ജന്മദിനം ഏതൊരു വ്യക്തിക്കും തന്റെ ജനിപ്പിച്ചവരെ ഓര്‍ക്കേണ്ട സന്ദര്‍ഭം കൂടിയാണ്. വ്യക്തിയെപ്പോലെ തന്നെ നാടിനും ജന്മദിനം അതിനെ സാധ്യമാക്കിയ ജനിതകവിശേഷത്തെ സ്മരിക്കേണ്ട അവസരമാകണം. അങ്ങനെയാകുമ്പോള്‍ കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ ഓര്‍ക്കേണ്ടത് കേരളത്തെ സാധ്യമാക്കിയ മലയാളത്തിന്‍ ജീനിനെയാണ്. മലയാളജീനിന്റെ പ്രത്യേകത അതിന്റെ പ്രവാസോന്മുഖതയുമാണ്.
മറ്റൊരു ദേശത്തേക്ക് മാറിത്താമസിക്കലും മറ്റൊരു സംസ്‌കാരത്തിലേക്ക് മാറിത്താമസിക്കലും മറ്റൊരു വിശ്വാസത്തിലേക്ക് മാറിത്താമസിക്കലും പ്രവാസോന്മുഖതയാകുന്നു. തങ്ങളില്‍ നിന്ന് വ്യത്യസ്തമായതിനെ സ്‌നേഹിക്കാനും ആദരിക്കാനും ആശ്ലേഷിക്കാനും സന്നദ്ധതയുള്ളവര്‍ക്ക് മാത്രമേ പ്രവാസിയാകാനും പ്രവാസജീവിതത്തില്‍ വിജയിക്കാനും കഴിയുകയുള്ളു. അപരിചിതമായ സംസ്‌കാരത്തിലേക്കും വിശ്വാസത്തിലേക്കും ദേശത്തിലേക്കും ആവേശപൂര്‍വം കുടിയേറാന്‍ തയ്യാറായതിന്റെ വിജയഗാഥകളാണ് കേരളീയന്റെ ചരിതമെന്നുതന്നെ പറയാം. ഇത്തരം അപൂര്‍വമായൊരു ചരിത്രം സ്വായത്തമാക്കാനുള്ള സിദ്ധിയും ശേഷിയും അവന്/അവള്‍ക്ക് പ്രദാനം ചെയ്തത് കേരളത്തിന്റെ ഭൂപ്രകൃതിയുമാണ്.
ആദിമകാലം മുതല്‍ക്കേ കേരളം തെക്ക് മുതല്‍ വടക്ക് വരെ പുഴകളാലും വൃക്ഷലതാദികളാലും ഫലഭൂയിഷ്ഠമായ ഭൂമിയാലും സമ്പന്നമാണല്ലോ. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തെക്കുവടക്കായി മുപ്പത്തിരണ്ട് ഗ്രാമങ്ങളും ഏതാനും ഉപഗ്രാമങ്ങളും സ്ഥാപിച്ച് ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ ഇവിടേക്ക് കുടിയേറിയപ്പോള്‍ അത്യന്തം അസാധാരണമായ സംഭവവികാസങ്ങള്‍ അരങ്ങേറപ്പെട്ടു. സാധാരണയായി ഏതെങ്കിലും കുടിയേറ്റക്കാര്‍ മറ്റൊരു നാട്ടിലേക്ക് കയറിവന്നാല്‍ ജലലഭ്യതക്കും കൃഷിയോഗ്യമായ ഭൂമിക്കും വേണ്ടി നാട്ടുകാരോട് ഏറ്റുമുട്ടുകയാണ് പതിവ്. എന്നാല്‍ ഉത്തരേന്ത്യന്‍ ബ്രാഹ്‌മണര്‍ കേരളത്തിലെ ചില പ്രദേശങ്ങളില്‍ കെട്ടും ഭാണ്ഡവും ഇറക്കിയപ്പോള്‍ ദ്രാവിഡരായ ആദിവാസിവര്‍ഗങ്ങള്‍ അവരെ കൗതുകത്തോടെ നോക്കിനിന്നു.
എതിര്‍ക്കാനോ പ്രതിരോധിക്കാനോ നിന്നില്ല. കാരണം വരത്തന്മാര്‍ക്ക് വേണ്ടി തങ്ങള്‍ പിറകോട്ട് മാറിയാലും പ്രശ്‌നമൊന്നുമില്ല. അവിടേയും ഇഷ്ടംപോലെ വെള്ളവും ഫലമൂലാദികളും കൃഷിസൗകര്യവും കാത്ത് കിടക്കുന്നുണ്ട്. ദ്രാവിഡവര്‍ഗങ്ങളുടെ വിചിത്രമായ പെരുമാറ്റം ഉത്തരേന്ത്യന്‍ ബ്രാഹ്‌മണരുടെ മനോഭാവവും മാറ്റിത്തീര്‍ത്തു. വെട്ടിപ്പിടുത്തത്തിനും യുദ്ധത്തിനും ആയുധസന്നാഹങ്ങളുമായി എത്തിയ അവര്‍ തദ്ദേശീയരോട് സഹകരിക്കാനും നാട്ടുപ്രകൃതിയെപ്പറ്റി ആരായാനും മുതിര്‍ന്നു. തിരിച്ച് തദ്ദേശീയരാകട്ടെ ഔത്തരായരില്‍ നിന്ന് ലോഹവിദ്യയും മറ്റ് വൈദേശികമായ അറിവുകളും നേടിയെടുത്ത് പരിഷ്‌കൃതരുമായി.
ഈ പരസ്പരാശ്രിതത്വവും അതില്‍ നിന്നുണ്ടായ സഹിഷ്ണുതയും അന്യരുടെ കാര്യങ്ങള്‍ പേടിക്കാനുള്ളതല്ലെന്നും മറിച്ച് ഉല്‍ക്കര്‍ഷത്തിനും ഐശ്വര്യത്തിനുമുള്ള ഉപാധികളാണെന്നുമുള്ള മഹത്തായ പാഠം കേരളത്തെ പഠിപ്പിച്ചു. തുടര്‍ന്ന് ജൈനരും ബൗദ്ധരും ക്രിസ്ത്യാനികളും മുഹമ്മദീയരും കേരളത്തിലെത്തിയപ്പോഴും നമ്മുടെ നാട് അവരെയെല്ലാം അതിഥികളെപ്പോലെ സ്വീകരിക്കുകയാണ് ചെയ്തത്.
സത്യത്തില്‍ ബുദ്ധമതത്തിന്റെയും ക്രിസ്തുമതത്തിന്റേയും ഇസ്ലാമിന്റേയും മറ്റും വ്യത്യസ്ത സംസ്‌ക്കാരികഭൂമികകളിലേക്കായിരുന്നു മലയാളികള്‍ ആദ്യമായി പ്രവാസികളായി ചേക്കേറിയതെന്ന് പറയാം. ബുദ്ധധര്‍മം പ്രക്ഷീണമായപ്പോള്‍ ജനങ്ങള്‍ ഹൈന്ദവതയിലേക്ക് തിരിച്ചു വന്നെങ്കിലും ധാരാളം ബുദ്ധമത അടയാളങ്ങള്‍ ഇവിടെ അവശേഷിക്കുന്നുണ്ടല്ലോ. ഇത്തരം ചേക്കേറലുകളില്‍ സ്വയം നഷ്ടപ്പെടലിന്റേയോ വേര് പറിയലിന്റേയോ വേദനയുടേയോ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ല. പകരം നവീകരണത്തിനായുള്ള ആവേശഹര്‍ഷങ്ങളാണ് ആളുകളെ നയിച്ചുകൊണ്ടുപോയത്. ഒരുതരത്തില്‍ മലയാളിസ്ത്രീകളായിരുന്നു കേരളീയന്റെ പ്രവാസസംരംഭങ്ങളുടെ മുന്‍നിരക്കാരെന്ന് പറയാം. മറുനാട്ടില്‍ നിന്നെത്തിയ അറബികളുടേയും മറ്റും ബീടര്‍മാരായി പുതിയൊരു ജീവിതസ്ഥലിയിലേക്ക് അവരാണല്ലോ ആദ്യത്തെ എന്‍.ഒ.സി. എടുത്തത്.
സംസ്‌ക്കാരത്തിന്റെയും വിശ്വാസത്തിന്റെയും ഒപ്പം ദേശപരമായ പ്രവാസം കൂടി നടത്തി കേരളത്തിന്റെ പ്രവാസക്ഷമതക്ക് മകുടം ചാര്‍ത്തിയത് പതിനൊന്നാം നൂറ്റാണ്ടില്‍ ചേരമാന്‍ പെരുമാളായിരുന്നെന്ന് പറയാം. ഇസ്ലാമില്‍ ആകൃഷ്ടനായ അദ്ദേഹം പുതിയ മതം ആശ്ലേഷിക്കാനായി മക്കയിലേക്ക് പോയതും അവിടെവെച്ച് ഇഹലോകവാസം വെടിഞ്ഞതും പ്രസിദ്ധമാണ്. ഇതേപോലെ കേരളത്തിലേക്ക് കുടിയേറി വന്ന ക്രിസ്ത്യാനിറ്റിയും ഇസ്ലാമും നാടിന്റെ സംസ്‌കാരം നിര്‍ല്ലോഭം ഏറ്റെടുക്കാനും ശ്രമിച്ചിട്ടുണ്ട്. പുലയും വാലായ്മയും പോലെ ഹൈന്ദവതയുടെ പല ആചാരാനുഷ്ഠാനങ്ങളും പഴയ ക്രിസ്ത്യാനികള്‍ സ്വീകരിച്ചിരുന്നു. അതുകൊണ്ടാണ് പിന്നീട് വന്ന പോര്‍ച്ചുഗീസുകാര്‍ മലയാളി ക്രിസ്ത്യാനികളെ വീണ്ടും മാമോദീസ മുക്കണമെന്ന് അഭിപ്രായപ്പെട്ടത്. അനുബന്ധമായി നടന്ന സംഘര്‍ഷങ്ങളാണ് കൂനന്‍കുരിശ് സമരത്തിലേക്കെല്ലാം കാര്യങ്ങള്‍ എത്തിച്ചത്. കേരളീയമായ സംസ്‌കാരവിശേഷങ്ങള്‍ സസന്തോഷം ഏറ്റുപിടിക്കാന്‍ ഇസ്ലാമും മടി കാണിച്ചിട്ടില്ല.
പൊന്നാനിയിലും തലശ്ശേരിയിലും മറ്റും മരുമക്കത്തായ സമ്പ്രദായങ്ങള്‍ മുസ്ലീംങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി. പള്ളി പണിയാന്‍ അവര്‍ക്ക് ഹൈന്ദവര്‍ ഭൂമി നല്‍കിയ പോലെ ക്ഷേത്ര നടത്തിപ്പുകളില്‍ മുസ്ലീംങ്ങളും സഹകരിച്ചു. പല ക്ഷേത്രോത്സവങ്ങളിലും അവര്‍ക്ക് സവിശേഷ അവകാശങ്ങള്‍ വരെ നിലനിന്നുപോന്നു. മൗലികമായി പരിശോധിച്ചാല്‍ ദേശസംസ്‌കാരങ്ങളെല്ലാം എക്‌സ്‌ക്ലൂഷന്റേതല്ല, ഇന്‍ക്ലൂഷന്റേതാണെന്ന അടിസ്ഥാനതത്വമാണ് കേരള പ്രവാസചരിത്രം മനോഹരമായി പ്രഖ്യാപിക്കുന്നത്.
കാലം മുന്നോട്ട് നീങ്ങിയതും ദേശപരമായ പ്രവാസങ്ങളുടെ വമ്പന്‍ ഊഴങ്ങള്‍ മലയാളി സമൂഹത്തെ കാത്ത് കിടക്കുന്നുണ്ടായിരുന്നു. പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളില്‍ ഈജിപ്തിലേക്കും ബര്‍മയിലേക്കും തുടങ്ങി പേര്‍ഷ്യയിലേക്കും സിലോണിലേക്കും സിംഗപ്പൂരിലേക്കും കേരളക്കരയില്‍ നിന്ന് ആളുകള്‍ പ്രവഹിച്ചു. അക്കാലങ്ങളിലെല്ലാം ഇവിടെ നില്‍ക്കക്കള്ളിയില്ലാത്തതു കൊണ്ടായിരുന്നില്ല കര്‍മശേഷിയുള്ളവര്‍ നാട് വിട്ടത്. കഞ്ഞിയും ചക്കപ്പുഴുക്കും നാട്ടുമാങ്ങയും ഇഷ്ടം പോലെ തിന്ന് ഒരേ തോര്‍ത്തുമുണ്ടു കൊണ്ട് വീശലും പുതയ്ക്കലും സാധിക്കുന്ന മിതശീതോഷ്ണ കാലാവസ്ഥയില്‍ സുഖമായി കഴിഞ്ഞ് കൂടാമായിരുന്നു. പുതിയ ലോകങ്ങളോടുള്ള അഭിനിവേശമായിരുന്നു മലയാളത്താന്മാരെ ഭൂമിയുടെ നാനാദിക്കിലുമെത്തിച്ചത്.
പ്രവാസമെന്ന് പറഞ്ഞാല്‍ നല്ലതിനും ഉയര്‍ച്ചക്കുമുള്ള തീര്‍ത്ഥയാത്രകളായിരുന്നു നമുക്ക്. ആദിശങ്കരന്‍ മുതല്‍ തുഞ്ചത്തെഴുത്തച്ഛന്‍, ശ്രീനാരായണഗുരു, സി.വി. രാമന്‍ പിള്ള, വൈക്കം മുഹമ്മദ് ബഷീര്‍, കുമാരനാശാന്‍, വക്കം മൗലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങി കേരളത്തിന്റെ എത്രയോ അഭിമാനസന്തതികള്‍ വിവിധങ്ങളായ പ്രവാസങ്ങളിലൂടെ കടന്ന് പോയവരാണെന്ന് മനസ്സിലാക്കണം. കേരളീയര്‍ പ്രവാസജീവിതത്തില്‍ വിജയിക്കുന്നത് അതിനോടുള്ള അവരുടെ അനുകൂലമനോഭാവം കൊണ്ടുകൂടിയാണ്. മറുദേശത്തുള്ളവരുമായി സംവദിക്കാനും സംലയിക്കാനും സ്‌നേഹബന്ധങ്ങള്‍ കരുപ്പിടിപ്പിക്കാനും എപ്പോഴും കേരളീയര്‍ തയ്യാറാകുന്നു. നാട്ടില്‍ പോരടിക്കുമെങ്കിലും അന്യനാട്ടില്‍ അങ്ങേയറ്റം 'നാട്ടാരുടെ അമ്മായിമാരായി' നമ്മള്‍ നില്‍ക്കാറുണ്ട്. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലായാലും ലോകത്തിലെ വിവിധ രാജ്യങ്ങളിലായാലും കുപ്പിക്കണ്ടങ്ങളെന്ന പേര് കേരളീയര്‍ ഒരിക്കലും പറയിപ്പിച്ചിട്ടില്ല.
വിദേശരാജ്യപ്രവാസമെടുത്താല്‍ ബര്‍മയിലും പേര്‍ഷ്യയിലും സിലോണിലും സിംഗപ്പൂരിലും നമുക്ക് വിജയകഥകള്‍ മാത്രമേ പറയാനുള്ളു. ജര്‍മ്മനിയിലെയും അമേരിക്കയിലെയും സ്ഥിതി വ്യത്യസ്തമല്ല. നഴ്‌സുമാരും അവരുടെ ഭര്‍ത്താക്കന്മാരുമായി നമ്മുടെ കൂട്ടര്‍ കുടിയേറിച്ചെന്നിട്ടുള്ള ഇടങ്ങളില്‍ ഇപ്പോള്‍ നമ്മള്‍ വലിയ സുജായികളാണ്. പല സായിപ്പന്മാരും അമേരിക്കയില്‍ ചെറിയ വീടുകളില്‍ പാര്‍ക്കുമ്പോള്‍ മലയാളികള്‍ പൊതുവെ കൊട്ടാരസമാന ഗൃഹങ്ങളിലാണ് വാഴുന്നത്. സ്‌ക്കൂളുകളിലും കോളേജുകളിലും നമ്മുടെ കുട്ടികള്‍ പാശ്ചാത്യരായ വിദ്യാര്‍ത്ഥികളെ വെല്ലുന്നു. വെള്ളക്കാര്‍ കൗമാരത്തില്‍ തന്നെ മക്കളെ കൊത്തിയാട്ടുമ്പോള്‍ നമ്മള്‍ പെണ്ണ് കെട്ടാറാകുന്ന വരെ(ആണ് കെട്ടാറാകുന്നത് വരേയും) അവരെ പരിചരിച്ച് നടക്കുന്നതു കൊണ്ടുകൂടിയാകാം ഇത്.
കേരളപ്പിറവി ദിനത്തില്‍ കേരളത്തിന്റെ ഭാവിയെ സങ്കല്‍പിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് നാളത്തെ കേരളം കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെയുള്ള ഭൂപ്രകൃതിയില്‍ ഒതുങ്ങുന്നതല്ല എന്നതാണ്. മലയാളി ലോകമലയാളിയാകുന്ന മുറയ്ക്ക് കേരളവും ഭൂലോകം മുഴുവന്‍ വളരേണ്ടതുണ്ട്. മലയാളത്തിലൂടെയും മലയാളമൂല്യത്തിലൂടെയുമാണ് അത് സാധിക്കേണ്ടത്. എങ്ങോട്ടെല്ലാം പ്രവാസപ്പെട്ടാലും മനസ്സില്‍ മലയാളത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും ബാക്കിനിന്നില്ലെങ്കില്‍ കേരളത്തിന്റെ ഭൂമിശാസ്ത്ര അതിര്‍ത്തിക്കകത്ത് പോലും കേരളത്തെ കണികാണാന്‍ കിട്ടാതാകും.
Content Highlights: K.P. Ramanunni writes about expatriation keralapiravi2024
Published: 01 Nov 2024, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented