ധുനിക ശരീരശാസ്ത്രപഠനങ്ങള്‍ ഉരുത്തിരിയുന്നതിന് ഏറെക്കൊല്ലം മുന്‍പ് താപസികളായ ഭാരതീയ ശാസ്ത്രജ്ഞര്‍ ഇങ്ങനെ കുറിച്ചു: 'അധോമുഖമായി നില്‍ക്കുന്ന താമരമൊട്ടാണ് ഹൃദയം'... ഡോക്ടര്‍മാര്‍ നെഞ്ചുപിളര്‍ത്തി ഹൃദയം കാണുന്നതിനുമുന്‍പ് ചിത്രകാരനായ ലിയനാര്‍ഡോ ഡാവിഞ്ചി എഴുതി: 'ഹൃദയത്തിന് നാലറകള്‍ ഉണ്ട്.' ഒന്നു തിരിഞ്ഞുനോക്കിയാല്‍ കാണാവുന്ന കൗതുകങ്ങളാണ് ഇതെല്ലാം.

To advertise here,

ജീവന്റെ ഇരിപ്പിടങ്ങളാണ് മര്‍മ്മങ്ങള്‍. ഹൃദയം മര്‍മ്മമാണ്. ഹൃദയത്തെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും മുന്നേറുന്നു. എങ്കിലും അന്തര്‍ദേശീയതലത്തില്‍ ലഭ്യമാകുന്ന സ്ഥിതിവിവരക്കണക്കുകളനുസരിച്ച്, മരണകാരണങ്ങളില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത് ഹൃദ്രോഗമാണ്.

അതില്‍ത്തന്നെ, ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിനുണ്ടാകുന്ന തടസ്സം മൂലമുള്ളവയാണ് കൂടുതലും. അങ്ങനെനോക്കിയാല്‍ രക്തക്കുഴലുകളുടെ സുസ്ഥിതിയാണ് ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളുടെ മുഖ്യാധാരം.

രക്തക്കുഴലുകളുടെ ആരോഗ്യത്തെ (വാസ്‌കുലാര്‍ ഹെല്‍ത്ത്) നേരത്തേ തിട്ടപ്പെടുത്താനും നിലനിര്‍ത്താനും സഹായകമാകുന്ന ശാസ്ത്രീയപഠനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഹൃദ്രോഗങ്ങളുടെ പ്രതിരോധചികിത്സയില്‍ പ്രധാന വഴിത്തിരിവാകും ഇത്.

'ആയുർജീവനം' എല്ലാ ഭാഗങ്ങളും വായിക്കാം 

രക്തക്കുഴലുകളുടെ ആരോഗ്യപരിപാലനത്തിന് (വാസ്‌കുലാര്‍ ഹെല്‍ത്ത് മാനേജ്മെന്റ്) ആയുര്‍വേദ ചികിത്സയും പ്രയോജനപ്പെടുന്നുണ്ട്. നീര്‍മരുത്, കുറുന്തോട്ടി, ജീരകം, ചുക്ക്, ഞെരിഞ്ഞില്‍, തവിഴാമ, ഗുഗ്ഗുലു മുതലായ മരുന്നുകള്‍ ഈ ഗണത്തില്‍പ്പെട്ടവയാകുന്നു. പിഴിച്ചില്‍, കിഴി മുതലായ കേരളീയ ചികിത്സകള്‍ ഈ നിലയ്ക്ക് പ്രയോജനം ചെയ്യുന്നു. രക്തധമനികളുടെ, പേശികളുടെ, അസ്ഥിസന്ധികളുടെ, നാഡീവ്യവസ്ഥയുടെ എല്ലാം പ്രവര്‍ത്തനക്ഷമതയാണ് കേരളീയ ചികിത്സകളിലൂടെ വര്‍ധിക്കുന്നത്. 

ഇത് അനേകരുടെ അനുഭവം. കാലവും പ്രായവും രോഗങ്ങളും ഉണ്ടാക്കുന്ന കെടുതികളെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയെന്നതാണ് രോഗപ്രതിരോധ ചികിത്സയുടെ കാതല്‍. പ്രതികൂല പരിതഃസ്ഥിതികളോട് പൊരുതാനും പൊരുത്തപ്പെടാനുമുള്ള ശേഷിയുടെ പേരുകൂടിയാണ് ആരോഗ്യം. 

(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമാണ് ലേഖകൻ)