ബിസിനസ് ക്ലൈമറ്റ് കേരളത്തിലെന്നല്ല, എവിടെയും എപ്പോഴും മാറിക്കൊണ്ടേയിരിക്കുമെന്ന് വ്യവസായി രവി പിള്ള. കേരളത്തില്‍ വളരെയധികം സ്റ്റാര്‍ട്ടപ്പുകള്‍ നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഇനിയും സാധ്യതകള്‍ ഏറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ അദ്ദേഹം മാതൃഭൂമിയുമായി സംസാരിച്ചപ്പോള്‍...
ബിസിനസ് രംഗത്തെ കിടയറ്റ പേരുകളിലൊന്നാണ് ആര്‍.പി ഗ്രൂപ്പിന്റേത്. ആസ്തിയും വരുമാനവും പേരിനും പദവിയ്ക്കുമപ്പുറം ലളിതമായി സംസാരിക്കുന്ന, ചിന്തകള്‍ പങ്കുവക്കുന്ന, ജനകീയനായ ഒരു രവി പിള്ളയുണ്ട് മലയാളിയുടെ മനസ്സില്‍. എന്താണ് രവി പിള്ള മുന്നോട്ടുവെക്കുന്ന ബിസിനസ് ഫിലോസഫി.
ഏതു ബിസിനസ് ചെയ്യാനുദ്ദേശിച്ചാലും ആ ബിസിനസ്സിനെപ്പറ്റി പൂര്‍ണമായും പഠിച്ച് സ്വയം വിലയിരുത്തിയശേഷം മാത്രമേ തുടര്‍കാര്യങ്ങളിലേക്ക് കടക്കാന്‍ പാടുള്ളൂ. അതാണ് എന്റെ ബിസിനസ് തത്വം. പറയാവുന്ന കാര്യങ്ങള്‍ മാത്രമേ പറയാവൂ, ചെയ്യാവുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാവൂ. അതാണ് എന്റെ ഫിലോസഫി. കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുക, കൂടുതല്‍ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുക.
വ്യവസായ കേരളത്തില്‍ രവി പിള്ള ഗ്രൂപ്പിന്റെ ഏറ്റവും പുതിയ നിക്ഷേപത്തെക്കുറിച്ച്.
ഒന്നുരണ്ട് നല്ല വലിയ പ്രൊജക്ടുകള്‍ ഞങ്ങളുടെ മുന്നിലുണ്ട്. ഈ വര്‍ഷം തന്നെ തിരുവനന്തപുരത്ത് നല്ല രണ്ട് പ്രൊജക്ടുകള്‍ ആരംഭിക്കുന്നുണ്ട്. അപ്രൂവല്‍ സംബന്ധമായ പേപ്പര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ട്. വൈകാതെ പ്രാവര്‍ത്തികമാക്കാം എന്നാണ് കരുതുന്നത്.
ബിസിനസ്സുകാരും സ്റ്റാര്‍ട്ടപ്പുകാരും കേരളത്തിലെ നിലവിലെ സാഹചര്യത്തെ എങ്ങനെയായിരിക്കണം ഉപയോഗിക്കേണ്ടത്.
ബിസിനസ് ക്ലൈമറ്റ് കേരളത്തിലെന്നല്ല, എവിടെയും എപ്പോഴും മാറിക്കൊണ്ടേയിരിക്കും. കേരളത്തില്‍ വളരെയധികം സ്റ്റാര്‍ട്ടപ്പുകള്‍ നല്ല രീതിയില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ഇനിയും സാധ്യതകള്‍ ഏറെയുണ്ട്. ബിസിനസ്സുകള്‍ സ്വന്തമായി തുടങ്ങുമ്പോഴാണ് കൂടുതല്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ കഴിയുക. സംരംഭകന്‍ തന്നെ കൂടുതല്‍ സമയം ജോലി ചെയ്യും. മുഴുവന്‍ സമയമാണ് ആദ്യം നിക്ഷേപിക്കേണ്ടത്. കൂടുതല്‍ മാര്‍ക്കറ്റുകള്‍ നമ്മള്‍ തന്നെ കണ്ടെത്തും.
വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ പേര്‍ നിക്ഷേപങ്ങള്‍ നടത്തുന്നകാലമാണ്.
ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്താന്‍ പറ്റിയ മേഖലയാണ് വിദ്യാഭ്യാസം. സമൂഹത്തിനും തലമുറകള്‍ക്കും ഗുണപരമായ മാറ്റം നല്‍കാന്‍ കഴിയുക എന്നത് ലാഭവിഹിതം തരുന്ന സന്തോഷത്തേക്കാള്‍ വലുതാണ്. ബിസിനസ് എപ്പോഴും നൂതനമായ ആശയങ്ങളാണ് മുന്നോട്ടുവെക്കുന്നത്. വിദ്യാഭ്യാസത്തില്‍ നൂതനമായ ആശയങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് സമൂഹത്തിന് ഗുണമായി മാറും. 2025 മുതല്‍ 2075 വരെ 575 കോടിയുടെസ്‌കോളര്‍ഷിപ്പ് പദ്ധതിയാണ് ആര്‍.പി ഗ്രൂപ് മുന്നോട്ടുവെക്കുന്നത്. ഒരു വര്‍ഷം 1500 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് തീരുമാനം.

നിര്‍ണായകമായ തീരുമാനങ്ങളാണ് ഒരു വ്യവസായിയുടെ ഏറ്റവും വലിയ ശക്തി. ഒരു നിമിഷം കൊണ്ടെടുക്കുന്ന തീരുമാനം ഒരു പക്ഷേ മാറ്റിമറിക്കുന്നതായിരിക്കും.
എന്റെ ഒട്ടുമിക്ക തീരുമാനങ്ങളും അങ്ങനെ സംഭവിക്കുന്നതാണ്. ചിന്തയ്ക്കും തീരുമാനത്തിനുമിടയില്‍ വളരെ ചെറിയ സമയപരിധിയേ ഉണ്ടായി എന്നു വരുള്ളൂ. ചിലപ്പോള്‍ ഒന്നുകൂടി ആലോചിക്കേണ്ടി വരും. എന്നാലും തീരുമാനം വളരെ വേഗത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കാറുണ്ട്. ഇതുവരെയുള്ളതെല്ലാം 'വൈസ് ഡിസിഷന്‍' ആയിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല.
നിര്‍മിത ബുദ്ധി മാനവവിഭവശേഷിക്ക് പകരം വെക്കുന്ന കാലം വന്നുകൊണ്ടിരിക്കുന്നു, ഏറെക്കുറേ മിക്ക രാജ്യങ്ങളിലും തൊഴില്‍ മനുഷ്യരില്‍ നിന്നും പൂര്‍ണമായും മെഷീനിലേക്ക് മാറിക്കഴിഞ്ഞു. താങ്കള്‍ പ്രദാനം ചെയ്ത തൊഴില്‍ മേഖലയെ ഏതു രീതിയിലായിരിക്കും എ.ഐ മാറ്റിമറിക്കാന്‍ പോവുന്നത്.
സമയമെടുക്കും. ലോകത്തെ മൊത്തത്തില്‍ നോക്കുകയാണെങ്കില്‍ ജനസംഖ്യ വളരെ കുറവാണ്. യൂറോപ്പിലും ജപ്പാനിലും കൊറിയയിലും തൊഴിലെടുക്കാന്‍ ആളെ കിട്ടാനില്ല. മനുഷ്യബന്ധങ്ങളില്‍ കുടുംബം, കുട്ടികള്‍ എന്നീ സങ്കല്പങ്ങള്‍ അടിമുടി മാറിയില്ലേ. ഇന്ന് പല രാജ്യങ്ങളിലും വിവാഹം എന്ന സങ്കല്പം ലിവിങ് റിലേഷന്‍ഷിപ്പിന് വഴിമാറിക്കൊടുക്കയാണ്. കുടുംബം എന്ന സങ്കല്പം മാറ്റി നിര്‍വചിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് 'പോപ്പുലേഷന്‍ ഷോർട്ടേജ്' എന്ന വലിയൊരു പ്രതിസന്ധിക്കാണ്. പല രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ യുവാക്കളുടെ വിവാഹജീവിതത്തെ പ്രോത്സാഹിപ്പിക്കാനായി ഇന്‍സെന്റീവുകള്‍ നല്‍കുന്ന ഘട്ടംവരെയെത്തിക്കഴിഞ്ഞു. തലമുറകള്‍ ഉണ്ടാവുമ്പോഴാണ് ജീവിതം, തൊഴില്‍ എന്നൊക്കെയുള്ള സംഗതികള്‍ ഉണ്ടാവുന്നത്. തൊഴിലെടുക്കാന്‍ ആളെ കിട്ടാതാവുമ്പോള്‍ മനുഷ്യര്‍ തന്നെ സ്വാഭാവികമായും മറ്റുവഴികള്‍ ആലോചിക്കും. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപം എന്നത് 145 കോടി ജനങ്ങളാണ്. ആ നിക്ഷേപത്തെ ബുദ്ധിപരമായി ഉപയോഗിക്കുക എന്നതാണ് ഇന്ത്യ എന്ന രാജ്യത്തിന്റെ ബിസിനസ് സങ്കല്പം.
കേരളത്തില്‍ വിദ്യാസമ്പന്നര്‍ നാടുകടക്കുകയാണ്. തൊഴില്‍ അസമത്വം ഇവിടെ പ്രകടമാണ്. ഇവിടെ തൊഴില്‍ ഇല്ലാത്തതാണോ പ്രശ്നം, അതോ നിലവിലെ തൊഴില്‍ സാധ്യതകള്‍ മതിയാവാത്തതാണോ.
മെച്ചപ്പെട്ട തൊഴിലും മികച്ച ശമ്പളവും കിട്ടുന്നിടത്തേക്ക് മനുഷ്യര്‍ പോകും. അത് സ്വാഭാവികമാണ്. കറന്‍സി റേറ്റും ഡോളര്‍ റേറ്റും തമ്മിലുള്ള വ്യത്യാസം വലിയ രീതിയില്‍ പ്രകടമാവുമ്പോള്‍ അതനുസരിച്ച് മനുഷ്യര്‍ പോകും. നികുതി മറ്റൊരു പ്രശ്നമാണ്. താരതമ്യേന മിനിമം ടാക്സ് കൊടുക്കുന്ന ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ആളുകള്‍ അവിടെയങ്ങ് സ്ഥിരമാക്കും.
എംപ്ലോയീ ചാലഞ്ചിങ് ആയിട്ടുള്ള ഒരു സംസ്ഥാനമായി കേരളം മാറുകയാണോ.
തീര്‍ച്ചയായിട്ടും. അത് വളരെ ദോഷം ചെയ്യും. ഇപ്പോള്‍ നമ്മള്‍ രക്ഷപ്പെടുന്നത് യു.പി, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ അത്രയധികം വികസനം എത്താത്തതുകൊണ്ടാണ്. അവിടെ നിന്നും ആളുകള്‍ കേരളത്തില്‍ വന്ന് ജോലി ചെയ്യുന്നു. കേരളത്തിന്റെ മാന്‍ പവര്‍ ജോലികള്‍ മിക്കതും അവരാണ് ചെയ്യുന്നത്. അവരുടെ നാടുകളില്‍ വികസനമെത്തിയാല്‍ കേരളം വലിയൊരു മാന്‍ പവര്‍ ഷോട്ടേജ് നേരിടുമെന്നതില്‍ സംശയമില്ല.
തിരിഞ്ഞുനോക്കുമ്പോള്‍ എന്ന വാക്ക് ഏറെ പ്രസക്തമാണ് ഓരോ മനുഷ്യരുടെയും ജീവിതത്തില്‍. പ്രത്യേകിച്ചും സ്വന്തം സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ചവരുടെ കാര്യത്തില്‍. തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു.
ഞാന്‍ വളരെ സന്തോഷവാനാണ്. എന്റെ ഏറ്റവും വലിയ സന്തോഷം എന്നത് എനിക്ക് കുറേ ആളുകള്‍ക്ക് ജോലി നല്‍കാന്‍ പറ്റി എന്നതാണ്. ഞാന്‍ മുഖാന്തരം കോടിക്കണക്കിന് ആളുകള്‍ ലോകത്തിന്റെ പലയിടങ്ങളിലായി ജീവിതം നയിക്കുന്നു, ഉന്നതിയില്‍ എത്തിയവരുണ്ട്. കുടുംബത്തില്‍ മികച്ച ജീവിതാന്തരീക്ഷം പുലര്‍ത്തുന്നവരുണ്ട്. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നു എന്നതാണ് തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും.
Content Highlights: Interview with Ravi Pillai
Published: 08 Feb 2025, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented