
മട്ടാഞ്ചേരി: ചേമ്പില കൊണ്ട് അപ്പം, ഉലുവ കൊണ്ട് പായസം ഇതൊക്കെ മട്ടാഞ്ചേരിയിലെ കർക്കിടക വിഭവങ്ങളാണ്. കൊങ്കണി സമൂഹം പരമ്പരാഗതമായി കർക്കിടക മാസത്തിൽ കഴിക്കുന്ന വിഭവങ്ങൾ തേടി ഇപ്പോൾ വിവിധ നാടുകളിൽ നിന്നുള്ളവർ മട്ടാഞ്ചേരിയിലേക്ക് എത്തുകയാണ്.
നാട്ടിൻ പുറത്ത് ചതുപ്പിലും മറ്റും കാണുന്ന ചെറിയ ഇനം ചേമ്പിലകൾക്ക് വലിയ ഡിമാൻഡാണ് കൊങ്കണിത്തെരുവുകളിൽ. കർക്കിടകമാസം തുടങ്ങിയാൽ, അരൂർ, എഴുപുന്ന, ചെല്ലാനം, പള്ളിത്തോട് ഭാഗങ്ങളിൽ നിന്നൊക്കെ ചേമ്പില കൊച്ചിയിലേക്ക് എത്തും. വഴിയോരത്ത് പലയിടത്തും ചേമ്പില വിൽക്കുന്നവരെ കാണാം. നാട്ടിൻപുറങ്ങളിൽ ഈ ചേമ്പില ഇപ്പോൾ ആരും ഉപയോഗിക്കുന്നില്ല. ആൾത്താമസമില്ലാതെ കിടക്കുന്ന പറമ്പുകളിലും മറ്റും കാണുന്ന ചേമ്പിലയ്ക്ക് ഇപ്പോൾ നല്ല വില ലഭിക്കും. ഇത് അറിയാവുന്നവരാണ് ചേമ്പില എടുത്ത് കൊച്ചിയിൽ കൊണ്ടുവരുന്നത്.
വീടുകളിൽ ഒരുക്കും പത്തർ വട
കർക്കിടക മാസത്തിൽ ഒരു ദിവസമെങ്കിലും പത്തർ വട (ചേമ്പിലയപ്പം) വീടുകളിൽ തയ്യാറാക്കാത്ത കൊങ്കണി കുടുംബങ്ങളുണ്ടാവില്ല. അരിയും, മഞ്ഞൾപ്പൊടിയും, മുളകുമൊക്കെ ചേർത്ത് ചേമ്പിലയിലാണ് അപ്പം തയ്യാറാക്കുന്നത്. കർക്കിട മാസത്തിൽ മഴ നല്ലപോലെ പെയ്യുമ്പോൾ, ചേമ്പിലയ്ക്ക ചൊറിച്ചിൽ ഉാകില്ലത്രെ. നന്നായി കഴുകിയെടുത്ത ചേമ്പിലയുടെ നാരുകൾ നീക്കിയ ശേഷമാണ് അതിൽ അപ്പം തയ്യാറാക്കുന്നത്. ഇപ്പോൾ വീടുകളിൽ മാത്രമല്ല, കടകളിലും ചേമ്പിലയപ്പം തയ്യാറാക്കുന്നുണ്ട്. സമയമില്ലാത്തവർ കടകളിൽ നിന്ന് വാങ്ങിയായാലും ഈ സമയത്ത് ചേമ്പിലയപ്പം കഴിക്കും.
ഗജ് ഭജ്
ചേമ്പില കൊണ്ട് തയ്യാറാക്കുന്ന മറ്റൊരു വിഭവമാണ് ഗജ് ഭജ്. കർക്കിടക കാലത്ത് എല്ലാ വീടുകളിൽ തയ്യാറാക്കുന്ന കറിയാണിത്. കെട്ടുകെട്ടായി വയ്ക്കുന്ന ചേമ്പില മുറിച്ച് ചേർക്കും. അ്മ്പഴങ്ങയും, തേങ്ങയും കൂടി ചേർത്താണ് ഇത് തയ്യാറാക്കുന്നത്. നാട്ടിലൊന്നും അമ്പഴങ്ങ കിട്ടാനില്ല. പക്ഷെ, എവിടെ നിന്നോ മട്ടാഞ്ചേരിയിലേക്ക് ചെറിയ അമ്പഴങ്ങ വരുന്നുണ്ട്. അമ്പഴങ്ങയും ഇക്കാലത്ത് മാത്രം കിട്ടുന്നതാണ്. മുളങ്കൂമ്പ് കൊണ്ടുള്ള മറ്റൊരു വിഭവവും ഇക്കാലത്ത് വീടുകളിലുണ്ടാക്കും. ചക്കക്കുരുവും, മുളങ്കൂമ്പും പുളിയും ചേർത്താണ് ഇതൊരുക്കുന്നത്. കോക്കം പുളി എന്ന പേരിൽ ഗോവയിൽ നിന്ന് വരുന്ന പുളിയാണ് ചേർക്കുന്നത്. ഈ പുളി കൊങ്കണി സമൂഹം മാത്രമാണ് ഉപയോഗിക്കുന്നത്.
വെന്റി ബജി
ചേമ്പില കൊണ്ട് തയ്യാറാക്കുന്ന മറ്റൊരു വിഭവമാണ് വെന്റി ബജി. ചേമ്പിലയുടെ മുഴുവൻ ഭാഗങ്ങളുമെടുക്കും. ഒപ്പം പച്ചമുളകും പുളിയും ചേർക്കും. ഇതിനും പുറമേ നിന്ന് വരുന്ന പുളിയാണ് ഉപയോഗിക്കുന്നത്.
ഔഷധമായി ഉലുവാ പായസം
മെത്തി പായസു എന്ന് കൊങ്കണിയിൽ പറയുന്ന ഉലുവ പായസം കർക്കിട കാലത്തെ പ്രധാന വിഭവമാണ്. ഇത് കർക്കിടകത്തിലെ ഔഷധമായാണ് ഉപയോഗിക്കുന്നത്. പച്ചരി, ശർക്കര, തേങ്ങ, ഉലുവ, ഏലക്ക തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉലുവ പായസം കൊങ്കണി കുടുംബങ്ങളിൽ നിർബന്ധമാണ്. മിക്കവാറും ദിവസങ്ങളിൽ ഇത് വീട്ടിൽ തയ്യാറാക്കും.
കുമ്പിളപ്പവും അമ്പട്ടും
ആഘോഷ കാലങ്ങളിൽ കൊങ്കണി കുടുംബങ്ങളിൽ വീടുകളിൽ തയ്യാറാക്കുന്ന മറ്റൊരു വിഭവമാണ് കുമ്പിളപ്പം (ഹിട്ടു). പ്ലാവില കുമ്പിൾ കുത്തി മാവ് ഒഴിച്ച് തയ്യാറാക്കുന്ന വിഭവമാണിത്. പരിപ്പും പഴവുമൊക്കെ ചേർത്താണ് അമ്പട്ട് (വെളളക്കറി) തയ്യാറാക്കുന്നത്. കർക്കിടക മാസത്തിലെ ആവണി അവിട്ടം ചടങ്ങുകളുടെ ഭാഗമായി ഈ വിഭവങ്ങളും കൊങ്കണി കുടുംബങ്ങളിൽ തയ്യാറാക്കുന്ന പതിവുണ്ട്.
Content Highlights: Konkani street at Kochi celebrates karkkadakam with variety of foods
Published: 02 Aug 2025, 02:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented