വൈജാത്യങ്ങള്‍ക്കെല്ലാമതീതമായി മനുഷ്യര്‍ക്കിടയില്‍ സാഹോദര്യബോധമുണ്ടെന്ന് പ്രഖ്യാപിക്കുന്നതാണ് 'മനുഷ്യരെല്ലാം ഒരേ ആദിമാതാപിതാക്കളുടെ സന്തതികളാണെ'ന്ന ഖുര്‍ആനികാധ്യാപനം. 'ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'(ഖുര്‍ആന്‍)

To advertise here,

ബാഹ്യരൂപമോ പദവികളോ അല്ല മനുഷ്യര്‍ക്കിടയിലെ ശ്രേഷ്ഠരെ നിര്‍ണയിക്കുന്നതെന്ന് പ്രവാചകവചനങ്ങളുമുണ്ട്. 'ജനങ്ങളേ, അറിഞ്ഞുകൊള്ളുക; നിശ്ചയം, നിങ്ങളുടെ നാഥന്‍ ഏകനാകുന്നു. അറബിക്ക് അനറബിയെക്കാളോ അനറബിക്ക് അറബിയെക്കാളോ വെളുത്തവന്ന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ ഒരു ശ്രേഷ്ഠതയുമില്ല-ദൈവഭയത്തിന്റെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹുവിന്റെയടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും സൂക്ഷ്മതയുള്ളവനത്രേ''.

കേവലം ഖുര്‍ആനിക വചനങ്ങളിലോ പ്രവാചക സന്ദേശങ്ങളിലോ ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല ഈ ആശയം. ജീവിതത്തില്‍ പൂര്‍ണമായി ഈ സന്ദേശം പ്രയോഗവത്കരിച്ച ഒരു സമൂഹത്തെ ലോകത്തിന് മാതൃകയായി ഇസ്ലാം കാണിച്ചുകൊടുത്തു. ഈ സാഹോദര്യം നടപ്പില്‍വരുത്താന്‍ അറേബ്യന്‍ ജനതയ്ക്ക് സാധിച്ചത് ഇസ്ലാമിക തത്ത്വങ്ങളുടെ പ്രയോഗവത്കരണത്തിലൂടെയായിരുന്നു. കറുത്തവനായതിന്റെ പേരില്‍ മര്‍ദനങ്ങള്‍മാത്രം ഏറ്റു വാങ്ങിയ അടിമയായിരുന്ന ബിലാലിനെ(റ) മനുഷ്യനായി അംഗീകരിച്ച് സംരക്ഷിച്ചത് മുഹമ്മദ് നബി(സ്വ)യായിരുന്നു

മക്കാ വിജയത്തിനുശേഷം മുഹമ്മദ് നബി മക്കയുടെ ഭരണാധികാരിയായപ്പോള്‍ വിശുദ്ധ കഅ്ബാലയത്തിനകത്ത് കയറി ബാങ്കുവിളിക്കാന്‍ തിരുനബി(സ്വ) തിരഞ്ഞെടുത്തതും ബിലാലിനെയായിരുന്നു.