
മലപ്പുറം: പെരുന്നാളും വിഷുവും അടുത്ത ദിവസങ്ങളില്‍ വരുന്നതിനാല്‍ കച്ചവടസ്ഥാപനങ്ങളില്‍ തിരക്കേറി.
പുതുവസ്ത്രമണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കണമെന്ന വിശ്വാസിയുടെ ആഗ്രഹമാണ് പെരുന്നാള്‍ വിപണിയെ ഉഷാറാക്കുന്നത്. പുതിയ മോഡല്‍ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതിനാല്‍ മിക്ക കടകളും പാതിരാവോളം തുറന്നുപ്രവര്‍ത്തിക്കുന്നു. പ്രായഭേദമന്യേ ട്രെന്‍ഡിങ്ങും സ്‌റ്റൈലും പരീക്ഷിക്കുന്ന രക്ഷിതാക്കളും കുട്ടികളുമാണ് കടകളിലെമ്പാടും. വേനല്‍ച്ചൂട് കടുത്തതിനാല്‍ വൈകുന്നേരവും രാത്രിയുമാണ് വാങ്ങല്‍ സമയം. ചെരിപ്പും ഫാന്‍സി സാധനങ്ങളും എല്ലാം വേണം. ശീതളപാനീയകടകള്‍വരെ ജനത്തിരക്കിലാണ്. സാധനങ്ങള്‍ വാങ്ങുന്നതിനായി വാഹനങ്ങളുമായി കൂടുതല്‍ ജനങ്ങളെത്തുന്നതിനാല്‍ നഗരങ്ങളില്‍ പലയിടത്തും ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. റംസാന്‍ 27-ാം രാവ് കഴിഞ്ഞുള്ള ദിനങ്ങളില്‍ പാവപ്പെട്ടവരിലേക്ക് ഫിത്ര്‍ സക്കാത്ത് എത്തിക്കാനുള്ള ഒരുക്കങ്ങളും വിശ്വാസികള്‍ നടത്തുന്നു. തന്റെ അയല്‍വാസി പട്ടിണി കിടക്കാതിരിക്കാനുള്ള ജാഗ്രതയായി പലയിടത്തും പെരുന്നാള്‍ കിറ്റ് വിതരണവുണ്ട്. വിവിധ സംഘടനകളും വ്യക്തികളും സന്നദ്ധപ്രവര്‍ത്തകരുമാണ് കിറ്റ് വിതരണത്തില്‍ മുന്നില്‍. ചൂടുകൂടിയ നോമ്പും പെരുന്നാളുമായതിനാല്‍ പഴം-പച്ചക്കറി കടകളിലും ഉപഭോക്താക്കളേറെ.
പെരുന്നാള്‍ നമസ്‌കാരത്തിനായി ജില്ലയിലെ പല പള്ളികളിലും ഈദ് ഗാഹ് ഇടങ്ങളിലും സജ്ജീകരണങ്ങള്‍ തയ്യാറാകുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളുണ്ടെങ്കിലും ആഘോഷദിനത്തിന്റെ പൊലിമ ഒട്ടും കുറയാതിരിക്കാന്‍ ആവശ്യമുള്ളതൊക്കെ കരുതിവെക്കുകയാണ് ജനം.
വിഷുവും വിപണിയെ സജീവമാക്കുന്നു. പലചരക്ക്, പച്ചക്കറി കടകളിലും തുണിക്കടകളിലുമെല്ലാം ഇതിന്റെ തിരക്കുണ്ട്. പടക്കക്കടകളും തുറന്നിട്ടുണ്ട്.
ട്രെന്‍ഡായി ഫൈവ് സ്ലീവും പാരച്യൂട്ടും
പുത്തന്‍ വൈബില്‍ പുറത്തിറങ്ങുന്ന യുവാക്കള്‍ക്ക് ഏറ്റവും പ്രിയം ഫൈവ് സ്ലീവ്, സെവന്‍ സ്ലീവ് ഷര്‍ട്ടുകള്‍. പാരച്യൂട്ട് ബാഗിയും വൂട്ട്കട്ട് പാന്റുകള്‍ക്കുമാണ് കൂടുതല്‍ യുവാക്കളെത്തുന്നത്. 499 രൂപ മുതലാണ് ഷര്‍ട്ടുകളുടെ വില. 599 രൂപയില്‍ തുടങ്ങും പാന്റുകള്‍. കോഡ് സെറ്റ് പാക്കേജ് വസ്ത്രങ്ങളാണ് യുവതികള്‍ക്ക് പ്രിയം. ഗൗണ്‍ ടൈപ്പ് പ്രിന്റഡ് ടോപ്പുകള്‍ക്കും ഷോര്‍ട്ട് ടോപ്പുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണെന്നും മലപ്പുറത്തെ വ്യാപാരികള്‍ പറഞ്ഞു.
തൊട്ടാല്‍ പൊള്ളും ചിക്കന്‍
പെരുന്നാള്‍-വിഷു ആഘോഷദിവസങ്ങളില്‍ അല്പം ചിക്കന്‍ കഴിക്കാമെന്നു കരുതിയാല്‍ സൂക്ഷിക്കണം, വില കേട്ടാല്‍ ആകെയൊന്ന് പൊള്ളും. ജില്ലയില്‍ ചിലയിടത്ത് കോഴിയിറച്ചിയുടെ വില കിലോഗ്രാമിന് 265 രൂപ വരെ. റംസാന്‍ തുടങ്ങുന്നതിനു മുമ്പ് 120 മുതല്‍ 140 രൂപ വരെ ഉണ്ടായിരുന്ന വിലയിലാണ് ഈ കുതിച്ചുചാട്ടം.
വെള്ളമില്ലാത്തതിനാല്‍ പ്രാദേശിക ഫാമുകളില്‍ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. തമിഴ്നാട്ടില്‍നിന്നാണ് നിലവില്‍ ജില്ലയിലെ പലയിടത്തും കോഴികളെത്തുന്നത്.
ബീഫിന്റെ കാര്യവും വ്യത്യസ്തമല്ല. കിലോഗ്രാമിന് 280 മുതല്‍ 320 രൂപ വരെയാണ് നിലവിലെ വില. 20 മുതല്‍ 40 രൂപ വരെയാണ് ചില പ്രദേശങ്ങളില്‍ മാസങ്ങള്‍ക്കിടെ കൂടിയത്. എല്ലില്ലാത്തതും ബോട്ടിയും തുടങ്ങി ബീഫിന്റെ വിവിധ വിഭാഗങ്ങളുടെ വിലയിലുമുണ്ട് ഇതേ മാറ്റം.
ചൂട് കൂടിയതോടെ ഉത്പാദകര്‍ വില കൂട്ടുന്നുണ്ടെന്നും ഇത് കച്ചവടക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ബീഫ് വ്യാപാരികള്‍ പറഞ്ഞു. ഏറെ പ്രിയപ്പെട്ട ആട്ടിറച്ചി വിലയിലും പ്രദേശങ്ങള്‍ക്കനുസരിച്ച് ചെറിയതോതില്‍ വില കൂടിയിട്ടുണ്ട്. മലപ്പുറത്ത് നിലവില്‍ 700 രൂപയാണ് കിലോഗ്രാമിന്റെ വില.
Content Highlights: eid vishu 2024 market and trending dresses kerala
Published: 08 Apr 2024, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented