അവശതകളും പ്രതിസന്ധികളും അനുഭവിക്കുന്ന ഒരുപാടുപേരുണ്ട് നമുക്കുചുറ്റും. രോഗം, കടം, തൊഴിലില്ലായ്മ, പട്ടിണി തുടങ്ങി മനുഷ്യര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഒട്ടേറെയാണ്. ഇത്തരം പ്രയാസങ്ങളൊന്നുമില്ലാതെ അല്ലാഹു അനുഗ്രഹിച്ച മനുഷ്യന്‍ പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ ബാധ്യസ്ഥനാണ്. ജനങ്ങള്‍ക്ക് താങ്ങും തണലുമാവുകയെന്നത് വളരെയധികം പുണ്യവും അല്ലാഹുവിന് അത്യധികം പ്രിയവുമുള്ള കാര്യമാണ്. തിരുനബി(സ്വ) പറയുന്നു: ''ജനങ്ങള്‍ക്ക് ഏറെ ഉപകാരം ചെയ്യുന്നവരാരോ, അവരാണ് അല്ലാഹു ഏറ്റവും ഇഷ്ടം വെക്കുന്നവര്‍. ജനസേവകര്‍ക്ക് അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്നും ഹദീസുകളിലുണ്ട്. തിരുനബി(സ്വ) പറയുന്നു: ''ഒരാള്‍ തന്റെ സഹോദരനെ സഹായിക്കുന്ന കാലം അല്ലാഹു അവനെയും സഹായിക്കുന്നു.''

To advertise here,

''ഒരു സഹോദരന് സന്തോഷമുണ്ടാക്കുക, പ്രയാസങ്ങള്‍ ദൂരീകരിക്കുക, വിശപ്പകറ്റുക എന്നിവയെല്ലാം അല്ലാഹുവിന് ഏറെ പ്രിയമുള്ള കര്‍മങ്ങളാണ്. ഒരാള്‍ തന്റെ സഹോദരന്റെ ആവശ്യത്തിനുവേണ്ടി നടന്ന് ആ കാര്യം നേടിക്കൊടുത്താല്‍ സ്വിറാത് പാലത്തില്‍ അവന്റെ കാല്‍ അല്ലാഹു സ്ഥിരപ്പെടുത്തും''(ത്വബ്‌റാനി). ഇഹലോകത്തെ പ്രയാസങ്ങളില്‍ ഒരു മനുഷ്യന് ആശ്വാസം പകര്‍ന്നാല്‍ പാരത്രിക പ്രയാസങ്ങളില്‍നിന്ന് അല്ലാഹു രക്ഷ നല്‍കുമെന്ന് ഒട്ടേറെ പ്രവാചക വചനങ്ങളിലുണ്ട്.

വിശക്കുന്നവന് ഭക്ഷണം നല്‍കുന്നത് പാപങ്ങള്‍ പൊറുപ്പിക്കുന്ന സുകൃതങ്ങളില്‍ പെട്ടതാണെന്ന് ഇസ്ലാമിക അധ്യാപനങ്ങളില്‍ കാണാം. തന്റെ പരിധിയില്‍ വിശക്കുന്നവനുണ്ടെന്നറിഞ്ഞിട്ടും വയറുനിറച്ചു ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങിയാല്‍ അവന്‍ എന്നില്‍ വിശ്വസിച്ചവനല്ല എന്ന പ്രവാചക വചനമുണ്ട്.

സത്പ്രവര്‍ത്തനങ്ങള്‍ക്ക് ഇരട്ടി പുണ്യമുള്ള ഈ വിശുദ്ധമാസത്തില്‍ത്തന്നെ അത്തരം കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനും വരും ഭാവിയില്‍ സജീവമായി രംഗത്തുണ്ടാവുമെന്ന് പ്രതിജ്ഞയെടുക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.