മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ ശ്രാവണം 2026 ന്റെ ഔപചാരിക ഉദ്ഘാടനം കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് നിർവഹിച്ചു. ചടങ്ങിൽ പ്രവാസി മലയാളികളുടെ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള വിവിധ പ്രഖ്യാപനങ്ങൾ മന്ത്രി നടത്തി. വരും വർഷങ്ങളിൽ സംഗിത നടക അക്കാദമിയുമായി ചേർന്ന് പ്രവാസി നടക്കോത്സവം, ഫോക്കുലർ അക്കാദമിയുമായി ചേർന്ന് പ്രവാസി ഫോക് കലാകാരൻമാർക്കായി ഗോത്രയാനം എന്ന പരിപാടി ബഹ്റൈനിൽ നടത്തുമെന്നും പ്രഖ്യാപിച്ചു.

To advertise here,

തുടർന്ന് നടന്ന 'അരുദ്ര' മെഗാ തിരുവാതിരോത്സവം വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി. ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ നേതൃത്വത്തിൽ നൂറിലധികം വനിതകൾ അണിനിരന്ന മെഗാ തിരുവാതിര പ്രേക്ഷകശ്രദ്ധ നേടി. നൃത്തസംവിധായകൻ പ്രേമൻ ചാലക്കുടിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച മെഗാ തിരുവാതിരയും ശ്രീനേഷ് ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ 'പാർവതി പരിണയം' എന്ന അവതരണ നൃത്തവും പാർവതി പരിണയം സംവിധാനം അജിത്ത് നായർ നിർവഹിച്ചു. ബഹ്റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീതപരിപാടിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ബഹ്റൈനിലെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

സമാജം പ്രസിഡന്റ് പി.വി രാധാക്യഷ്ണ്ണപിള്ള അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സമാജം ഭരണസമിതി അംഗങ്ങൾ, വനിതാ വേദി ഭരണസമിതി അംഗങ്ങൾ, ശ്രാവണം കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

വൻ ജനപങ്കാളിത്തത്തോടെ നടന്ന അരുദ്ര മെഗാ തിരുവാതിര ശ്രാവണം 2026ന്റെ ആഘോഷങ്ങൾക്ക് ശ്രദ്ധേയമായ സാംസ്‌കാരിക നിറപ്പകിട്ട് നൽകി. ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഭാഷാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ സാംസ്‌കാരിക, സാമൂഹിക, ടൂറിസം വകുപ്പുകളുടെ പിന്തുണ തുടർന്നും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.