ആത്മരഹസ്യങ്ങള്‍ നിറഞ്ഞ അനുഷ്ഠാനമുറയാണ് വ്രതം. മനുഷ്യരെ ആധ്യാത്മ പ്രചോദിതരായി നീങ്ങാന്‍ പാകപ്പെടുത്തുന്നതിന് പുറമേ ഉടമയായ അല്ലാഹുവുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ഒരുപാട് അവസരങ്ങള്‍ ഒരുക്കുന്നുണ്ട് ഈ പുണ്യകാലം. പലവിധ സാമൂഹിക സാഹചര്യങ്ങളിലൂടെ ജീവിച്ചുപോരുന്ന മനുഷ്യരെ കൂടുതല്‍ കാമ്പുള്ളവരാക്കാനും ചിട്ടപ്പെടുത്താനുമാണ് റംസാന്‍ രൂപകല്പന ചെയ്തിട്ടുള്ളത്.
വിശ്വാസിജീവിതത്തിന്റെ ആത്യന്തികലക്ഷ്യം സ്വര്‍ഗീയ അനുഭൂതിയാകയാലും അതിലേക്കുള്ള വഴി ആരെയും ദ്രോഹിക്കാതെ നന്മകള്‍ ചെയ്ത് മുന്നേറുക എന്നതായതിനാലും അവയ്ക്ക് ഊര്‍ജം നല്‍കുന്ന ആരാധനാമുറകളും ശീലങ്ങളുമാണ് റംസാന്റെ അകക്കാമ്പായി ക്രമീകരിച്ചിട്ടുള്ളതുതന്നെ. അഥവാ, ഇന്നേവരെയുള്ള ജീവിതത്തെ അവലോകനം ചെയ്യാനും മുന്നിലുള്ള കാലം എവ്വിധമാവണമെന്ന് നിശ്ചയിക്കാനുമുള്ള ആത്മപരിശോധനയുടെ അവസരം. ശരീരത്തിന്റെ വിശപ്പിനും ആഗ്രഹങ്ങള്‍ക്കും നിര്‍ണിതമായ അവധി നല്‍കി ആത്മാവിന്റെ വിശപ്പകറ്റാനും സൗന്ദര്യം വര്‍ധിപ്പിക്കാനും ഈ കാലം മനുഷ്യനെ നിരന്തരം പ്രേരിപ്പിക്കുന്നു. ഓരോ നന്മകള്‍ക്കും എത്രയോ ഇരട്ടി പ്രതിഫലം വാഗ്ദാനം ചെയ്ത് പ്രചോദിപ്പിക്കുന്നു.
ഭൗതികജീവിതം മോഹങ്ങളിലേക്കും വികാരങ്ങളിലേക്കും മനുഷ്യനെ നയിച്ചേക്കും. സമ്പത്തിന്റെയും സൗകര്യങ്ങളുടെയും പേരില്‍ എത്ര കൊലപാതകങ്ങളാണ് ദിനംതോറും അരങ്ങേറുന്നത്. എത്രനേടിയാലും മാനസിക അസംതൃപ്തിയും പ്രയാസങ്ങളുമൊക്കെയായിരിക്കും ഇത്തരം കര്‍മങ്ങളുടെ അനന്തരഫലം. ചെറിയ ക്ലേശങ്ങളും പ്രയാസങ്ങളും അനുഭവപ്പെടുമ്പോഴേക്ക് ഒരു ക്ഷമയും കാണിക്കാതെ ജീവനൊടുക്കുന്നവരും ഇന്ന് ധാരാളമാണ്. ഭൗതികലോകമാണ്, ഇവിടത്തെ നേട്ടനഷ്ടങ്ങളാണ് എല്ലാം എന്ന് കരുതുമ്പോഴാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ആത്മാവിന് പോഷണം നല്‍കിയാല്‍ ഇതെല്ലാം പരിഹരിക്കാനാവും. യഥാര്‍ഥസുഖവും നേട്ടവും ഇതൊന്നുമല്ല എന്ന് തിരിച്ചറിയാനാവും.
രാത്രി നിസ്‌കാരം ഉള്‍പ്പെടെയുള്ള റംസാനിലെ സവിശേഷ ആരാധനകള്‍ ഇന്നേവരെ ലഭിച്ച അംഗീകാരങ്ങള്‍ക്കുള്ള നന്ദിയര്‍പ്പിക്കലാണ്. ആത്മാവിനെ ശുദ്ധീകരിക്കാന്‍ ഈ നിസ്‌കാരങ്ങള്‍ വലിയ മുതല്‍ക്കൂട്ടാണ്. നമ്മുടെ ബുദ്ധിക്കും ചിന്തയ്ക്കും ഒരു അപ്ഡേഷനുമില്ലാതെ പോവുമ്പോഴാണ് പലവിധ കുഴപ്പങ്ങളില്‍ നാം ചെന്നുചാടുന്നത്. അതിനാല്‍ വിജ്ഞാനസമ്പാദനത്തിന് റംസാനിലെ വലിയൊരു സമയംതന്നെ വിനിയോഗിക്കണം. ഉപകാരപ്രദമായ അറിവ് സമ്പാദിക്കുകയെന്നത് വളരെയധികം പുണ്യമുള്ള കാര്യമാണ്.
ഞാനാണ് വലിയവന്‍, എനിക്കാണ് സമ്പത്ത്, എനിക്കാണ് കൂടുതല്‍ അനുയായികള്‍ തുടങ്ങിയ മനുഷ്യസഹജമായ അഹങ്കാരങ്ങളെ ഇല്ലാതാക്കാന്‍ നോമ്പിനു സാധിക്കും.
ഉള്ളില്‍ ഭയഭക്തിയുള്ളവരാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഉത്തമര്‍ എന്ന സത്യമറിഞ്ഞ് സമ്പത്തോ മറ്റു ഭൗതികനേട്ടങ്ങളോ പരിഗണിക്കാതെ ഭക്തിയുടെ മാര്‍ഗത്തില്‍ മത്സരിക്കാനാണ് ഓരോ മനുഷ്യരും ഓരോ റംസാനിലും നെട്ടോട്ടമോടേണ്ടത്. മനസ്സിന്റെ ശുദ്ധികൂടിയാണ് മനുഷ്യന്റെ ശുദ്ധിയെന്നതിനാല്‍ തിന്മകളുടെ ബഹളങ്ങളില്‍നിന്നു മാറിനില്‍ക്കാന്‍ മനസ്സിനെ പരുവപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്ലാം വിശ്വാസികളോട് കല്പിക്കുന്നുണ്ട്. അതിനാല്‍ ഇന്നേവരെയുള്ള തിന്മകളെല്ലാം ശുദ്ധീകരിക്കാനും നന്മയിലധിഷ്ഠിതമായ ജീവിതപദ്ധതി ക്രമീകരിക്കാനും ഈ മുപ്പതുദിനങ്ങള്‍ നമുക്ക് ഊര്‍ജം നല്‍കട്ടെ.
(ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും മര്‍കസിന്റെയും ജനറല്‍ സെക്രട്ടറിയുമാണ് ലേഖകന്‍)
Content Highlights: kanthapuram ap aboobacker musliyar writes about ramzan
Published: 12 Mar 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented