ജാതി-മത വ്യത്യാസമില്ലാതെ എല്ലാവരിലും ഉള്‍ച്ചേര്‍ന്നുകിടക്കുന്ന മാനവികത എന്ന ആശയത്തെ മാനിക്കുകയും പവിത്രമായി കാണുകയും വേണം. മാനവികതയുടെ മഹത്തായസന്ദേശം ഖുര്‍ആനില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ''ഹേ മര്‍ത്യകുലമേ, ഒരാണിലും പെണ്ണിലുംനിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കാന്‍ നിങ്ങളെ നാം വിവിധവിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അള്ളാഹുവിങ്കല്‍ നിങ്ങളിലെ അത്യാദരണീയന്‍ ഏറ്റം ധര്‍മനിഷ്ഠനത്രേ. അള്ളാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്''.

To advertise here,

മതവും ജാതിയും മനുഷ്യനെ അളക്കാനുള്ള മാപിനിയായിക്കാണുന്ന ഇക്കാലത്ത്, നമ്മുടെ മുന്‍ഗാമികള്‍ തീര്‍ത്ത സാമൂഹികമാതൃകകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. പ്രവാചകന്‍ മുഹമ്മദ് നബി മദീനയില്‍ അധിവസിച്ചിരുന്ന അമുസ്ലിം വിഭാഗങ്ങളോട് സൗഹാര്‍ദപൂര്‍ണമായ ഇടപെടലുകളായിരുന്നു നടത്തിയത്. ആ ഋജുവായ പാതയുടെ തുടര്‍ച്ചയാണ് അനുയായികളും പിന്‍പറ്റിയത്.

ഈജിപ്ഷ്യന്‍ ഗവര്‍ണറായിരുന്ന അംറുബ്‌നു ആസ്വിന്റെ മകന്‍ ഒരു ക്രിസ്ത്യന്‍ പാതിരിയുടെ മകനുമായി കുതിരപ്പന്തയം നടത്തി. ക്രിസ്ത്യന്‍ യുവാവിനായിരുന്നു വിജയം. എന്നാല്‍, ഗവര്‍ണറുടെ മകന്‍ അയാളെ പ്രഹരിച്ചു. ഇതറിഞ്ഞ ഖലീഫ ഉമര്‍ ഗവര്‍ണറുടെ മകനെതിരേ ശിക്ഷാനടപടി സ്വീകരിക്കുകയാണ് ചെയ്തത്. മകനെ വിളിച്ചുവരുത്തുകയും ജനമധ്യത്തില്‍വെച്ച് ക്രിസ്ത്യന്‍ യുവാവിനോട് അവനെ ചാട്ടവാറുകൊണ്ടടിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. സ്വതന്ത്രരായി ജനിച്ച മനുഷ്യരെ എന്നുമുതലാണ് നിങ്ങള്‍ അടിമകളാക്കിയത് എന്നായിരുന്നു ഖലീഫയുടെ ചോദ്യം.