കലാശപ്പോരില്‍ കൊല്ലം സെയ്‌ലേഴ്‌സിനെ തകര്‍ത്തെറിഞ്ഞാണ് കൊച്ചി കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ജേതാക്കളായത്. ടൂര്‍ണമെന്റിലുടനീളം ആധികാരിക പ്രകടനം കാഴ്ച വച്ചാണ് കൊച്ചിയുടെ കിരീടധാരണം. സൂപ്പര്‍താരം സഞ്ജു സാംസണിന്റെ വരവും സഹോദരന്‍ സാലി സാംസണിന്റെ ക്യാപ്റ്റന്‍സിയും കൊണ്ട് ശ്രദ്ധേയമായിരുന്നു കൊച്ചിയുടെ സാന്നിധ്യം. കുറച്ചുമത്സരങ്ങളില്‍ മാത്രം കളത്തിലിറങ്ങിയ സഞ്ജു തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. സഞ്ജു ഏഷ്യാ കപ്പിനായി യുഎഇയിലക്കേ് പോയെങ്കിലും കൊച്ചി പോരാട്ടം തുടര്‍ന്നു. ഒടുവില്‍ കന്നിക്കിരീടവും ടീം സ്വന്തമാക്കി. 

To advertise here,

ടൂര്‍ണമെന്റില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 368 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. റൺവേട്ടക്കാരുടെ പട്ടികയിൽ നാലാമതാണ് താരം. വെറും ആറുമത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. അഞ്ച് ഇന്നിങ്സുകളും. ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദാണ് കെസിഎലിന്റെ ഈ സീസണിലെ ടോപ് സ്‌കോറർ. 10 ഇന്നിങ്‌സിലായി സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയുമായി 479 റൺസാണ് കൃഷ്ണപ്രസാദ് അടിച്ചെടുത്തത്. 11 മത്സരങ്ങളിൽനിന്ന് 437 റൺസ് നേടിയ അഹമ്മദ് ഇമ്രാനാണ് രണ്ടാമത്. 12 മത്സരങ്ങളിൽ നിന്ന് 414 റൺസെടുത്ത വിനൂപ് മനോഹരനാണ് മൂന്നാമത്. ഇത്രയും ചുരുങ്ങിയ ഇന്നിങ്സുകൾ കൊണ്ട് തന്നെ ആദ്യ നാല് റൺവേട്ടക്കാരിലെത്താൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. 

ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരവും സഞ്ജുവാണ്. 30 സിക്‌സറുകളാണ് താരം നേടിയത്. അത് ഒരാൾക്കും മറികടക്കാനുമായില്ല. 28 സിക്സർ നേടിയ സൽമാൻ നിസാറാണ് പട്ടികയിൽ രണ്ടാമത്. ആലപ്പി റിപ്പിള്‍സ്, ട്രിവാന്‍ഡ്രം റോയല്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ് ടീമുകൾക്കെതിരേ അര്‍ധസെഞ്ചുറിയും  കൊല്ലം സെയ്‌ലേഴ്‌സിനെതിരേ സെഞ്ചുറിയും സഞ്ജു നേടി. 

ആലപ്പിക്കെതിരെ 41 പന്തില്‍ 83 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. രണ്ട് ഫോറുകളും ഒന്‍പത് സിക്‌സറുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ സഞ്ജു  37 പന്തില്‍ 62 റണ്‍സെടുത്തിരുന്നു.നാല് ഫോറുകളും അഞ്ച്സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. തൃശ്ശൂരിനെതിരെ 46 പന്തില്‍ 89 റണ്‍സെടുത്തു. 

കൊല്ലം സെയ്‌ലേഴ്‌സിനെതിരേ 16 പന്തിൽ അർധസെഞ്ചുറി തികച്ച സഞ്ജു പിന്നാലെ 42 പന്തിൽ സെഞ്ചുറിയും കുറിച്ചു. കൊല്ലം ഉയർത്തിയ 237 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിനായാണ് ഇന്ത്യൻ താരത്തിന്റെ വെടിക്കെട്ട് പ്രകടനം. 13 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. ഒടുവില്‍ 51 പന്തിൽ 121 റൺസെടുത്താണ് സഞ്ജു മടങ്ങിയത്. 

സഞ്ജുവിന്റെ അഭാവത്തിലും ഒരുമയോടെ ടീം മുന്നേറുന്നതാണ് പിന്നീട് കണ്ടത്. വെടിക്കെട്ട് ബാറ്റിങ്ങുമായി വിനൂപ് മനോഹരനും ഓൾറൗണ്ടർ മുഹമ്മദ് ആഷിഖും മിന്നും പ്രകടനം തുടർന്നു. സെമിയിലും കലാശപ്പോരിലും ടീമിന്റെ പ്രകടനം  ആധികാരികമായിരുന്നു. സെമിഫൈനലില്‍ കാലിക്കറ്റിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഫൈനലില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അവസാന സ്ഥാനക്കാരായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഗ്രൂപ്പ് ഘട്ടത്തില്‍ 10-ല്‍ എട്ടു മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഫൈനല്‍ പോരാട്ടത്തിനെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലും കൊല്ലത്തിനെതിരെ കൊച്ചിക്കായിരുന്നു ജയം. ഫൈനലിൽ 75 റണ്‍സ് ജയവുമായി കൊച്ചി കപ്പുയര്‍ത്തി. കൊച്ചി ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം 106 റണ്‍സിന് പുറത്തായി.