വ്രതം ഇസ്ലാമിലെ ഒരു പ്രധാന ആരാധനയാണ്. മറ്റുമതങ്ങളും വ്രതം നിര്‍ദേശിക്കുന്നുണ്ട്. അവയുടെയൊക്കെ ലക്ഷ്യം മനുഷ്യന്റെ നന്മയും മുക്തിയുമാണ്. മതാത്മക ചുറ്റുപാടിലാണ് മനുഷ്യന്‍ പൊതുവേ ജീവിച്ചിട്ടുള്ളത്. യുക്തിചിന്ത വളര്‍ന്നപ്പോഴും പൊതുവേ മനുഷ്യമഹാഭൂരിപക്ഷം മതങ്ങളെ കൈവിടാന്‍ തയ്യാറായിട്ടില്ല. ഇസ്ലാം ആധുനികലോകത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രധാന മതമാണ്. ഏതുകാലത്തോടും പാകപ്പെടുന്നതാണ് അതിന്റെ അടിസ്ഥാനപ്രമാണങ്ങളും അവയില്‍നിന്നുണ്ടായ മൂല്യസങ്കല്പങ്ങളും.

To advertise here,

ഇസ്ലാം മറ്റു മതങ്ങളുടെയും ഇസങ്ങളുടെയും സ്വത്വത്തെയും അവയുടെ സ്വന്തം ശരികളെയും അംഗീകരിച്ചുകൊടുക്കുന്നു. 'നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' എന്നാണ് ഖുര്‍ആന്റെ വീക്ഷണം. മതങ്ങളും ഇസങ്ങളും അവരവരുടെ സ്വന്തം ശരികളാണ്. അഥവാ അഭിപ്രായങ്ങളും ചിന്തകളുമാണ്. സ്വന്തം അഭിപ്രായങ്ങള്‍ക്കും ചിന്തകള്‍ക്കുംവേണ്ടി സംവാദങ്ങളിലേര്‍പ്പെടാത്തവരായി ആരുണ്ട്? ''.....അവരോട് വളരെ നല്ലരീതിയില്‍ സംവദിക്കുക'' എന്ന് ഖുര്‍ആന്‍ പറയുന്നു. ഈ സംവാദമുഖത്തുനിന്ന് അകലുന്നതും അകറ്റുന്നതും മനുഷ്യന്റെ ബൗദ്ധികവളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതാണ്.

വ്രതത്തെ കേവല മതാചാരം മാത്രമായി കണക്കാക്കേണ്ടതില്ല. ഇടവിട്ടുള്ള ഉപവാസം ആധുനിക വൈദ്യശാസ്ത്രവും അംഗീകരിക്കുന്നതാണല്ലോ. പല ജീവിതശൈലീരോഗങ്ങള്‍ക്കും വ്രതം പരിഹാരമാകുന്നുണ്ട്.

ആരോഗ്യപരമായ കാരണങ്ങളാല്‍ നോമ്പെടുക്കാന്‍ പറ്റാത്തവര്‍ പ്രായശ്ചിത്തമായി ദരിദ്രനു ഭക്ഷണം നല്‍കിയാല്‍ മതി എന്നാണ് വിധി. അതുകൊണ്ടുതന്നെ ഇസ്ലാമികവ്രതം ആര്‍ക്കെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നസംശയം നിലനില്‍ക്കുന്നില്ല. ''നോമ്പ് പിടിക്കുക; ആരോഗ്യം നേടാം'' എന്ന് നബി(സ) പറഞ്ഞതായി ഹദീസുകളില്‍ കാണാം.