മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലാണ് അഖിൽ പി. ധർമജനും ബാബു അബ്രഹാമും മനസ് തുറന്നത്

ഏറ്റവുമധികം വായിക്കപ്പെട്ട നോവലുകളുടെ എഴുത്തുകാർക്ക് ജനപ്രീതിയാണോ അതോ അപ്രീതിയാണോ തലവേദന സൃഷ്ടിക്കുന്നത്? രണ്ടും എന്നായിരുന്നു ഉത്തരം. നാല് ലക്ഷം കോപ്പികൾ വിറ്റ 'റാം c/o ആനന്ദി'യുടെ രചയിതാവ് അഖിൽ പി. ധർമജനും ഒരു വർഷം കൊണ്ട് 75,000 കോപ്പി വിറ്റ 'കമ്പിളികണ്ടത്തെ കൽഭരണികൾ' എഴുതിയ ബാബു അബ്രഹാമുമാണ് വായനക്കാരോട് ഹൃദയം തുറന്നത്. പ്രിയരാജ് ഗോവിന്ദരാജ് മോഡറേറ്ററായി.
കാക്കയ്ക്കും പരുന്തിനും ചില ആളുകൾ ചില പരിധികൾ വെച്ചിട്ടുണ്ട്. എന്നെ കാക്കയായാണ് അത്തരക്കാർ കാണുന്നത്. ഒരു പരിധിയിൽ കൂടുതൽ പറന്നാൽ പ്രശ്‌നമാവും. നേരിട്ട് നല്ല വാക്ക് പറയുന്ന ചിലർ പുറത്തു പോയി കുറ്റം പറയുന്നത് കേട്ടിട്ടുണ്ട് -അഖിൽ സങ്കടപ്പെടുന്നു. സ്ഥിരമായി ഏറുകൾ ഏറ്റുവാങ്ങുമ്പോൾ നമ്മൾ തെറ്റുകാരനാണോ എന്ന് തോന്നും. പല ദിവസങ്ങളിലും ഉറങ്ങാൻ കഴിയാറില്ല. ഡിപ്രഷൻ അവസ്ഥയിലൊക്കെ ആവും -അഖിൽ തുടർന്നു.
Also Read: 'ജോർജ് സാർ' എന്ന വിളി ഇപ്പോൾ അസ്വസ്ഥതയുണ്ടാക്കുന്നു, അടുത്ത സിനിമയിൽ വില്ലൻ വേഷമല്ല -പ്രകാശ് വർമ
ഒരു ഘട്ടത്തിൽ ഫോണിൽ വിളിച്ച് പലരും മോശമായി സംസാരിക്കാൻ തുടങ്ങി. 'കിട്ടുമോ' എന്നാണ് ചോദ്യം. അതിൽ സ്ത്രീകളും അന്യഭാഷക്കാരും എല്ലാമുണ്ട്. ഒരു തമിഴൻ ഇതുപോലെ വിളിച്ചപ്പോൾ ഞാൻ ചോദിച്ചു, അണ്ണാ നിങ്ങൾക്ക് എവിടെ നിന്നാണ് ഈ നമ്പർ കിട്ടിയതെന്ന്. അയാളാണ് പറഞ്ഞത് തീവണ്ടിയിലെ കക്കൂസിന്റെ ചുമരിൽ നിന്നാണെന്ന്. ഏത് തീവണ്ടിയാണെന്ന് മൂപ്പർക്ക് അറിയില്ല. ഇപ്പോൾ തീവണ്ടിയിലെ ശൗചാലയത്തിൽ കയറുമ്പോഴൊക്കെ ഞാൻ ചുമരിലേക്ക് നോക്കും, എന്റെ നമ്പറെങ്ങാനും ഉണ്ടോ എന്നറിയാൻ -അഖിൽ പാതി തമാശയിലും പാതി വിഷമത്തിലും പറഞ്ഞു.
Don’t Miss: ആരും തിരക്കിട്ടു കല്യാണം കഴിക്കരുത്, 'ലിവിങ് ടുഗദർ' ബന്ധങ്ങൾ സൂക്ഷിച്ചു മതി -എം. മുകുന്ദൻ
'കുറ്റം പലരും പറയാറുണ്ട്. ആര് പറയുന്നു എന്നതാണ് പ്രധാനം. ക്രിസ്തുവിനെ ഒറ്റിയതല്ല പ്രശ്‌നം, കൂടെ നടന്നവർ തന്നെ ഒറ്റി എന്നതാണ്' -ബാബു അബ്രഹാം തന്റെ അനുഭവങ്ങൾ സരസമായി അവതരിപ്പിച്ചു. ആരോപണങ്ങൾ പലതാണ്, ഇയാൾക്ക് പണമുള്ളതുകൊണ്ടാണ് പുസ്തകം വിറ്റതെന്ന് ചിലർ. വേറെ ആരോ എഴുതിയതാണെന്ന് വേറൊരു കൂട്ടർ. ഒരു കാര്യം ഓർക്കണം, വയറ്റാട്ടി മുക്കിയാൽ കൊച്ചുണ്ടാവില്ല. ഞങ്ങളെ ഞങ്ങൾക്ക് ഇഷ്ടമുള്ള പോലെ എഴുതാൻ അനുവദിക്കണം. എല്ലാവരുടേയും ഗർഭം ഒരു പോലെയാവില്ല, എന്റെ ഗർഭം ഇങ്ങനെയാണ് -അദ്ദേഹം തുടർന്നു. 'മലയാളി പൊളിയാണെ'ന്ന് പറയുന്നത് മലയാളി തന്നെയാണ്. അനിഷ്ടങ്ങളുടെ കൂമ്പാരമുള്ള മനസ്സ് സൂക്ഷിക്കുന്ന ഒരു മലയാളി കൂടിയുണ്ട്. ഞങ്ങളുടേത് ലോകോത്തര സാഹിത്യമാണ് എന്ന് ഞങ്ങളാരും അവകാശപ്പെട്ടിട്ടില്ലല്ലോ എന്ന് അദ്ദേഹം ചോദിച്ചു.
Also Read: ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസം കുറഞ്ഞുവെന്ന് വീടുകളിൽ പോയപ്പോൾ മനസ്സിലായി -ബിനോയ് വിശ്വം
കൊറിയറായി തനിക്ക് വന്ന സാധനങ്ങളെക്കുറിച്ച് അഖിൽ സംസാരിച്ചു. വന്ധ്യത മാറാനുള്ള മരുന്ന്, ഉദ്ധാരണത്തിനുള്ള മരുന്ന്, കോണ്ടം, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ... അങ്ങനെ പലതും. ചേട്ടൻ ചോദിച്ചത് നിനക്ക് മാനസിക രോഗമാണോ, നീ തന്നെയാണോ ഇതൊക്കെ ഓർഡർ ചെയ്യുന്നത് എന്നാണ്. ഇതൊക്കെയാണ് ജനപ്രീതി കൊണ്ട് കിട്ടുന്നത് -അഖിൽ പറഞ്ഞു.
ആളുകളോട് 'നോ' പറയുമ്പോൾ നമുക്ക് കിട്ടുന്ന വിശേഷണം അഹങ്കാരി എന്നാണ്. ഒരിക്കൽ രണ്ടു മണിക്കൂർ നിന്ന നിൽപ്പിൽ പുസ്തകം ഒപ്പിട്ടു നൽകി. ഉച്ചയായപ്പോൾ വിശന്നു. ഒന്ന് കഞ്ഞി കുടിച്ചിട്ട് വരാം എന്നു പറഞ്ഞപ്പോൾ '75,000 കോപ്പിയൊക്കെ വിറ്റുപോയാൽ ഇങ്ങനെത്തന്നെയാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. ഞാൻ പറഞ്ഞു, അതുകൊണ്ടല്ല വിശന്നിട്ടാണ്. അത്രയും കോപ്പി വിറ്റില്ലെങ്കിലും വിശന്നാൽ എനിക്ക് കഞ്ഞി കുടിക്കണം. പ്രശസ്തിയുണ്ട് എന്നു കരുതി 'നോ' പറയാനുള്ള അവകാശം വിറ്റു എന്നു കരുതരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don’t Miss: സർക്കാരിന്റെ ഫാസിസ്റ്റ്-ഭൂരിപക്ഷാധിപത്യ സ്വഭാവം വിഷലിപ്തമായ പകർച്ചവ്യാധി- അരുന്ധതി റോയ്
അഖിലിന്റെ 'റാം' ആറു പേജേ താൻ വായിച്ചിട്ടുള്ളൂ എന്ന് ബാബു അബ്രഹാം പറഞ്ഞു. എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്നു കരുതി അത് മോശമാവില്ല. എന്റെ ഭാര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട നോവലാണത്. ഈ ചെറിയ പ്രായത്തിൽ ഇത്രേം വിറ്റുപോയ പുസ്തകങ്ങൾ... സത്യത്തിൽ എനിക്കീ കൊച്ചിനോട് കുശുമ്പാണ്, അതങ്ങ് നേരിട്ട് പറഞ്ഞാൽ തീർന്നു -അദ്ദേഹം വിശദീകരിച്ചു.
പ്ലസ് ടു തോറ്റ എന്റെ 'ഓജോ ബോർഡ്' എന്ന നോവൽ തിരസ്‌കരിച്ച പ്രസാധകർ തന്നെയാണ് പിൽക്കാലത്ത് അത് പ്രസിദ്ധീകരിച്ചത്. അതു മാത്രമല്ല മറ്റ് നോവലുകളും. റാം ആനന്ദിയിൽ 'റാം' ഉള്ളതുകൊണ്ടാണ് അവാർഡ് കിട്ടിയത് എന്നു പറഞ്ഞവരുണ്ട്. ലോട്ടറി വിൽക്കുന്ന, നാടിനപ്പുറം പോവാത്ത അച്ഛന് ഡൽഹിയിൽ വലിയ പിടിയുള്ളതാണ് കാരണമെന്ന് പറഞ്ഞവരുണ്ട് -അഖിൽ തുടർന്നു. താൻ മരിച്ചിട്ട് 'കൽഭരണികൾ' ആഘോഷിച്ചിട്ട് കാര്യമില്ലെന്നും ആഘോഷങ്ങളൊക്കെ ഇപ്പോൾത്തന്നെ നടക്കണമെന്നുമായിരുന്നു ബാബു അബ്രഹാമിന്റെ അഭിപ്രായം.
റാം c/o ആനന്ദി ഉടൻസിനിമയാവും
അഖിൽ പി. ധർമജന്റെ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകമായ 'റാം കെയർ ഓഫ് ആനന്ദി' ഉടൻ സിനിമയാവും. എഴുത്തുകാരൻ തന്നെയാണ് മാതൃഭൂമി അക്ഷരോത്സവത്തിൽ ഇക്കാര്യം അറിയിച്ചത്. തിരക്കഥ എഴുതുന്നത് ഒട്ടേറേ സിനിമകൾ ചെയ്ത പ്രശസ്തനായ ആളാണ്. തത്കാലം പേര് വെളിപ്പെടുത്തുന്നില്ല. തന്റെ കുഞ്ഞിനെ തനിക്കു തന്നെ വെട്ടിക്കീറാൻ കഴിയാത്തതുകൊണ്ടാണ് തിരക്കഥ താൻ തന്നെ എഴുതാത്തതെന്നും അഖിൽ പറഞ്ഞു. ഈ തിരക്കഥയിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: At the MBIFL, best-selling authors Akhil P. Dharmajan and Babu Abraham discussed the heavy price of popularity. While Akhil shared harrowing accounts of harassment—including his phone number being scrawled in train toilets and receiving lewd couriers—Babu Abraham addressed the cynicism of critics who dismiss popular success as mere luck or ghostwriting.
Published: 01 Feb 2026, 04:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented