കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിലേക്ക് കടക്കുമ്പോള്‍ ഗ്ലാമര്‍ ടീം കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ്. ഇന്ത്യന്‍ താരം സഞ്ജു സാംസന്റെ സാന്നിധ്യം തന്നെയാണ് കാരണം. സഞ്ജു ആദ്യമായി കെസിഎല്ലിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ചേട്ടന്‍ സാലി വിശ്വനാഥിന്റെ ക്യാപ്റ്റന്‍സിയിലാണ് സഞ്ജു ആദ്യമായി കെസിഎല്ലിനിറങ്ങുന്നത്. ടീമിനായി ചെലവഴിക്കേണ്ടതിന്റെ പകുതിയിലധികം തുക നല്‍കിയാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. അവശേഷിച്ച തുകകൊണ്ട് മികച്ചതാരങ്ങളെ സ്വന്തമാക്കി സന്തുലിതമായ ഒരു ടീമിനെ ഒരുക്കാന്‍ കൊച്ചിക്ക് കഴിഞ്ഞു. സഞ്ജുവിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന ഒരു നിരയാണ് ഇത്തവണ കൊച്ചിയുടേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി രണ്ടാം സീസണിനെത്തുന്നത്.

To advertise here,

പരിശീലകനായി കേരള രഞ്ജി താരമായിരുന്ന റൈഫി വിന്‍സെന്റുമുണ്ട്. പോണ്ടിച്ചേരി രഞ്ജി ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള റൈഫി അവരുടെ ടീം സെലക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ചു കൂടിയായിരുന്നു ഇദ്ദേഹം. മുന്‍ രഞ്ജി താരം സി.എം ദീപക്കാണ് കോച്ചിങ് ഡയറക്ടര്‍. എ.ടി രാജാമണി, സനുത് ഇബ്രാഹിം, എസ്. അനീഷ് എന്നിവരാണ് മറ്റ് പരിശീലകര്‍.

സാലി വിശ്വനാഥ് നയിക്കുന്ന ടീമിന്റെ കരുത്തും പ്രധാന പ്രതീക്ഷയും സഞ്ജു തന്നെയാണ്. സഞ്ജുവിന്റെ വരവോടെ ബാറ്റിങ് കരുത്ത് ഇരട്ടിയായി. ടൂര്‍ണമെന്റിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ സഞ്ജു ഫോമിലാണെന്ന് തെളിയിച്ചുകഴിഞ്ഞു. സഞ്ജുവിനൊപ്പം തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ള ഒരുപിടി യുവതാരങ്ങളും ടീമിലുണ്ട്.

കഴിഞ്ഞ തവണ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിന്‍ ജോബി ഇത്തവണയും കൊച്ചിക്കൊപ്പമുണ്ട്. നിഖില്‍ തോട്ടത്ത്, വിപുല്‍ ശക്തി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ എന്നിവരും ബാറ്റിങ് നിരയ്ക്ക് കരുത്താകും.

മികച്ച ഓള്‍റൗണ്ടര്‍മാരുടെ നീണ്ട നിരയും കൊച്ചിക്കുണ്ട്. വിനൂപ് മനോഹരന്‍, കെ.ജെ രാകേഷ്, ജെറിന്‍ പി.എസ്, അഖില്‍ കെ.ജി, മുഹമ്മദ് ആഷിക് എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും രാജസ്ഥാന്‍ റോയല്‍സിനായും കളിച്ചിട്ടുള്ള കെ.എം ആസിഫിനൊപ്പം അഖില്‍ സത്താറും ചേരുമ്പോള്‍ പേസ് നിര ശക്തം. ബാറ്റര്‍മാരെ കറക്കിവീഴ്ത്താന്‍ വിനൂപ് മനോഹരനും ജെറിനും കെ.ജെ രാകേഷും എന്‍. അഫ്രാദുമുണ്ട്.