ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ, ദി ഔട്ട്‌ലുക്ക്, അല്‍ ജസീറ തുടങ്ങിയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ റൂബന്‍ ബാനര്‍ജി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ മിസ്സിങ് എഡിറ്റര്‍ എന്ന പുസ്തകം വളരെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു:
കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് മിസ്സിങ് എന്ന കവര്‍സ്റ്റോറി ചെയ്തതിന് ഔട്ട് ലുക്ക് മാനേജ്‌മെന്റ് പുറത്താക്കിയിരുന്നല്ലോ. അങ്ങയുടെ കരിയറിലെ ഏറ്റവും നിരാശ തോന്നിയ നിമിഷമായിരുന്നോ അത്.
തീര്‍ച്ചയായും എഡിറ്ററുടെ ജോലി നഷ്ടമായത് വളരെ നിരാശപ്പെടുത്തി. ആ നടപടി അതുവരെ പത്രപ്രവര്‍ത്തനം ഏതിന് വേണ്ടിയാണോ നിലകൊണ്ടത്, അതിനെതിരായിരുന്നു. അതിനപ്പുറം എനിക്കൊരു സ്ഥിരം ജോലിയുടെ ആവശ്യമുണ്ടായിരുന്നു, ജീവിക്കാന്‍ വരുമാനത്തിന്റെ ആവശ്യമുണ്ടായിരുന്നു. ഈ പ്രശ്‌നത്തിലെ രജതരേഖ എന്താണെന്നുവെച്ചാൽ, ഞാന്‍ തോല്‍വി സമ്മതിച്ചിട്ടില്ല ഇതുവരെ. വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി തന്നെ ഇപ്പോഴും നിലകൊള്ളുന്നു എന്നതാണ്. പത്രപ്രവര്‍ത്തകര്‍ എന്നും അധികാരത്തോട് സത്യം വിളിച്ചു പറയണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ പരിമിതമായ ശേഷിക്കുള്ളില്‍ നിന്നും ഞാന്‍ അതുതന്നെയാണ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം.ജെ.അക്ബര്‍ രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് അദ്ദേഹത്തെ പുറത്താക്കിയ വിവരം ഫോണില്‍ വിളിച്ചു പറഞ്ഞതത്രെ. അങ്ങയുടെ അനുഭവം എന്തായിരുന്നു.
ഔട്ട്‌ലുക്കില്‍ ഞാന്‍ ഏതാണ്ട് മൂന്നര വര്‍ഷം ഉണ്ടായിരുന്നു. അതില്‍ ആദ്യത്തെ മൂന്നുവര്‍ഷം അതിഗംഭീരമായിരുന്നു. മാനേജ്‌മെന്റ് ഒരു കാര്യത്തിലും ഇടപെട്ടിരുന്നില്ല. സ്ഥാപനത്തിന്റെ ഉടമകള്‍ എന്നെ പൂര്‍ണമായും പിന്തുണച്ചു. പെട്ടെന്നാണ് കാര്യങ്ങള്‍ മാറിയത്. മിസ്സിംഗ് എന്ന കവര്‍സ്‌റ്റോറി കാര്യങ്ങള്‍ മാറ്റിമറിച്ചു.
കോവിഡ് കാലത്തെ മരണങ്ങളെക്കുറിച്ചുള്ളതല്ലേ
സത്യത്തില്‍ ഗവണ്‍മെന്റ് അപ്രത്യക്ഷമായത് പോലുള്ള ഒരു അവസ്ഥയായിരുന്നു അന്ന്. എന്തായാലും അതോടെ കാര്യങ്ങളൊക്കെ മാറി. സ്ഥാപനത്തിലെ വളരെ വിലമതിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തിരുന്ന ഒരാള്‍ എന്ന നിലയില്‍ നിന്നും ഒറ്റരാത്രികൊണ്ട് ആരുമല്ലാതായിപ്പോയതുപോലെ എനിക്ക് തോന്നി. ഞാന്‍ പുറത്തായി കാണാന്‍ അവര്‍ ആഗ്രഹിച്ചു, ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുകയും ചെയ്തു. എന്നെ അവര്‍ പുറത്താക്കി. ആ പുറത്താക്കല്‍ ഒരു കീര്‍ത്തിമുദ്രയായി ഞാന്‍ കാണുന്നു. വിശ്വസിച്ച കാര്യങ്ങള്‍ക്ക് വേണ്ടി ഉറച്ച നിലപാടെടുത്തതില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിന് വലിയ വില കൊടുക്കേണ്ടി വന്നു. പക്ഷേ അതില്‍ നമുക്ക് ഒന്നും ചെയ്യാനാവില്ലല്ലോ.
പണ്ട് ഔട്ട്‌ലുക്കിന്റെ എഡിറ്ററായിരുന്ന വിനോദ് മേത്ത, വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് എങ്ങനെയാണ് മാസിക ഉടമകളെ വേട്ടയാടിയത് എന്ന് എഴുതിയിരുന്നു. സമാനമായ അനുഭവമാണോ ഔട്ട് ലുക്കിന് വീണ്ടും ഉണ്ടായത്.
ഇനി ഒരിക്കലും ആ മാസികയില്‍ ഒരു റെയ്ഡ് ഉണ്ടാകരുത് എന്ന് ഞാന്‍ വളരെ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. 2003, 2004-ല്‍ അത് സംഭവിച്ചിരുന്നു. ഔട്ട്‌ലുക്ക് പുറത്തുവിട്ട ഒരു എക്‌സ്‌ക്ലൂസീവ് വാര്‍ത്തയെത്തുടര്‍ന്ന് ഇ.ഡി പോലുള്ള എല്ലാ കേന്ദ്ര ഏജന്‍സികളും സ്ഥാപനത്തെയും ഉടമകളെയും റെയിഡ് ചെയ്തു. അത് വീണ്ടും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇന്ത്യയില്‍ മാധ്യമങ്ങളൊക്കെ ഒരുതരത്തില്‍ ഉപരോധിക്കപ്പെട്ട അവസ്ഥയിലാണ്. നിയമങ്ങളൊക്കെ കേന്ദ്രം ആയുധമാക്കിയിരിക്കുന്നു. മാധ്യമസ്ഥാപനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാം, മാധ്യമ ഉടമകള്‍ ജയിലില്‍ പോകാം, അവരുടെ പണം, അവരുടെ മൂലധനം ഏജന്‍സികള്‍ പിടിച്ചെടുക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മാധ്യമ ഉടമകളൊക്കെ വളരെ ഭയാശങ്കയിലാണ്. പി.എം.എല്‍.എ എന്ന നിയമമാണ് കാരണം. റിസ്ക്കെടുക്കാന്‍ മുതലാളിമാര്‍ക്ക് ഒട്ടും ആഗ്രഹിക്കുന്നില്ല.
അതുകൊണ്ടാണോ മോദി സര്‍ക്കാരിനെതിരെ വലിയ അഴിമതിക്കഥ ഒന്നും പുറത്തു വരാത്തത്.
അല്ല, ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. ചില യൂട്യൂബ് ചാനലുകളും ചെറുകിട മാധ്യമങ്ങളും ഒക്കെ ഗംഭീരമായ ജേണലിസം നടത്തുന്നുണ്ട്. ഉദാഹരണത്തിന് ഇലക്ടറല്‍ ബോണ്ട് പ്രശ്‌നം. ആ സമയത്ത് പുറത്തുവന്ന ചില വാര്‍ത്തകള്‍ ഉജ്ജ്വലമായിരുന്നു. വലിയ മാധ്യമങ്ങളൊക്കെ ആയുധം വച്ചു കീഴടങ്ങിയതാണ്, അവര്‍ സര്‍ക്കാരിന് മുന്നില്‍ നിശബ്ദരായിരിക്കുന്നതാണ് ഇന്നത്തെ പ്രശ്‌നം. ചെറിയ മാധ്യമങ്ങള്‍ അവര്‍ക്ക് കഴിയുന്നത് ചെയ്യുന്നുണ്ട്. പക്ഷേ, അവരുടെ റീച്ച് വലിയ മാധ്യമങ്ങളോട് കിടപിടിക്കുന്നതല്ല.
ഒരു ജനാധിപത്യരാജ്യം എന്നനിലയില്‍ നമ്മുടെ പ്രതിപക്ഷം കൂടുതല്‍ ക്രിയാത്മകമായ പങ്കുവഹിക്കണമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ.
അവരത് ചെയ്യുന്നുണ്ട്. പക്ഷേ, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ സമയവും സ്ഥലവും നല്‍കണം. അല്ലെങ്കില്‍ അവരുടെ സന്ദേശം എങ്ങനെയാണ് ജനങ്ങളിലേക്ക് എത്തിച്ചേരുക? പ്രതിപക്ഷം ചെയ്യുന്നത് എന്തായാലും അര്‍ഹിക്കുന്ന രീതിയില്‍ ജനങ്ങളിലേക്ക് എത്തുന്നില്ല, എത്തേണ്ട രീതിയില്‍ എത്തുന്നില്ല. അതൊരു വലിയ പ്രശ്‌നമാണ്.
കഴിഞ്ഞ ദിവസത്തെ ഒരു ചര്‍ച്ചയില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വളരെ ധ്രുവീകരിക്കപ്പെട്ടു പോയിരിക്കുന്നു, രണ്ടു വളരെ വ്യത്യസ്തമായ ക്യാമ്പുകള്‍ ആയി മാറിയിരിക്കുന്നു എന്ന് താങ്കള്‍ പറഞ്ഞു. അത് എങ്ങനെയാണ് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുക.
നിങ്ങള്‍ വിഭജിക്കപ്പെട്ടു നിന്നാല്‍, ന്യൂസ് റൂമുകള്‍ ധ്രുവീകരിക്കപ്പെട്ടാല്‍, നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടും. ഞാന്‍ എപ്പോഴും വിശ്വസിക്കുന്ന കാര്യം ഒരു നിശ്ചിത അളവ് മിതത്വം വേണ്ടതാണ് എന്നാണ്. എതിര്‍ക്കണമെങ്കില്‍ എതിര്‍ത്തോളൂ. അതേസമയം ഒരു നല്ല പത്രപ്രവര്‍ത്തകന്‍ ആവണമെങ്കില്‍ നിങ്ങള്‍ ബിജെപി വിരുദ്ധനോ മോദി വിരുദ്ധനോ ആവണമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മിതവാദിയാണെങ്കിലും നിങ്ങള്‍ക്ക് നല്ല ജേണലിസ്റ്റ് ആകാം, ആവശ്യമുള്ള സമയത്ത് പ്രശ്‌നങ്ങളില്‍ ധീരമായ നിലപാട് എടുക്കുകയാണെങ്കില്‍. അപ്പോള്‍ നിങ്ങളുടെ എതിര്‍പ്പിന്, വിമര്‍ശനത്തിന് കൂടുതല്‍ മൂല്യമുണ്ടാകും. അപ്പോള്‍ നിങ്ങളുടെ പ്രേക്ഷകരും വായനക്കാരും അത് തിരിച്ചറിയും. നിങ്ങള്‍ ഒരു നിലപാട് എടുക്കുമ്പോള്‍, ചെറുത്തുനില്‍ക്കുമ്പോള്‍ അതിന് ന്യായമായ കാരണമുണ്ടാകും എന്ന് അവര്‍ മനസ്സിലാക്കും. അപ്പോള്‍ അവര്‍ നിങ്ങളെ കൂടുതല്‍ വിശ്വസിക്കും. അതില്‍ ഞാന്‍ വിശ്വസിക്കുന്നു, ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെ.
അങ്ങ് പറയുന്ന ഈ കാര്യങ്ങള്‍ പരമ്പരാഗത മാധ്യമങ്ങള്‍ ചെയ്താലും അവരുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാവാത്തത്ര തകര്‍ന്നുപോയി എന്ന് പറയുന്നവരുണ്ട്.
വിശ്വാസ്യത തിരിച്ചുപിടിക്കാനാവാത്ത വിധം താറുമാറായിപ്പോയി എന്ന് ഞാന്‍ പറയില്ല. പക്ഷേ,അവയുടെ ഭാവി വളരെ അനിശ്ചിതമാണ് എന്ന് എനിക്ക് തോന്നുന്നു. വിശ്വാസ്യത തിരിച്ചുപിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഈ ലെഗസി മീഡിയ നടത്തുന്നത് വന്‍കിട മുതലാളിമാരാണ്. പത്രപ്രവര്‍ത്തനം നടത്താന്‍ മുതലാളിമാര്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. ഒത്തുതീര്‍പ്പുകള്‍ നടത്താന്‍ ആള്‍ക്കാര്‍ നിര്‍ബന്ധിതമാവും, അവര്‍ എപ്പോഴും മുള്ളിന്റെ മുകളിലായിരിക്കും. അവര്‍ക്ക് റിസ്‌ക് ഒന്നും എടുക്കാന്‍ കഴിയില്ല.
അടിയന്തരാവസ്ഥയെ ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യവുമായി സമീകരിക്കുന്ന പ്രവണതയുണ്ട്. അത് ശരിയാണെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ.
ഈ രണ്ട് കാലഘട്ടങ്ങളിലും തമ്മിലുള്ള ഏക വ്യത്യാസം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആയിരുന്നു നടപ്പാക്കിയത്. ഇപ്പോഴുള്ളത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. എന്തൊക്കെ പറഞ്ഞാലും 1975- 77ലെ അടിയന്തരാവസ്ഥക്കാലത്തെ പോലെ ഭയം വളരെ അനുഭവവേദ്യമാണ് ഇപ്പോള്‍. ആഗോള മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൂചികയിലെ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 159-ആം സ്ഥാനത്താണ്. അത് വളരെ ദയനീയമാണ്, ശരിയല്ലേ?
ഈ പട്ടികയില്‍ നമ്മള്‍ ഏകാധിപത്യ രാജ്യങ്ങള്‍ക്കും പാകിസ്താനെ പോലുള്ള രാജ്യങ്ങള്‍ക്കും താഴെയാണ്. അതിനാല്‍ ഈ കണക്ക് കുറച്ച് പര്‍വ്വതീകരിക്കപ്പെട്ടതല്ലേ.
എല്ലാ വര്‍ഷവും ഈ മാധ്യമ സ്വാതന്ത്ര്യസൂചിക പുറത്തിറക്കുന്നത് വളരെ കര്‍ക്കശമായ ഗവേഷണം, പഠനം, സര്‍വ്വേ എന്നിവയ്ക്ക ശേഷമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ അതേക്കുറിച്ച് അത്രയ്ക്കധികം പഠിച്ചിട്ടില്ല. പക്ഷേ എന്റെ ഏക ചോദ്യം ഇതാണ്-നമ്മുടെ കേന്ദ്രസര്‍ക്കാര്‍ ചില കാര്യങ്ങളില്‍ ഇത്തരം സൂചികകളെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ഉദാഹരണത്തിന്, ഈസ് ഓഫ് ഡൂയിങ് ബിസിനസ്. ഇതില്‍ ഇന്ത്യയുടെ റാങ്കിംഗ് ഗംഭീരമാണ്. അതുകൊണ്ട് അത് അംഗീകരിക്കാം, മാധ്യമസ്വാതന്ത്ര്യ സൂചിക അംഗീകരിക്കില്ല എന്നു പറയുന്നത് ശരിയല്ല.
പത്രപ്രവര്‍ത്തന ജീവിതത്തില്‍ നിരവധി നിരാശകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അങ്ങ് അതില്‍ വളരെ ദുഃഖിതനോ നിരാശനോ ആയി തോന്നുന്നില്ല.
ഔട്ട്‌ലുക്ക് പുറത്താക്കിയത് എന്നെ ശരിക്കും വിഷമിപ്പിച്ചു, തീര്‍ച്ച. അത് വലിയൊരു തിരിച്ചടിയായിരുന്നു. അതെന്നെ വ്യക്തിപരമായി ബാധിച്ചു, ഉപജീവന മാര്‍ഗ്ഗം വേണമായിരുന്നു എനിക്ക്. പക്ഷേ അതില്‍ എനിക്ക് വലിയ നിരാശയും ദേഷ്യവുമൊന്നും തോന്നിയില്ല. നേരത്തെ പറഞ്ഞതുപോലെ, ഞാന്‍ ചെയ്ത കാര്യങ്ങളില്‍ എനിക്ക് വളരെ അഭിമാനമുണ്ട്. ഒരവസരം വീണ്ടും കിട്ടുകയാണെങ്കില്‍ ഞാന്‍ അതുതന്നെ ആവര്‍ത്തിക്കും.
എഴുത്തുകാരനായും ശ്രദ്ധേയനായ അങ്ങയുടെ എഴുത്തുജീവിതം.
ഏറ്റവും പുതിയ പുസ്തകം മുന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ കുറിച്ചാണ്. അത് കഴിഞ്ഞ മാസം പുറത്തിറങ്ങി. അത് മാതൃഭൂമി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുത്തിന് ഒരുപാട് പ്രോത്സാഹനം കിട്ടുന്നുണ്ട്. ഞാന്‍ അടുത്ത പുസ്തകത്തിന്റെ പണിയിലാണ്. തല്‍ക്കാലം അതിന്റെ വിഷയം വളരെ കോണ്‍ഫിഡന്‍ഷ്യല്‍ ആണ്.
മുഖ്യധാരാ പത്രത്തിലേക്ക് തിരിച്ചുവരുമോ.
ഒരുപക്ഷേ, പ്രായം എന്റെ ഭാഗത്തല്ല. എഡിറ്റര്‍ മിസ്സിങ് എന്ന പുസ്തകം എഴുതിയശേഷം എന്നെ വളരെ കുറച്ച് മുതലാളിമാരേ സ്വീകരിക്കാന്‍ തയ്യാറാവുകയുള്ളൂ എന്ന് എനിക്കു തോന്നുന്നു.
2004 മുതല്‍ 2014 വരെയുള്ള യുപിഎ കാലഘട്ടത്തെയും 2014 മുതല്‍ ഇന്നുവരെയുള്ള എന്‍ഡിഎ കാലഘട്ടത്തെയും എങ്ങനെ താരതമ്യപ്പെടുത്തുന്നു.
2004 മുതല്‍ 2014 വരെയുള്ള കാലത്തെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. ആ കാലത്ത് ഞാന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല, എനിക്ക് നേരിട്ടുള്ള അനുഭവമില്ല.
അല്‍ജസീറയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചല്ലോ അതിനെക്കുറിച്ച്.
അല്‍ജസീറയിലെ അനുഭവം ഗംഭീരമായിരുന്നു. അവര്‍ക്ക് ഒരുപാട് പണമുണ്ട്. ഗംഭീര ജീവിതമായിരുന്നു. അവിടെ ഒരുപാട് പ്രൊഫഷണല്‍ പത്രപ്രവര്‍ത്തനം നടക്കുന്നുണ്ട്. പക്ഷേ ഒരുപാട് വിരോധാഭാസങ്ങളുമുണ്ട്. മറ്റുള്ള സ്ഥലങ്ങളിലെ പോലെ അത്രയ്ക്ക് വിശദമായിട്ടും ആഴത്തിലും അവര്‍ ഖത്തറിലെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യില്ല എന്ന് ഉറപ്പാണല്ലോ.
ഡീപ്‌സീക്കിനോട് ചൈനയെക്കുറിച്ച് ചോദിക്കുന്നതുപോലെ.
അല്‍ജസീറയില്‍ വര്‍ക്ക് ചെയ്യുന്നത് ഗംഭീരമായ അനുഭവമായിരുന്നു. ശരിക്കും അന്താരാഷ്ട്രീയമായ ഒരു ന്യൂസ് റൂമിലാണ് ഞാന്‍ പണിയെടുത്തത്. തീര്‍ച്ചയായിട്ടും എനിക്ക് ഒരുപാട് ഗുണം ചെയ്തു, അതെന്റെ കാഴ്ചപ്പാടുകളെ കൂടുതല്‍ വിശാലമാക്കി. അല്‍ ജസീറയിലെ സേവനത്തിനുശേഷം ലോകത്തെക്കുറിച്ചുള്ള എന്റെ ധാരണകള്‍ മെച്ചപ്പെട്ടു.
ഡീപ്‌സീക്കിനെ കുറിച്ച് പറയുമ്പോള്‍, നിര്‍മ്മിതബുദ്ധി ജേണലിസത്തെ മാറ്റിമറിച്ചേക്കാവുന്ന അവസ്ഥയാണ്.
സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കും, ശരിയാണ്. മുമ്പ് നമുക്ക് 4-ജി ഉണ്ടായിരുന്നു ഇപ്പോള്‍ 5 ജി ആണ് നാളെ അത് 6 ജിആയേക്കാം. പക്ഷേ, നമ്മള്‍ ഉല്‍ക്കണ്ഠപ്പെടേണ്ടത് പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചാണ്- നൈതികത, ധാര്‍മ്മികത, വസ്തുനിഷ്ഠത. അവിടെയാണ് ഏറ്റവും പ്രധാന വെല്ലുവിളി. നമ്മളെല്ലാവരും സാങ്കേതികവിദ്യ പഠിക്കും, അതിനൊപ്പം നീങ്ങും. പക്ഷേ നമ്മുടെ അടിസ്ഥാന മൂല്യങ്ങള്‍ സുരക്ഷിതമാണെങ്കില്‍ ഏത് പ്രതിസന്ധിയും നമുക്ക് തരണം ചെയ്യാന്‍ കഴിയും.
മൂല്യങ്ങളെ കുറിച്ച് പറയുമ്പോള്‍, അങ്ങ് പത്രപ്രവര്‍ത്ത ജീവിതം ആരംഭിച്ച കാലവും ഇന്നത്തെ കാലവും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ്, എന്താണ് മാറിയത്.
അന്ന് മഹാന്മാരായ എഡിറ്റര്‍മാരുണ്ടായിരുന്നു. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായിരുന്നു. അവര്‍ ശരിക്കും ക്രാന്തദര്‍ശികള്‍ ആയിരുന്നു, ഞങ്ങളുടെ മെന്റര്‍മാര്‍ ആയിരുന്നു. ഇന്നത്തെ കാലത്ത് ആ മെന്ററിങ് നടക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. ഇന്ന് അങ്ങനെ മാതൃകയാക്കാന്‍ പറ്റുന്ന ആള്‍ക്കാരുടെ എണ്ണം വളരെ കുറഞ്ഞു. പുതുതായി ജോലിയിലേക്ക് വരുന്ന ഒരു യുവ പത്രപ്രവര്‍ത്തകന്‍ ആരെയാണ് മാതൃകയാക്കുക, ആരാധിക്കുക, അനുകരിക്കാന്‍ ശ്രമിക്കുക?
അങ്ങയുടെ അന്വേഷണാത്മക ജേണലിസത്തിന്റെ പാത പിന്തുടരാന്‍ ഒരുങ്ങുന്ന യുവ പത്രപ്രവര്‍ത്തകരോട് എന്ത് പറയും.
വ്യക്തമായ കാഴ്ചപ്പാടോടുകൂടി ചെയ്യുന്ന ജോലി നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുക, ഒരിക്കലും തോറ്റുകൊടുക്കരുത്. ആദര്‍ശങ്ങളെയും വിശ്വാസങ്ങളെയും മുറുകെപ്പിടിക്കുക. ആത്മ സത്യസന്ധത കൈവിടാതിരിക്കുക. ബാക്കിയെല്ലാം അതിന്റെ വഴിക്ക് നടന്നുകൊള്ളും. പത്രപ്രവര്‍ത്തനം കൊണ്ട് ഒരുപാട് വരുമാനം ഉണ്ടാകുമെന്ന് വിചാരിക്കരുത്. ഇത് പണം ഉണ്ടാക്കുന്ന ഒരു തൊഴില്‍ അല്ല, ഇതിന് അപൂര്‍വം അപവാദങ്ങള്‍ ഉണ്ടായേക്കാമെങ്കിലും. വരുമാനം കുറവാണെങ്കിലും ഈ തൊഴില്‍ നിങ്ങള്‍ക്ക് ഒരുപാട് ആനന്ദം തരുന്നു, ലഹരി തരുന്നു. അത് വളരെ പ്രധാനമാണ്. അതിനു വേണ്ടി റിസ്‌ക് എടുക്കുന്നത് തെറ്റല്ല.
Content Highlights: ruben-banerjee-interview-missing-editor-media-freedom
Published: 08 Feb 2025, 12:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented