മതങ്ങളുടെ ആന്തരാത്മാവ് കുടികൊള്ളുന്നത് ആത്മീയതയിലാണ്. ശരീരത്തെക്കാളും ഒരു മതവിശ്വാസി പ്രാധാന്യം കല്പിക്കേണ്ടത് ആത്മീയതയ്ക്കാണ്. റംസാന്‍വ്രതത്തില്‍ നമുക്കത് കൂടുതല്‍ വ്യക്തമാവും. ശരീരത്തിനനിവാര്യമായ ഭക്ഷണപാനീയങ്ങള്‍ പകല്‍മുഴുവന്‍ ഉപേക്ഷിച്ച് വിശപ്പും ദാഹവും സഹിക്കുമ്പോള്‍ വിശ്വാസികള്‍ക്ക് ആനന്ദം അനുഭവിക്കാനാവുന്നത് ആത്മാവിന് ആനന്ദം ലഭിക്കുന്നതുകൊണ്ടാണ്.

To advertise here,

ജീവിതത്തെ നിയന്ത്രിക്കാനും പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനുമുള്ള നിയമങ്ങളാണ് മതം. ജീവിതം ദൈവത്തിന്റെ ദാനമാണെന്നാണ് നബി പറഞ്ഞത്. ''അധികാരം ഒരു ഉത്തരവാദിത്വമാണ്; താങ്കളാവട്ടെ ദുര്‍ബലനും. അത് താങ്കള്‍ക്ക് പരലോകത്ത് ദുഃഖവും ഖേദവും വരുത്തിവെക്കും''. അധികാരവും ഭരണച്ചുമതലകളും നേരാംവണ്ണം നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ അതിനായി മുന്നോട്ടുവരരുതെന്നും അത്തരക്കാരെ അതേല്‍പ്പിക്കരുതെന്നുമാണ് ഈ നബിവചനത്തിന്റെ സാരം. വിധികര്‍ത്താക്കളില്‍ മൂന്നില്‍രണ്ടുപേര്‍ നരകത്തില്‍ പോകുമെന്നും ഒരാളേ സ്വര്‍ഗാവകാശി ആവുകയുള്ളൂ എന്നും നബി പറഞ്ഞു. ആളുകള്‍ക്കിടയിലുണ്ടാവുന്ന തര്‍ക്കങ്ങളില്‍ വിധിപറയുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നവര്‍ അതിസൂക്ഷ്മതയോടെ വിഷയങ്ങള്‍ മനസ്സിലാക്കി നീതിപൂര്‍വം തീരുമാനമെടുക്കണമെന്നും സ്വജനപക്ഷപാതവും അനീതിയും കാരണം വിധികര്‍ത്താക്കളധികവും നരകശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന താക്കീതും കരുതിയിരിക്കേണ്ടതാണ്.

യൂഫ്രട്ടീസിന്റെ തീരത്തെങ്ങാനും ഒരു ആട്ടിന്‍കുട്ടി വഴിതെറ്റിപ്പോയാല്‍ ഞാനെന്തുകൊണ്ടതിന്റെ വഴി ശരിപ്പെടുത്തിക്കൊടുത്തില്ലാ എന്ന് അല്ലാഹു എന്നോടു ചോദിക്കുമെന്നാണ് ഞാന്‍ ഭയപ്പെടുന്നത് എന്ന ഖലീഫാ ഉമറിന്റെ വാക്കുകള്‍ ഭരണാധികാരികള്‍ മനുഷ്യര്‍ക്കു മാത്രമല്ല ക്ഷേമമൊരുക്കേണ്ടതെന്നും എല്ലാജീവികള്‍ക്കും സൈ്വരജീവിതം ഒരുക്കണമെന്നും വ്യക്തമാക്കുന്നു.