തിരുവനന്തപുരം: തുടർച്ചയായി രണ്ടാംതവണയും വിക്കറ്റ് വേട്ടയിൽ അഖിൽ സ്‌കറിയക്ക്‌ ഒന്നാംസ്ഥാനം. ആദ്യസീസണിലെപ്പോലെ ഇത്തവണയും 25 പേരെയാണ് ഈ വലംകൈയൻ മീഡിയംപേസർ പുറത്താക്കിയത്. ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്തുന്ന അഖിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന്റെ മാച്ച് വിന്നറുമാണ്.

To advertise here,

11 മത്സരങ്ങളിൽനിന്നാണ് അഖിൽ 25 വിക്കറ്റ് നേടിയത്. കൊല്ലം സെയിലേഴ്സിനെതിരേ 14 റൺസിന് 4 വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ഇത്രയും മത്സരങ്ങളിൽ രണ്ട് അർധസെഞ്ചുറിയുൾപ്പെടെ 314 റൺസും നേടിയിട്ടുണ്ട്. 19 സിക്സും 18 ബൗണ്ടറിയുമുൾപ്പെടുന്നതാണ് അഖിലിന്റെ പ്രകടനം.

ട്രിവാൻഡ്രം റോയൽസിനെതിരേ 37 പന്തിൽ പുറത്താകാതെ 62 റൺസും മൂന്ന് വിക്കറ്റും നേടി മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. കെസിഎൽ ആദ്യസീസണിൽ 12 മത്സരങ്ങളിൽനിന്നാണ് 25 വിക്കറ്റ് നേടിയത്.

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ 26-കാരനായ അഖിലിന് കഴിഞ്ഞവർഷം ജയ്‌പുർ ഏജീസ് ഓഫീസിൽ ജോലിലഭിച്ചിരുന്നു.സയ്യദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിൽ ഇടംനേടിയിരുന്നു. സർവീസസിനെതിരേ അഞ്ചുവിക്കറ്റ് നേടി മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കി.അണ്ടർ 14 മുതൽ അണ്ടർ 25 വരെ എല്ലാ കാറ്റഗറിയിലും കേരളത്തിനായി കളിച്ച അഖിൽ അണ്ടർ 19 സൗത്ത് സോൺ ടീമിലും കളിച്ചിട്ടുണ്ട്. ശ്രീലതയാണ് അമ്മ.