എം.ടി വാസുദേവന്‍ നായരുടെ നിര്യണത്തില്‍ അനുശോചനം അറിയിച്ച് ഒഡിഷ എഴുത്തുകാരിയും ജ്ഞാനപീഠജേതാവുമായ പ്രതിഭാറായ്. ഇന്ത്യന്‍ സാഹിത്യത്തിന് തീരാ നഷ്ടമാണ് തന്റെ സഹോദര തുല്യനായ എം.ടിയുടെ മരണമെന്നും അവർ അറിയിച്ചു.

To advertise here,

'അദ്ദേഹവുമായി ചേര്‍ന്ന് ദീര്‍ഘനാളായി പ്രവര്‍ത്തിച്ചിരുന്നു. സാഹിത്യ അക്കാദമിയില്‍ അഞ്ചു വര്‍ഷം ഞങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നു. എന്നെ ഇളയ അനുജത്തിയെ പോലെയാണ് അദ്ദേഹം കണ്ടിരുന്നത്. നിരവധി എഴുത്തുകാര്‍ക്ക് മാതൃകയായിരുന്ന മൃദുഭാഷിയായിരുന്നു അദ്ദേഹം.എം.ടി എന്നും പ്രചോദനമായിരുന്നു. ഇന്ത്യന്‍ സാഹിത്യോത്സവങ്ങളില്‍ നേരിട്ടുകാണുമ്പോഴൊക്കെ അദ്ദേഹം എന്നെ സഹോദരിയെന്ന് മറ്റുള്ളവരോട് ഉറക്കെ പറഞ്ഞു. ആ സഹോദരസ്ഥാനം എനിക്ക് വലിയ അഭിമാനമായിരുന്നു സമ്മാനിച്ചത്. കോഴിക്കോട് വരാന്‍ സാഹചര്യം കിട്ടിയപ്പോഴെല്ലാം ഞാനെന്റെ മുതിര്‍ന്ന സഹോദരനെ ചെന്നുകണ്ടു. എന്റെ എളിയ സമ്മാനങ്ങള്‍ നല്‍കി. അദ്ദേഹം ഇന്ത്യന്‍ സാഹിത്യത്തിന് നല്‍കിയ മഹത്തായ രചനയാണ് രണ്ടാമൂഴം. വിവര്‍ത്തനം ചെയ്ത പതിപ്പ് വായിച്ച് ഞാന്‍ വളരെയധികം പ്രചോദിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്റെ സാഹിത്യജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ എഴുത്തുകാരില്‍ പ്രമുഖനായിരുന്നു എം.ടി. സാഹിത്യത്തിനുമാത്രമല്ല, സിനിമാമേഖലയ്ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ മഹത്താണ്. നന്നായി പ്രസംഗിക്കുന്ന, മികച്ച സംഘാടനപാടവുമുള്ള ഒരു മുതിര്‍ന്ന എഴുത്തുകാരനെയാണ് ഇന്ത്യന്‍ സാഹിത്യത്തിന് നഷ്ടമായിരിക്കുന്നത്.

കേരളത്തില്‍ വരുമ്പോള്‍ സഹോദരന്റെ  അടുത്തേക്ക് വരുന്നതുപോലെയായിരുന്നെന്നും ഓര്‍മ്മകളില്‍ സ്‌നേഹത്താല്‍ അദ്ദേഹം എന്നും നിറഞ്ഞു നില്‍ക്കുമെന്നും പ്രതിഭാറായ് പറഞ്ഞു.