പണ്ട് ഈദുല്‍ ഫിത്തര്‍ വരാന്‍ കാത്തിരിക്കും. നാട്ടിന്‍പുറത്തെ ഭാഷയില്‍ ചെറിയ പെരുന്നാളിന്റെ ഒരു മാസം. അപ്പോഴാണ് 30 ദിവസത്തെ വ്രതം.ദിവസവും വൈകുന്നേരമുള്ള നോമ്പുതുറ. വിഷുവിനും ഓണത്തിനും ഒരു പാത്രം പായസം കൊടുക്കുന്നത് നൂര്‍ജേച്ചിയും റസിയേച്ചിയുമൊക്കെ തിരിച്ചുതരുന്നത് ഒന്നിടവിട്ട ദിവസങ്ങളിലെ നോമ്പുതുറ പലഹാരങ്ങളിലൂടെയാണ്. ഒരിക്കലും വിട്ടൊഴിയാത്ത ബറാത്തിന്റെയും ഉന്നക്കായയുടെയും മുട്ടയടയുടെയും രുചി നുണയുന്ന ഒരു മാസം! വിഷു-ഓണം ബംപര്‍ അടിക്കുന്നപോലാണ് പെരുന്നാള്‍ ദിവസത്തെ ഭക്ഷണവൈവിധ്യം. അപ്പുറത്തുമിപ്പുറത്തുമൊക്കെ നിന്ന് വരുന്ന ബിരിയാണികള്‍. ആടിന്റെ രൂപത്തിലും കോഴിയുടെ രൂപത്തിലും ബീഫിന്റെ രൂപത്തിലുമൊക്കെ...
പാത്രം നീട്ടുന്ന കൈകള്‍ക്ക് കുളിച്ചൊരുങ്ങി പുതുവസ്ത്രമിട്ട അത്തറിന്റെ മണമാവും. ഈദ് മുബാറക്കിന്റെ സ്നേഹഗന്ധം. ബാല്യമാണ് ഏറ്റവും വലിയ ഗുരുനാഥന്‍. എന്തെത്ര പറഞ്ഞാലും ആ സ്നേഹക്കൈകളെ അറുത്തുമാറ്റാന്‍ നിങ്ങള്‍ക്ക് എത്ര ശ്രമിച്ചാലും പറ്റില്ലല്ലോ... 30 ദിവസത്തെ ആത്മീയ യാത്രയല്ലത്- ഒരു ജീവിതത്തിന്റെ താളനിയന്ത്രണമാണ്. ഈദുല്‍ ഫിത്തറിന്റെയും ബലി പെരുന്നാളിന്റെയും ക്രിസ്മസ്സിന്റെയും ഓണത്തിന്റെയും വിഷുവിന്റെയും ഗ്രാമീണസൗരഭ്യം കേരളത്തിന്റെ റിയല്‍ സ്റ്റോറി ആവുന്നത് അതിനാലാണ്.
ഇങ്ങനെ മനസ്സിന്റെ ചെപ്പില്‍ വളരെ ചെറുപ്പത്തില്‍ ഉദിച്ച ആഗ്രഹത്തിന്റെ ഫലമായി ഇസ്ലാമിന്റെയും മുഹമ്മദ് നബിയുടെയും സാഹോദര്യത്തെക്കുറിച്ച് പ്രൊഫ.ബി. മുഹമ്മദ് അഹമ്മദ് എഴുതിയ രണ്ട് പുസ്തകങ്ങളാണ് വിശുദ്ധ ഖുറാന്‍-വിശ്വം ദീപ്തിമയവും മുഹമ്മദ് നബി സ്നേഹസാഗരവും. പെരുന്നാളിന്റെ ഭാഗമായി മാഷ് വീണ്ടും പുറത്തിറക്കിയവ.
'അമ്പലവും കത്തുന്നു, പള്ളിയും കത്തുന്നു, ചെന്തീ കെടുത്താത്തതെന്തേ' എന്ന പി. കുഞ്ഞിരാമന്‍ നായരുടെ കവിവാക്യത്തിലെ മര്‍മഭേദകമായ സത്യം നെഞ്ചിലേറ്റി സ്നേഹശീലങ്ങളുടെ അഭാവത്തില്‍ ചെകുത്താന്മാര്‍ രംഗം കൈയടക്കുന്ന പ്രായോഗിക വര്‍ത്തമാനത്തെക്കുറിച്ചാണ് പ്രൊഫസര്‍ ഈ പുസ്തകങ്ങളില്‍ പറയുന്നത്. മനുഷ്യനിലെ ആദിമമായ നിഷ്‌കളങ്കതയില്‍ തുടങ്ങി മാനവിക മൂല്യങ്ങളുടെ സുവര്‍ണ തീരങ്ങളിലൂടെയുള്ള യാത്രയില്‍ മതങ്ങളെവിടെ എത്തി നില്‍ക്കുന്നു എന്ന ഉള്‍ക്കാഴ്ചയും വിമര്‍ശനബുദ്ധിയോടെയുള്ള ഈ പുസ്തകങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ കാരുണ്യം. അതാണ് ഇതളിട്ട് പൂവണിയേണ്ടത്. വിശുദ്ധ ഖുറാന്റെ വേര് അവിടെയാണ്. ഇതളും തളിരും പൂവും ശാഖകളും ആ കാരുണ്യത്തില്‍ നിന്നാണ് ജീവശക്തി വലിച്ചെടുക്കുന്നത് എന്ന് പെരുന്നാള്‍ ദിനത്തില്‍ പ്രൊഫ.ബി. മുഹമ്മദ് അഹമ്മദ് ഓര്‍മിപ്പിക്കുന്നു-'വിശുദ്ധ ഖുറാന്‍- വിശ്വം ദീപ്തമയം' എന്ന പുസ്തകത്തിലൂടെ.
വേദനകളും ദുരന്തങ്ങളും യാതനകളും ഉള്ളിടത്തൊക്കെ കാരുണ്യത്തിന്റെ കൈത്താങ്ങായി നബിയുണ്ടെന്ന് ബോധ്യപ്പെടുത്തിയതാണ് ബാല്യത്തിലെ പെരുന്നാളാഘോഷങ്ങളെന്ന് മാഷ് ഓര്‍ക്കുന്നു. പ്രവാചകജീവിതത്തിന്റെ സൗന്ദര്യത്തില്‍ അലിഞ്ഞ് ആ മഹാമനസ്‌കന്റെ സ്നേഹപാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതാണ് ആദര്‍ശദീപ്തമായ അനുഭവമെന്നറിഞ്ഞ ഗാന്ധിയനായ മുഹമ്മദ് മാഷിന്റെ ആത്മാവിഷ്‌കാരംകൂടിയാണ് 'മുഹമ്മദ് നബി-സ്നേഹ സാഗരം' എന്ന പുസ്തകം.

ലോകത്തിലെ മതങ്ങളെല്ലാം അതതുകാലത്ത് മനുഷ്യനുണ്ടായ പോരായ്മകളെ തിരുത്താനായും മാലിന്യമുക്തമാക്കാനായും പിറവിയെടുത്തതാണെന്ന് മാഷ് കരുതുന്നു. സത്യത്തിന്റെയും ധര്‍മത്തിന്റെയും ത്യാഗത്തിന്റെയും വിളക്കുമരങ്ങള്‍. അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാന്‍ യേശുവും നബിയും വേദവും ബുദ്ധനും ജൈനനും വന്നു. ഊഷര ഭൂമിയില്‍ ഉര്‍വരത നല്‍കുന്ന കാരുണ്യമഴ പോലെ. ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമും ദൈവനന്മയുടെ സങ്കീര്‍ത്തനങ്ങള്‍. വസുധൈവ കുടുംബകം എന്ന ഭാരതീയ ചിന്തയുടെ സമത്വദര്‍ശനം നബിയിലൂടെ ദര്‍ശിക്കാം എന്ന് ചൂണ്ടിക്കാണിക്കുന്ന പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഭാരതീയര്‍ ഏകോദര സഹോദരങ്ങളെപ്പോലെ നീങ്ങേണ്ട വലിയ പാഠവും ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ ഓര്‍മിപ്പിക്കുന്നു.
പയ്യന്നൂര്‍ കോളേജ് മലയാളം വിഭാഗം മേധാവിയായി വിരമിച്ച പ്രൊഫസര്‍ കേരള ഫോക്ലോര്‍ അക്കാദമി ചെയര്‍മാനായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗം, ദൂരദര്‍ശന്‍ അഡൈ്വസറി ബോര്‍ഡംഗം, കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, കേരള കലാമണ്ഡലം അംഗം തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു.
ഇന്ത്യ എന്ന വിചാരം, ചണ്ഡാലഭിക്ഷുകി(പഠനം), സമൂഹം, സംസ്‌കാരം, ഗാന്ധിയന്‍ ദര്‍ശനം, ഫോക്ലോര്‍ സംസ്‌കാര പഠനങ്ങള്‍ തുടങ്ങി ഒട്ടേറെ ഗ്രന്ഥങ്ങളും ഈ ഗാന്ധിയന്റേതായുണ്ട്.
Content Highlights: Book review of Prof. B. Muhammed Ahammed's works on Ramzan
Published: 10 Apr 2024, 11:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented