
മലയാളിക്കും മലയാളത്തിനും അനുപമമായ സംഭാവനകൾ നൽകി എം.ടി. വിട വാങ്ങുമ്പോൾ ലോകം അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. സാഹിത്യകാരനായ, കലാകാരനായ, വലിയ വായനക്കാരനായ എം.ടി. മലയാള മാധ്യമങ്ങളിൽ വേണ്ടത്ര ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ശുണ്ഠിക്കാരനും അധികമാരോടും അടുത്തിടപെടാത്ത ആളും വാക്കുകളിൽ പിശുക്കനുമായ മറ്റൊരു എം.ടി.യെയും നമുക്ക് പരിചയമുണ്ട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തനായ ഒരു എം.ടി.യും ഉണ്ട്.
സാധാരണ രീതിയിൽ പത്രപ്രസ്താവനകളോ മാധ്യമ അഭിമുഖങ്ങളോ വഴി എല്ലാ അനീതികൾക്കും എതിരേ പ്രതികരിക്കുന്ന സ്വഭാവം എം.ടിക്കുണ്ടായിരുന്നില്ല. എന്നാൽ ആഴത്തിൽ പതിഞ്ഞ മാനുഷികതയോടു കൂടി അതത് കാലത്തെ പൊതുസമൂഹം ഇടപെടാൻ വിസമ്മതിച്ച ചില സാമൂഹ്യ സന്ദർഭങ്ങളിൽ അപാരമായ ധീരതയോടെയും അതിൽ കവിഞ്ഞ അനുതാപത്തോടെയും മുന്നിൽ നിന്നിടപ്പെട്ട ഒരു ചരിത്രവും എം.ടി.ക്കുണ്ട്.
എം.ടി. തന്നെ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചതുപോലെ അദ്ദേഹം ആദ്യമായി സജീവമായി ഇടപെടുന്ന ഒരു സാമൂഹിക പ്രശ്നം പെരിങ്ങോമിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന ആണവ നിലയത്തിനെതിരായ ബഹുജന സമരമായിരുന്നു. എം.ടി.യുടെ ആഴത്തിലുള്ള വായന പ്രസിദ്ധമാണ്. ആണവ വിഷയം പോലെയുള്ള ഒരു സാഹിത്യേതര വിഷയത്തിൽ ആഴത്തിലുള്ള ധാരണ രൂപീകരിച്ച ഒരാളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പൂർണ്ണ ബോധ്യത്തോടെ ആണവ വിരുദ്ധ പ്രസ്ഥാനത്തിൻറെ മുൻനിരയിലേക്ക് വരാൻ താരതമ്യേന അന്തർമുഖനായ, അധികം ആക്ടിവിസ്റ്റ് സ്വഭാവമില്ലാത്ത എം.ടി. തയ്യാറായി.
1991 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പെരിങ്ങോത്ത് നിന്നും കണ്ണൂർ കലക്ടറേറ്റിലേക്ക് ആരംഭിച്ച ആണവനിലയ വിരുദ്ധ മാർച്ചിന്റെ ഉദ്ഘാടകൻ എം.ടി. ആയിരുന്നു. ഉദ്ഘാടനത്തിന് ശേഷം ആ മാർച്ചിനോടൊപ്പം സഞ്ചരിക്കാനും വൈകുന്നേരം പയ്യന്നൂർ ഗാന്ധി മൈതാനിയിൽ ചേർന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കാനും അദ്ദേഹം തയ്യാറായി.
ചെർണോബിൽ ആണവ നിലയ സ്ഫോടനം സൃഷ്ടിച്ച ആശങ്ക ലോകവ്യാപകമായിരുന്ന കാലത്ത് അതുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ശേഖരിക്കാനും പഠിക്കാനും എം.ടി. തയ്യാറായി. എം.പി. വീരേന്ദ്രകുമാർ, ബിഷപ്പ് പൗലോസ് മാർ പൗലോസ്, സുഗതകുമാരി, കെ.വി സുരേന്ദ്രനാഥ് തുടങ്ങിയവർക്ക് കൂടി പങ്കാളിത്തമുണ്ടായിരുന്ന ആണവവിരുദ്ധ സമരത്തിൻറെ മുൻനിരയിലേക്ക് എം.ടി. കടന്നുവരാൻ ഇടയാക്കിയ സാഹചര്യം ഇതായിരുന്നു. താൻ ഇടപെടുന്ന കാര്യത്തിന്റെ ഏറ്റവും ചെറിയ വിശദാംശങ്ങൾ പോലും കണ്ടെത്തുന്നതിനും പഠിക്കുന്നതിനും അദ്ദേഹം കാണിച്ച അപാരമായ താല്പര്യം ശ്രദ്ധേയമാണ്. പെരിങ്ങോം ആണവനിലയ വിരുദ്ധ സമിതിയുടെ ജനറൽ കൺവീനർ എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് നിറമുള്ള ഒരു ഓർമ്മയാണ്. ആണവ വിരുദ്ധ സമരത്തിന് ആവശ്യമായ ധനസമാഹരണത്തിന് എം.പി. വീരേന്ദ്രകുമാറും എം.ടി.യും പൗലോസ് മാർ പൗലോസും പോലെയുള്ളവർ സഹായിച്ചത് ഒരിക്കലും മറക്കാനാവില്ല.
എം.ടി.യുമായി ഒത്തു പ്രവർത്തിക്കാൻ ലഭിച്ച മറ്റൊരു അവസരം മുത്തങ്ങ വെടിവെപ്പിനെ തുടർന്നുണ്ടായ സാഹചര്യമാണ്. ഭൂമിക്കു വേണ്ടിയുള്ള അവകാശ സമരത്തിൽ തങ്ങൾ മുൻകാലത്ത് താമസിച്ചിരുന്ന, പിന്നീട് യൂക്കാലി പ്ലാന്റേഷൻ ആയി മാറിയ മുത്തങ്ങയിൽ പ്രവേശിച്ച് കുടിൽകെട്ടി 42 ദിവസത്തോളം സമാധാനപരമായി താമസിച്ച 3000-ത്തോളം ആദിവാസി ജനങ്ങൾക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പും തുടർന്ന് വയനാട്ടിൽ പല ഭാഗങ്ങളിലും ആദിവാസികൾക്കെതിരെ ഉണ്ടായ അതിക്രമങ്ങളും അറിഞ്ഞ ഉടൻ തന്നെ അതിൽ ഇടപെടാൻ എം.ടി തയ്യാറായി. 2001ൽ സെക്രട്ടറിയേറ്റിനു മുന്നിൽ കുടിൽ കെട്ടി സമരം നടത്തുമ്പോൾ നേടിയെടുത്തിരുന്ന വിപുലമായ ജനകീയ പിന്തുണ നിലനിർത്തുന്നതിലും വിപുലീകരിക്കുന്നതിലും വന്ന വീഴ്ചകളും പ്രകൃതി സംരക്ഷണ സമിതിയും പ്രമുഖ പരിസ്ഥിതി പ്രവർത്തകരും വനഭൂമിയിലാണ് സമരം നടത്തുന്നത് എന്നതിന്റെ പേരിൽ ഉന്നയിച്ച ആക്ഷേപങ്ങളും നിമിത്തം വേണ്ടത്ര ജനപിന്തുണ ആർജിക്കാൻ ആദ്യഘട്ടത്തിൽ മുത്തങ്ങ സമരത്തിന് കഴിഞ്ഞിരുന്നില്ല.
ആ സാഹചര്യത്തിൽ കൂടിയാണ് 2003 ഫെബ്രുവരി 19 വെടിവെപ്പ് നടക്കുന്നത്. ക്രൂരമായ പോലീസ് നരനായാട്ടിൽ നൂറുകണക്കിന് ആളുകൾക്ക് പരിക്ക് പറ്റി. പലരും കാട്ടിനുള്ളിൽ തന്നെ അകപ്പെട്ടു. പുറത്തേക്കിറങ്ങുന്ന മനുഷ്യരെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനം മലയാളി വംശീയബോധത്തിന്റെ പ്രകടനമായി മാറിയ ആ നാളുകളിലാണ് എംടി ആ വിഷയത്തിൽ ഇടപെടുന്നത്. എകെ ആൻറണിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻറ് നടത്തിയ ആ അതിക്രമത്തിനെതിരേ ആദ്യ ദിവസങ്ങളിൽ പ്രതിപക്ഷം പോലും കാര്യമായ പ്രതികരണങ്ങൾ നടത്തിയില്ല .എന്നാൽ എംടിയുടെ ഇടപെടൽ ആ അന്തരീക്ഷത്തിന് മാറ്റം ഉണ്ടാക്കുകയും പിന്നീട് പ്രതിപക്ഷം വിഷയം വലിയ തോതിൽ ഏറ്റെടുക്കുകയും ചെയ്തു.
കെ. പാനൂർ, മഞ്ചേരി സുന്ദർരാജ്, അഡ്വ.പിഎപൗരൻ, എൻ സുബ്രഹ്മണ്യൻ , ഡോ. ഡി സുരേന്ദ്രനാഥ് അഡ്വ. അനില ജോർജ്, ഡോ. ബോസ്കോട്ടപ്പുറം, വി കെ സദാനന്ദൻ, എം ദിവാകരൻ എന്നിവർ ആണ് മുത്തങ്ങ വെടിവെപ്പ് നടന്നതിന്റെ തൊട്ടടുത്ത ദിവസം ആദിവാസി ഊരുകൾ സന്ദർശിച്ച് ഒരു തൽസ്ഥിതി റിപ്പോർട്ട് ഉണ്ടാക്കിയത്. അതിനെ തുടർന്ന് പോലീസ് വെടിവെപ്പിന്റെ ഫലമായി ചിതറി പോയ പല ഊരുകളിലായി കഴിയുന്ന മനുഷ്യരെ എം ടി,സാറാ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയുണ്ടായി. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന അക്കാലത്തും കാൽനടയായി പല ആദിവാസി ഊരുകളിലും എത്തിച്ചേർന്ന് അവരുടെ ദുരിതങ്ങൾ മനസ്സിലാക്കാൻ എംടി തയ്യാറായി. ആ സന്ദർശനത്തെ തുടർന്ന് സുൽത്താൻബത്തേരി സ്വതന്ത്ര മൈതാനത്ത് എം ടി നടത്തിയ പ്രസംഗം അടിച്ചമർത്തൽ നേരിടുന്ന വിഭാഗങ്ങളോട് അദ്ദേഹത്തിൻറെ ആഴത്തിലുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഒന്നായിരുന്നു. 2003 ഫെബ്രുവരി 22ന് തന്നെ കോഴിക്കോട്ടെ പത്രസമ്മേളനത്തിൽ വെടിവെപ്പിന്റെ ഭീകരത വെളിപ്പെടുത്തപ്പെട്ടു.
മുത്തങ്ങയെ ഒരു ഭീകര കേന്ദ്രമായി ചിത്രീകരിക്കുന്ന മാധ്യമ വാർത്തകൾ ആയിരുന്നു വെടിവെപ്പിനെ തുടർന്നു ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. എന്നാൽ മുത്തങ്ങയുമായി ബന്ധപ്പെട്ട തടഞ്ഞുവെച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥരെ 2003 ഫെബ്രുവരി 18 ന് തന്നെ ആദിവാസികൾ കലക്ടറുടെ സാന്നിധ്യത്തിൽ വിട്ടയച്ചിരുന്നു എന്നും 19 .2 .2003 രാവിലെ നടന്ന പോലീസ് നടപടിക്കിടയിൽ പരിക്കുപറ്റിയ പോലീസുകാരനെ മധ്യസ്ഥ ഇടപെടൽ ഇല്ലാതെ തന്നെ ഗോത്ര മഹാസഭ പോലീസിനു കൈമാറിയിരുന്നു എന്നും ആ റിപ്പോർട്ടിലൂടെ വെളിവാക്കപ്പെട്ടു.പിന്നീട് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥനെയും വെടിയേറ്റ ആദിവാസികളെയും ചികിത്സിക്കാനായി ഡോക്ടർമാരെ അയച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഗോത്രമഹാസഭ നേതാക്കൾ തന്നെ പോലീസിനെ സമീപിച്ചിരുന്നു . 19ന് 12 മണി മുതൽ വൈകിട്ട് 5 .10 വരെ ആദിവാസി കുടിലിൽ ഉണ്ടായിരുന്ന പത്രപ്രവർത്തകർക്ക് അവിടെ തടഞ്ഞു വെച്ചിരുന്ന പോലീസ് - ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കാണുന്നതിനുള്ള സൗകര്യം ലഭിച്ചിരുന്നു ആദിവാസികളുടെ വികാരപരമായ സമീപനത്താൽ ഉണ്ടായ നിസ്സാരമായ പരിക്കല്ലാതെ മാരകമായ പരിക്കു ഒന്നും അവർക്ക് ഉണ്ടായിരുന്നില്ലെന്നും മാധ്യമപ്രവർത്തകർ ഞങ്ങളോട് സ്ഥിരീകരിച്ചു.
പോലീസ് -ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിട്ടയക്കാൻ മാധ്യമപ്രവർത്തകരെ മധ്യസ്ഥരാക്കാൻ ശ്രമിച്ചപ്പോൾ, ആ പ്രദേശത്തു നിന്ന് പോലീസ് പിന്മാറുമെന്ന് ഉറപ്പുനൽകിയാൽ വിട്ടയക്കാം എന്ന് ഗോത്ര മഹാസഭയുടെ നിർദ്ദേശം മാധ്യമപ്രവർത്തകർ പോലീസിനെ അറിയിച്ചിരുന്നു. പോലീസ് അതിനു തയ്യാറാവാതെ തുടർന്ന് മാധ്യമപ്രവർത്തകർ മധ്യസ്ഥ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇക്കാര്യങ്ങളൊക്കെ പുറംലോകം അറിയുന്നത് ആ റിപ്പോർട്ടിലൂടെയായിരുന്നു. 2003 ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ ആദിവാസികളെ വെടിവെക്കാനുള്ള ചർച്ചകളിൽ മുഴുകിയിരുന്ന പോലീസ് ഉദ്യോഗസ്ഥരും ഭരണനേതൃത്വവും പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമത്തിന് മുൻകൈ എടുത്തിരുന്നില്ല. പിന്നീട് മുത്തങ്ങ വെടിവെപ്പിനെ ശരിയായ വെളിച്ചത്തിൽ പൊതുജന മധ്യത്തിൽ എത്തിച്ചത് ഈ റിപ്പോർട്ടായിരുന്നു.
തുടർന്ന് എംടി ചെയർമാനും എൻ സുബ്രഹ്മണ്യൻ കൺവീനറുമായി ആദിവാസി സമര ഐക്യദാർഢ്യ സമിതി രൂപീകരിക്കപ്പെട്ടു. തന്റെ തിരക്കുകളൊക്കെ മാറ്റിവെച്ച് ബത്തേരിയിൽ നിശ്ചയിച്ച ആദിവാസി ഐക്യദാർഢ്യം സമ്മേളനം വിജയിപ്പിക്കുന്നതിൽ എം ടി മുഴുകി കോഴിക്കോട് നളന്ദയിൽ വെച്ചു നടന്നിരുന്ന എക്സിക്യുട്ടീവ് മീറ്റിങ്ങുകളിൽ ചില തർക്കങ്ങൾ ഉടലെടുക്കുമ്പോൾ എം.ടി ഇടപെട്ടിരുന്നതും ഓർക്കുന്നു. രാജ്യത്തും പുറത്തുമുള്ള സാഹിത്യപ്രവർത്തകരോടും മനുഷ്യാവകാശ പ്രവർത്തകരോടും അദ്ദേഹം സംസാരിച്ചു. കേരളത്തിലെ വലിയ വിഭാഗം സാഹിത്യകാരന്മാരെയും സാംസ്കാരിക പ്രവർത്തകരെയും അദ്ദേഹം ബന്ധപ്പെട്ടു. 2003 ഫെബ്രുവരി 25-ന് ലോകപ്രശസ്ത മനുഷ്യാവകാശപ്രവർത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ് കോഴിക്കോട് എത്തി. ജയിലിൽ കഴിയുന്ന ആദിവാസി സമര നേതാക്കളെയും പ്രവർത്തകരെയും കണ്ടു. പിറ്റേദിവസം വയനാട്ടിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് പീഡനം അനുഭവിച്ചവർക്ക് അരുന്ധതി ആശ്വാസം പകർന്നു. അവർ സംഭാവന നൽകിയ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ആ ദിവസങ്ങളിലെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഒരു സഹായം ആയിരുന്നു. "മിസ്റ്റർ ആന്റണി നിങ്ങളുടെ കൈകളിൽ ചോര പുരണ്ടിട്ടുണ്ട് "എന്ന തലക്കെട്ടിൽ അവർ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് മുത്തങ്ങ സംഭവത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.
അരുന്ധതി റോയ്, എം ടി വാസുദേവൻ നായർ, സാറ ജോസഫ്, കെ.അജിത, ഡോ : എ.കെ രാമകൃഷ്ണൻ, വൈശാഖൻ, ഡോ. കെഎൻ പണിക്കർ, എലിസബത്ത് ഫിലിപ്പ്, ഡോ.ഡി സുരേന്ദ്രനാഥ്, സി സുരേന്ദ്രനാഥ് (മാധ്യമ പ്രവർത്തകൻ) ഡോ: ടി. കെ രാമചന്ദ്രൻ, രാമവർമ്മൻ തുടങ്ങി നിരവധി സാംസ്കാരിക- മനുഷ്യാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ഇടപെടലുകൾ പോലീസ് ഭീകരത ഒരു പരിധിവരെ കുറക്കുന്നതിന് സഹായകമായി. മുത്തങ്ങയെ തുടർന്ന് അന്യായ തടങ്കലിലായ സ്ത്രീകളെയും കുട്ടികളെയും ജയിലിൽ നിന്ന് വിട്ടയക്കാൻ ഭരണകൂടം നിർബന്ധിതമായി. പരിക്കേറ്റ് പോലീസിനെയും സാമൂഹ്യവിരുദ്ധരെയും ഭയന്ന് ആശുപത്രികളിൽ പോലും പോകാൻ കഴിയാതെ വിവിധ ഊരുകളിൽ ചിതറിക്കഴിഞ്ഞ മനുഷ്യരുടെ അടിയന്തര ചികിത്സക്കും എംടി മുന്നിട്ടിറങ്ങി. ഡോ. എംആർ ഗോവിന്ദന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വയനാട് സന്ദർശിച്ചു. മുത്തങ്ങ വെടിവെപ്പിനുശേഷം അനിശ്ചിതത്തിലും ഭീതിയിലുമാണ്ട് കിടന്നിരുന്ന ആദിവാസി ജീവിതത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനും കേരളം അവരുടെ കൂടെയുണ്ടെന്ന് ആത്മവിശ്വാസം ഉണർത്താനും ഭൂമിക്ക് വേണ്ടിയുള്ള അവരുടെ ന്യായമായ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമായി 2003 മാർച്ച് 17 ന് സുൽത്താൻ ബത്തേരിയിൽ ഒരു ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കാനുള്ള തീരുമാനം എംടിയുടെ നേതൃത്വത്തിലാണ് ഉണ്ടായത്.
എഴുത്തുകാർ, ചലച്ചിത്ര പ്രവർത്തകർ, ചിത്രകാരന്മാർ 'ശില്പികൾ, നാടക പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങി ജീവിതത്തിൻറെ നാനാതുറകളിൽ ഉള്ളവരും ആയിരക്കണക്കിന് ആദിവാസി ജനതയും പങ്കെടുത്ത ബത്തേരി ഐക്യദാർഢ്യ സമ്മേളനം ആദിവാസി ജനതയോടുള്ള കേരളത്തിൻറെ ഐക്യദാർഢ്യ പ്രഖ്യാപനം തന്നെയായിരുന്നു. എം.ടി, ഡോ. കെഎൻ പണിക്കർ, പുനത്തിൽ കുഞ്ഞബ്ദുള്ള, സാറാ ജോസഫ്, കെ പി രാമനുണ്ണി, വൈശാഖൻ, എൻ പ്രഭാകരൻ, സി വി ബാലകൃഷ്ണൻ, എൻ ശശിധരൻ, വിഎസ് അനിൽകുമാർ, എൻ പി ഹാഫിസ് മുഹമ്മദ്, ഡോ: രാഘവൻ പയ്യനാട്, സിദ്ധാർത്ഥൻ പരുത്തിക്കാട്, ഇബ്രാഹിം വെങ്ങര, പി കെ ഗോപി, ജമാൽ കൊച്ചങ്ങാടി ഭാഗ്യനാഥൻ, സുനിൽ അശോകപുരം, സിനിമാ സംവിധായകൻ അമ്പിളി, ചെലവൂർ വേണു, പുരുഷൻ കടലുണ്ടി, ജാനമ്മ കുഞ്ഞുണ്ണി, അഡ്വ. ആനന്ദകനകം, ഒ.കെ ജോണി, കെ.അജിത, ഡോ: വി വേണുഗോപാൽ, സിആർ നീലകണ്ഠൻ, മാധ്യമ പ്രവർത്തകൻ സി.എൽ തോമസ്, ഡോ : ടി കെ രാമചന്ദ്രൻ ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സാംസ്കാരിക പ്രവർത്തകരുടെ ഒരു നിര മാർച്ച് 17-ന് നടന്ന സുൽത്താൻ ബത്തേരി കൺവെൻഷനിൽ സംബന്ധിച്ചു. വൈകുന്നേരം ആയിരങ്ങൾ ഏറ്റുചൊല്ലിയ "ആദിവാസികൾ അന്യരല്ലാ, കേരളം നിങ്ങളോടൊപ്പം ഉണ്ട് എന്ന മുദ്രാവാക്യം എംടിയുടേതായിരുന്നു. മുത്തങ്ങയിലെ വെടിവെപ്പിനെ തുടർന്നുണ്ടായ ശ്രദ്ധേയമായ മറ്റൊരു പൗരാവകാശ ഇടപെടൽ ആയിരുന്നു ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നിയോഗിച്ച ജനകീയ ജുഡീഷ്യൽ കമ്മീഷൻ. മുംബൈ ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി എച്ച് സുരേഷും കേരള ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി പി കെ ഷംസുദ്ദീനും ഇതിനു നേതൃത്വം നൽകി. 2003 മാർച്ച് 9 ,10, 11 തീയതികളിൽ വയനാട്ടിലും കണ്ണൂർ, കോഴിക്കോട് ജയിലുകളിലും കമ്മീഷൻ തെളിവെടുപ്പ് നടത്തി. ഈ പ്രവർത്തനങ്ങൾക്കും എംടിയുടെ സഹായം ഉണ്ടായിരുന്നു.
Content Highlights: MT Vasudevan Nair`s unwavering commitment to social justice.
Published: 26 Dec 2024, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented