''കായംകുളത്തെ തെരുവിലൂടെ ഒരു ചാന്നാത്തി മാറിൽ ഒരുതുണ്ട് തുണിയിട്ടു നടന്നതിൽ അരിശംപൂണ്ട സവർണർ ബലമായി തുണിമാറ്റിച്ച് അവളുടെ മുലഞെട്ടുകളിൽ വെള്ളക്കാത്തോട് പിടിപ്പിച്ചുവിട്ടു'' പി.ഒ.കുഞ്ഞുപ്പണിക്കർ എഴുതിയ 'ആറാട്ടുപുഴ വേലായുധപ്പണിക്കർ' എന്ന പുസ്തകത്തിലെ പരാമർശമാണിത്. ഒട്ടേറേ ചോരചിന്തിയസമരങ്ങൾക്ക് ശേഷം നാടാർ സ്ത്രീകൾക്കും തുണി ഉപയോഗിച്ച് മുലമറയ്ക്കാമെന്ന് 1859 ൽ തിരുവിതാംകൂർ രാജാവ് വിളംബരം പുറപ്പെടുവിച്ച ശേഷം നടന്ന സംഭവമാണിത് എന്നോർക്കണം.

To advertise here,

ഇനി മറ്റൊരു സംഭവം നോക്കാം.'' വൈക്കം പള്ളിക്കൂടത്തിൽ ഈഴവരെ ചേർക്കുന്നതിലേക്ക് പറയുന്ന ആക്ഷേപം എന്തെന്നാൽ, ക്ഷേത്രത്തിലേക്ക് പോകുന്നതും ഇരുവശങ്ങളിലും ഉയർന്ന ജാതി ആളുകൾ വസിക്കുന്നതുമായ റോഡിനു സമീപമായി ആ പള്ളിക്കൂടം ഇരിക്കുന്നു എന്നതാകുന്നു''. 1908 ജൂൺ എട്ടിന് ആക്ടിങ് ഗവ.ചീഫ് സെക്രട്ടറി ആർ.മഹാദേവയ്യർ ഇറക്കിയ ഉത്തരവിലുള്ള വാക്യങ്ങളാണിത്. അമ്പലവും ഉയർന്നജാതിക്കാരും ഉള്ള റോഡിനടുത്തുള്ള സ്കൂളായതുകൊണ്ട് അവിടെ ഈഴവരെ ചേർത്തുകൂടാ എന്ന് സാരം. 

'ഇതു കേരളമാണെന്നോർത്തോളൂ' എന്ന് ഊറ്റം കൊള്ളുമ്പോൾ, 'യുവർ ദാൽ വിൽ നോട്ട് കുക്ക് ഹിയർ'  എന്നാക്രോശിക്കുമ്പോൾ, കേരളാ മോഡൽ എന്നഭിമാനിക്കുമ്പോൾ ഒക്കെ നമ്മുടെ ഉള്ളിൽ അഹങ്കാരത്തോളം വളർന്ന ഒരു സ്വത്വബോധം തിളയ്ക്കാറുണ്ട്. ജാതീയമോ മതപരമോ തൊഴിൽപരമോ സാമ്പത്തികമോ ആയ വിവേചനങ്ങളൊന്നും കാര്യമായില്ലാത്ത, അസൂയാവഹമായ പാരസ്പര്യമുള്ള, ഉയർന്ന മാനവികബോധമുള്ള ഒരു ജനതയാണ് നാം എന്ന ബോധ്യമാണതിനു പിന്നിൽ. ഏഴു പതിറ്റാണ്ടുകാലത്തെ സാമൂഹിക-രാഷ്ട്രീയ ജീവിതംകൊണ്ട് നമ്മൾ അത് തെളിയിച്ചിട്ടുണ്ട്.  ദുരന്തഘട്ടങ്ങളിൽ ഈ മൂല്യങ്ങളെ അതിന്റെ പരകോടിയിൽത്തന്നെ നമ്മൾ അടയാളപ്പെടുത്തി.  

രാജ്യത്തെ മറ്റു ജനതയുടെ മുന്നിൽ ഇങ്ങനെ തലയുയർത്തിപ്പിടിച്ച് നിൽക്കാൻ നമ്മെ പ്രാപ്തരാക്കിയത് എന്താണ്?  ലോകത്തൊരിടത്തും കേട്ടുകേൾവിപോലുമില്ലാത്ത ദുരാചാരങ്ങളുടെ പടുകുഴിയായിരുന്നു ഒരുകാലത്ത് കേരളം. അന്ധവിശ്വാസങ്ങളുടെ ആഴക്കടൽ. തുണിയുടുക്കാൻ, വഴിനടക്കാൻ, ഒരുമിച്ചുണ്ണാൻ, അക്ഷരംപഠിക്കാൻ, കൂട്ടുകൂടാൻ, പണിയെടുത്തതിന് പണം ചോദിക്കാൻ ഒക്കെ വിലക്കുണ്ടായിരുന്ന നാട്. മനുഷ്യരെ ആടിനെയും പശുവിനെയും പോലെ ചന്തയിൽ ചങ്ങലക്കിട്ട് വിലപേശി വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന നാട്. ഭ്രാന്താലയമെന്ന് വിവേകാനന്ദനെക്കൊണ്ടു പറയിപ്പിച്ച കേരളത്തിന്റെ സാമൂഹിക പുരോഗതി ഇന്ന് രാജ്യം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ ഈ മൂല്യങ്ങളൊന്നും നമുക്ക് പാരമ്പര്യമായി കിട്ടിയതോ ആരെങ്കിലും തിരുമുൽക്കാഴ്ച നൽകിയതോ അല്ല. നമ്മുടെ പൂർവികർ പൊരുതിനേടിയതാണ്.  ചോരയും ജീവനും കൊടുത്തു നേടിയത്. ഒരുപക്ഷേ, പുതിയ തലമുറ ആ സമരപുളകങ്ങളെ ഓർക്കാനിടയില്ല. കേരളത്തെയോ അതിന്റെ ചരിത്രത്തേയോ പഠിക്കാതെ ബിരുദവും ബിരുദാനന്തരബിരുദവും നൽകാൻ ഇവിടെ തടസ്സമില്ല. കേരളം ഒരു പിറന്നാൾ കൂടി ആഘോഷിക്കുമ്പോൾ ആ ഗുരുത്വദോഷത്തിൽ നിന്ന് പുതുതലമുറയെ നമ്മൾ മോചിപ്പിക്കേണ്ടതുണ്ട്. അവർക്കുവേണ്ടി കേരളത്തെ കേരളമാക്കിയ പോരാട്ടങ്ങളേയും പോരാളികളേയും നമ്മൾ ഓർക്കണം.

ഉടുക്കാൻ സമരം, നടക്കാൻ സമരം

തുണിയുടുക്കാൻ സമരം ചെയ്യേണ്ട ഗതികേട് ലോകത്തിൽ എത്ര ജനതയ്ക്ക് ഉണ്ടായിട്ടുണ്ടാവുമെന്നറിയില്ല. കേരളീയർക്ക് അതുമുണ്ടായി. ജാതിതിരിച്ചായിരുന്നു ഉടുക്കാനുള്ള അവകാശം. അന്നത്തെ രാജാക്കൻമാർക്ക് പോലും കാര്യമായി തുണിയൊന്നുമുണ്ടായിരുന്നില്ല. സിനിമകളിൽ പളപളപ്പൻ രാജാവിനേയും റാണിയേയും കണ്ടുശീലിച്ച നമുക്ക് കേരളത്തിലെ പഴയ രാജാക്കൻമാരുടെ ചിത്രം കണ്ടാൽ സങ്കടം തോന്നും. ആർ.നാരായണപ്പണിക്കരുടെ 'ദ ഹിസ്റ്ററി ഓഫ് ട്രാവൻകൂർ' എന്ന പുസ്തകത്തിൽ രാജാവിന്റേയും രാജ്ഞിയുടേയും വസ്ത്രധാരണരീതി വിവരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്- ''രാജ്ഞി അരയിൽ ഒരു മുണ്ടുടുത്തിരുന്നു. മറ്റൊരു വസ്ത്രം  തോളിൽ അയച്ചിട്ടിരുന്നു. ഒരു വെള്ളവസ്ത്രംകൊണ്ട് ശിരസ്സും മറച്ചിരുന്നു. രാജാക്കൻമാർക്ക് തലയിൽ ചുവപ്പുതുണിയും ഒരു ഉടുമുണ്ടും മാത്രം. വിശേഷ സന്ദർഭങ്ങളിൽ ഒരു മേൽമുണ്ടുകൂടി''.

രാജാക്കൻമാർ എങ്ങനെയെങ്കിലും ഉടുക്കട്ടെ. അവർക്ക് ഉടുക്കാനില്ലാഞ്ഞിട്ടല്ലല്ലോ. പാവപ്പെട്ട താഴ്ന്ന ജാതിക്കാരുടെ സ്ഥിതിയായിരുന്നു കഷ്ടം. അവർക്ക് മാറുമറയ്ക്കാൻ അവകാശമില്ല. മറയ്ക്കുന്നത് അഹങ്കാരമാണ്! എങ്ങാനും എന്തെങ്കിലും തുണികൊണ്ട് മറച്ചാലും ഉയർന്ന ജാതിക്കാരെ കണ്ടാൽ മാറുതുറക്കണം. മാറുമറയ്ക്കാൻ ശ്രമിച്ച സ്ത്രീകളുടെ മുലയറുത്തും കണ്ണിൽ ചുണ്ണാമ്പുതേച്ചും കഠിനമായി മർദിച്ചും  മാനഭംഗപ്പെടുത്തിയും സവർണർ പീഡിപ്പിച്ചു. അവരുടെ പ്രതിഷേധം കനലിൽ നിന്ന് കാട്ടുതീയായി പടർന്നു. ഈ തീയാണ് ജാതിവിവേചനത്തിനെതിരേയുള്ള സമരങ്ങൾക്ക് ചൂടുപകർന്നത്.

പലയിടങ്ങളിൽ നിന്നായി പ്രതിഷേധങ്ങളും കലാപങ്ങളും തുടങ്ങി. ജസ്യൂട്ട് പാതിരിമാരുടെ പിന്തുണ ഈ പ്രക്ഷോഭത്തിനുണ്ടായിരുന്നു. അവസാനഘട്ടത്തിൽ അയ്യാ വൈകുണ്ഠസ്വാമികളുടെ 'സമത്വസമാജം' ഈ സമരങ്ങൾക്ക് നേതൃത്വം നൽകി. ലഹളകൾക്കൊടുവിൽ ഗത്യന്തരമില്ലാതെ ഉത്രംതിരുനാൾ രാജാവ് വസ്ത്രം ധരിക്കാനുള്ള അവരുടെ അവകാശത്തെ അംഗീകരിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിക്കുകയായിരുന്നു. സാധാരണക്കാരൻ പൊതുവഴിയുടെ അവകാശിയായിട്ട് എത്രകുറച്ചു പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ എന്നോർക്കണം. സവർണർ സഞ്ചരിക്കുന്ന ഒരുവഴിയിലൂടെയും അവർണന് സഞ്ചരിച്ചുകൂടാ. ഏതുവഴിയും പോകുന്നതോ അവസാനിക്കുന്നതോ ഏതെങ്കിലും അമ്പലത്തിന്റെ പരിസരത്തുകൂടിയാവും. അതുകൊണ്ടുതന്നെ ഒരുവഴിയിലൂടെയും സഞ്ചരിക്കാൻ അവർണർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വായക്ക് രുചിയായി എന്തെങ്കിലും തിന്നണമെങ്കിൽ അതിൽ അൽപം ഉപ്പുവേണം. അതു കിട്ടണമെങ്കിൽ അങ്ങാടിയിൽ പോകണം. അവർണന് അങ്ങാടിയിൽപോകാനും അവകാശമില്ല. അങ്ങനെയൊക്കെയുള്ള സാഹചര്യത്തിണ് വൈക്കം സത്യാഗ്രഹം 1924-ൽ തുടങ്ങിയത്. വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയിലൂടെ അവർണർക്ക് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് അവർ ആവശ്യപ്പെട്ടത്. ചാത്തൻ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, ടി.കെ.മാധവൻ, മന്നത്ത് പദ്മനാഭൻ, കെ.പി.കേശവമേനോൻ, തുടങ്ങി വൻ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം. മഹാത്മാ ഗാന്ധിയുടേയും ശ്രീനാരായണഗുരുവിന്റേയും അനുഗ്രഹം അവർക്കുണ്ടായി. തമിഴ്നാട്ടിൽ നിന്ന് ഇ.വി.രാമസ്വാമി നായ്ക്കനും പഞ്ചാബിൽ നിന്ന് ലാൽസിങും കൂട്ടരും എെക്യദാർഡ്യവുമായെത്തി. ഒടുവിൽ 603 ദിവത്തെ പോരാട്ടത്തിന് ശേഷം ചിലവഴികളെങ്കിലും അവർണരുടെ മുന്നിൽ തുറന്നു.  

placeholder
ശ്രീനാരായണ ഗുരു

തൊടരുത്, കാണരുത്

സവർണരുടെ വഴിയിൽ അവർണരെ കാണരുതെന്ന് മാത്രമല്ല, അവരുടെ നിഴലുപോലും വീഴരുതെന്നായിരുന്നു ചട്ടം. മേൽജാതിക്കാർ പുറത്തിറങ്ങുമ്പോൾ പോ..പോ.. എന്ന് ആട്ടും. 'ഒച്ചാട്ട്' എന്നാണിതിന് പറയുക. ഇതുകേട്ടാൽ അവർണർ മാറിക്കൊള്ളണം. അപ്പോൾ പിന്നെ തൊടുന്നകാര്യം പറയേണ്ടല്ലോ. അയിത്തത്തിന്റെ കാര്യം ഏറെ രസകരമാണ്. അത് ഉയർന്നജാതിയിൽ മാത്രമായിരുന്നില്ല. നമ്പൂതിരിയെ നായർ തൊടരുതെങ്കിൽ നായരെ ഈഴവൻ തൊടരുത്. മണ്ണാൻമാരും പാണൻമാരും നായരെ തൊടാതെ പോകണം. ഇവരെ പുലയനും പറയനും തൊടാൻ പാടില്ല. പുലയനും പറയനും നായാടിക്ക് വഴിമാറണം. ഇങ്ങനെ ശ്രേണീബദ്ധവും വിഢിത്തസമൃദ്ധവുമായ അയിത്താചാരത്തെപ്പറ്റി പി.ഭാസ്കരനുണ്ണി വിശദീകരിക്കുന്നുണ്ട്. 

ഇവർ തമ്മിൽ പാലിക്കേണ്ട അകലത്തെക്കുറിച്ചും അന്ന് നിയമങ്ങളുണ്ടായിരുന്നു. ഇതുപ്രകാരം ഓരോ ജാതിയും ഓരോതരം തീണ്ടാപ്പാട് അനുസരിക്കണം.  ഇത് ഓരോ സ്ഥലത്തും ഓരോ രീതിയിലായിരുന്നു. കൊച്ചിരാജ്യത്ത് ഈഴവൻ,അരയൻ, പാണൻ എന്നിവർ 36 അടി,പുലയൻ വേട്ടുവൻ, പറയൻ എന്നിവർക്ക് 64 അടി, നായാടി ഉള്ളാളൻ എന്നിവർക്ക് 72 അടി എന്നിങ്ങനെയൊക്കെയാണ് കണക്ക്. ഇനി ഇവരെങ്ങാനും മതം മാറി ക്രിസ്ത്ര്യാനിയോ മുസ്ലീമോ ആയാൽ ഈ അയിത്തമൊന്നുമില്ലതാനും. ഇതിനേക്കാൾ വലിയ ഹാസ്യനാടകങ്ങൾ ലോകത്ത് വേറെയെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടാവില്ല. എന്നാൽ ക്രിസ്ത്യാനികളുടെ ഇടയിലും തീണ്ടലും അയിത്തവുമുണ്ടായിരുന്നുവെന്ന് 'ദ ഹിസ്റ്ററി ഓഫ് ട്രാവൻകൂറി'ൽ ആർ.നാരായണപ്പണിക്കർ പറയുന്നുണ്ട്. മതംമാറിയശേഷവും അവരെ പൂർണമായും അംഗീകരിക്കാൻ ക്രിസ്ത്യാനികൾക്ക് കഴിഞ്ഞിട്ടില്ലത്രെ. 

placeholder
ആലപ്പുഴയിലെ കാര്‍ത്തികപ്പള്ളിയില്‍ മംഗലം ശിവക്ഷേത്രത്തിന്
സമീപമുള്ള ആറാട്ടുപുഴ വേലായുധ പണിക്കര്‍ സ്മാരകം
| By Manavelil - Own work, CC BY-SA 4.0,
https://commons.wikimedia.org/w/index.php?curid=116818118

ആറാട്ടുപുഴയുടെ വിപ്ലവം

ആറാട്ടുപുഴ വേലായുധപ്പണിക്കരാണ് അയിത്തത്തിനെതിരേ ആദ്യത്തെ ഏകാംഗ സാമൂഹികവിപ്ലവത്തിന് തുടക്കമിട്ടത്. 1825-ൽ കാർത്തികപ്പിള്ളിയിലെ മംഗലത്ത് അദ്ദേഹം ഒരു ക്ഷേത്രമുണ്ടാക്കി അവിടെ ശിവപ്രതിഷ്ഠ നടത്തി. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തുന്നതിന് 36 കൊല്ലം മുൻപായിരുന്നു ഇതെന്ന് ഓർക്കണം. എല്ലാ ജാതിമതസ്ഥർക്കും പ്രവേശനമുള്ളതായിരുന്നു ആ ക്ഷേത്രം. മുട്ടിനുതാഴെ ഇറങ്ങിക്കിടക്കുന്ന അച്ചിപ്പുടവ അന്നത്തെ ഉയർന്നജാതി സ്ത്രീകൾ മാത്രം ധരിച്ചിരുന്നതായിരുന്നു. ഒരു അവർണ സ്ത്രീ അതുടുത്തതിന്റെ പേരിൽ സവർണർ അത് വലിച്ചുകീറിയ സംഭവമുണ്ടായി. അതറിഞ്ഞ വേലായുധപ്പണിക്കർ കുറേ അവർണസ്ത്രീകളെ അച്ചിപ്പുടവയുടുപ്പിച്ചുകൊണ്ട് പരസ്യമായി പൊതുവഴിയിലൂടെ നടത്തിച്ചു. ഈഴവസ്ത്രീകൾക്ക് സ്വർണാഭരണം ധരിക്കുന്നതിന് വിലക്കുണ്ടായിരുന്ന അക്കാലത്ത് ഒരു ഈഴവസ്ത്രീ സ്വർണമൂക്കുത്തി ധരിച്ച് പന്തളം ചന്തയിലെത്തി. സവർണഗുണ്ടകൾ ആ മൂക്കുത്തി വലിച്ചെടുത്തു. മൂക്കുകീറി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് ആ പാവം ഓടിരക്ഷപ്പെട്ടു. ഇതറിഞ്ഞ വേലായുധപ്പണിക്കർ അടുത്ത ദിവസം തന്നെ കുറേ അവർണസ്ത്രീകളുമായെത്തി, അവരുടെ മൂക്കിൽ നിന്ന് ഈർക്കിലും പിച്ചളക്കമ്പികളുമെല്ലാം മാറ്റിച്ച് താൻ കൊണ്ടുവന്ന സ്വർണ മൂക്കുത്തികൾ ധരിപ്പിച്ചു.  തടയാൻ ആരുണ്ടെടാ എന്ന മട്ടിൽ അവരെ ചന്തയിലൂടെ നടത്തിച്ചതായി അഡ്വ.ഇ.രാജന്റെ 'കേരളത്തിലെ മാറുമറയ്ക്കൽ കലാപം' എന്ന പുസ്തകത്തിൽ പറയുന്നു. ഇങ്ങനെയൊക്കെയാണ് നമ്മൾ പുറത്തിറങ്ങി അന്തസ്സോടെ നടക്കാൻ തുടങ്ങിയത്.

കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോർ

മനുഷ്യൻ മനുഷ്യനെത്തൊട്ടാൽ അശുദ്ധമായിരുന്ന കാലം കടന്നുവന്നവരാണ് നമ്മൾ. ഒറ്റ പൂർവികനിൽ നിന്ന് പിരിഞ്ഞുപുലർന്നവരെ നൂറുനൂറു ജാതിയാക്കിത്തിരിച്ച് തീണ്ടൽ നിയമങ്ങളുണ്ടാക്കി. ഒരുകൂട്ടർ എല്ലാസ്വത്തിനും സുഖത്തിനും ഉടയോരായപ്പോൾ മറുകൂട്ടർ അടിയാളരായി. 1900 കാലഘട്ടങ്ങളിൽ ബ്രിട്ടീഷ് മലബാറിൽ മാത്രം 138 വിഭാഗം നായൻമാർ തന്നെ ഉണ്ടായിരുന്നതായി കെ.പി.പദ്മനാഭമേനോൻ 'കൊച്ചിരാജ്യ ചരിത്ര'ത്തിൽ പറയുന്നുണ്ട്. പിന്നീടത് 18 മുഖ്യ ഉപജാതികളായി കുറഞ്ഞു. ജാതിമരത്തിന്റെ ഏറ്റവും ഉയർന്ന കൊമ്പിലിരിക്കുന്ന നമ്പൂതിരിമാർ മറ്റ് അമ്പലവാസികൾ പാകം ചെയ്ത ഭക്ഷണം കഴിക്കില്ല. നേരത്തേപറഞ്ഞ നായൻമാരിലെ 18 ഉപജാതികളും പരസ്പരം തൊട്ടുണ്ണുമായിരുന്നില്ല, എന്നല്ല ഒരുപന്തിയിൽ പോലും ഇരുന്നുണ്ണുമായിരുന്നില്ല. ഇക്കൂട്ടർ പരസ്പരം കല്യാണവും കഴിച്ചിരുന്നില്ല. ഇനി നിയമം തെറ്റിച്ച് ഭക്ഷണം കഴിച്ചാൽ കടുത്ത ഭ്രഷ്ടാണ് ശിക്ഷ. അതാണെങ്കിൽ എല്ലാത്തരത്തിലുമുള്ള വിലക്കാണ്. ഒരു നല്ലചടങ്ങിനും വിളിക്കില്ല, അമ്പലത്തിൽ കയറ്റില്ല, ഷൗരക്കാരൻപോലും ബഹിഷ്കരിക്കും. സ്വയം താടിവടിക്കണം, മുടിമുറിക്കണം. എന്തൊരു ഗതികേട്..

താഴ്ന്ന ജാതികളിലും ഇതുതന്നെയായിരുന്നു സ്ഥിതി. തന്നേക്കാൾ താഴ്ന്നതെന്ന് കരുതുന്ന ജാതിക്കാരുമായി മുകളിലുള്ളവർക്ക് ഒരുതരം ബന്ധവുമില്ല. തന്റെ സുഹൃത്തായ ചാവർകോട്ട് കുഞ്ഞുശങ്കരൻ വൈദ്യരുടെ മകളുടെ കല്യാണത്തിന് വന്ന മഹാകവി കുമാരനാശാനെവരെ ജാതിപരമായ കുറവിന്റെ പേരിൽ ഒരുകൂട്ടം ആളുകൾ തിരിച്ചയച്ച സംഭവമുണ്ടായിട്ടുണ്ട്. ഒരുമിച്ചിരുന്ന് ഉണ്ണാൻപോലും കഴിയാതിരുന്ന കാലമുണ്ടായിരുന്നു കേരളത്തിന്. ആ സാഹചര്യത്തിൽ 1881 മുതൽ തൈക്കാട്ട് അയ്യാസ്വാമികൾ എല്ലാ വർഷവും തന്റെ വീട്ടിൽ പന്തിഭോജനം നടത്തി.  അതിൽ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ഡോ.പല്പു, അയ്യങ്കാളി,സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ എന്നിവരൊക്കെ പങ്കെടുക്കുകയും ചെയ്യുമായിരുന്നു.  പിന്നീട് സഹോദരൻ അയ്യപ്പൻ 'മിശ്രഭോജനം' എന്ന മുന്നേറ്റത്തിന് നേതൃത്വം നൽകി. 1917 മെയ് 29 ന് ഒരുപാടുപേരെ വിളിച്ചുകൂട്ടി തുണ്ടിടപ്പറമ്പ് എന്ന സ്ഥലത്ത് അദ്ദേഹം മിശ്രഭോജനമൊരുക്കി. ചക്കക്കുരുവും കടലയും ചേർത്ത് മെഴുക്കുപുരട്ടിയും ചോറുമായിരുന്നു വിഭവങ്ങൾ. പുലയക്കുട്ടികൾ ഭക്ഷണം വിളമ്പി, എല്ലാവരും ഇരുന്ന് കഴിക്കുകയും ചെയ്തു. പുലയരെ തൊടാൻപോലും പാടില്ലാത്ത കാലത്താണിത്. ഇന്ന് നമ്മൾ ഇഷ്ടമുള്ളവരെ കല്യാണം കഴിക്കുന്നു. സദ്യ കൂട്ടമായി ഇരുന്നുണ്ണുന്നു. മറ്റ് പാർട്ടികൾ നടത്തുന്നു. ആരൊക്കെയോ ചെയ്ത സമരത്തിന്റെ ഫലം. 

ശിക്ഷയിലും പക്ഷഭേദം...

ഒരേകുറ്റം രണ്ടുപേർ ചെയ്താൽ രണ്ട്തരം ശിക്ഷ എന്ന് ഇന്നുനമുക്ക് ചിന്തിക്കാൻപോലും കഴിയില്ല. നമ്മുടെ ഉയർന്ന സമത്വബോധം അതിനനുവദിക്കില്ല. എന്നാൽ ബ്രാഹ്മണർക്ക് ഒരു നിയമവും മറ്റുള്ളവർക്ക് ജാതിതിരിച്ച് മറ്റുനിയമങ്ങളും എന്ന വ്യവസ്ഥയിലാണ് നൂറ്റാണ്ടുകൾ നമ്മൾ ജീവിച്ചത്. മനുസ്മൃതിയിലെ നിയമങ്ങൾ പ്രകാരമായിരുന്നു കുറ്റവും ശിക്ഷയും. താഴ്ന്ന ജാതിക്കാർ ബ്രാഹ്മണനെയോ പശുവിനെയോ മുറിവേൽപിക്കുകയോ കൊല്ലുകയോ ചെയ്താൽ കൊലതന്നെയാണ് ശിക്ഷ. എന്നാൽ കൊലപാതകം ബ്രാഹ്മണൻ ചെയ്താൽ പരമാവധി അയാളെ ജാതിഭ്രഷ്ടനാക്കുക മാത്രം.

വെട്ടിക്കൊല്ലൽ, കഴുവേറ്റൽ, നഖത്തിൽ ആണിതറയ്ക്കൽ, കൈകാലുകളും മൂക്ക് ചെവി എന്നിവയും വെട്ടിക്കളയൽ, കണ്ണുകുത്തിപ്പൊട്ടിക്കൽ, ആനയെക്കൊണ്ട് ചവിട്ടിക്കൽ, ആനയെക്കൊണ്ട് വലിച്ചുകീറൽ തുടങ്ങി പ്രാകൃതമായ ശിക്ഷകൾ ഒട്ടനേകമായിരുന്നു. ഇതൊന്നും ബ്രാഹ്മണർക്ക് ബാധകമായിരുന്നില്ല. കുറ്റം തെളിയിക്കാനുള്ള ഉപാധികളും ജാതിതിരിച്ചായിരുന്നുവെന്ന് പി.ഭാസ്കരനുണ്ണിയുടെ 'പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം' എന്ന പുസ്തകത്തിൽ വിവരിക്കുന്നു. ചാതുർവർണ്യക്രമത്തിൽ തൂക്കുപരീക്ഷ, അഗ്നിപരീക്ഷ, ജലപരീക്ഷ, വിഷപരീക്ഷ എന്നിങ്ങനെയായിരുന്നു രീതി. ഇതിൽ ബ്രാഹ്മണർക്കുള്ള തൂക്കുപരീക്ഷ ലോകോത്തര ഫലിതമാണ്. കുറ്റാരോപിതനെ ഒരു ത്രാസിലിരുത്തി തൂക്കം നോക്കും. പിന്നെ അയാൾക്കെതിരേയുള്ള കുറ്റം ഒരു ഓലയിലെഴുതി ശരീരത്തിൽ കെട്ടിവെക്കും. പിന്നെ വീണ്ടും തൂക്കിനോക്കും. അപ്പോൾ തൂക്കം കൂടിയാൽ കുറ്റവാളി, ഇല്ലെങ്കിൽ കുറ്റവിമുക്തൻ. കൃത്യതയില്ലാത്ത പഴയ തൂക്കസമ്പ്രദായത്തിൽ എത്ര ബ്രാഹ്മണർ അന്ന് കുറ്റക്കാരായിട്ടുണ്ടാവും എന്ന് ഊഹിക്കാമല്ലോ.? 

പഠിക്കാനും പ്രാർഥിക്കാനും അയിത്തം...

അമ്പലങ്ങളിൽ കയറുക എന്നത് അയിത്തജാതിക്കാർക്ക് ചിന്തിക്കാൻപോലും സാധിക്കാത്ത കാര്യമായിരുന്നു. ഈഴവരടക്കമുള്ള താഴ്ന്ന ജാതിക്കാർക്ക് അമ്പലത്തിൽ പ്രവേശനമുണ്ടായിരുന്നില്ല.  അവർ മാടനേയും മറുതയേയും കാളിയേയും മറ്റ് ബാധകളേയും പ്രാർഥിച്ച് ഊരുകളിൽ കഴിയണം. ഈ സാഹചര്യത്തിലാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ശിവപ്രതിഷ്ഠയൊക്കെ വിപ്ലവമാകുന്നത്. സ്കൂളുകളിൽ പ്രവേശനമില്ലാത്തവരായിരുന്നു അവർണരുടെ കുട്ടികൾ. പഠിപ്പില്ലാതെ, പ്രാകൃതരായി അവർ വളർന്നു. ആ സാഹചര്യത്തിലാണ് അവർണക്കുട്ടികൾക്കായി വേലായുധപ്പണിക്കർ പള്ളിക്കൂടം തുടങ്ങിയത്. ഈഴവക്കുട്ടികളെ പൊതുപള്ളിക്കൂടത്തിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടത്തിയതാണ് ഒരുപക്ഷേ രാജ്യത്തിന്റെ ചരിത്രത്തിൽത്തന്നെയുള്ള ആദ്യ പണിമുടക്ക്. 1913-14 കാലഘട്ടത്തിലായിരുന്നു അത്. ഒരാൾ പോലും പണിക്കിറങ്ങാതെ കൃഷിയിടങ്ങളെ മുഴുവൻ സ്തംഭിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ സമരത്തിന് ഫലമുണ്ടായി. വൈകാതെ അവർണർക്കും പള്ളിക്കൂടത്തിൽ പ്രവേശനമായി. സവർണരുടേതു മാത്രമായിരുന്ന വില്ലുവണ്ടി പണംകൊടുത്തുവാങ്ങി രാജാവിനെപ്പോലെ അതിൽ സഞ്ചരിച്ചു അയ്യങ്കാളി. ജാത്യടയാളമായിരുന്ന കല്ലുമാല പൊട്ടിച്ചെറിയാൻ നേതൃത്വം കൊടുത്തു. 

ഇപ്പറഞ്ഞതെല്ലാം ഒരുകാലത്തെ ആചാരങ്ങളായിരുന്നു. അതിനെതിരേ കലഹിച്ചും കലാപമുയർത്തിയുമാണ് നമ്മൾ മനുഷ്യനെപ്പോലെ ജീവിക്കാൻ തുടങ്ങിയത്. പകരം അതെല്ലാം സംരക്ഷിക്കാൻ സമരം ചെയ്തിരുന്നെങ്കിൽ കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ആമസോൺ കാടുകളേക്കാൾ ഇരുണ്ടതാകുമായിരുന്നു. ഇന്നുകാണുന്ന ആധുനിക കേരളത്തിന് ചതിയുടേയും ക്രൂരതയുടേയും അനീതിയുടേയും അന്ധവിശ്വാസത്തിന്റേയും ഒരു പൂർവചരിത്രമുണ്ട്. അതിൽ കനൽക്കട്ടകൾ പോലെ തിളങ്ങുന്ന വേറേയും പേരുകളുമുണ്ട്. കെ.പി.വള്ളോൻ, കെ.പി.കറുപ്പൻ,പൊയ്കയിൽ അപ്പച്ചൻ, സനാഉള്ളാ മക്തി തങ്ങൾ...അങ്ങനെ ആ പട്ടിക നീളും. ആ പൊള്ളുന്ന ഇന്നലെകളെ ഓർക്കുകതന്നെയാണ് കേരളത്തിനുള്ള മികച്ച പിറന്നാൾ സമ്മാനം.