എം.ടിയുടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ കമല്‍. എം.ടിയുടെ കാലത്ത് ജീവിക്കാന്‍ സാധിച്ചത് വലിയ പുണ്യമാണെന്നും എം.ടിയുടെ വിയോഗം വലിയയൊരു നഷ്ടമാണെന്നും കമല്‍ പ്രതികരിച്ചു. 

To advertise here,

കമലിന്റെ വാക്കുകള്‍ 

ഞാനെപ്പോഴും ആലോചിക്കാറുണ്ട്, എം.ടിയുടേയൊക്കെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞതുതന്നെയാണ് നമ്മുടെ ഏറ്റവും വലിയ പുണ്യമെന്ന് പറയുന്നത്. വ്യക്തിപരമായി എം.ടി. സാറുമായിട്ട് വളരെ അടുപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് ഈ വീട്ടില്‍ വരാറുള്ള ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ അനുഗ്രഹം എന്നും ഉണ്ടായിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ വലിയൊരു പ്രസ്ഥാനമായിട്ടുള്ള തുഞ്ചന്‍ പറമ്പില്‍ പലതവണ എം.ടി. സാറുമായി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്റെ സിനിമാജീവിതം തുടങ്ങിയ കാലം മുതല്‍തന്നെ, ഞാന്‍ പി.എന്‍. മേനോന്റെ സഹസംവിധായകനായിരുന്ന കാലം മുതല്‍തന്നെ വളരെ വാത്സല്യത്തോടെയാണ് എം.ടി. സാര്‍ എന്നെ കണ്ടിട്ടുള്ളത്. എം.ടിയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് എന്റെ ഏറ്റവും വലിയ ദുഃഖം. 

ഒരുപക്ഷേ എം.ടിയുടെ കഥകളൊക്കെ ഒരുപാട് വായിച്ച ഒരാളാണ് ഞാന്‍. ഞാന്‍ വായിക്കാത്ത എം.ടിയുടെ നോവലുകളോ കഥകളോ ഉണ്ടാവില്ല എന്നാണ് തോന്നുന്നത്. എന്റെ ജീവിതത്തില്‍ വീണ്ടും വീണ്ടും വായിച്ചിട്ടുള്ളത് ആ എഴുത്താണ്. ഈയടുത്ത കാലത്ത് കാലം വീണ്ടും വായിച്ചു. കാരണം ഒരോര്‍മ പുതുക്കലാണ്. എം.ടിയെ എപ്പോഴും നമ്മള്‍ മനസ്സുകൊണ്ട് നവീകരിച്ചുകൊണ്ടിരിക്കും. അങ്ങനെയൊരു മനുഷ്യന്‍ ഇനിയില്ല എന്നുള്ളത് വലിയൊരു നഷ്ടം തന്നെയാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. ഇതുപോലെയുള്ള മഹാപ്രതിഭകള്‍, അവരോടൊപ്പം സഞ്ചരിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് ഞങ്ങളെപ്പോലുള്ളവരുടെ ഏറ്റവും വലിയ ഭാഗ്യമായി കണക്കാക്കുന്നത്. എന്തായാലും ഈ വിയോഗത്തില്‍ കോഴിക്കോടിനോടൊപ്പം എല്ലാ മലയാളികളോടൊപ്പം ലോകത്തുള്ള എല്ലാ അക്ഷരസ്‌നേഹികളോടൊപ്പം ആ ദുഃഖത്തില്‍ ഞാനും പങ്കുചേരുകയാണ്.