നിരാശ, വൈകാരികപ്രശ്‌നങ്ങള്‍, കുടുംബകലഹം, അമിതസ്വാതന്ത്ര്യം, ബിസിനസ് നഷ്ടങ്ങള്‍, അപമാനഭാരം തുടങ്ങിയപ്രശ്‌നങ്ങളില്‍ ജീവിതം മടുത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

To advertise here,

ജീവിതം പ്രതിസന്ധിയിലകപ്പെടുമ്പോള്‍ മരണം വരിക്കുന്നത് ഒന്നിനും പരിഹാരമല്ല. അകപ്പെടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനുള്ള വഴികള്‍ ചിന്തിക്കുകയാണ് വേണ്ടത്. അടുത്ത കൂട്ടുകാര്‍, ഗുരുവര്യര്‍ തുടങ്ങി നമ്മെ സ്‌നേഹിക്കുന്നവരെ സമീപിച്ച് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാവുന്നതാണ്. ചെറിയ പ്രതിസന്ധി വരുമ്പോഴേക്കും അതിനെ അതിജീവിക്കാനോ ബദല്‍മാര്‍ഗം ആലോചിക്കാന്‍ പോലുമോ തയ്യാറാകാതെ മരണത്തില്‍ അഭയം തേടുകയും പ്രശ്‌നങ്ങളില്‍നിന്നുള്ള മോചനം ഇതുവഴി ലഭ്യമാകുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നവര്‍ ബലഹീനരാണ്.

ഇസ്ലാമിക വീക്ഷണപ്രകാരം ഏതൊരു ഘട്ടത്തിലും അല്ലാഹുവില്‍ ദൃഢവിശ്വാസമുണ്ടായിരിക്കണം. ക്രൈസ്തവ-ഹൈന്ദവ വിശ്വാസങ്ങളും മറ്റു മതങ്ങളും ആത്മഹത്യയെ അനുകൂലിക്കുന്നില്ല. പ്രശ്‌നങ്ങളും പ്രതിസന്ധികളും വകഞ്ഞുമാറ്റി ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ആ ജീവിതം സാര്‍ഥകവും സഫലവുമാക്കാനുമാണ് ബുദ്ധിയുള്ള മനുഷ്യന്‍ ശ്രമിക്കേണ്ടത്.

ത്രികാലജ്ഞനും സൃഷ്ടികളിലോരോന്നിന്റെയും സമഗ്രവിവരങ്ങള്‍ അറിയുന്നവനുമായ സ്രഷ്ടാവിന്റെ നിയമങ്ങളില്‍ ദുര്‍ബലനായ മനുഷ്യന്‍ നടത്തുന്ന കൈകടത്തലാണ് ഇസ്ലാമിക വീക്ഷണത്തില്‍ ആത്മഹത്യ. അതിന് ഭീകരമായ ശിക്ഷ തന്നെ വിധിക്കുന്നുണ്ട്. 'സത്യവിശ്വാസികളേ, പരസ്പരസംതൃപ്തിയോടെ നടത്തുന്ന കച്ചവടത്തിലൂടെയല്ലാതെ, സ്വത്തുകള്‍ അന്യായമായി നിങ്ങള്‍ തിന്നരുത്. അന്യോന്യം കൊലനടത്താനും പാടില്ല. അല്ലാഹു നിങ്ങളോട് ഏറെ കരുണാമയനത്രേ.' മറ്റൊരിടത്ത് 'നിങ്ങള്‍ ആത്മനാശത്തിലേക്കു ചാടരുത്' എന്നും ഖുര്‍ആന്‍ പറയുന്നു.