
കാക്കനാട്: ഓണപ്പൂക്കളവും പൊന്നോണച്ചിരിയും കാക്കനാട്ടുകാർക്ക് വീട്ടുമുറ്റത്തൊരുക്കാൻ ഇക്കുറിയും കടകളിൽ വിൽക്കുന്ന അയൽസംസ്ഥാന പൂക്കൾ വാങ്ങേണ്ടി വരില്ല. പതിവുപോലെ ഇത്തവണയും കാക്കനാടിന്റെ സ്വന്തം യുവ കർഷകൻ കെ.കെ. വിജയന്റെ പൂപ്പാടം ഓണമാഘോഷിക്കുന്നവരെ സ്വാഗതം ചെയ്ത് കാത്തിരിക്കുകയാണ്. കാക്കനാട് തുതിയൂരിലെത്തിയാൽ ഗുണ്ടൽപേട്ടിലും കോയമ്പത്തൂരിലുമെല്ലാമുള്ള പൂപ്പാടങ്ങളിലെത്തിയ വൈബാണ്.
വിജയൻ തുതിയൂരിലെ തന്റെ വീടിനോടു ചേർന്നൊരുക്കിയ ചെണ്ടുമല്ലിപ്പാടമാണ് മനം കുളിർക്കുന്ന കാഴ്ചയായും ഓണപ്പൂക്കളത്തിന് മിഴിവേകാനുമായി നിറഞ്ഞുനിൽക്കുന്നത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലിപ്പൂക്കളും വെള്ളയും വയലറ്റും നിറമുള്ള വാടാമുല്ലയും പറമ്പ് മുഴുവൻ നിറഞ്ഞു. പൂക്കാഴ്ച കാണാനും സെൽഫിയെടുക്കാനും ആളുകളുടെ തിരക്കാണ്.
ഉമാതോമസ് എംഎൽഎ, തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണി പിള്ള, തൃക്കാക്കര കൃഷി ഓഫീസർ ശില്പ വർക്കി, സലിമോൻ, ദീപാ ജേക്കബ്, നിഷി ശരത് എന്നിവരുടെ പിന്തുണയോടെയാണ് ഓണവിപണി ലക്ഷ്യമിട്ട് പൂകൃഷി ചെയ്യുന്നത്. 2500- ഓളം തൈകൾ നട്ടെങ്കിലും കുറച്ചെണ്ണം ഒച്ചുകളുടെ ആക്രമണത്തിൽ നശിച്ചു. മഴക്കാലത്ത് പച്ചക്കറികൃഷി ഉൾപ്പെടെ രാത്രിയിൽ ഇവ കൂട്ടത്തോടെ വന്ന് തിന്നുതീർക്കും.
അതുകൊണ്ട് രാത്രിയിൽ രണ്ട് പ്രാവശ്യമെങ്കിലും കൃഷിയിടത്തിൽ ഇറങ്ങി അവയെ നശിപ്പിച്ചതുകൊണ്ടാണ് പൂകൃഷി വിജയിച്ചതെന്നും വിജയൻ പറയുന്നു. പൂക്കൾ ആവശ്യക്കാർക്ക് പറിച്ചു നൽകുന്നുണ്ട്. കർഷകയായ അമ്മ ഭവാനിയുടെ നിർദേശങ്ങളും സഹോദരങ്ങളായ ഷാജി, ശശി, ഗിരീഷ് എന്നിവരുടെ സഹായവും പൂകൃഷി വിജയമാക്കാൻ സഹായിച്ചു. കഴിഞ്ഞ തവണ സൂര്യകാന്തി'പാടം' തീർത്ത് നാട്ടുകാരെ വിസ്മയിപ്പിച്ച വിജയൻ വീട്ടിലും സമീപത്തെ മറ്റ് പറമ്പുകളിലും ഉൾപ്പെടെ കരനെല്ല്, പച്ചക്കറികൃഷി ഉൾപ്പെടെ ചെയ്യുന്നുണ്ട്.
Content Highlights: Kakkanad`s local farmer Vijay welcomes Onam with a stunning marigold farm
Published: 30 Aug 2025, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented