അബുദാബി: ശൈഖ് സായിദ് മോസ്‌കിന്റെ ചരിത്രത്തിലാദ്യമായി 70,680 വിശ്വാസികള്‍ റംസാന്‍ 27-ാം രാവിലെ പ്രാര്‍ഥനയ്ക്കായി ഒത്തുചേര്‍ന്നു. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് ആരംഭിച്ചതുമുതല്‍ ഇതാദ്യമായാണ് ഇത്രയേറെ വിശ്വാസികളെ ഒരേസമയം സ്വാഗതം ചെയ്യുന്നത്.

To advertise here,

ഓരോ വര്‍ഷവും റംസാന്‍ മാസത്തില്‍ ലക്ഷക്കണക്കിന് ആളുകളെയാണ് ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സ്വാഗതം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ 10,550 വിശ്വാസികള്‍ അധികമായെത്തി.

ശനിയാഴ്ച നടന്ന തറാവീഹ് പ്രാര്‍ഥനകളില്‍ 11,589 പേരും തഹജ്ജുദ് പ്രാര്‍ഥനകളില്‍ 59,091 പേരും പങ്കെടുത്തു. റംസാനിലെ അവസാന പത്തിലെ 27-ാം നോമ്പ് ദിനത്തില്‍ 33,500 ആളുകള്‍ക്ക് ഇഫ്താര്‍ ഭക്ഷണവും നല്‍കി. ഗ്രാന്‍ഡ് മോസ്‌കിന്റെ ഇമാമായ ശൈഖ് ഇദ്രിസ് അബ്കറിന്റെ നേതൃത്വത്തില്‍ യു.എ.ഇ. യുടെ സുരക്ഷയ്ക്കും സമൃദ്ധിക്കുമായി പ്രാര്‍ഥനകള്‍ നടത്തി.

വിശ്വാസികളുടെ തിരക്ക് മുന്‍കൂട്ടികണ്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ച് അധികൃതര്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ക്കിങ് സ്ഥലങ്ങളില്‍നിന്ന് പ്രാര്‍ഥനാ ഹാളുകളിലേക്ക് ആളുകളെ കൊണ്ടുവരുന്നതിന് 70-ലേറെ വൈദ്യുത കാറുകളുണ്ട്.

50-ലേറെ വീല്‍ച്ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രത്യേക പ്രാര്‍ഥനാ സൗകര്യങ്ങളും ഇവിടെയുണ്ട്. മോസ്‌കിന്റെ സേവനങ്ങളെയും സൗകര്യങ്ങളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്നതിന് മൊബൈല്‍ ഇന്‍ഫര്‍മേഷന്‍ പോയിന്റുകളും വര്‍ധിപ്പിച്ചിരുന്നു. വിവിധ ഭാഗങ്ങളിലായി 3,515 ഇരിപ്പിടങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളില്‍ അതിവേഗ പ്രതികരണം ഉറപ്പാക്കുന്നതിന് അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ സഹകരണത്തോടെ ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ട്. വിശ്വാസികളുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് ഈ വര്‍ഷം 1800 അധിക പാര്‍ക്കിങ് സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയതോടെ മോസ്‌കിന്റെ മൊത്തം പാര്‍ക്കിങ് സ്ഥലങ്ങളുടെ എണ്ണം 8,379 ആയി ഉയര്‍ന്നു.

ചുറ്റുമുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അടയാള ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. മോസ്‌കിലെ സുരക്ഷ വര്‍ധിപ്പിക്കാനായി പ്രവേശന കവാടങ്ങളില്‍ ഉള്‍പ്പെടെ പോലീസ് പട്രോളിങ് വര്‍ധിപ്പിച്ചിട്ടുണ്ട്. റംസാന്‍ മാസത്തില്‍ വിശ്വാസികള്‍ക്ക് 24 മണിക്കൂറും മികച്ച സേവനങ്ങളും സൗകര്യങ്ങളും നല്‍കാനായി പ്രത്യേക സമിതികളും സംഘങ്ങളും രൂപവത്കരിച്ചു. കഴിഞ്ഞ റംസാനില്‍ 6,84,945 ആളുകളാണ് മോസ്‌കിലെത്തിയത്.

യു.എ.ഇ. യിലെമ്പാടുമുള്ള വിവിധ പള്ളികളും 27-ാം രാവില്‍ വിശ്വാസികളുടെ പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു.

അല്‍ ഐനിലെ ശൈഖ് ഖലീഫ ഗ്രാന്‍ഡ് മോസ്‌കില്‍ 28,850 വിശ്വാസികളും ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ 13,634 വിശ്വാസികളുമെത്തി.