രിൻസിപ്പൽ ശിവപ്രഭയുടെ അധ്യക്ഷതയിൽ സ്റ്റാഫ് കൗൺസിൽ യോഗംചേർന്ന് വിദ്യാർഥിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി കോളേജ്‌ അധികൃതർ പറഞ്ഞു.