സ്തനങ്ങള്‍ മറയ്ക്കാത്ത സ്ത്രീകള്‍ അശ്ലീലമല്ലാത്ത കാലം നമുക്ക് പിന്നിലുണ്ട്. ഇന്ന് അത്രയും വിമോചിതയായ ഒരു സ്ത്രീയ്ക്ക് പോലും അര്‍ദ്ധനഗ്നയായി വസ്ത്രം ധരിച്ച് പൊതുസമൂഹത്തിലേയ്ക്ക് ഇറങ്ങുക എളുപ്പമല്ല. ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലെ അത്രയെളുപ്പമല്ല ക്ലീവേജ് പുറമേ കാണുന്ന വസ്ത്രം ധരിച്ച് ഒരു ആള്‍ക്കൂട്ടത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് താഴെപ്പോലും 'മലയാളത്തനിമയേയും സംസ്‌കാരികമൂല്യങ്ങളേയും' കുറിച്ചുള്ള ഉദ്‌ബോധനങ്ങള്‍ നിരവധി കാണം. 

To advertise here,

മലയാളിയുടെ തനത് വസ്ത്രധാരണം ഇന്നത്തെ സദാചാര സങ്കല്‍പങ്ങള്‍ക്ക് അനുയോജ്യമായിരുന്നോ? കേരളത്തിന്റെ തനത് വസ്ത്രമെന്തായിരുന്നു? ഒരു നാടിന്റെ കാലാവസ്ഥയും ജീവിതസാഹചര്യവുമെല്ലാം വസ്ത്രധാരണത്തെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യാത്രാസൗകര്യവും ദൂരപ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും കൈയേറ്റങ്ങളുമെല്ലാം ഇതില്‍ മാറ്റം വരുത്തും. ഇവിടുത്തെ ഈര്‍പ്പമുള്ള കാലാവസ്ഥയും ഉഷ്ണമേഖലാ ചൂടും കാരണം, പണ്ടു മുതല്‍  കോട്ടണ്‍ തുണികളാണ് ആളുകള്‍ ധരിച്ചിരുന്നത്. വസ്ത്രധാരണം മനുഷ്യന്റെ പദവിയേയും വര്‍ഗത്തെയും നിശ്ചയിച്ചിരുന്ന കാലം നമുക്ക് പിന്നിലുണ്ട്. ചരിത്രം പരിശോധിച്ചാല്‍ കേരളീയരുടെ വസ്ത്രധാരണത്തിലെ തുല്യതയില്ലായ്മയെ തിരിച്ചറിയാന്‍ സാധിക്കും.

മനുഷ്യരെ വേര്‍തിരിക്കുന്ന വസ്ത്രം

മാനം മറയ്ക്കാനെന്ന ആവശ്യത്തിനായി താഴെ തട്ടിലുള്ള ജനങ്ങള്‍ ചരടില്‍ പുല്ല് കെട്ടി ഉപയോഗിച്ചുവന്ന കാലമുണ്ടായിരുന്നു. സ്ത്രീകള്‍ വാഴപ്പോളയും കമുകില്‍ പോളയും കല്ലുമാലയും ശരീരം മറയ്ക്കാായി ഉപയോഗിച്ചു വന്ന ചരിത്രം നമുക്കുണ്ട്. തോര്‍ത്തുമുണ്ട് വരെ ആഡംബര വസ്ത്രമായ ഒരു കാലമുണ്ടായിരുന്നു. മുട്ടുമറയാത്ത കച്ചയും മുലക്കച്ചയും ചട്ടയും മുണ്ടുമെല്ലാം പിന്നീട് മതത്തിന്റെയും ജാതിയുടെയും തൊഴിലിന്റെയും അടിസ്ഥാനത്തിലുള്ള  വേര്‍തിരിവുകളുടേയും കൂടെ അടിസ്ഥാനങ്ങളായിരുന്നു.

കേരള സ്ത്രീകളുടെ പഴയകാല വസ്ത്രമെന്നത് 'മുണ്ടും നേരിയതും' എന്ന് വിളിക്കപ്പെടുന്ന വസ്ത്രമാണ്. ഇത് സമാനമായ ഒരു ജോഡി മുണ്ടുകളാണ്. കണങ്കാല്‍ വരെയുള്ള മുണ്ടും മറ്റൊന്ന് ശരീരത്തിന്റെ മുകള്‍ ഭാഗത്തിടുന്ന മേല്‍മുണ്ടുമാണിത്. അക്കാലത്ത് ജാതിയിലെ ഉയര്‍ച്ച താഴ്ചകള്‍ വസ്ത്രത്തിന്റെ നീളവും രീതിയുമെല്ലാം നിശ്ചയിച്ചിരുന്നു. നമ്പൂതിരിമാര്‍, ക്ഷത്രിയര്‍ തുടങ്ങിയ ഉയര്‍ന്ന ജാതിക്കാര്‍ ഒരു മുണ്ടും മേല്‍മുണ്ടും ധരിച്ചിരുന്നു. ഉയര്‍ന്ന ജാതിക്കാരായ സ്ത്രീകള്‍ അച്ചിപ്പുടവയെന്ന വസ്ത്രം ധരിച്ചിരുന്നു. മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യം താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കുണ്ടായില്ല. മതം മാറി ക്രിസ്ത്യാനികളായവര്‍ക്ക് ലഭിച്ചത് വസ്ത്രസ്വാതന്ത്ര്യം കൂടിയായിരുന്നു.

കേരളത്തിലെ ഒരുകാലഘട്ടത്തിലെ വേഷമെന്നത് ചുട്ടിക്കരത്തോര്‍ത്തോ മുട്ടിനുതാഴെവരെയുള്ള മുണ്ടോ ആണെന്നതാണ് പ്രത്യേകത. വസ്ത്രത്തിന്റെ ഗുണനിലവാരം, ഇഴയടുപ്പം, വിതാനം എന്നിവയും അവ ധരിക്കുന്ന രീതികളും സങ്കീര്‍ണമായ സാമൂഹിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്ന് കെ. എന്‍ പണിക്കര്‍ പറയുന്നു (സംസ്‌കാരവും ദേശീയതയും).

വസ്ത്രമെന്ന അധികാരം

മാറ് മറയ്ക്കാത്ത മലയാളിസ്ത്രീകളുടെ വസ്ത്രരീതി സദാചാര പ്രശ്നമല്ലാതിരുന്ന ഒരു ചരിത്രം പിന്നിലുണ്ട്. മേല്‍വസ്ത്രമായ ബ്ലൗസ് ധരിക്കാതെയിരിക്കുന്ന തിരുവിതാംകൂര്‍ മഹാറാണി ഭരണി തിരുനാള്‍ പാര്‍വതി ഭായിയുടെ ചിത്രം രാജാ  രവിവര്‍മ്മയാണ് വരച്ചിട്ടുണ്ട്. അവിടെ സ്ത്രീയുടെ മുല മറയ്ക്കാതിരിക്കുന്നതില്‍ അശ്ലീലതയൊന്നുമില്ല. മേല്‍മുണ്ട് ചുറ്റുന്നത് ഒരു അധികാരം ചിഹ്നമെന്ന നിലയിലായിരുന്നു. അതില്‍ മാനം മറയ്ക്കുകയെന്ന അര്‍ത്ഥമില്ലായിരുന്നു. 1677-1684 കാലഘട്ടത്തില്‍ ഭരിച്ചിരുന്ന ഉമയമ്മറാണിയെ ഡച്ച് പ്രതിനിധിയായ വില്ല്യം വാന്‍ ന്യൂഹോഫ് സന്ദര്‍ശിച്ചതിന്റെ വിവരണം ഇങ്ങനെയാണ് വിശദീകരിക്കുന്നത്.

'റാണിയുടെ വേഷം അരയില്‍ ചുറ്റിയിരുന്ന ഒരു കാലികോ തുണിയിലധികം വരില്ല, മുകള്‍വശം ഏകദേശം മുഴുവന്‍ നഗ്നമാണ്, മറ്റൊരു കഷ്ണം കാലികോ തുണി അശ്രദ്ധമായി അവരുടെ തോളിനെ ചുറ്റി അണിഞ്ഞിരുന്നു. അവരുടെ കാതുകള്‍, വളരെ നീളമുള്ളവയായിരുന്നു, കഴുത്തും കൈകളും വിലപിടിപ്പുള്ള രത്നക്കല്ലുകളും സ്വര്‍ണമോതിരങ്ങളും നെക്ലേസും കൊണ്ട് അലംകൃതമായിരുന്നു, ഒരു വെള്ള കാലിക്കോ തുണികൊണ്ട് അവരുടെ തല മറച്ചിരുന്നു. മേല്‍വസ്ത്രം ധരിക്കാതിരിക്കുന്നത് അക്കാലത്ത് നാണക്കേടുണ്ടാക്കുന്ന കാര്യമായിരുന്നു. ബ്ലൗസില്ലാതെ പകരം ഒരു നേരിയത് മാത്രം ചുറ്റിയ സ്ത്രീകളാണ് പിന്നീടും ഉണ്ടായത്.'

ഇതില്‍ പ്രതിപാദിച്ചിരിക്കുന്നതും സ്ത്രീയുടെ നഗ്‌നമായ മേല്‍ശരീരത്തെക്കുറിച്ചും കൂടിയാണ്. അശ്ലീലത നിര്‍ണയിക്കുന്നത് ഒരോ കാലത്തിന്റേയും നോട്ടങ്ങള്‍ കൂടിയാണ്. സദാചാര വിചാരങ്ങള്‍ക്കും കാലത്തിനനുസൃതമായി മാറ്റം സംഭവിക്കുന്നുണ്ട്. സംസ്‌കാരിക ചുറ്റുപാടുകള്‍ക്കും അതില്‍ സ്വാധീനമുണ്ട്.

താഴ്ന്ന ജാതിക്കാരെ അടിച്ചമര്‍ത്തുന്നതില്‍ വസ്ത്രം ഒരു ഉപകരണമായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാം. അവര്‍ണരെ മേല്‍മുണ്ട് ധരിക്കാന്‍ അനുവദിക്കാത്തതായിരുന്നു അത്തരത്തിലുള്ള അടിച്ചമര്‍ത്തല്‍ മാര്‍ഗം. മേല്‍മുണ്ട്  ആധിപത്യത്തിന്റെ അടയാളമായിരുന്നു. അതിനാല്‍ താഴ്ന്ന ജാതിക്കാര്‍ക്ക് അത് ഉപയോഗിക്കാന്‍ അനുവാദമില്ല. നായര്‍ സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അനുവാദമുണ്ടായിരുന്നപ്പോള്‍ താഴ്ന്ന ജാതിയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അത് അനുവദിച്ചിരുന്നില്ല.1859-ലെ മേല്‍മുണ്ട് ധരിക്കാനുള്ള ഉത്തരവ് വന്നിട്ടും അത് അനുവദിച്ചുതരാന്‍ ഉയര്‍ന്ന ജാതിയിലുള്ളവര്‍ തയ്യാറായില്ല. ഇത് കൊച്ചിയിലും തിരുവിതാംകൂറിലും വര്‍ഗീയ ലഹളകള്‍ക്ക് കാരണമായി. അക്കാലഘട്ടത്തില്‍ വസ്ത്രം ജാതിയെ വെളിപ്പെടുത്തുന്ന ഉപാധിയായിരുന്നു. വസ്ത്രത്തിനുള്ളിലെ ജാതിശരീരങ്ങളായിരുന്നു മനുഷ്യര്‍. ധരിച്ച വസ്ത്രത്തിന്റെ അളവില്‍ ജാതിയും തൊഴിലും വെളിപ്പെടുമായിരുന്നു.

'തങ്ങളുടെ ശരീരത്തെ ഒരു ജാതിസംസ്‌കാരത്തിനകത്തു നിന്ന് പ്രദര്‍ശിപ്പിച്ച ജനതയ്ക്ക് എന്ത് വസ്ത്രം, എങ്ങിനെ ആവിഷ്‌കരിക്കണമെന്ന സ്വയം ബോധംപോലും ഉണ്ടായിരുന്നില്ല. അധികാരം കല്പിക്കുന്ന രീതിയില്‍ ജീവിച്ചവരായിരുന്നു നാടുവാഴിഘട്ടത്തിലെ ജനത. അതുകൊണ്ട് തന്നെ മോടിയായി വസ്ത്രധാരണം ചെയ്യുന്ന അറബികളെയും ചൈനക്കാരെയും നിരന്തരം കാണാന്‍ കഴിഞ്ഞ സാഹചര്യത്തിലും നമ്മുടെ പ്രഭുവര്‍ഗങ്ങള്‍ക്കുപോലും ഈ തോര്‍ത്തുമുണ്ട് പോരെന്നു തോന്നാത്തതിനുള്ള കാരണം ജാതിവ്യവസ്ഥിതി കൊണ്ടുണ്ടായ മാനസിക മരവിപ്പാണ് എന്ന് പി കെ ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥയും കേരളചരിത്രവും എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നു'

വസ്ത്രവും സദാചാരബോധവും

വസ്ത്രമെന്നത് അധികാരത്തിന്റ ബാഹ്യപ്രകടനമായി വന്നയിടത്താണ് മാറു മറയ്ക്കാനുള്ള ചാന്നാര്‍ ലഹളയുണ്ടാകുന്നത്. ഇക്കാലത്ത് തന്നെയാണ് മിഷണറി പ്രവര്‍ത്തനങ്ങളും സജീവമാകുന്നത്. ശരീരത്തെ പാപബോധവുമായി ചേര്‍ത്തുവെയ്ക്കുന്ന സെമിറ്റിക് മതചിന്തകളും ഇക്കാലത്താണ് ഉയര്‍ന്നുവന്നത്. മനുഷ്യശരീരത്തില്‍ സ്ത്രീയുടെ നഗ്നതയെ മാത്രം ചരക്കുവത്ക്കരിക്കുന്ന രീതിയും ശക്തി പ്രാപിച്ചതായി കാണാം. ആണ്‍ പെണ്‍ വേര്‍തിരിവുകളും കര്‍ശനസദാചാരബോധവും മിഷണറി വിദ്യാഭ്യാസത്തോടുകൂടി സമൂഹമനസില്‍ വേരൂന്നി. ആണും പെണ്ണുമെന്നുള്ള തരം ചിന്തകള്‍ സ്ത്രീശരീരത്തെ പാപവുമായി കൂട്ടി വായിക്കാന്‍ തുടങ്ങി.

സദാചാര ചിന്തകള്‍ വസ്ത്രധാരണത്തെ ഉള്‍പ്പെടെ സ്വാധീനിക്കുകയും ചെയ്തു. ആണിന്റേയും പെണ്ണിന്റേയും ശരീരത്തേയും നഗ്നതയേയും സ്വഭാവികതയോടെ കണ്ടിരുന്ന സാമൂഹിക കാഴ്ചപ്പാടില്‍ നിന്നും സെമിറ്റിക് ചിന്തകള്‍ സ്ത്രീയെ കൂടുതല്‍ പാപബോധത്തിലേയ്ക്ക് തള്ളിയിട്ടു. സ്ത്രീശരീരകാഴ്ചകളില്‍ വസ്ത്രധാരണത്തില്‍ ലൈംഗികതച്ചുവച്ചുതുടങ്ങി. മേല്‍മുണ്ട് മറയ്ക്കാത്ത വസ്ത്രധാരണരീതിയില്‍ നിന്നും സ്ത്രീശരീരം പുറത്തുകണ്ടാൽ അത് തെറ്റാണെന്ന സദാചാരമാതൃകകളും സമൂഹത്തില്‍ ശക്തമായി. ഉപഭോഗവസ്തുവായി മാത്രം സ്ത്രീശരീരത്തെ അളന്നു തുടങ്ങി. മാറു മറയ്ക്കാത്ത സ്ത്രീയില്‍ നിന്നും പൊതിഞ്ഞു സൂക്ഷിക്കേണ്ട ഒന്നായി സ്ത്രീ ശരീരം മാറിയത് വളരെ വേഗത്തിലാണ്. ഈ മാറ്റം വസ്ത്രധാരണത്തിലും പ്രതിഫലിച്ചുതുടങ്ങി.

സാരിയെന്ന ആധുനിക വസ്ത്രം

കേരളത്തിന്റെ തനത് വസ്ത്രധാരണത്തെക്കുറിച്ച് പറയുമ്പോൾ പൊതുവേ എടുത്തു പറയുന്ന വേഷം സാരിയാണ്. എന്നാല്‍ സാരി കേരളത്തിന്റെ തനതായ വസ്ത്രങ്ങളുടെ ഭാഗമായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കേരളത്തിലേയ്ക്ക് സാരിയെത്തുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായെത്തിയ സാരി ഒരു ആധുനിക വസ്ത്രമായിട്ടാണ് കണക്കാക്കിയിരുന്നത്. 1930 കള്‍ക്ക് ശേഷമാണ് കേരളത്തിലെ സ്ത്രീകളിലേയ്ക്ക് സാരിയെന്ന വസ്ത്രം തന്നെയെത്തുന്നത്.

തിരുവിതാംകൂര്‍ രാജാവിന്റെ ഭാര്യയായിരുന്ന കല്യാണി പിള്ളയാണ് ആദ്യമായി സാരി ധരിച്ച മലയാളിയെന്ന് കരുതപ്പെടുന്നു. അയല്‍രാജ്യമായിരുന്ന കൊച്ചി മുഖ്യമന്ത്രിയുടെ മകളായിരുന്നു കല്യാണി. തിരുവിതാംകൂര്‍ മഹാരാജാവിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഒരു കഥകളി കലാകാരനെയാണ് അവര്‍ വിവാഹം ചെയ്തത്. സാഹിത്യ രചനകളില്‍ തല്പരയും വിവിധ കലകളില്‍ താല്പര്യമുള്ളവരും ആയിരുന്നു കല്യാണി പിള്ള. 1868-ലാണ് സാരി ധരിച്ചിരിക്കുന്ന കല്യാണി പിള്ളയുടെ ചിത്രം എടുത്തിട്ടുള്ളത്. അക്കാലത്ത് രാജാരവിവര്‍മ്മയുടെ ചിത്രത്തില്‍പ്പോലും സാരിയുടുത്ത സ്ത്രീകളെത്തിയിരുന്നില്ല.

ക്യാമറക്കണ്ണിലെ സ്ത്രീയും വസ്ത്രവും

ഇരുപതാം നൂറ്റാണ്ടിലാണ് വസ്ത്രം സദാചാരത്തിന്റേയും ആകര്‍ഷണീയതയുടേയും പേരില്‍ ഉപയോഗിച്ചുതുടങ്ങുന്നത്. സ്ത്രീശരീരത്തിന്റെ മാനം കാക്കാന്‍ വസ്ത്രമെന്നത് ഒരു സംരക്ഷണകവചമായി ഉപയോഗത്തില്‍ വന്നു. മുല മറയ്ക്കാത്ത സ്ത്രീ ശരീരത്തേയ്ക്കാള്‍ ശരീരം മറയ്ക്കുന്ന സ്ത്രീശരീരങ്ങള്‍ വിമര്‍ശത്തിന് ഇരയായി. സ്ത്രീയുടെ സ്തനവും വയറും അശ്ലീലമായി പൊതുബോധം കണക്കാക്കി. വിക്ടോറിയന്‍ മൊറാലിറ്റിയില്‍ കുടുങ്ങിയ പൊതുബോധ്യം സ്ത്രീകളുടെ വസ്ത്രധാരണത്തിലും ഇടപെട്ടു. ശരീരം കാഴ്ചവസ്തുവോ ചരക്കോ മാത്രമായിത്തീരുന്ന കമ്പോളതാത്പര്യങ്ങള്‍ മലയാളി സ്ത്രീയുടെ വസ്ത്രധാരണത്തിലും പ്രകടമായിത്തുടങ്ങി.  1975-കളോടെ സിനിമകള്‍ വസത്രധാരണത്തില്‍ കൃത്യമായ സ്വാധീനം ചെലുത്തിത്തുടങ്ങി. ഫാഷന്‍, ഡിസൈന്‍, ഡ്രസ് കോഡ് എന്നിവയില്‍ സിനിമ വലിയ സ്വാധീനം ചെലുത്തി. സ്ത്രീ നഗ്നതയെ അശ്ലീലമായി കണക്കാക്കുകയും സിനിമകളില്‍ മാര്‍ക്കറ്റിങ് തന്ത്രമായ അതിനെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് ഇവിടെ പ്രകടമാണ്. സ്ത്രീശരീരത്തോടും വസ്ത്രത്തോടുമുള്ള നോട്ടങ്ങളെ ഇവിടെ സിനിമകള്‍ നിര്‍ണയിച്ചുതുടങ്ങി. ക്യാമറക്കാഴ്ചകളില്‍ സ്ത്രീശരീരം കമ്പോളവസ്തുമായി മാറുന്നതില്‍ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. ശരീരത്തിന്റെ ആകാരത്തെയും എടുത്തുകാണിക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ഈ സിനിമകളില്‍ കാണാന്‍ കഴിയും.

ഗര്‍ഫ് കുടിയേറ്റവും ആഗോളവത്ക്കരണവും

20 നൂറ്റാണ്ടിന്റെ അവസാനവും 21 നൂറ്റാണ്ടും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യസാഹചര്യങ്ങളിലുണ്ടായ മാറ്റം വസ്ത്രധാരണത്തിലും കാതലായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ആഗോളവത്ക്കരണവും ഗള്‍ഫ് കുടിയേറ്റവും വസ്ത്രധാരണത്തില്‍ പുതിയ വിപ്ലവം സൃഷ്ടിച്ചു. കേരളം ട്രെന്‍ഡുകളോടും ഫാഷനോടും ഒപ്പം നീങ്ങാന്‍ തുടങ്ങി. ദൃശ്യ-അച്ചടിമാധ്യമങ്ങളും ഇതില്‍ പങ്കുവഹിച്ചിട്ടുണ്ട്. പരമ്പരാഗത വേഷം എന്ന വസ്ത്രധാരണരീതിയില്‍ നിന്നും തന്നെ കേരളീയര്‍ വ്യതിചലിച്ചുതുടങ്ങി. തനത് വസ്ത്രങ്ങള്‍ എന്നതിന് പകരം ഉപയോഗിക്കുന്ന വ്യക്തിയുടെ താത്പര്യം,സൗകര്യം, ഫാഷന്‍ എന്നിവ വസ്ത്രധാരണത്തെയും നിയന്ത്രിച്ചു.

മലയാളിയും ഫാഷന്‍ ട്രെന്‍ഡുകളും

2010-2020 കാലഘട്ടത്തെ സാങ്കേതികവിദ്യ, സാമൂഹികമാധ്യമങ്ങള്‍, ജെന്‍ഡര്‍ ന്യൂട്രണ്‍ ഫാഷന്‍, സുസ്ഥിര ഫാഷന്‍ എന്നിവയുടെ കാലമായി കണക്കാക്കാം. സാമൂഹികമാധ്യമങ്ങളും സാങ്കേതികവിദ്യവും ലോകത്തിന്റെ മാറ്റത്തിനും ഫാഷനുമൊപ്പം ചലിക്കാന്‍ മലയാളിയേയും പഠിപ്പിച്ചു. ഔപചാരിക വസ്ത്രധാരണം എന്നരീതിയിലും മലയാളിയില്‍ ആ കാലം മാറ്റം വരുത്തി. കൂടുതല്‍ സൗകര്യപ്രദമായ വസ്ത്രധാരണത്തെ ആളുകള്‍ സ്വാഗതം ചെയ്യുന്നു. പരമ്പാഗത വസ്ത്രങ്ങളെ ജാതിയുടേയും മതത്തിന്റേയും പേരില്‍ ആയിത്തം കല്‍പ്പിച്ചകറ്റിയ വസ്ത്രളെയെല്ലാം പുതിയ ഡിസൈനിലും ലുക്കിലും ഫാഷന്‍ റാംപുകളിലേയ്ക്ക് വരെ എത്തിക്കാന്‍ ഈ മാറ്റങ്ങള്‍ക്ക് കഴിഞ്ഞു.

Reference

 *Dress Dressing Kerala Folk'.
( Balachandran B,Department of Malayalam and Kerala Studies, University
of Calicut)

*https://dastaanjmc.wordpress.com/2021/09/20/kerala-vogue-history/

*Evolution of Clothes of Kerala and the Social Struggles
(Srikanth Gella,Ph.D Scholar,School of Performing and Visual Arts,
Indira Gandhi National Open University)

*The dynamic changes in the dressing pattern of the malayalis since the 20th century 
(Baluraj. S.V,Research Scholar, Department of History, University of Kerala)