രാത്രി 11വരെ അത്യധ്വാനം. അധ്യാപനം, വായന, സാഹിത്യ രചന എന്നിവയിൽ മുഴുകി നീണ്ടുപോകുന്ന പകലുകൾ. മധ്യവയസ്‌കയായ ഈ അധ്യാപികയുടെ പ്രശ്‌നം ഉറക്കമില്ലാത്ത രാത്രികളായിരുന്നു. ഉറങ്ങുന്നുണ്ട്, എന്നാൽ ഉറങ്ങുന്നില്ല! ഈ അവസ്ഥയെ 'ഉറക്കത്തിന്റെ ദഹനക്കേട്' എന്നു വിശേഷിപ്പിക്കാം. അമിതമായതും അസ്ഥാനത്തുള്ളതുമായ ഭക്ഷണം അജീർണമുണ്ടാക്കുംപോലെ മസ്തിഷ്‌കത്തെ സമ്മർദത്തിലാക്കുന്ന പ്രവൃത്തികൾ നിദ്രാജീർണവും ഉണ്ടാക്കുന്നു- മസ്തിഷ്‌കത്തിന് ഉറങ്ങാനാകില്ല.
അവരുടെ രോഗശാന്തിക്ക് നിർദേശിച്ച മാർഗങ്ങൾ പറയാം: 'സന്ധ്യയോടെ തൊഴിൽപരമായ കർത്തവ്യങ്ങൾ നിറവേറ്റുക. പിന്നീട് ശരീരശുദ്ധി വരുത്തി സാത്വികാഹാരം കഴിക്കുക. ധ്യാനത്തിലെന്നപോലെ കണ്ണടച്ച് വിശ്രമിക്കുക. ഈ വിശ്രമം ഉറക്കത്തിലേക്കു വഴിതുറക്കും.
രാവിലെ നിദ്രാലസ്യം വിട്ട് കണ്ണുതുറക്കുക. ഓരോദിവസവും നേരത്തേ ആരംഭിക്കുക. സർഗാത്മകത ഏറ്റവും ഊർജസ്വലമായി നിൽക്കുന്ന സമയമാകുന്നു ബ്രാഹ്മമുഹൂർത്തം. ഈ സമയത്ത് എഴുത്തും വായനയും മറ്റും ഏകാഗ്രമായി ചെയ്യുക. മറ്റു സമയങ്ങളിൽ ചെലവഴിക്കുന്ന ഊർജത്തിന്റെ പകുതി മതി അപ്പോൾ. ഇങ്ങനെ ജീവിതത്തിന് താളക്രമം ഉണ്ടാക്കുക. താളക്കേടുകളാണ് രോഗങ്ങളാകുന്നത്...'
എല്ലാം ഉൾക്കൊണ്ടെങ്കിലും ടീച്ചറിലെ മരുന്നു സ്‌നേഹി പുറത്തുവന്നു: ' അപ്പോൾ മരുന്ന് വേണ്ടേ?'
'മരുന്നാകാം-ശംഖുപുഷ്പം'
ശംഖുപുഷ്പമാണ് തളരുന്ന മസ്തിഷ്‌കത്തിന് താങ്ങ് എന്ന് ആയുർവേദാചാര്യന്മാർ എഴുതിവെച്ചിട്ടുണ്ട്.
'മേധ്യാ വിശേഷേണ ച ശംഖപുഷ്പീ' എന്ന് വാഗ്ഭടൻ.
'ആയുർജീവനം' എല്ലാ ഭാഗങ്ങളും വായിക്കാം
'ശംഖുപുഷ്പം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?'
'രോഗാവസ്ഥയ്ക്കനുസരിച്ച് മാത്ര കണക്കാക്കി ശംഖുപുഷ്പത്തിന്റെ നീരോ ചൂർണമോ ഉപയോഗിക്കാം. പ്രഭാതത്തിൽ കഴിക്കുന്നതാണ് നല്ലത്. ഇതിനു ബുദ്ധിമുട്ടുണ്ടെങ്കിൽ നളദാദി ഘൃതം കഴിക്കൂ. ശംഖുപുഷ്പമാണ് ഇതിലെ പ്രധാന ചേരുവ'
'ഇത് നെയ്യല്ലേ?'
'നെയ്യിനെക്കുറിച്ചുള്ള ആശങ്കയും ഭീതിയും മാറ്റിവെക്കൂ. മസ്തിഷ്‌കപ്രസാദകമാണ് നെയ്യ്. നെയ്യ് മരുന്നായി കഴിക്കുക, നിശ്ചിതമായ അളവിലും സമയത്തും. മസ്തിഷ്‌ക പ്രിയയായ നെയ്യ് ഹൃദയകോശങ്ങളെ ദുർബലമാക്കില്ല. ഇത് നൂറ്റൊന്നാവർത്തിച്ച അനുഭവം'
(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ)
Content Highlights: Ayurjeevanam by Dr. K Muraleedharan | Part 7
Published: 23 Jul 2025, 06:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented