ലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്റെ തനിമയ്ക്കൊപ്പം ചേർത്തുവെക്കാവുന്നവയാണ് കൂട്ടായ്മയുടെ സന്ദേശം പ്രദാനംചെയ്തുകൊണ്ട് ഓണക്കാലത്ത് അരങ്ങേറുന്ന വിവിധങ്ങളായ ഓണക്കളികൾ. ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും ഉത്സവത്തെ ഓർക്കുമ്പോൾ മലയാളമണ്ണിനെ സ്നേഹിക്കുന്ന ഓരോ മനസ്സിലേക്കും ആദ്യമോടിയെത്തുന്ന ഓർമ്മകളിൽ സവിശേഷസ്ഥാനമാണ് ഓണക്കളികൾക്ക്. നാഗരികതയുടെയും സാങ്കേതികവിപ്ലവത്തിന്റെയും നവയുഗത്തിൽ തിരക്കിൽപ്പെട്ടുയലുന്ന മലയാളികളിൽ നല്ലൊരു ശതമാനത്തിലും നഷ്ടമായിക്കൊണ്ടിരിക്കുന്ന നല്ല ഓർമ്മകൂടിയാണ് ഓണക്കളികൾ. ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മായ്‌ക്കപ്പെട്ട പൈതൃക അടയാളങ്ങൾക്കും ആചാരങ്ങൾക്കുമൊപ്പം പാരമ്പര്യത്തിന്റെകൂടി ഭാഗമായിരുന്ന ഈ ഓണക്കളികളും പുനർജനിക്കായി കാത്തിരിക്കയാണ്. അവയിൽ പലതും മുതിർന്ന തലമുറയുടെ മനസ്സിൽമാത്രം നിലകൊള്ളുകയോ ചുരുങ്ങിയ സ്ഥലങ്ങളിൽമാത്രം കൊണ്ടാടപ്പെടുകയോ ചെയ്യുന്ന സാഹചര്യമാണെന്നതാണ് അതിനുകാരണം.

To advertise here,

നമ്മുടെ നാട്ടിൽ ഇപ്പോഴും അന്യംനിന്നുപോവാത്ത ചില പ്രധാന ഓണക്കളികളെക്കുറിച്ച്.

കിളിത്തട്ടുകളി

ഓണക്കാലത്ത് പതിവായി അരങ്ങേറുകയും പിന്നീട് അന്യംനിന്നുപോവാൻ തുടങ്ങുകയും ചെയ്യുന്ന ഓണവിനോദങ്ങളിലൊന്നാണ് തട്ടുകളി എന്നുകൂടി അറിയപ്പെടുന്ന കിളിത്തട്ടുകളി. മലബാറിലെ ചില പ്രദേശങ്ങളിൽ ഉപ്പുകളിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മണ്ണിൽ വരച്ചിട്ട കളങ്ങളിലൂടെ നീങ്ങുന്ന കിളി ഏതുവരയിൽക്കൂടി നീങ്ങിയും എതിരാളിയെ അടിച്ചുപുറത്താക്കുന്ന രസകരമായ ഓണവിനോദമാണിത്. മണ്ണിൽ ദീർഘചതുരാകൃതിയിൽ കിളിത്തട്ട് വരച്ച് അതിനെ നീളത്തിൽ രണ്ട് തുല്യഭാഗങ്ങളാക്കും. അതിനുശേഷം കുറുകെ അഞ്ചുതട്ടുകളായി വിഭജിച്ച് രണ്ട് ടീമായി കളിതുടങ്ങും. അഞ്ചുപേരടങ്ങുന്ന രണ്ടുടീമാണ് കിളിത്തട്ട് കളിയിൽ പരസ്പരം മാറ്റുരയ്ക്കുക.

തലപ്പന്ത്

ഓണക്കാലത്ത് നാട്ടിൻപുറങ്ങളിൽ കുട്ടികളും മുതിർന്നവരുമൊക്കെ ഒരുകാലത്ത് വീട്ടുമുറ്റങ്ങളിലും മൈതാനങ്ങളിലുമൊക്കെ ഇരുന്ന് കളിച്ചിരുന്ന വിനോദമാണ് ഓണപ്പന്തുകളി എന്നറിയപ്പെടുന്ന തലപ്പന്തുകളി. തലപ്പന്ത്, ഒറ്റ, പെട്ട, പിടിച്ചാൻ, താളം, കാലികീഴ്, ഇണ്ടൻ, ചക്കരക്കൈ എന്നിങ്ങനെ വിവിധങ്ങളായ എട്ടിനങ്ങൾ അടങ്ങിയതാണ് തലയ്ക്കുമീതെക്കൂടി പന്തടിച്ച് കളിക്കുന്ന തലപ്പന്തുകളി. ഒറ്റ, ഇരട്ട, മുറുക്ക്, കവിടി തുടങ്ങിയ പേരുകളിലും വിവിധ ഇടങ്ങളിൽ ഈ എട്ടിനങ്ങൾക്ക് പേരുകളുണ്ട്. കളിക്കാർ രണ്ടുസംഘങ്ങളായി പിരിഞ്ഞ്, ഒരു കൂട്ടർ കളിക്കുകയും മറ്റേക്കൂട്ടർ കാക്കുകയും ചെയ്യുന്നതാണ് ഇന്ന് അന്യംനിന്ന് പോയിക്കൊണ്ടിരിക്കുന്ന തലപ്പന്തുകളിയുടെ രീതി.

പുലികളി

ഓണക്കാലത്തെ കാഴ്ചകളെ വർണാഭമാക്കുന്ന തനത് കലാരൂപങ്ങളിൽ മുന്നിലാണ് കടുവകളി എന്നുകൂടി അറിയപ്പെടുന്ന പുലികളിയുടെ സ്ഥാനം. പുലിയുടെയോ കടുവകളുടെയോ മുഖംമൂടി ധരിച്ചും ദേഹമാസകലം പുലിസദൃശമായ ചായംതേച്ചും വരകൾ വരച്ചും വാദ്യമേളങ്ങൾക്കൊപ്പം താളത്തിൽ ചുവടുവെച്ച് കലാകാരൻമാർ ആടിത്തിമർക്കും. കുടും മഞ്ഞ നിറങ്ങളും കറുപ്പും വെളുപ്പും ചായങ്ങളാണ് വയറുൾപ്പെടെയുള്ള ദേഹഭാഗത്ത് വരയ്ക്കുന്നത്. വരകളുടെ വലുപ്പത്തിനും എണ്ണത്തിനും അനുസരിച്ച് പുലികൾ വ്യത്യസ്തരാവും. ആടിനെ വേട്ടയാടുന്ന പുലിയും പുലിയെ വേട്ടയാടുന്ന വേട്ടക്കാരനുമെല്ലാം പുലികളി കാഴ്ചയുടെ ഭാഗമാണ്. പൂരത്തിന്റെ നാടായ തൃശ്ശൂരാണ് പുലിക്കളിക്ക്‌ പേരുകേട്ട സ്ഥലം. പൂരനാട്ടിലെ പുലികളിക്ക്‌ രണ്ടുനൂറ്റാണ്ടോളം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. തോട്ടുങ്കൽ രാമൻകുട്ടി ആശാൻ ചിട്ടപ്പെടുത്തിയ പുലിമേളം എന്ന പ്രത്യേക താളക്കൊട്ടും തൃശ്ശൂരിലെ പുലികളിക്കുമാത്രം അവകാശപ്പെട്ടതാണ്.

കുമ്മാട്ടിക്കളി

ദേവപ്രീതിക്കായും വിളവെടുപ്പിനോടനുബന്ധിച്ചും ആഘോഷിക്കുന്ന ഈ കളി ഓണത്തപ്പനെ വരവേൽക്കാനായാണ് കുമ്മാട്ടിക്കളി അരങ്ങേറുന്നത്. തൃശ്ശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ ഏറെ പ്രചാരത്തിലുള്ള നാടൻകലാരൂപമാണിത്. മകരം-കുംഭം മാസങ്ങളിൽ വിളവെടുപ്പ് ആഘോഷത്തിന്റെ ഭാഗമായും ഇത് അരങ്ങേറാറുണ്ട്. ഓണക്കാലത്ത് മഹാബലി നാട്ടിലെത്തുമ്പോൾ അദ്ദേഹത്തോടൊപ്പം വീടുകളിൽ ആട്ടവും പാട്ടവുമായെത്തി സന്തോഷിപ്പിക്കണമെന്ന ശിവഭഗവാൻ തന്റെ ഭൂതഗണങ്ങളോട് നിർദേശിച്ചെന്നും അതാണ് കുമ്മാട്ടിക്കളിയായി മാറിയതെന്നുമാണ് ഐതിഹ്യം. മുഖംമൂടികളും പ്രത്യേക വേഷവും ധരിച്ചാണ് കുമ്മാട്ടികൾ നാട്ടിടവഴികളിൽ ഓണക്കാലത്ത് ആട്ടവും പാട്ടുമായെത്താറുള്ളത്.

കൈകൊട്ടിക്കളി

മുറ്റത്ത് കത്തിച്ചുവെച്ച വിളക്കിനോ നിലത്തിട്ട വർണാഭമായ പൂക്കളത്തിനോ ചുറ്റും സ്ത്രീകൾ പാട്ടുപാടി കൈക്കൊട്ടി കളിക്കുന്ന ഓണക്കാല വിനോദമാണ് തിരുവാതിരക്കളി, കുമ്മികളി എന്നൊക്കെ അറിയപ്പെടുന്ന കൈകൊട്ടിക്കളി. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നും കണ്ടുവരുന്ന വനിതകളുടെ തനതായ സംഘനൃത്ത കലാരൂപമാണിത്. ഓണാഘോഷങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ് സ്ത്രീകളുടെ കൂട്ടായ്മയായി നാടെങ്ങും അവതരിപ്പിക്കപ്പെടുന്ന ഈ കലാരൂപം. ഓണക്കാലത്ത് വ്യാപകമായി സംഘടിപ്പിക്കുന്നുണ്ടെങ്കിലും ധനുമാസത്തിലെ തിരുവാതിരനാളിലാണ് തിരുവാതിരയുടെ യഥാർഥ ആഘോഷം. ദൈവത്തിന്റെ നാട്ടിലെ നന്മയെ തിരിച്ചറിഞ്ഞ മലയാളികളുടെ ഗോത്രസംസ്കൃതിയുടെ പ്രതിഫലനമാണ് കൈകൊട്ടിക്കളിയിൽ വ്യക്തമാവുന്നത്.

ഉറിയടി

മൺപാത്രങ്ങളും കലങ്ങളും അടുക്കിവെക്കുന്ന കയറുകൊണ്ടുണ്ടാക്കിയ ലളിതമായ കുടുക്കാണ് ഉറി. ഒരു കയറിന്റെ അറ്റത്ത് വിവിധ ദ്രവ്യങ്ങൾ നിറച്ച മൺകലത്തോടെ കെട്ടിയിട്ട ഉറിയിൽ മറ്റേ അറ്റത്ത് കെട്ടിയ കയർവഴി ഒന്നോ അതിലധികമോ ആളുകൾ കയർ അയച്ചും വലിച്ചും നിയന്ത്രിക്കും. വടി കൈയിലേന്തിയ ആൾ അത് ചാടിയടിച്ച് പൊട്ടിക്കുന്നതാണ് കളിയുടെ രീതി. ഇക്കാലത്ത് പലപ്പോഴും കണ്ണ്് കെട്ടികൊണ്ടുള്ള ഉറിയടിയാണ് കണ്ടുവരാറുള്ളത്. ശ്രീകൃഷ്ണന്റെ വളർത്തമ്മയായ യശോദ മകനെ അന്വേഷിച്ച് നടക്കുന്നതും ഉറിയിൽ ഒളിപ്പിച്ച വെണ്ണ കട്ടുതിന്നുന്നതുകണ്ട് ശകാരിക്കുന്നതുമൊക്കെയാണ് ഉറിയടിയെന്ന വിനോദത്തിനുപിന്നിലെ ഐതിഹ്യപശ്ചാത്തലം.

വടംവലി

ഓണാഘോഷത്തിൽ ഒഴിച്ചുനിർത്താൻ പറ്റാത്ത വിനോദമത്സരമായി മാറിക്കഴിഞ്ഞ ഇനമാണ് വടം വലി. കട്ടിയും വണ്ണവും കൂടിയ കയർ രണ്ടുസംഘങ്ങളായി തിരിഞ്ഞ് ഇരുവശത്തേക്കും ശക്തിയിൽ വലിക്കുന്നതാണ് കളിയുടെ രീതി. കളിക്കാർക്കൊപ്പം കാണികൾക്കും ആവേശം പകരുന്ന വടംവലി ഉദ്‌ഭവത്തെക്കുറിച്ചുപോലും കൃത്യമായ വിവരങ്ങളില്ലാത്ത അതിപുരാതനമായ മത്സരയിനമാണ്. ടീമുകളായി തിരിഞ്ഞ് ഒരു കോർട്ടിൽ വടത്തിനു ഇരുവശത്തുമായാണ് വലിക്കാർ വടംവലിയിൽ അണിനിരക്കുക. വടത്തിന്റെ നടുവിൽ ഒരു അടയാളമോ നിറമുള്ള തൂവാലയോ റിബണോ കെട്ടും. രേഖപ്പെടുത്തിയിരിക്കും. ഈ അടയാളത്തിൽനിന്ന്‌ മീറ്റർ അകലത്തിൽ ഇരുവശത്തേക്കും ഓരോ അടയാളങ്ങളും ഉണ്ടാകും. ഏതുടീമാണോ എതിർ ടീമിനെ ആദ്യം തങ്ങളുടെ വശത്തേക്ക്‌ വലിച്ച് വശങ്ങളിലെ അടയാളങ്ങളെ നടുവിലത്തെ വരയിൽനിന്ന് മറികടപ്പിക്കുന്നത്, അവർ വിജയികളാവുന്നതാണ് വടംവലിയുടെ നിയമം.

തുമ്പിതുള്ളൽ

ഓണാഘോഷത്തിന്റെയും ചില സ്ഥലങ്ങളിൽ തിരുവാതിര ആഘോഷത്തിന്റെയുമെല്ലാം ഭാഗമായി അവതരിപ്പിക്കപ്പെടുന്ന കൗതുകകരമായ ഒരു കളിയാണ് തുമ്പിതുള്ളൽ. കൈയിൽ തുമ്പച്ചെടിയുടെ കുടമോ മരത്തൂപ്പോ കൈയിൽപ്പിടിച്ച് നടുവിൽ ഇരിക്കുന്ന പെൺകുട്ടിയെ ചുറ്റുംനിൽക്കുന്നവർ പാട്ടുപാടുകയും ആർപ്പും കുരവയുമായി തുമ്പി തുള്ളിക്കുന്നതാണ് കളിയുടെ രീതി. പാട്ടുകളുടെ താളത്തിനനുസരിച്ച് ചുറ്റുമുള്ളവർ നടുവിലുള്ള കുട്ടിയെ പതിയെ തല്ലി നീങ്ങി വലംവെക്കും. പാട്ടിന്റെ വേഗതയ്ക്കനുസരിച്ച് പെൺകുട്ടി തുമ്പിയെപ്പോലെ തുള്ളാൻ തുടങ്ങുകയും, പാട്ട് ഉച്ചസ്ഥായിയിലെത്തുമ്പോൾ കൈയിലുള്ള പൂക്കലയും പിന്നീട് ശരീരവും വിറച്ച് മോഹാലസ്യപ്പെട്ടതുപോലെ വീഴുന്നതുമാണ് കേളീരീതി.

കുട്ടിയും കോലും

ഒഴിവുസമയങ്ങളിൽ പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ പ്രചുരപ്രചാരത്തിലുണ്ടായിരുന്ന നാടൻകളിയാണ് കുട്ടിയും കോലും. കാലങ്ങൾ പിന്നിട്ടപ്പോൾ ഈ കളി പിന്നീട് ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന തരത്തിലേക്ക് മാറി. കുട്ടിയും പുള്ളും, ചുട്ടിയും കോലും, ചൊട്ടയും മണിയും, ഇട്ടിയും കോലും, ചുള്ളിയും വടിയും എന്നൊക്കെ പ്രാദേശികമായി ഇതിന് വിളിപ്പേരുകളുണ്ട്. ഒരു മുഴം നീളമുള്ള മരക്കമ്പ് (കോൽ) കൊണ്ട് രണ്ടര ഇഞ്ചോളംമാത്രം നീളമുള്ള ചെറിയ മരക്കമ്പി(കുട്ടി)നെ കോരി അടിച്ചുതെറിപ്പിച്ചാണ് കളി നടക്കാറുള്ളത്.