സൃഷ്ടികളോടുള്ള കടപ്പാടുകള്‍ നിറവേറ്റി ജീവിക്കുകയെന്നത് സ്രഷ്ടാവിനോടുള്ള കടമപോലെത്തന്നെ പ്രധാനമാണ്. സ്രഷ്ടാവിനോടുമാത്രം നന്ദിപൂര്‍വം പെരുമാറി സൃഷ്ടികളോട് ഒരു ബാധ്യതയുമില്ലാതെ ഇടപെടുന്നത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്ന രീതിയല്ല. സമൂഹത്തോട് ആകെയും ചില വിഭാഗങ്ങളോട് പ്രത്യേകിച്ചും വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ടവരാണ് അയല്‍വാസികള്‍. തിരുനബി(സ്വ) പ്രസ്താവിച്ചു: ''ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍ക്കാരനു ഗുണംചെയ്യട്ടെ.''

To advertise here,

നമ്മുടെ വീടിനു ചുറ്റുമുള്ള നാല്‍പ്പതു വീടുകളാണ് അയല്‍വാസികള്‍ എന്നാണ് ഇസ്ലാമികാധ്യാപനം. നാലു ദിക്കിലേക്കും നാല്‍പ്പതെന്ന തോതില്‍ 160 വീടെന്നും മുന്നിലും പിന്നിലുമായി 80 വീടുകള്‍ എന്നുമൊക്കെ വ്യാഖ്യാനങ്ങളുണ്ട്. മറ്റുള്ള മനുഷ്യരെക്കാള്‍ അയല്‍ക്കാരനോടുള്ള ബാധ്യതയായി ഇമാം ഗസ്സാലി(റ)യുടെ ഇഹ്യാ ഉലൂമിദ്ദീന്‍ പ്രവാചകവചനങ്ങളുടെ വെളിച്ചത്തില്‍ എണ്ണുന്ന കാര്യങ്ങളിവയാണ് : അയല്‍ക്കാരന്‍ നിന്നോട് സഹായം ചോദിച്ചാല്‍ അവനെ സഹായിക്കണം. രക്ഷചോദിച്ചാല്‍ അവനെ രക്ഷിക്കണം. കടം ചോദിച്ചാല്‍ കൊടുക്കണം. ദരിദ്രനായാല്‍ ഔദാര്യം കാണിക്കണം. രോഗിയായാല്‍ സന്ദര്‍ശിക്കണം. മരണപ്പെട്ടാല്‍ സംസ്‌കരണച്ചടങ്ങുകളില്‍ പങ്കെടുക്കണം. വല്ല വിപത്തുമുണ്ടായാല്‍ സാന്ത്വനിപ്പിക്കണം. ഗുണമുണ്ടായാല്‍ സന്തോഷമറിയിക്കണം. അവന്റെ വീട്ടിലേക്ക് കാറ്റുതടയും വിധം അനുവാദമില്ലാതെ കെട്ടിടം പൊക്കരുത്. നിന്റെ അടുക്കളയിലെ പാചകത്തിന്റെ ഗന്ധം അവനെ അലോസരപ്പെടുത്തരുത്. വിഭവങ്ങളില്‍ അവനുമൊരു പങ്ക് നീ നല്‍കണം(ഇഹ്യാ)

''സ്വന്തം ധനത്തിന്റെയും കുടുംബത്തിന്റെയും പേരില്‍ ഭയന്ന് തന്റെ അയല്‍വാസിക്കു മുന്‍പില്‍ വാതില്‍ കൊട്ടിയടയ്ക്കുന്നവന്‍ സത്യവിശ്വാസിയല്ല, ഒരാളുടെ ദ്രോഹത്തില്‍നിന്ന് അയല്‍വാസി നിര്‍ഭയനായിട്ടില്ലെങ്കില്‍ അയാള്‍ സത്യവിശ്വാസിയല്ല. തുടങ്ങിയ നബിവചനങ്ങള്‍ നമ്മുടെ മാനിഫെസ്റ്റോ ആയി പ്രവര്‍ത്തിക്കേണ്ടതുണ്ട്.