എം.ടി.യെപ്പോലുള്ള ഉന്നതരായ എഴുത്തുകാർക്ക് ഒരിക്കലും മരണമില്ലെന്ന് ജ്ഞാനപീഠജേതാവും കൊങ്ങിണി എഴുത്തുകാരനുമായ ദാമോദർ മൗസോ. എം.ടി.ക്ക് സ്മരണാഞ്ജലിയായി കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ മാതൃഭൂമിയൊരുക്കിയ ‘രമണീയം എം.ടി. കാലം’ എന്ന പരിപാടിയിൽ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളോളം അദ്ദേഹം സഹൃദയമനങ്ങളിൽ ജീവിക്കും. മലയാളത്തിന്റെയും ഇന്ത്യയുടെയും മാത്രമല്ല, ലോകസാഹിത്യത്തിന്റെ ഭാഗമായ മഹാനായ എഴുത്തുകാരനാണ് അദ്ദേഹം.

To advertise here,

ആദ്യപരിചയത്തിൽ അന്തർമുഖനും വാക്കുകൾക്ക് പിശുക്കുള്ളയാളുമെന്നാണ് അദ്ദേഹത്തെക്കുറിച്ച് തോന്നിയത്. സംസാരിക്കുന്നത് അല്പമാത്രമെങ്കിലും ഭാവസമുദ്രമാണ് അദ്ദേഹം ആവിഷ്കരിക്കുന്നതെന്ന് പിന്നീട് മനസ്സിലായി.

കേന്ദ്രസാഹിത്യഅക്കാദമി നിർവാഹകസമിതിയിൽ അദ്ദേഹത്തോടൊപ്പം അഞ്ചുവർഷം പ്രവർത്തിക്കാനായി. അവിടെയും അദ്ദേഹം അധികമൊന്നും സംസാരിച്ചില്ല. പക്ഷേ, പറഞ്ഞതുമുഴുവൻ തികഞ്ഞ ബോധ്യത്തോടെയും പ്രതിബദ്ധതയോടെയുമായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്ക് നിസ്സാരവോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ അക്കാദമിയുടെ തലം എത്രയോ ഉന്നതമാകുമായിരുന്നു. അത് ഉണ്ടായില്ലെന്നത് നമ്മുടെ സാഹിത്യലോകത്തിന്റെ നഷ്ടമാണ്. സമകാലികരായ സാഹിത്യകാരന്മാരെ വിമർശിക്കാത്ത, കുറ്റംപറയാത്ത എഴുത്തുകാരനെന്നത് എം.ടി.യുടെ മഹത്ത്വത്തിന്റെ വലിയ അടയാളമാണെന്നും മൗസോ പറഞ്ഞു.