
കേരളത്തിന്റെ പിറവിയോടനുബന്ധിച്ച് കേരളത്തിന് ഉണ്ടായ ഏറ്റവും വലിയ നഷ്ടം ഒരുകാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നഞ്ചിനാടും അതിന്റെ പ്രാന്തപ്രദേശങ്ങളും അടങ്ങിയ കന്യാകുമാരി ജില്ലയാണ്. കുട്ടനാട് പാടശേഖരങ്ങളിൽ വിളയുന്ന നെല്ല് അത്രയും വേണം നഞ്ചിനാട്ടിൽ വിത്ത് വിതക്കാൻ എന്ന് അതിശയോക്തി കലർത്തി പറഞ്ഞിരുന്നത് ഒട്ടും കള്ളം ആയിരുന്നില്ല. അത്രത്തോളം ഉണ്ടായിരുന്നു ഒരുകാലത്തു ഇവിടെത്തെ നെൽകൃഷി. ഇന്ന് ഭൂരിഭാഗം പ്രദേശങ്ങളും നികത്തി കരയായി മാറി. എന്നിരുന്നാലും പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശങ്ങളിൽ കുറെയൊക്കെ നെൽകൃഷി ഇപ്പോഴും നിർബാധം തുടരുന്നു.
ഏകദേശം പത്തു പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് സുഹൃത്തായ രാധാകൃഷ്ണൻ കൂവളശ്ശേരി എന്ന ചരിത്ര അധ്യാപകനുമൊപ്പം നെയ്യാറ്റിൻകരയുടെ സാംസ്കാരിക ചരിത്രത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി നിർമിക്കാൻ ഇറങ്ങിത്തിരിച്ചപ്പോഴാണ് നെയ്യാറ്റിൻകരയേയും ചുറ്റുപാടുകളെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചത്. നാം ലോകചരിത്രം പഠിക്കാറുണ്ട്, ദേശീയ ചരിത്രം പഠിക്കാറുണ്ട് എന്നാൽ നമ്മുടെ നാടിൻ്റെ പ്രാദേശിക ചരിത്രം ശ്രദ്ധിക്കാറില്ല. അതാരും പഠിപ്പിച്ചു തരാറുമില്ല.

ഭാരതത്തിന്റെ സ്വതന്ത്ര്യസമര ചരിത്രത്തിൽ ധാരാളം സംഭാവനകൾ നൽകിയ ഒരുപാട് മഹാന്മാർ നെയ്യാറ്റിൻകരയിലും കന്യാകുമാരി ജില്ലയിലുമായി ഉണ്ടായിരുന്നു. കന്യാകുമാരിയെ തമിഴ്നാടിനു വിട്ടുകൊടുത്തതിൽ ഭാഷാപരമായ ചായ്‌വുകളെക്കാളും രാഷ്ട്രീയമായ ചില കാഴ്ചപാടുകളും മറ്റു ചില ജാതീയമായ തീരുമാനങ്ങളും ഉണ്ടായിരുന്നതായി അന്ന് നേരിൽക്കണ്ടു സംസാരിച്ച തമിഴ്‌നാട്ടിലെ മുതിർന്ന ചരിത്രകാരന്മാർ പറഞ്ഞിരുന്നു.
തമിഴ്നാടിനോടൊപ്പം ചേർന്നത് കന്യാകുമാരി ജില്ലയിലെ, പ്രത്യേകിച്ചും നാഗർകോവിൽ നിവാസികൾക്ക് വളരെ തെറ്റായിപ്പോയെന്ന് കുറച്ചുകാലങ്ങൾക്കു ശേഷം അവർ തിരിച്ചറിഞ്ഞു. ഏകദേശം പത്തു വർഷങ്ങൾക്ക് മുൻപ് വരെ നാഗർകോവിലിലും പരിസരങ്ങളിലും ഉള്ള റോഡുകൾ വളരെ ശോചനീയ അവസ്ഥയിലായിരുന്നു. കന്യാകുമാരി എന്ന ടൂറിസം പ്രാധാന്യമുള്ള സ്ഥലം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് എന്തൊങ്കിലും ഒക്കെ വികസനങ്ങൾ കന്യാകുമാരി ജില്ലയിൽ നടന്നിരുന്നതെന്നും അവിടെത്തെ ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈയെ കന്യാകുമാരിയുമായി ബന്ധിക്കുന്ന ദേശീയപാത നാഗർകോവിൽ വരെ അന്ന് നീട്ടാതിരുന്നതും അവഗണയുടെ ഒരു പ്രതീകമാണ്.
1971ൽ പ്രമുഖ രാഷ്ട്രീയ നേതാവായ കരുണാനിധി കന്യാകുമാരിയെ വിശേഷിപ്പിച്ചത് ഒരു ശല്യം എന്നായിരുന്നു. "നെല്ലയ് എങ്ങള് അല്ലൈ, കുമാരി എങ്ങള്ക്ക് തൊല്ലൈ". തിരുനെൽവേലിയാണ് നമ്മുടെ അതിർത്തി എന്നും കന്യാകുമാരി നമുക്ക് ശല്യം എന്നുമാണ് അതിന്റെ അർഥം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാഗർകോവിലിൽ പോകാത്തതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ആണ് ഇങ്ങനെ പറഞ്ഞത്. അതിനു രണ്ടുമൂന്നു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ നാഗർകോവിലിൽ നിന്ന് മത്സരിച്ച കാമരാജിനെ തോൽപിക്കാൻ ജാതീയമായ വേർതിരിവുണ്ടാക്കാൻ ശ്രമിച്ചു പരാജയപെട്ടതു കാരണം ഉണ്ടായിരുന്ന വെറുപ്പാണ് ഇങ്ങനെ പ്രസ്താവന നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നാഗർകോവിലിനു പരിസരപ്രദേശങ്ങളിൽ ഉണ്ടായിരുന്ന പല രാജകൊട്ടാരങ്ങളും സർക്കാരിന്റെ അവഗണന കാരണം നശിച്ചു നാമാവശേഷമായി. പത്മനാഭപുരം കൊട്ടാരം സംരക്ഷണ ചുമതല പകുതി കേരളത്തിന്റെ കയ്യിൽ ആയതുകൊണ്ട് ഇന്ന് ഇതുപോലെ അവശേഷിക്കുന്നു. അല്ലെങ്കിൽ അതും നശിച്ചുപോയേനെ.

കേരളചരിത്രത്തിന്റെ നഷ്ടങ്ങളിൽ ഇപ്പോഴും കാണാനാകുന്ന നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയാണ് ഇരണിയൽ കൊട്ടാരം. പഴയ വേണാട് രാജാക്കന്മാരുടെ രാജധാനിക്കു ഇന്ന് പറയാന്‍ ഉള്ളത് അവഗണനയുടെ കഥകള്‍ മാത്രം. തിരുവനന്തപുരം- കന്യാകുമാരി പാതയിൽ തമിഴ്‌നാട്ടിലെ തക്കലയ്ക്കു സമീപമാണ് ഇരണിയൽ കൊട്ടാരം. തെക്കൻ തേവൻചേരിയിൽ കോയിക്കൽ കൊട്ടാരം എന്നാണ് ഈ കൊട്ടാരത്തിന്റെ പഴയ പേര്. ഒരുകാലത്ത് വേണാടിന്റെ തലസ്ഥാനമായിരുന്നു ഇരണിയല്‍. കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം താലൂക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചേരഭരണകാലത്ത് പ്രശസ്തമായ ഇരണിയൽ നാട്ടുകൂട്ടത്തിന്റെ ആസ്ഥാനമായിരുന്ന ഈ പ്രദേശം. ഇരണിയൽ കൊട്ടാരം കേന്ദ്രമാക്കി ആയിരുന്നു ഉമയമ്മറാണി ഭരണം നടത്തിയിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ രവികുലശേഖര പെരുമാൾ പശ്ചിമഘട്ടത്തിനു ഇപ്പുറമുള്ള ചെറിയ നാട്ടുരാജ്യങ്ങളെ പിടിച്ചടക്കി ഇരണിയല്‍ തലസ്ഥാനം ആക്കി. 1629ൽ രവിവർമ കുലശേഖരൻ ആസ്ഥാനം പത്മനാഭപുരം കൊട്ടാരത്തിലേക്ക് മാറ്റുന്നതുവരെ വേണാട് രാജാക്കന്മാർ ഇരണിയൽ കൊട്ടാരം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നു. പത്മനാഭപുരം കൊട്ടാരത്തില്‍നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയാണ് ഇരണിയൽ കൊട്ടാരം സ്ഥിതിചെയ്യുന്നത്.
കുറച്ചു വർഷങ്ങൾക്ക് മുൻപ് അവിടം സന്ദർശിച്ചപ്പോൾ കണ്ടകാഴ്ച ഹൃദയം നടുക്കുന്നതായിരുന്നു. അതിനകത്തുകയറിയപ്പോൾ എന്റെ ക്യാമറയിലൂടെ കണ്ട ഒരു ഫ്രെയിം തകർന്നുകിടക്കുന്ന ഹൃദയത്തിന്റെ രൂപത്തിലുള്ള കൊട്ടാരത്തിന്റെ അകത്തളമായിരുന്നു. തകർന്ന അവസ്ഥയിലാണ് ഇപ്പോൾ കൊട്ടാരമുള്ളത്. കിഴക്കുഭാഗത്തായി പടിപ്പുരയും കുതിരമാളികയും കാണാം. പിറകിലുള്ള വസന്തമണ്ഡപം പൂർണമായി തകർന്നു. ചിലർ ഈ കൊട്ടാരത്തെ വസന്തമാളിക എന്നും വിളിച്ചുപോന്നിരുന്നു. യോഗമുറി എന്ന സന്ദർശനമുറിയുടെയും നടുമുറ്റത്തിന്റെയും അവശിഷ്ടങ്ങളിപ്പോഴും കാണാം. അവിടെയുള്ള എല്ലാ സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. ചില പരിസരവാസികളുടെ വീടുകളിൽ പഴയ രാജകാലത്തുള്ള ഓടുകൾ കാണാൻ സാധിക്കും. വർഷങ്ങൾക്ക് മുൻപ് ലോറികൾ കൊണ്ടുവന്ന് കൊട്ടാരത്തിലെ മര ഉരുപ്പടികളും കഴുക്കോലുകളും കൊണ്ടുപോയിട്ടും ആരും ഒരു നടപടിയും എടുത്തതായി അറിവില്ല എന്ന് നാട്ടുകാർ തന്നെ പറയുന്നു. ഇന്നീ രാജമാളിക ഒരു അസ്ഥിപഞ്ചരം പോലെ നിലകൊള്ളുന്നു. കുറ്റിക്കാടുകൾക്കിടയിലൂടെ ഈ അസ്ഥിപഞ്ചരത്തിൽ പ്രവേശിച്ചു. അതുവഴി നടക്കുമ്പോൾ ഒരുകാലത്തു എത്രയോ പ്രൗഢിയോടെ ഇവിടെ നിലനിന്നിരുന്ന ഒരു രാജ്യവും അവിടെ ഭരിച്ചിരുന്ന രാജാക്കന്മാരും മനസ്സിൽ തെളിഞ്ഞുവരും. ഇന്നവിടം ഒരു പ്രേതാലയം പോലേ അനാഥമാണ്, ഭയപെടുത്തുന്നതാണ്.
മൂന്നര ഏക്കറിലായാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. പടിപ്പുരയും കുതിരമാളികയും വസന്തമണ്ഡപവും ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ചേര്‍ന്നതാണ് ഈ കൊട്ടാരം. അപൂര്‍വ ദാരുശില്‍പങ്ങളടക്കം ഒരു ചരിത്രത്തെത്തന്നെ രേഖപ്പെടുത്താന്‍ മതിയായ പല വിഭവങ്ങളും ഈ കൊട്ടാരത്തിനു ഒരുകാലത്തു മാറ്റുകൂട്ടിയിരുന്നു. ഇന്ന് അതൊക്കെ എവിടെയാണെന്ന് ആർക്കും അറിയില്ല, എല്ലാം മോഷ്ടിക്കപ്പെട്ടു. രാജാക്കന്മാർ ഉപയോഗിച്ചിരുന്ന വെണ്ണക്കല്ലിൽ തീർത്ത അതിമനോഹരമായ കൊത്തുപണികൾ ഉള്ള ഒരു ചപ്രമഞ്ച (സപ്രമഞ്ച) കട്ടിൽ മാത്രം എടുത്തുകൊണ്ടു പോകാൻ കഴിയാത്തതുകൊണ്ട് ഇന്നവിടെ അവശേഷിക്കുന്നു. തകർന്നു വീണുകിടക്കുന്ന ഈ മുറിയിലെ മേൽക്കൂരയുടെ താഴത്തെ ഭാഗങ്ങളിലെ തടിയിൽ കൊത്തിവച്ചിരിക്കുന്ന ശില്പങ്ങൾ മാത്രം മതിയാകും പഴയ പ്രൗഢി എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസിലാക്കാൻ. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ സ്ഥാനാരോഹണത്തിന് മുമ്പ് ഇവിടെയെത്തി വസന്തമണ്ഡപത്തില്‍ ഉടവാള്‍വെച്ച് നമസ്കരിക്കുന്ന പതിവുണ്ടായിരുന്നു എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇരണിയൽ കൊട്ടാരത്തിൽനിന്നും പദമനാഭപുരം കൊട്ടാരത്തിലേക്ക് ഒരു ഭൂഗർഭ തുരങ്കം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.

കന്യാകുമാരി ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഇന്ന് ഈ ചരിത്രസ്മാരകം. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തോട് തമിഴ്നാട് സർക്കാർ കാണിക്കുന്ന അവഗണയ്ക്ക് ഉദാഹരണമാണ് ഇരണിയൽ കൊട്ടാരം. ഇതുപോലെയുള്ള നിരവധി ചരിത്ര സ്മാരകങ്ങളുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. ജനങ്ങളുടെ നിരന്തരമായ ഇടപെടലുകൾകൊണ്ട് രണ്ടായിരത്തി ഇരുപത്തിയൊന്നിൽ മൂന്നരകോടി രൂപ ചെലവാക്കി ഇവിടെ ബാക്കിയുള്ള ഈ ചരിത്ര അവശേഷിപ്പുകൾ സംരക്ഷിക്കാനുള്ള തീരുമാനം തമിഴ്‌നാട് സർക്കാർ എടുത്തു. സംരക്ഷണ നടപടികൾ തുടങ്ങി. കുറച്ചു വർഷങ്ങൾക്ക് മുൻപ് വീണ്ടും അവിടേക്കു ഒന്ന് കൂടി പോയി. അതിനുമുൻപു പോകുമ്പോൾ തുറന്നു ആരോരുമില്ലാതെ അനാഥമായികിടന്ന ഗേറ്റ് താഴിട്ടു പൂട്ടി കാണപ്പെട്ടു. അതുകാരണം അകത്തു കയറാൻ സാധിച്ചില്ല.
ഒരുപാട് ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു പ്രധാന കൊട്ടാരമായിരുന്നു ഇരണിയല്‍ കൊട്ടാരം. ഇതുപോലെ കുഴുത്തുറ കൊട്ടാരം അടക്കം നിരവധി ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ നശിച്ചുപോയി. പല പതിനാറുകെട്ടുകളും, കൊട്ടാരങ്ങളും, അവയിലെ അമൂല്യമായ ചരിത്ര തിരുശേഷിപ്പുകളും ഇന്ന് കടൽകടന്ന് പോയിക്കാണും. കുറെയൊക്കെ ഏതെങ്കിലും ഫൈവ് സ്റ്റാർ റിസോർട്ടുകൾ ആയി രൂപാന്തിരം പ്രാപിച്ചും കാണും. ഇതുപോലെ പത്ഭനാഭപുരം കൊട്ടാരത്തിനടുത്തു ഉണ്ടായിരുന്ന, പഴയകാലത്ത് ആയുധാഭ്യാസം പരിശീലിപ്പിച്ചിരുന്ന ഒരു പതിനാറുകെട്ട് മാളിക എന്റെ ഒരു സുഹൃത്തായ അഭിലാഷ് അവിടെ നിന്നും വിലയ്ക്ക് വാങ്ങി പൊളിച്ചെടുത്തു കേരളത്തിൽ, നെയ്യാററ്റിൻകരക്ക് സമീപം അമരവിളയിൽ കൊണ്ട് വന്നു പുനഃസ്ഥാപിച്ചു. ആ മാളിക ഇന്ന് ഒരു ചരിത്ര മ്യൂസിയം ആണ്. പഴയ ചരിത്രം പുതിയ തലമുറയ്ക്ക് ഈ കെട്ടിടം ചരിത്രമാളിക എന്ന പേരിൽ കാത്തുസൂക്ഷിക്കുന്നു. എട്ടുവർഷം കൊണ്ടാണ് ഈ പതിനാറുകെട്ടിനെ അവിടെ നിന്നും ഇളക്കിയെടുത്തു കൊണ്ടുവന്ന് അതുപോലെ ഇവിടെ പുനർനിർമിച്ചത്. പഴയകാല തുരങ്കങ്ങളും ഭൂഗർഭ കളരിത്തറയും മറ്റു പൂജാമുറികൾ, ചികിത്സാ മുറികൾ എന്നിവ അടക്കം അവിടെ നിലനിന്നപോലെ ഇവിടെ പുനർനിർമിച്ചത്. അങ്ങനെ തമിഴ്‌നാട്ടിൽ നശിച്ചുപോകുമായിരുന്ന ഒരു ചരിത്ര നിർമിതി എങ്കിലും ഇവിടെ കൊണ്ടുവന്ന് നിലനിർത്താൻ ഒരാൾ ആത്മാർത്ഥമായി വിചാരിച്ചപ്പോൾ സാധിച്ചു.
നമ്മുടെ ചരിത്രങ്ങൾ നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, അത് അടുത്ത തലമുറയ്ക്ക് പരിചയപെടുത്തേണ്ട ബാധ്യത, അതിനെ സംരക്ഷിച്ചു കൈമാറേണ്ട ബാധ്യത നമ്മുടേതാണ് പ്രതേകിച്ചു സർക്കാരുകളുടേതാണ്. കേരളത്തിന്റെ പൈതൃകം സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത തമിഴ്‌നാട് സർക്കാരുകൾക്ക് ഉണ്ടാകണം എന്നില്ല. നമ്മുടെ നാട്ടിലെ പഴയ നേതാക്കന്മാരുടെ ദീർഘവീക്ഷണമില്ലായ്മ, സ്വാർത്ഥത, എന്നിവ കാരണം കേരളപിറവിയോടുകൂടി കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, പൈതൃക, സാമ്പത്തിക മേഖലകളിൽ ഉണ്ടായ നഷ്ടം വളരെ വലുതാണ്.
Content Highlights: Explore its history, neglect, and the loss Kerala suffered due to the division of its heritage
Published: 01 Nov 2024, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented